Advertisment

ജലസമാധി (നീണ്ടകഥ - 6)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

ഓരോ വർഷവും കുംഭകുട സെറ്റുകൾ എന്തെങ്കിലും ഒക്കെ പുതുമ കൊണ്ടുവരും. മുക്കാലി സെറ്റ് ആയിരുന്നു പുതുമകൾ കൊണ്ടുവരുന്നതിൽ മുന്നിൽ. ഒരിയ്ക്കൽ, മുക്കാലി സെറ്റ് വലിവണ്ടിയിൽ ഇരുവശത്തും പടങ്ങുകൾ കെട്ടി അവയിൽ ട്യുബുകൾ നിരത്തി കെട്ടി, ജനറേറ്ററിന്റെ സഹായത്തോടെ വെള്ളിവെളിച്ചം തൂകി തെളിയിച്ച് വന്നത് കാഴ്ചക്കാർക്ക് നവ്യാനുഭവമായി. ചെളിക്കുഴി സെറ്റും വലിവണ്ടിയിൽ പടങ്ങുകൾ കെട്ടി ട്യൂബുകൾ തെളിയിച്ച് വന്നതും ആളുകൾക്ക് ആശ്ചര്യമായി.

ചെറിയ ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം. കിഴക്ക്ഭാഗത്ത് വലിയ കല്ലുകൾ കൊണ്ട് കെട്ടിയ നടകൾ വഴിയാണ് ഗരുഢനും കുംഭകുടവും ക്ഷേത്രത്തിലേക്ക് പ്രവേശിയ്ക്കേണ്ടത്. പടിഞ്ഞാറ് ഭാഗത്ത് കൂടെയും ക്ഷേത്രത്തിലേക്ക് വഴിയുണ്ട്.

മന്ദിരം കവലയിൽ നിന്നും ഉള്ള ചെറിയ റോഡിലൂടെ വാഹനങ്ങൾക്ക് ക്ഷേത്രമുറ്റത്തേയ്ക്ക് വരാം. ക്ഷേത്രത്തിലേക്ക് എണ്ണയും സാമ്പ്രാണിയും മറ്റും നൽകുന്ന മുല്ലുവാരത്തെ പ്രഭാകരൻ മാരാരുടെ പറമ്പിലൂടെയുള്ള കയറ്റം കയറിയാലും ക്ഷേത്രത്തിൽ വരാം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കല്ലുകൾ അവിടവിടെയായി ഇളകി കിടക്കുകയാണ്. ഇളകാതെ കിടക്കുന്ന ബാക്കിയുള്ള നടകളിലൂടെ ചാടിൽ ഗരുഢനുമായി ക്ഷേത്രത്തിലേക്ക് പ്രവേശിയ്ക്കുന്നത് അതീവ ശ്രമകരമാണ്.

അമ്പലത്തിന് മുന്നിലുള്ള ആൽമരച്ചുവട്ടിൽ ചാട് ഇറക്കി ചുമക്കുന്നവർ വിശ്രമിയ്ക്കും. അപ്പോൾ ഗരുഢൻ ചാടിൽ നിന്നും ഇറങ്ങി ആൽച്ചുവട്ടിൽ പറക്കും. ഏറ്റവും കൂടുതൽ സമയം ഗരുഢൻ പറക്കുന്നത് ആൽമരച്ചുവട്ടിലാണ്.

ഈ സമയത്ത് മേളം കൊഴുക്കും. കുംഭകുട സെറ്റുകളും ആൽമരച്ചുവട്ടിൽ തുള്ളിത്തിമിർക്കും.

തീവെട്ടിയും പെട്രോമാക്സും പരത്തുന്ന വെളിച്ചത്തിൽ ചാരുത നിറഞ്ഞ ഈ ദൃശ്യങ്ങൾ ഒരിക്കൽ കണ്ടിട്ടുള്ളവർ ഒരു കാലത്തും മറക്കാനിടയില്ല.

ഒന്ന്.. രണ്ട്... മൂന്ന്.. പിന്നെ... ആയിരങ്ങളുടെ പതിനായിരങ്ങളും കോടികളും.. തണുത്ത തുള്ളികൾ വിതറിച്ചിതറി മേടച്ചൂടാറ്റാൻ പതിവുപോലെ മഴയെത്തി. കുടക്കാരുടെ വിയർത്ത് കുളിച്ച്, ചൂടായ ശരീരത്തിലേക്ക് മഴത്തുള്ളികൾ വീണ് ചിതറി.

