ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ വെട്ടിലായതോടെ വിവാദത്തിന് തടയിടാൻ സിപിഐഎം. സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം നിർദ്ദേശം നൽകി. ക്രിമിനൽ സംഘത്തിന് വഴങ്ങിയെന്ന വിമർശനം ശക്തമായതോടെ തില്ലങ്കേരിയിൽ മറ്റന്നാൾ, സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്. അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പോലീസിന്റെ അവകാശവാദം പൊളിയുന്നത് പിന്നീട് കണ്ടു
ആകാശ് തില്ലങ്കേരിക്ക് മുന്നിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഐ എം മാറിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് പിൻവാങ്ങാൻ പ്രാദേശിക നേതാക്കൾക്ക് നേതൃത്വത്തിൻ്റെ നിർദേശം. ആകാശിന് മുന്നിൽ വഴങ്ങുന്നുവെന്ന പ്രചരണം ശക്തമായതോടെ തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനം. മറ്റന്നാൾ നടക്കുന്ന പരിപാടിയിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
ഇതിനിടെ ക്രിമിനൽ സംഘം സിപിഐഎമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളികളുടെയും അറസ്റ്റും കീഴടങ്ങലും ആസൂത്രിത നാടകമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ നടക്കാനിരിക്കെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നാണ് പാർട്ടി നിർദേശം. കാപ്പ ഭീഷണി അടക്കം അവശേഷിക്കുന്നതിനാൽ തില്ലങ്കേരി ഗ്യാങ്ങും സൈബർ പോരാട്ടത്തിൽ നിന്ന് പിൻവലിഞ്ഞിട്ടുണ്ട്.