മുല്ലപ്പള്ളിയെ ഒരു ബാങ്ക് മാനേജരോ ഗാന്ധി സ്മാരക വായനശാലയുടെ പ്രസിഡന്‍റോ ആക്കിയാല്‍ ഉഗ്രന്‍ ! കെപിസിസിക്ക് അദ്ദേഹം ഒന്നുമാകില്ല. മറ്റ് മുതിര്‍ന്നവര്‍ക്ക് മാറ്റവും മാറാനും കഴിയില്ല. ആന്‍റണിയും ഹസനും ബെന്നി ബഹനാനും അന്തകരുടെ റോള്‍ നന്നായി ഏറ്റടുത്തു. ഇനി സതീശനോ പിടി തോമസോ വരട്ടെ, സുധാകരന്‍ നയിക്കട്ടെ… ബലറാമിനും ശബരിക്കും മുക്കോളിക്കും റോള്‍ ബാക്കിയുണ്ട്  – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Saturday, May 15, 2021

എന്തുകൊണ്ട് നമ്മൾ തോറ്റു ? എന്തുകൊണ്ട് യുഡിഎഫ് തോറ്റു ? എന്തുകൊണ്ട് തുടർഭരണം സമ്മാനിച്ചു ?ഇക്കാര്യങ്ങൾ പരിശോധിക്കുവാനോ വിലയിരുത്തുവാനോ അധികമൊന്നും തല പുകയേണ്ടതില്ല, റോക്കറ്റ് സയൻസിന്റെയോ , ആണവ ശാസ്ത്ര സാങ്കേതിക വിദ്യകളുടെയോ ആവശ്യകതകളില്ല .

ചായക്കടകളിൽ രാഷ്ട്രീയം പറയുന്നവനോ, സോഷ്യൽ മീഡിയയിൽ പോരാളിയാകുന്നവനോ
വളരെ ലളിതമായി പറയുവാൻ കഴിയുന്ന കാരണങ്ങളെ ഇവിടെയുള്ളൂ. അല്ലാതെ വോട്ടിങ് മെഷീൻ അട്ടിമറിയോ , കള്ളവോട്ടുകളോ, ബാലറ്റ് തിരിമറിയോ ഒന്നും തന്നെ നടന്നിട്ടില്ല. എല്ലാം വളരെ നിസ്സാരം .

ഒന്നാമതായി യുവാക്കളുടെ മനസ്സും മനസ്സിലിരിപ്പും മനസ്സിലാക്കുവാൻ സാക്ഷാൽ ഉമ്മൻചാണ്ടിക്കോ , മുല്ലപ്പള്ളിക്കോ , ചെന്നിത്തലക്കോ സാധിച്ചില്ല എന്നതാണ് സത്യം. അവരിപ്പോഴും നൂറ്റാണ്ടുകൾ പിറകിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .

ഇപ്പോൾ തോറ്റു തൊപ്പി ഇട്ടിട്ടും അവർക്ക് അവരുടെ ചിന്തകളിൽ നിന്നും ലവലേശം മാറുവാൻ കഴിഞ്ഞിട്ടില്ല . യുവാക്കളുടെ മനസ്സ് പിടിച്ചെടുക്കണമെങ്കിൽ സോഷ്യൽ മീഡിയ , സിനിമ , സംഗീതം എന്നിവയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ . അക്കാര്യത്തിൽ യുഡിഎഫ് ഇപ്പോൾ മുപ്പത് കൊല്ലം പിറകിൽ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ തള്ളിക്കളയാനാകില്ല .

മാറ്റമില്ല .. മുതിര്‍ന്നവര്‍ക്ക് !

നാൽപ്പത് വയസ് കഴിഞ്ഞ മധ്യവയസ്കർ എന്നും എപ്പോഴും ഓരോരോ കാര്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നു . മതമായാലും രാഷ്ട്രീയമായാലും അവർക്ക് അവരുടേതായ തനതായ കാഴ്ചപ്പാടുകളുണ്ട് . നായനാരും കരുണാകരനും ഉമ്മൻചാണ്ടിയും വിഎസും മമ്മുട്ടിയും മോഹൻലാലും യേശുദാസും രവീന്ദ്രൻ മാഷും ഒക്കെ അവരുടെ ആരാധന കഥാപാത്രങ്ങൾ ആയി നിലകൊള്ളുന്നു .

