/sathyam/media/post_attachments/EoayeCwiWxo9qTkYsNBt.jpg)
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി സി.പി.എം. മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി. മുസ്തഫയെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പാർട്ടി സംഘടനാചുമതലയിലേക്ക് മാറ്റി സി.പി.എം. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്തഫയെ മത്സരിപ്പിക്കാനാണ് സി.പി.എം നീക്കം. അതിന് മുന്നോടിയായി സംഘടനാരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചുമതലാമാറ്റം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.പി.പി. മുസ്തഫ കാസർകോട്ട് സ്വീകാര്യതയുള്ള യുവനേതാവും മികച്ച പ്രാസംഗികനുമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശവകുപ്പിന്റെ ചുമതലയേറ്റപ്പോഴാണ് മുസ്തഫ പ്രൈവറ്റ് സെക്രട്ടറിയായെത്തിയത്. ഗോവിന്ദന് പകരം എം.ബി. രാജേഷ് മന്ത്രിയായപ്പോഴും മുസ്തഫ തുടരുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി യോഗമാണ് മുസ്തഫയെ സംഘടനാരംഗത്ത് നിയോഗിക്കണമെന്ന നിർദ്ദേശമുയർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിസംഘടന ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളേറ്റെടുക്കാൻ എല്ലാ ജില്ലാകമ്മിറ്റികളോടും സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്. മുസ്തഫ ചൊവ്വാഴ്ച മന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിയും. മന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിശ്ചയിച്ചിട്ടില്ല.
കാസർകോട് ലോക്‌സഭാ മണ്ഡലം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും 2019ലെ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താനിലൂടെ യു.ഡി.എഫ് അട്ടിമറി വിജയം നേടി. പെരിയ ഇരട്ടക്കൊലപാതകം, ശബരിമല വിവാദം, രാഹുൽഗാന്ധി തരംഗം എന്നീ ഘടകങ്ങൾ മലബാറിലുൾപ്പെടെ സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗമുണ്ടാക്കിയപ്പോൾ കാസർകോടും കടപുഴകി. ഉരുക്കുകോട്ട തിരിച്ചുപിടിക്കുകയാണ് സി.പി.എം ലക്ഷ്യം.
നേരത്തേ, പെരിയ ഇരട്ടക്കൊലപാതക കേസിൽ മുസ്തഫയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന സിപിഎം യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്. 2019 ജനുവരി 7ന് നടന്ന യോഗത്തിലെ മുസ്തഫയുടെ പ്രസംഗമാണ് വിവാദമായത്. അന്ന് പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു മുസ്തഫ. പിന്നീട് മുസ്തഫ ഖേദപ്രകടനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us