കുടം കാണാൻ എത്തിയവർ നഴ നനയാതിരിക്കാൻ ഓടി. ചെണ്ടകൾ നനയാതെ മേളക്കാർ അടുത്ത വീട്ടിൽ അഭയംതേടി. അപ്പോഴും ഗരുഢൻ പറന്നുകൊണ്ടേയിരുന്നു, കുടക്കാർ തുള്ളിക്കൊണ്ടേയിരുന്നു.

ആനിക്കാട്ടമ്പലത്തിലെ കുടത്തിന്റന്ന് മഴ പതിവാണെന്ന് എല്ലാവരും പറയാറുണ്ട്. ഉണക്കാനിടുന്ന വാട്ടുകപ്പയും, കുരുമുളകും, കാപ്പിയും, ഇഞ്ചി ചുരണ്ടിയതും, മഞ്ഞളും തുടങ്ങിയ മലഞ്ചരക്കുകൾ വാരി വെച്ചിട്ടേ ആളുകൾ കുടം കാണാൻ വരൂ.

മേടപ്പത്തിന് പറമ്പിൽ നടുതല സാധനങ്ങളെല്ലാം നട്ടിട്ടായിരിയ്ക്കും ആളുകൾ വരുന്നത്. മേടപ്പത്തിന് പുതിയ കൃഷി ആരംഭിയ്ക്കുന്നത് നല്ല വിളവ് കിട്ടും എന്ന് അനുഭവസ്ഥർ പറയുന്നു. അന്ന് പെയ്യുന്ന മഴയും കാർഷിക വിളകൾക്ക് ഒത്തിരി ഗുണം ചെയ്യുമെന്ന് മുതിർന്നവർ പറയുമായിരുന്നു.

മഴയൊന്നു കുറഞ്ഞനേരത്ത് ഞങ്ങളുടെ സംഘം ഗരുഢനെയും വഹിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. മഴ പെയ്തതിനാൽ ആളുകൾ വീടുകളിലേക്ക് പോയിത്തുടങ്ങി. കുംഭകുടം അഭിഷേകം തുടങ്ങിയിരുന്നു.

മഴയിൽ ധാരാളം ചെമ്പകപ്പൂക്കൾ അമ്പലമുറ്റത്ത് കൊഴിഞ്ഞു വീണ് കിടന്നു. അവസാനം എത്തിയ സംഘം ഞങ്ങളുടെ ആയിരുന്നു. വല്യാത്തുകവലേന്ന് പൊട്ടനാനികേറ്റം കയറാൻ തന്നെ സമയമെടുക്കുമല്ലോ. പുത്തൻപുര കയറ്റം കൂടി കയറിക്കഴിഞ്ഞാൽ പിന്നെ, ആനിക്കാട് പള്ളി മുതൽ അമ്പലം വരെയുള്ള ഒന്നര കിലോമീറ്റർ ചെറിയ ഇറക്കമാണ്.

എന്റെ കുടം ദേവീശൂലത്തിൽ അഭിഷേകം ചെയ്യാൻ തിരുമേനിയെ ഏൽപിയ്ക്കുമ്പോൾ എവിടെ നിന്നോ ഒരു കാറ്റ് വന്ന് കാട്ടുചെമ്പകശാഖകളിലെ കുളിരാർന്ന മഴമണിമുത്തുകൾ ദേഹത്ത് വാരിവിതറി കടന്നുപോയി. കൂടെ ചെമ്പകപ്പൂക്കൾ മുകളിൽ നിന്നും വട്ടം കറങ്ങി താഴേയ്ക്കും.

ആ കുളിരിൽ കണ്ണുകൾ പാതി തുറന്നു നോക്കി. ആൽമരച്ചില്ലകളിൽ ഓളങ്ങൾ ആർത്തലച്ചു ചിതറിയപ്പോൾ തെറിച്ചു വീണ വെള്ളമായിരുന്നു എന്നെ കുളിരണിയിച്ചത്.