പക്ഷെ യുവ തലമുറ അങ്ങനെയൊന്നും ഒരാളെ ആരാധിക്കുന്നില്ല . അപ്പപ്പോൾ കാണുന്നവരെ ആരാധിക്കുകയും അവരുടെ സിനിമകൾ കാണുകയും അവരുടെ രാഷ്ട്രീയം ഉൾക്കൊള്ളുകയും ചെയ്യുന്നു .

മുല്ലപ്പള്ളി എന്ത് ചെയ്യാന്‍ ?

മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കെപിസിസി പ്രസിഡണ്ടിനെ , ഒരു ബാങ്ക് മാനേജർ ആക്കുവാൻ കൊള്ളാം , അല്ലെങ്കിൽ ഗാന്ധിജി സ്മാരക വായനശാലയുടെ നടത്തിപ്പുകാരൻ ഒക്കെ ആക്കിയാൽ വളരെ നന്നായി അതൊക്കെ കൊണ്ടുനടക്കുവാൻ സാധിക്കും .

അല്ലാതെ കേരളം പോലത്തെ ഒരു സംസ്ഥാനത്തിൽ , ഈനാം പേച്ചികളും മരപ്പട്ടികളും തേരട്ടയും പഴുതാരയായും പെരുച്ചാഴികളും മൂർഖൻ പാമ്പുകളും ഒക്കെ മേയുന്ന ഈ ഭൂപ്രദേശത്ത് മുല്ലപ്പള്ളിയെന്ന സാധാരണക്കാരന് യാതൊന്നും ചെയ്യുവാൻ കഴിയില്ല .

കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്ററുകളും എഴുത്തുകളും പ്രസംഗങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നു . ഇതുവരെ ഒരു കോൺഗ്രസുകാരനും , എന്തിനധികം പറയുന്നു അദ്ദേഹത്തിന്റെ മക്കൾ വരെയും അതൊന്നും ഷെയർ ചെയ്യുകയോ വാട്‍സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല .

ആർക്കും അതൊന്നും ചെവിക്കൊള്ളാൻ താത്‌പര്യമില്ല, അതിനുള്ളതില്ല അതൊന്നും… എന്നതാണ് സത്യം . വെറുതെ ഒരു പ്രസിഡണ്ട് എന്നതിനപ്പുറം ഒരു വോട്ട് കോൺഗ്രസ് പാർട്ടിക്ക് അധികമായി നേടിയെടുക്കുവാൻ ഇദ്ദേഹത്തിനായിട്ടില്ല . ആ വടകരയിലെ എംപി ആയിത്തന്നെ തുടർന്നിരുന്നെങ്കില്‍ ആ പ്രതിച്ഛായ എങ്കിലും ബാക്കിയുണ്ടായിരുന്നേനെ .

കെസി വേണുഗോപാൽ എന്ന എഐസിസി സെക്രട്ടറി എങ്ങനെ അവിടെയൊക്കെ എത്തിപ്പെട്ടു എന്നത് കുറെയധികം കോൺഗ്രസ്സുകാരിൽ ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് .

ചെന്നിത്തലയ്ക്ക് സംഭവിച്ചത് വേറെ ?

രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് വളരെയധികം ശ്രമിച്ചു എന്നത് എല്ലാവർക്കും മനസ്സിലായി എങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ പാർട്ടിയുടെ വിജയത്തിനപ്പുറം മുഖ്യമന്ത്രിക്കസേരയിൽ മാത്രമായിരുന്നു കണ്ണ് എന്ന് വേണം കരുതുവാൻ .

സെവൻസ് ഫുട്‍ബോൾ മത്സരങ്ങളിൽ ഒറ്റക്ക് ഗോളടിക്കുവാൻ നോക്കുന്ന ഒരു മിഡ്‌ഫീൽഡറുടെ പരാക്രമങ്ങളാണ് നാം കണ്ടത് . പന്ത് ആർക്കും പാസ് നൽകാതെ ഒറ്റക്ക് ഓടി കയറിയപ്പോഴും ചിലത് ഓഫ് സൈഡ് ആവുകയും ചിലത് ഗോളി തട്ടിയകറ്റുകയും ചിലത് പുറത്തേക്ക് അടിച്ചു കളയുകയുമൊക്കെ ചെയ്‌തെങ്കിലും അവസാന പത്തുമിനിറ്റിൽ ഗോളടിക്കും എന്ന് തന്നെയാണ് എല്ലാവരും കരുതിയത് . പക്ഷെ സെൽഫ് ഗോളിൽ പെടുമെന്ന് അദ്ദേഹം വരെ കരുതിയിരുന്നില്ല.

