Advertisment

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികളുടെ ഫീസ് കുടിശ്ശിക അടയ്ക്കാനുള്ള അവസാനതീയതി മൂന്നു മാസത്തേയ്ക്ക് നീട്ടുക : എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യൻ എംബസ്സിയ്ക്ക് നിവേദനം നൽകി.

New Update

ദമ്മാം: കൊറോണ മഹാമാരി മൂലം സൗദി അറേബ്യയും, അവിടുള്ള പ്രവാസി സമൂഹവും ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികളുടെ വാർഷിക ഫീസ് കുടിശ്ശിക അടച്ചു തീർക്കാനുള്ള അവസാന തീയതി മൂന്നു മാസത്തേയ്ക്ക് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദമ്മാമിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യൻ എംബസ്സിയ്ക്ക് നിവേദനം നൽകി.

Advertisment

publive-image

2020 മാർച്ച് 31 ന് മുൻപ് മുഴുവൻ ഫീസ് കുടിശ്ശികയും അടച്ചു തീർക്കാത്ത വിദ്യാർത്ഥികളെ ഇപ്പോൾ നടന്നു തുടങ്ങിയിട്ടുള്ള അടുത്ത അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ ക്‌ളാസ്സുകളിൽ ഉൾപ്പെടുത്തണ്ട എന്നാണ് സ്ക്കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചിരിയ്ക്കുന്നത്. താഴ്ന്ന വരുമാനക്കാരായ ഒട്ടേറെ ഇന്ത്യൻ പ്രവാസികളുടെ കുട്ടികൾ ഇതുമൂലം പഠനം തുടരാനാകാത്ത അവസ്ഥയിലാണ്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സൗദി സർക്കാർ ഇക്കാമയും, വിസയും, ലെവിയുമടക്കമുള്ള ഫീസുകൾ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊടുത്ത്, പ്രവാസി സമൂഹത്തെ സഹായിയ്ക്കുന്ന നിലപാട് സ്വീകരിച്ചപ്പോഴാണ്, ഇന്ത്യൻ പ്രവാസി സമൂഹം ആശ്രയിക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ ഇത്തരത്തിൽ കർശനമായ നിലപാട് സ്വീകരിയ്ക്കുന്നത് എന്നത് പ്രതിഷേധാർഹമാണ്.

ലോകമെങ്ങുമുള്ള രാജ്യങ്ങളെപ്പോലെ സൗദി അറേബ്യയിലെയും സാമൂഹിക, വ്യവസായ, തൊഴിൽ മേഖലകളെ കൊറോണ മഹാമാരി നിശ്ചലാവസ്ഥയിൽ ആക്കിയിരിയ്ക്കുകയാണ്. കടകളും, വ്യവസായ സ്ഥാപനങ്ങളും, കമ്പനികളും അടച്ചിട്ടിരിയ്ക്കുന്നതിനാൽ, ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. നിത്യവരുമാനമുള്ള ജോലിക്കാരൊക്കെ പണിയില്ലാതെ വീട്ടിൽ ഇരിപ്പാണ്. നിത്യജീവിതത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പല പ്രവാസി കുടുംബങ്ങളും.

പൊതുഗതാഗതവും, ടാക്സി സർവ്വീസുകളും നിർത്തലാക്കിയതോടെ, സ്വന്തമായി വാഹനമില്ലാത്തവർക്കൊക്കെ ദൂരസ്ഥലങ്ങളിലേയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. അതുമൂലം സ്ക്കൂളിൽ വന്നു ഫീസ് അടയ്ക്കാൻ പോലും പലർക്കും കഴിയുന്നില്ല. സ്ക്കൂൾ ഏർപ്പെടുത്തിയ ഓൺലൈനിൽ ഫീസ് അടയ്ക്കുന്ന സമ്പ്രദായം, ബാങ്ക് അക്കൊണ്ട് പോലും ഇല്ലാത്ത സാധാരണക്കാർക്ക് ഉപയോഗപ്പെടുന്നുമില്ല. അതിനാൽ കടം വാങ്ങിയെങ്കിലും ഫീസ് അടയ്ക്കാമെന്നു കരുതുന്നവർക്ക് പോലും, അതിനു കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.

ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്ത്, മാനുഷികമായ പരിഗണന നൽകി, ഫീസ് കുടിശ്ശിക അടച്ചു തീർക്കാനുള്ള കാലാവധി അടുത്ത മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി വയ്ക്കണമെന്നാണ് എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യൻ അംബാസ്സിഡർക്ക് നൽകിയ നിവേദനത്തിലെ മുഖ്യമായ ആവശ്യം.

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മുഖ്യധാരാ സംഘടനകളായ നവോദയ, ഒ.ഐ.സി.സി, നവയുഗം, കെ.എം.സി.സി എന്നിവർ നേതൃത്വം നൽകുന്ന പ്രവാസി കൂട്ടായ്മയാണ് എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം

Advertisment