ആകാശം നിറച്ചും നക്ഷത്രങ്ങൾ. ചുളുചുളാന്നടിയ്ക്കുന്ന കാറ്റിനെന്നായിത്രയും ഇരമ്പമെന്ന് പിന്നെയും മനസ്സ് ചോദിച്ചു.

കുംഭകുടമെവിടെ.? മേളക്കാരെവിടെ.? ഗരുഢനെവിടെ.? ആളുകൾ എവിടെ.?ചെമ്പകമെവിടെ..? ഞാനെവിടെ.? കണ്ണിൽ വീണ്ടും ഇരുട്ടു മൂടുന്നു..

മൊബൈൽ റിംഗ് ചെയ്യുന്നുണ്ടോ.?

" മധൂ.."

"എന്തോ.!"

"എല്ലാവരും എത്തിയോ.? ഞാൻ വൈറ്റിലേൽ ബ്ലോക്കിൽ പെട്ടുപോയി. ഇപ്പോ കടവന്ത്ര കഴിഞ്ഞു. ഓഫീസിലേയ്ക്ക് പോകുന്നില്ല, നേരെ ബിടിഎച്ചിലേയ്ക്ക് വരും.ഓക്കേ.."

"ഓക്കേ.!"

ജോയി വക്കീലായിരുന്നു. വൈകിട്ട് ആറുമണിക്ക് ബിടിഎച്ച് ഹോട്ടലിൽ ഒരു യോഗം നടക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കേരളത്തിലെ ജനങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ ആയിരുന്നു. വക്കീലൻമാരും എൻജിനീയർമാരും മറ്റ് മേഖലകളിലെ വിദഗ്ധരും സാഹിത്യകാരൻമാരും ഉൽപതിഷ്ണുക്കളും തുടങ്ങി ഒട്ടേറെ ആളുകൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അഞ്ച് മിനിറ്റിനുള്ളിൽ വക്കീലെത്തി. എല്ലാവരോടും ഓടിനടന്ന് കുശലപ്രശ്നം നടത്തിയിട്ട് യോഗം ആരംഭിച്ചു. വക്കീൽ മുഖ്യപ്രഭാഷണത്തിലേക്ക് കടന്നു.

"കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് വൈവിധ്യമാർന്ന കാർഷിക വിളകൾക്ക് അനുയോജ്യമായ ഭൂമിയാണ് എന്ന് നമുക്കറിയാമല്ലോ. മഴ ഇല്ലാത്തതുകാരണം അവിടെ കൃഷി ചെയ്യാൻ നിർവാഹമില്ലായിരുന്നു.

പെരിയാറ്റിൽ നിന്നും പാഴായി പോകുന്ന ജലം തടഞ്ഞ് നിർത്തി അണകെട്ടി, തമിഴ്നാടിന് കൊടുത്താൽ അവിടെ കൃഷി അഭിവൃദ്ധി പ്രാപിക്കും എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ, തിരുവിതാംകൂർ മഹാരാജാവിനെ സമ്മർദ്ദത്തിൽ ആക്കി, ഇടുക്കിയിലെ പെരിയാറ്റിൽ മുല്ലപ്പെരിയാർ ഭാഗത്ത് അണകെട്ടി, തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് വർഷത്തേയ്ക്ക് തമിഴ്നാടിന് പാട്ടത്തിന് നൽകുക ആയിരുന്നു.

നൂറ്റി ഇരുപത്തേഴ് വർഷം മുൻപ് നിർമ്മിച്ച മുല്ലപ്പെരിയാർ ഡാം ഇന്ന് ഏത് നിമിഷവും തകരാവുന്ന സ്ഥിതി ആണ്. പക്ഷേ, അന്നത്തെ കരാറിന്റെ ബലത്തിൽ തമിഴ്നാട്, ഡാം കൈവശം വച്ച് ഡാമിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. ഡാമിന്റെ ബലക്ഷയമോ കേരളത്തിലെ ജനങ്ങളുടെ ജീവനോ സ്വത്തോ ഒന്നും അവർക്ക് പ്രശ്നമല്ല. നമ്മുടെ സർക്കാരിനും പ്രശ്നമല്ല.

