Advertisment

സിപിഎമ്മിന് പുറംസമൂഹവുമായുള്ള പാലമായിരുന്നു കോടിയേരി. വിവാദങ്ങൾക്കെല്ലാം ആദ്യ മറുപടി ഒരു പുഞ്ചിരി ! പിണറായി സർക്കാരിന്റെ രണ്ടാം വരവിനും പിന്നെ കേരളം സിപിഎമ്മിന് ബംഗാളും തൃപുരയും പോലെ ആകാതിരുന്നതിനും യഥാർത്ഥ 'കാരണഭൂതൻ'. ഈ സഖാവിനെയാണ് പുതിയ സഖാക്കൾ മാതൃകയാക്കുന്നത്‌, ആക്കേണ്ടതും - ദാസനും വിജയനും

New Update

സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട ! രാഷ്ട്രീയത്തിനേക്കാളുപരി വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ചിരുന്ന അദ്ദേഹത്തെയാണ് കേരളത്തിലെ സഖാക്കളൊക്കെ മാതൃകയാക്കേണ്ടത് .

Advertisment

publive-image


അദ്ദേഹം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ബംഗാളും തൃപുരയും പോലെ കേരളം സിപിഎമ്മിനേയും സഖാക്കളെയും ഒഴിവാക്കാതിരുന്നത് .


മറ്റുള്ള രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളേയും മത സാംസ്‌കാരിക നായകരെയും ബിസിനസ് തലതൊട്ടപ്പൻമാരെയും പത്രമാധ്യമസ്ഥാപനങ്ങളെയും വളരെ സൗഹൃദത്തോടെ കൈകാര്യം ചെയ്യുന്നതിൽ കാണിച്ച മിടുക്ക് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം കേരളത്തിൽ അംഗീകരിക്കപ്പെട്ടത് .

വ്യക്തിപരമായത് ഉൾപ്പെടെ തുടർച്ചയായി നേരിടേണ്ടിവന്ന വിവാദങ്ങൾ വേറെ ഒരു നേതാവിനും താങ്ങാവുന്നതിലും ഏറെയായിരുന്നു. കോടിയേരി ആയതുകൊണ്ടുമാത്രമാണ് പ്രതിപക്ഷവും മാധ്യമങ്ങളും അക്കാര്യങ്ങൾ ആഘോഷിക്കാതെ പോയത് .

വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ആ പാർട്ടി തന്നെ ഇല്ലാതായിപ്പോയേനെ. തലശ്ശേരിയിലെ മുൻ എംഎൽഎയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനിൽ തുടങ്ങി പിന്നീടു വിവാഹവും, അതുകഴിഞ്ഞു പാർട്ടിയിലും മക്കളുടെ പേരിൽപോലും പടച്ചുവിട്ട വിവാദങ്ങളും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുവാൻ കോടിയേരി എന്ന മഹാപ്രതിഭയുടെ ആ നിറഞ്ഞ ചിരികൊണ്ട് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം .

കേരളത്തിൽ വിവാദമായ ഐസ്ക്രീം കേസിലെ പ്രതിയായി ആരോപിക്കപ്പെട്ട് കേസിൽ പ്രതിയായി സുപ്രീം കോടതി വെറുതെ വിട്ട ആളുടെ സ്ഥാപനത്തിലെ വിസയിലാണ് മൂത്ത മകനെ ജോലിക്ക് അയച്ചത്. വിവാദങ്ങൾ ഭയപ്പെടാതെ ശരിയായ ചങ്കൂറ്റമാണ് അക്കാര്യത്തിൽ അന്ന് കോടിയേരി കാണിച്ചത്  .

publive-image

പിന്നീട് വിഎസ് മന്ത്രിസഭ വന്നപ്പോൾ നിരപരാധികൾ ആരെയും കൈയാമം വെച്ചുകൊണ്ട് വിഎസ് വൈരാഗ്യം തീർക്കാതിരിക്കാൻ ജാഗ്രത കാണിച്ചുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തു സർക്കാരിന്റെ താക്കോൽ സ്ഥാനം കൈയ്യിൽ വച്ചു  .


അന്നദ്ദേഹം ആഭ്യന്തര മന്ത്രി ആയിരുന്നില്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല അട്ടിമറികളും സംഭവിക്കുമായിരുന്നു.


അതുപോലെ പിന്നീട് തിരുവനന്തപുരത്ത് മൂത്തമകന്റെ വിവാഹത്തിന് മകന് വിസ നൽകിയ അതേ ഐസ്ക്രീം കേസിലെ വ്യക്തിയെ ക്ഷണിക്കുകയും അദ്ദേഹം തലസ്ഥാനത്തെത്തി മസ്‌ക്കറ്റ് ഹോട്ടലിൽ താമസിക്കുകയും ചെയ്തു .

പക്ഷെ കല്യാണത്തിന്റെ അന്ന് രാവിലെ കല്യാണമണ്ഡപത്തിൽ എത്താൻ  ഇദ്ദേഹം കൂട്ടാക്കിയില്ല. കോടിയേരിയെ വിവാദത്തിൽ ആക്കേണ്ടതില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഇത്.


