ചെറുകഥയുടെ ഉള്ളറകള്‍- ത്രിദിന സാഹിത്യ സംഗമവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

New Update
kochi  binale

കൊച്ചി: മലയാള ചെറുകഥാശാഖയെ അടിസ്ഥാനമാക്കി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സാഹിത്യ സംഗമം 'ചെറുകഥയുടെ ഉള്ളറകൾ' ഫെബ്രുവരി 4 മുതൽ 6 വരെ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിൽ നടക്കും. സാമൂഹിക മാറ്റങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും എങ്ങനെ ചെറുകഥ ശാഖയെ സ്വാധീനിക്കുന്നുവെന്ന് സംഗമം ചര്‍ച്ച ചെയ്യും.

പ്രശസ്ത എഴുത്തുകാരൻ എൻ.എസ്. മാധവൻ നടത്തുന്ന മുഖ്യപ്രഭാഷണത്തോടെയാണ് ഫെബ്രുവരി നാല് ബുധനാഴ്ച പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് പോൾ സക്കറിയയും വി.എസ്. അജിത് കുമാറും തമ്മിലുള്ള സംഭാഷണം നടക്കും. 'റൈറ്റിംഗ് ദി മൊമെന്റ്: ചെറുകഥയും സമകാലിക അനുഭവങ്ങളും' എന്ന പാനൽ ചർച്ചയിൽ എസ്. ഹരീഷ്, ഫ്രാൻസിസ് നൊറോണ, ഹരിത സാവിത്രി, ഷാഹിന കെ. റഫീഖ്, ബോണി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. അശ്വതി ഗോപാലകൃഷ്ണനാണ് ഈ ചർച്ച നിയന്ത്രിക്കുന്നത്.

ഫെബ്രുവരി 5-ന് പ്രമുഖ നോവലിസ്റ്റ് സാറാ ജോസഫും സംഗീത ശ്രീനിവാസനും തമ്മിലുള്ള സംഭാഷണം നടക്കും. കഥയുടെ ഘടന, ഭാഷ, സൂക്ഷ്മത എന്നിവയെ ആസ്പദമാക്കി നടക്കുന്ന പാനൽ ചർച്ചയിൽ എം. നന്ദകുമാർ, ആർ. ശ്യാംകൃഷ്ണൻ, ആഷ് അഷിത തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പ്രിയ കെ. നായര്‍ മോഡറേറ്ററാകും.

 സമാപന ദിവസമായ ഫെബ്രുവരി 6-ന് ഓർമ്മ, വിവർത്തനം, പ്രചാരം എന്നിവയെ മുൻനിർത്തി നടക്കുന്ന ചർച്ചയിൽ സി.എസ്. ചന്ദ്രിക, എൻ.എസ്. മാധവൻ, ഇ. സന്തോഷ് കുമാർ തുടങ്ങിയവരാണ് സംസാരിക്കുന്നത്. ഷാഹിന കെ. റഫീഖാണ് ചർച്ചയുടെ മോഡറേറ്റര്‍.

 മാറുന്ന സാഹിത്യ സാഹചര്യങ്ങളിൽ മലയാള ചെറുകഥയുടെ വിവർത്തന സാധ്യതകളും വായനക്കാരിലേക്കെത്തുന്നതും സെഷൻ വിലയിരുത്തും.

Advertisment
Advertisment