മകൻ ലോകകപ്പ് കളിച്ച ക്രിക്കറ്റ് താരം; അമ്മ ലോക്ഡൗണിലും ബസ് കണ്ടക്ടർ

സ്പോര്‍ട്സ് ഡസ്ക്
Saturday, May 30, 2020

വൈദേഹി അൻകോലേക്കർ എന്ന പേര് അധികമാരും കെട്ടുകാണില്ല. മുംബൈ നഗരത്തിലെ മുനിസിപ്പൽ ബസിലെ കണ്ടക്ടറാണ് വൈദേഹി. എന്നാൽ വൈദേവിയുടെ മകനോ ? അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകകപ്പിലെ പ്രതിനിധീകരിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് അഥർവ അൻകോലേക്കർ.

ഈ ലോക്ഡൗൺ കാലത്ത് കൊവിഡ് 19 വിതയ്ക്കുന്ന കനത്ത ഭീഷണിക്കിടെ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയാണ് വൈദേഹി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾക്കുള്ള മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലാണ് ഈ ക്രിക്കറ്റ് താരത്തിന്റെ അമ്മ ജോലി തുടരുന്നത്.

ഭർത്താവ് വിനോദ് വർഷങ്ങൾക്കു മുൻപ് മരിച്ചു. അന്ന് മുതൽ മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഈ അമ്മയാണ്. കണ്ടക്ടറായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇത് അതിജീവനമാണ്. ജോലി തുടർന്നേ പറ്റൂവെന്ന് വൈദേഹിക്ക് അറിയാം. എന്നിരുന്നാലും മകൻ ഒരു കായിക താരമാണ് എന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

പ്രതിദിനം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നഗരത്തിലെ ബസിൽ അമ്മ കണ്ടക്ടറായി ജോലി തുടരുന്നതിനോട് അഥർവയ്ക്ക് യോജിപ്പില്ല. ‘ എനിക്ക് ജോലിക്ക് വരാതിരിക്കാൻ യാതൊരു നിർവാഹവുമില്ല. വന്നില്ലെങ്കിൽ ലീവ് അടയാളപ്പെടുത്തും. എന്തു ചെയ്യാനാണ് ? എനിക്ക് മുഴുവൻ ശമ്പളവും കിട്ടിയേ തീരൂ,’ ജോലിക്ക് പോയെ തീരൂവെന്ന് മകനെ പറഞ്ഞു മനസ്സിലാക്കിയതിനെക്കുറിച്ച് വൈദേഹി പറഞ്ഞു.

കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടക്കുകയും പിന്നീട് ബംഗ്ലദേശിനോടു തോൽക്കുകയും ചെയ്ത ഇന്ത്യൻ ടീമിൽ അഥർവ അംഗമായിരുന്നു. 2019 എസിസ് അണ്ടർ 19 ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവുമാണ് അഥർവ.

×