പക്ഷെ  കോടിയേരി ഇദ്ദേഹത്തെ ഫോണിൽ വിളിച്ചു ചോദിച്ചു '' എന്തേ സായ്‌വേ വരാത്തത് '' എന്ന്.  അദ്ദേഹം മറുപടി പറഞ്ഞു '' ഞാൻ കാരണം ഇനി സഖാവിന് മറ്റൊരു പേരുമോശം വരുത്തേണ്ട '' എന്ന് കരുതിയാണെന്ന് . ഉടൻ  കോടിയേരിയുടെ മറുപടി വന്നു - '' സായ്‌വ് വന്നത് കണ്ട് പത്രക്കാരോ പ്രതിപക്ഷമോ അത് വിവാദമാക്കിയാൽ എനിക്ക് മന്ത്രിസ്ഥാനം പുല്ലാണ് '' എന്ന് .


publive-image

അന്ന് കോടിയേരി കാണിച്ച ആ സ്നേഹത്തിനും ചങ്കൂറ്റത്തിനും ബദലായാണ് 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സൗഹൃദ മത്സരം എന്ന പേരിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഇടതുപക്ഷത്തെ സഹായിച്ചു . അത് തകർന്നു പോയിക്കൊണ്ടിരുന്ന എൽഡിഎഫ് നു തിരിച്ചുവരവിനു  സഹായകമായി .

2004 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപൂർവ വിജയത്തിനുശേഷം 2006 ൽ വിഎസ് അധികാരത്തിൽ എത്തിയപ്പോൾ വിഎസ് - പിണറായി പോര് സിപിഎമ്മിനെ വളരെയേറെ പ്രതിരോധത്തിലാക്കി. പത്തുവർഷത്തോളം സകല തിരഞ്ഞെടുപ്പിലും ദയനീയമായി തകർന്നടിഞ്ഞ പാർട്ടിയെ വീണ്ടും അധികാരത്തിൽ എത്തിച്ചത്  കോടിയേരിയുടെ മാത്രം കഴിവായി കണ്ടാൽ മതി .

മൂത്തമകൻ ബിനോയ് 2003 ൽ ദുബായിലെത്തുമ്പോൾ വളരെ നല്ലൊരു പയ്യൻ ആയിരുന്നു . പിന്നീട് അച്ഛൻ ആഭ്യന്തര മന്ത്രിയായപ്പോൾ സമൂഹത്തിലെ ഒട്ടേറെ പ്രാഞ്ചിയേട്ടന്മാർ ബിനോയിയുടെ പിന്നാലെ കൂടി കൊക്കിലൊതുങ്ങാവുന്നതിൽ അധികം കച്ചവടങ്ങളും മറ്റും മുന്നിൽ വെച്ചു .

അങ്ങനെ ഓഫർ സ്വീകരിച്ചു ഒരേ സമയം നിരവധി കച്ചവടങ്ങളിൽ കൈവെച്ചുകൊണ്ട് ഒന്നും വിജയിപ്പിക്കുവാനാകാതെ പിൻവലിയേണ്ടി വന്നപ്പോൾ ഉണ്ടാക്കിയത് ഒട്ടേറെ നഷ്ടങ്ങളായിരുന്നു. ഈ പ്രാഞ്ചിയേട്ടന്മാരാണ് അവരെയൊക്കെ ദിവസവും നിശാക്ളബ്ബുകളിൽപോലും കൊണ്ടുപോയി സുഖിപ്പിച്ചുകൊണ്ടിരുന്നത് .

publive-image

അതുപോലെ ബിനീഷും യഥാർത്ഥത്തിൽ ഒരു പാവമാണ് . എല്ലാ ചന്തക്കും പോകും . ആർക്കുവേണേലും സഹായങ്ങൾ ചെയ്യും. അവസാനം പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് നടന്നുകയറുകയും ചെയ്യും. മക്കൾ പിന്നീട് വിവാദത്തിലാകുകയും കോടിയേരി ഒരിടവേള പദവിയിൽ നിന്നും മാറിനിൽക്കുകയും ( അത് ആരോഗ്യകാരണങ്ങളാൽ ) ചെയ്തതൊക്കെ കേരളം പല തരത്തിൽ ചർച്ച ചെയ്തതാണ്.

അവസാന കാലങ്ങളിൽ അദ്ദേഹത്തിന്റെ മുഖവും ശരീരവും ഒട്ടേറെ ക്ഷീണിച്ചിരുന്നു . അത് കണ്ടപ്പോൾ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും ദുഃഖമായിരുന്നു വികാരം .

എന്തായാലും ഒരു യുഗം അവസാനിച്ചു , ഒട്ടേറെ പേരെ സഹായിച്ചുകൊണ്ട് മാത്രം ശീലിച്ച ഒരു മഹാപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു . രാഷ്ട്രീയ പകപോക്കലുകളിൽ നിന്നും മാറിനിന്നുകൊണ്ടുള്ള ഒരു ചിരിക്കുന്ന മുഖം കേരളത്തിന് നഷ്ടമായി . ആദരാജ്ഞലികൾ ...

സഖാവിന്റെ മായാത്ത ചിരി മനസ്സിൽ തെളിയിച്ചുകൊണ്ട് സഖാവ് ദാസനും ഒട്ടേറെ ദുഖത്തോടെ സഖാവ് വിജയനും

Advertisment