കന്നുകാലികള്‍ മുന്നില്‍ ചാടിയതിനെ തുടര്‍ന്ന് വികാസ് ദുബെയുമായി എത്തിയ വാഹനം മറിഞ്ഞു; തുടര്‍ന്ന് പൊലീസുകാരുടെ പിസ്റ്റള്‍ തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു; ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രാണരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസിന്റെ വിശദീകരണം; കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് കൊലപ്പെടുത്തിയത് ഇയാള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ

നാഷണല്‍ ഡസ്ക്
Friday, July 10, 2020

ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി പൊലീസ് രംഗത്ത്. ഉജ്ജെയിനില്‍ നിന്ന് കാണ്‍പൂരിലേക്ക് ദുബെയുമായി വരുന്നതിനിടെ കന്നുകാലിക്കൂട്ടം അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലെത്തുകയും തുടര്‍ന്ന് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതോടെ വാഹനം മറിയുകയുമായിരുന്നുവെന്ന് യുപി പൊലീസിന്റെ പ്രത്യേക ദൗത്യസംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാഹനം മറിഞ്ഞതോടെ പൊലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ വികാസ് ദുബെ ശ്രമിച്ചു. ഇയാളെ ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രാണരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നുവെന്നും വെടിയേറ്റ ഉടന്‍ തന്നെ ദുബെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെയെ കാണ്‍പുരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനിടെയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. ദുബെയുടെ അനുയായി അമര്‍ ദുബെ അടക്കം അഞ്ചുപേരെയാണ് വിവിധ ഏറ്റുമുട്ടലുകളിൽ പൊലീസ് വകവരുത്തിയത്. പ്രതികൾ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചുവെന്നായിരുന്നു പൊലീസ് വാദം.

തന്റെ അനുയായികളെ പോലെ കസ്റ്റഡിയിൽ വികാസ് ദുബെയും കൊല്ലപ്പെടുമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ഘനശ്യാം ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ദുബെയുടെ മരണം.

ദുബെയുമായി ബന്ധമുള്ളത് ആര്‍ക്കൊക്കെയാണെന്ന വിവരം പുറത്തുവരാതിരിക്കാന്‍ അയാളെ കൊലപ്പെടുത്തുകയായിരുന്നോ എന്ന ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. കൊടുംകുറ്റവാളി കൊല്ലപ്പെട്ടതിനാല്‍ അയാള്‍ക്ക് സംരക്ഷണം നല്‍കിയവരെ എങ്ങനെ കണ്ടെത്താനാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചോദിച്ചിരുന്നു.

ദുബെ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അയാള്‍ക്ക് സംരക്ഷണം നല്‍കിയവരെ കണ്ടെത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു. ഏഴു ദിവസത്തെ തിരച്ചിലിനൊടുവില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്നാണു ദുബെ പിടിയിലായത്.

×