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നാട്ടുരാജ്യങ്ങളെ എല്ലാം ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചിരുന്നല്ലോ. അപ്പോൾ നാട്ടുരാജ്യങ്ങൾ പരസ്പരം ഏർപ്പെട്ട അന്നത്തെ കരാറുകൾ സ്വാഭാവികമായും റദ്ദാകേണ്ടതല്ലേ.!

അങ്ങനെ വരുമ്പോൾ തമിഴ്നാടും തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പുവച്ച മുല്ലപ്പെരിയാർ അണക്കെട്ട് കരാർ സ്വയം റദ്ദാകേണ്ടതാണ്. പക്ഷേ കേരളം ഭരിച്ചിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും, കേന്ദ്ര സർക്കാരും ആ കരാർ റദ്ദാക്കാൻ തയ്യാറായില്ല എന്നത് ഖേദകരവും അതോടൊപ്പം ആശ്ചര്യകരവുമാണ്.

തമിഴ്നാടിന് വെള്ളം കൊടുക്കുന്നതിന് ഇവിടെ ആരും, ഒരു മലയാളി പോലും എതിരല്ല..ജലമുണ്ടങ്കിലും ഇവിടെ, കേരളത്തിൽ ആരും കൃഷി ചെയ്യാൻ തയ്യാറുമല്ല. തമിഴ്നാട് നമ്മുടെ വെള്ളം കൊണ്ടുപോയി കൃഷി ചെയ്യട്ടെ.! എന്നാലല്ലേ നമുക്ക് വല്ലതും ഭക്ഷിക്കാൻ കിട്ടൂ..

നമ്മുടെ നദികളും തോടുകളും മറ്റ് ജലസ്രോതസ്സുകളും എല്ലാം നമ്മൾ തന്നെ മലിനമാക്കുകയും ചെയ്യുന്നു. പക്ഷേ ഇവിടെ എന്താണ്..! ഡാം നമ്മുടെ ജീവന് ഭീഷണിയായിരിയ്ക്കുന്നു. ഡാമിന്റെ കാലാവധി കഴിഞ്ഞിട്ടും ഡാം തകരാതിരിയ്ക്കുന്നത് ആരുടെ ഒക്കെയോ ഭാഗ്യം കൊണ്ട് ആണ്. നമ്മുടെ ജീവൻ അപകടത്തിലായിരിയ്ക്കുന്നു..! നമ്മുടെ മാതാപിതാക്കൾ, മക്കൾ, പ്രിയപ്പെട്ടവർ, നമ്മുടെ സ്വത്ത്, അദ്ധ്വാനം, വീട്,സ്ഥലം എല്ലാം നശിയ്ക്കും.

ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ല് വില കൽപിയ്ക്കാത്തവരെയാണല്ലോ നമ്മളെ ഭരിയ്ക്കാൻ നമ്മൾ തിരഞ്ഞെടുക്കുന്നത് എന്ന് ഓർത്ത് നമുക്ക് ലജ്ജിക്കാം സുഹൃത്തുക്കളേ.!

പ്രതിപക്ഷത്ത് നിൽക്കുന്ന അവസരത്തിൽ രാഷ്ട്രീയ പാർട്ടികൾ ഭരണകക്ഷിയ്ക്ക് എതിരെ സമരകോലാഹലങ്ങൾ നടത്തി ജനങ്ങളോടൊപ്പമെന്ന് നടിയ്ക്കും. അധികാരത്തിലെത്തിയാൽ ചെയ്ത് സമരങ്ങൾ എന്തിനുവേണ്ടിയായിരുന്നോ, അതെല്ലാം മറന്ന് പ്രവർത്തിയ്ക്കും. നിസ്സഹായരായ നമ്മൾ എന്ത് ചെയ്യും.?

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പതിലും രണ്ടായിരത്തി പതിനൊന്നിലും ഉണ്ടായ ഭൂമികുലുക്കത്തിൽ ഡാമിൽ സാരമായ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ഡാമിലെ ജലം വിള്ളലുകളിലൂടെ വലിയ അളവിൽ ചോർന്നു പൊക്കോണ്ടിരിയ്ക്കുകയുമാണ്.

