ടൗട്ടേ തീരംതൊട്ടു: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; അടുത്ത 2 മണിക്കൂറിനുള്ളിൽ പൂർണമായും കരയിൽ; ലക്ഷക്കണക്കിനുപേരെ ഒഴിപ്പിച്ചു; മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകി; ഛത്രപതി ശിവജി വിമാനത്താവളം അടച്ചു

നാഷണല്‍ ഡസ്ക്
Monday, May 17, 2021

ഗാന്ധിനഗര്‍: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചു.

മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച ടൗട്ടെ അടുത്ത രണ്ടു മണിക്കൂനകം പൂർണമായി കരയിൽ പ്രവേശിച്ച ടൗട്ടെ അടുത്ത രണ്ടു മണിക്കൂനകം പൂർണമായി കരയിലേക്ക് കടക്കും. ടൗട്ടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അടുത്ത രണ്ടു മണിക്കൂറില്‍ ടൗട്ടേ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ കടക്കുമെന്നാണ് കരുതുന്നത്. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമന്‍ ആന്‍ഡ് ദിയുവിലെ ലെഫ്.ഗവര്‍ണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

മുൻകരുതൽ നടപടിയായി 17 ജില്ലകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. മുംബൈയിലും നല്ല മഴയാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 8,383 പേരെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നു ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു.

മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. 273 ഉം 137 ഉം യാത്രക്കാരുള്ള രണ്ട് ബാര്‍ജുകളാണ് ചുഴലിക്കാറ്റില്‍ തിങ്കളാഴ്ച ദിശതെറ്റിയത്. ബാര്‍ജുകളുടെ സഹായത്തിനായി നാവിക സേന കപ്പലുകള്‍ അയച്ചിട്ടുണ്ട്.

273 പേരുമായി ബോംബെ ഹൈ പ്രദേശത്തെ ഹീറ ഓയില്‍ ഫീല്‍ഡില്‍ ദിശതെറ്റിയ ബാര്‍ജ് ‘പി 305’ സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്നും തിരിച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി അയച്ചുവെന്നും നാവികസേന വക്താവ് അറിയിച്ചു. വൈകിട്ട് നാല് മണിയോടെ ബാര്‍ജുകളുടെ രക്ഷയ്ക്കായി ഐഎന്‍എസ് കൊച്ചി എത്തിയെന്നാണ് വിവരം.

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് ആറുപേര്‍ മരിച്ചു. രണ്ട് ബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്നു മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളം തിങ്കളാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ അടച്ചിടും.

×