‘നിസര്‍ഗ’ ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയെയാണെന്ന് കാലാവസ്ഥ വകുപ്പ്; മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘത്തെ വിന്യസിക്കും

നാഷണല്‍ ഡസ്ക്
Monday, June 1, 2020

ന്യൂഡല്‍ഹി: ‘നിസര്‍ഗ’ ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളെ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുക മഹാരാഷ്ട്രയില്‍ ആയിരിക്കും.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി ജൂണ്‍ മൂന്നോടെ മഹാരാഷ്ട്ര- ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘത്തെ വിന്യസിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേനാ തലവൻ എസ് എൻ പ്രഥാൻ പറഞ്ഞു.

ഈ രണ്ട് സംസ്ഥാനങ്ങളിലും തീരപ്രദേശത്ത് കഴിയുന്നവരെ ഉടൻ തന്നെ ഒഴിപ്പിക്കണമെന്ന് പ്രഥാൻ പറഞ്ഞു. അറബിക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം തീവ്രവിഭാഗത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. ബുധനാഴ്‍ച കര തൊടുമെന്നുമാണ് കരുതുന്നത്. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും നിസര്‍ഗ കര തൊടുക.

മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളായ സിന്ധുദുര്‍ഗ്, രത്‌നഗിരി, താനെ, റായ്ഗഢ്, മുംബൈ, പാല്‍ഗഢ് എന്നിവയെ ആകും ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക എന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപാത്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

×