കർണാടക രാജ് ഭവന് ബോംബ് ഭീഷണി, ഫോണ്‍കോളെത്തിയത് പൊലീസ് കണ്‍ട്രോള്‍ റൂമില്‍; വ്യാജ ഭീഷണിയെന്ന് സൂചന

ബസവേശ്വര് നഗറിലെ നേപ്പല്‍, വിദ്യാശില്‍പ എന്നിവയുള്‍പ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി.

New Update
karnataka rajbhavan.jpg

കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. ബെംഗളൂരു പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ കോളെത്തിയത്. പോലീസ് ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ കേസെടുത്ത ശേഷം വീണ്ടും തിരച്ചില്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു. 

Advertisment

'അതൊരു വ്യാജ കോളായിരുന്നു. ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. രാജ്ഭവനില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന് ഇന്നലെ അര്‍ദ്ധരാത്രിയാണ് ഒരു അജ്ഞാത നമ്പറില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം ലഭിച്ചത്. ഞങ്ങള്‍ ഇന്ന് വീണ്ടും തിരച്ചില്‍ നടത്തും', പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു. അടുത്തിടെ ബെംഗളൂരുവിലെ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അജ്ഞാത ഇമെയിലുകളിലൂടെ ലഭിച്ച ഈ സന്ദേശം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഇതിന് 10 ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.

ബസവേശ്വര് നഗറിലെ നേപ്പല്‍, വിദ്യാശില്‍പ എന്നിവയുള്‍പ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തായിരുന്നു ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിലൊന്ന്. തൊട്ടുപിന്നാലെ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ വഴി സമാനമായ ഭീഷണികള്‍ ലഭിക്കുകയായിരുന്നു. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ബംഗളൂരു പോലീസ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. ഭീഷണികള്‍ വ്യാജമാണെന്ന് സൂചന ലഭിച്ചിട്ടും പോലീസ് സ്‌കൂളുകളില്‍ തിരച്ചില്‍ നടത്തി. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ ബോംബ് ഭീഷണി.  കഴിഞ്ഞ വര്‍ഷവും ബംഗളൂരുവിലെ പല സ്‌കൂളുകളിലും സമാനമായ ഇ-മെയില്‍ ഭീഷണികള്‍ വന്നിരുന്നുവെങ്കിലും അവയെല്ലാം വ്യാജമാണെന്ന് പിന്നീടെ കണ്ടെത്തിയിരുന്നു. 

karnataka rajbhavan
Advertisment