ഡാം നിർമിക്കാൻ ഉപയോഗിച്ച സുർക്കി മിശ്രിതം വിള്ളലുകളിലൂടെ ഇളകി ഒലിച്ച് പോകുന്നത് ഡാമിന്റെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് ഇതുവരെ നമുക്ക് നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. ഏത് നിമിഷവും ഡാം തകരാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് ഭൂമികുലുങ്ങണമെന്നൊന്നുമില്ല.! നല്ല ന്യൂനമർദ്ദം ഉണ്ടായി, ഒരു ദിവസം തോരാതെ മഴ പെയ്താൽ മതി.

തമിഴ്നാട് സർക്കാരിന്റെ കനത്ത കാവലുള്ളത് കൊണ്ട് നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് പോലും അങ്ങോട്ട് എത്തിനോക്കാൻ പറ്റത്തില്ല. കാലപ്പഴക്കം ചെന്ന ഡാം തകർന്നാൽ ഇടുക്കിയിലെയും എറണാകുളത്തെയും തൃശ്ശൂരെയും ആലപ്പുഴയിലെയും കോട്ടയത്തെയും നൂറുകണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം തകർന്ന് ഒലിച്ച് സമുദ്രത്തിൽ പതിയ്ക്കും.

അമ്പത് ലക്ഷത്തിലധികം ജനങ്ങളെ നേരിട്ടു ബാധിച്ചേക്കാവുന്ന വലിയ ദുരന്തം കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് ഈ ജില്ലകളെ ത്തന്നെ തുടച്ചുമാറ്റും, അത്രമാത്രം ഭയാനകമായിരിയ്ക്കും അത്. യുഎൻ വാഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ട് ഇങ്ങനെ ആണ് പറയുന്നത്.

നമ്മുടെ ജനപ്രതിനിധികൾ ക്ക് ഇതൊക്കെ അറിയാമെങ്കിലും വേണ്ടത്ര പരിഗണനയോ ഗൗരവമോ ഈ വിഷയത്തിൽ കാണിയ്ക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായ, നമ്മൾ തിരഞ്ഞെടുത്തവർ നിസ്സംഗരായി നിൽക്കുമ്പോൾ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. അധികാരസ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവരുടെ കണ്ണ് തുറപ്പിയ്ക്കണം.

ഇത് ഒരാളെയോ ഒരു നാടിനെയോ മാത്രം ബാധിയ്ക്കുന്ന കാര്യമല്ല. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അനുശോചനങ്ങളും വാഗ്ദാനങ്ങളും കേൾക്കാനും സ്വീകരിയ്ക്കാനും ഒരു മനുഷ്യജീവിപോലും ഇവിടെ ഉണ്ടാകത്തില്ല" എന്ന സത്യം ഓർമ്മിപ്പിച്ചു കൊണ്ട് വക്കീൽ മുഖ്യപ്രഭാഷണം അവസാനിപ്പിച്ചു.

പിന്നീട് നടന്ന വിപുലമായ ചർച്ചകളിൽ പങ്കെടുത്തവരെല്ലാം മുല്ലപ്പെരിയാർ വിഷയം ദേശീയതലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരണമെന്നും ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സമരപരിപാടികൾ ആരംഭിച്ചെങ്കിൽ മാത്രമേ ഈ വിഷയത്തിൽ ഇടപെടാൻ ബന്ധപ്പെട്ടവർ തയ്യാറാവുകയുള്ളൂ എന്ന് ഏകകണ്ഠേന അഭിപ്രായപ്പെട്ടു.

ഉടനെ തന്നെ മുല്ലപ്പെരിയാർ വിഷയം സംസ്ഥാന തലത്തിൽ പ്രചരിപ്പിയ്ക്കണം എന്ന തീരുമാനം എടുത്ത് യോഗം പിരിഞ്ഞു.

മീറ്റിംഗ് കഴിഞ്ഞ് കാറിലേക്ക് കയറുമ്പോൾ മിന്നലും ഇടിയും ഒന്നിച്ചായിരുന്നു. ഇടിയുടെ ശബ്ദത്തിൽ വിറച്ച് പോയി. കാറിന്റെ കീ താഴെ വീണത് എടുക്കാൻ കുനിഞ്ഞു.

Advertisment