/sathyam/media/media_files/WfTgpyWM3w27veOGRVoD.jpg)
കുടുംബ രാഷ്ട്രീയത്തെ കുറിച്ച് അടുത്തിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഷ്ട്രീയത്തെക്കുറിച്ച് ഒരു അറിവും ഇല്ലാത്ത നിരക്ഷരനായ കുട്ടിയാണ് രാഹുലെന്ന് ഹിമന്ത ശര്‍മ്മ പറഞ്ഞു.
മിസോറാമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ബിസിസിഐയില്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ രാഹുല്‍ പരാമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ മിസോറാമില്‍ എത്തിയത്.
'അമിത് ഷായുടെ മകന്‍ എന്താണ് ചെയ്യുന്നത്? രാജ്നാഥ് സിംഗിന്റെ മകന്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ അവസാനമായി കേട്ടത് അമിത് ഷായുടെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നടത്തുന്നു എന്നാണ്. ബിജെപി നേതാക്കളെ നോക്കൂ, എന്നിട്ട് സ്വയം ചോദിക്കൂ. അവരുടെ മക്കള്‍ എന്താണ് ചെയ്യുന്നത്? അവരുടെ മക്കളില്‍ പലരും കുടുംബ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ' രാഹുല്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും, രാജ്നാഥ് സിംഗിന്റെ മകന്‍ ഉത്തര്‍പ്രദേശ് എംഎല്‍എയുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
''അമിത് ഷായുടെ മകനെ എങ്ങനെയാണ് ഇവിടെ പരാമര്‍ശിക്കാന്‍ കഴിയുക? രാഹുലിന്റെ കുടുംബം മുഴുവന്‍ രാഷ്ട്രീയത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ബിജെപിയുടെ ഭാഗമാണെന്നാണ് രാഹുല്‍ കരുതുന്നത്. രാഹുലിനെക്കുറിച്ച് എന്നോട് കൂടുതലൊന്നും ചോദിക്കരുത്, അദ്ദേഹം ഒരു നിരക്ഷരനായ കുട്ടിയാണ്.' ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''യുപിയില്‍ വെറും എംഎല്‍എ ആയ രാജ്നാഥ് സിംഗിന്റെ മകനെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ കഴിയുമോയെന്നും അദ്ദേഹം ബിജെപിയെ നിയന്ത്രിക്കുന്നുണ്ടോയെന്നും ശര്‍മ്മ ചോദിച്ചു.
രാഹുല്‍ ഗാന്ധി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം. എന്നിട്ട് കുടുംബ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കണമെന്നും ശര്‍മ്മ പറഞ്ഞു.
'രാഹുലിന് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ല, കുടുംബ രാഷ്ട്രീയത്തിന്റെ കാതല്‍ അദ്ദേഹമാണെന്ന് തിരിച്ചറിയുന്നില്ല. ഒരു കുടുംബത്തിലെ അമ്മ, അച്ഛന്‍, മുത്തച്ഛന്‍, സഹോദരി, സഹോദരന്‍- എല്ലാവരും രാഷ്ട്രീയത്തിലാണ്, പാര്‍ട്ടിയെ നിയന്ത്രിക്കുന്നു. ഇത് ബിജെപിയില്‍ കാണുന്നുണ്ടോ?.'- ശര്‍മ്മ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us