കേരളം കണ്ടതിൽ വെച്ചേറ്റവും മോശം ഭരണം കാഴ്ചവെച്ച മുഖ്യമന്ത്രിയെ താഴെയിറക്കുവാൻ ഏതെങ്കിലും ഒരാരോപണം മാത്രം മതിയായിരുന്നു . മണിച്ചിത്രത്താഴ് ഉള്ള വാതിലിന്റെ മുന്നിൽ ഇരുന്നുകൊണ്ട് ദിവസവും ആരോപണങ്ങളുമായി വന്നപ്പോൾ ജനങ്ങളുടെ ഇടയിൽ വില്ലൻ പരിവേഷമുണ്ടായിരുന്ന ആൾ നായകനും , നായകൻ ആകേണ്ടിയിരുന്ന ആൾ വില്ലനുമായി.

രമേശ് പ്രസ് മീറ്റുകൾ നടത്തുന്ന നേരത്ത് പിൻഭാഗത്ത് കൈപ്പത്തി ചിഹ്നമോ , കോൺഗ്രസ്സ് പതാകയോ അല്ലെങ്കിൽ ഇന്ദിരാജിയുടെയോ രാജീവ് ജിയുടെയോ ചിത്രങ്ങൾ എങ്കിലും വെച്ചിരുന്നെങ്കില്‍ ജനങ്ങളുടെ മനസ്സിൽ അതെങ്കിലും പതിഞ്ഞിരുന്നേനെ.

ഇത്രയും ശക്തമായ ആരോപണങ്ങൾ വീശിയിട്ടും അത് ഏശാതെ പോയതിന്റെ മുഖ്യകാരണം എതിരാളികൾ ചെന്നിത്തലയെ ഒരു സങ്കിയായും അധികാരമോഹിയായും ചിത്രീകരിക്കുന്നത് തടയുവാൻ അദ്ദേഹത്തിനായില്ല എന്ന ഒറ്റക്കാരണം മാത്രമാണ്.

ഇവരാണ് അന്തകര്‍ !

എകെ ആന്റണിയും എംഎം ഹസ്സനും ബെന്നി ബെഹനാനും ഒക്കെ ഒരു പരിധിവരെ പാർട്ടിയുടെ അന്തകരായി മാറുന്ന കാഴ്ചകളും നാം കണ്ടു. സ്വന്തം താൽപ്പര്യങ്ങൾക്ക് പാർട്ടിയെ വളച്ചെടുക്കുവാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് ഒരു ഭരണമാറ്റവും അണികളുടെ ആത്മവീര്യവുമാണ്.

കേവലം ഒരു ജയ്ഹിന്ദ് ടിവിയെ കൊണ്ടുനടക്കുവാൻ കഴിവില്ലാത്ത എംഎം ഹസ്സനെ പോലുള്ളവരെ എന്തിനാണ് യുഡിഎഫ് കൺവീനർ ആക്കിയത് എന്ന് മനസ്സിലാവുന്നില്ല . അദ്ദേഹം വായ് തുറന്നാല്‍ പിന്നെ ഒരാഴ്ച മറ്റ് നേതാക്കള്‍ മാപ്പ് പറഞ്ഞു മടുക്കും.

എകെ ആന്റണിയെന്ന പല്ലുകൊഴിഞ്ഞ സിംഹം പാർട്ടിക്ക് നൽകിയ സംഭാവനയാണ് അദ്ദേഹത്തിന്റെ മകൻ അനിൽ ആന്റണി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആ നേതൃത്വം സോഷ്യൽ മീഡിയ ചുമതല ഏറ്റെടുത്തപ്പോൾ തന്നെ ഇരുപതോളം സീറ്റുകൾ അങ്ങനെ പോയിക്കിട്ടി.

ജോസിനെ പുറത്താക്കിയത് ബെന്നിയുടെ വാശി

ബെന്നി ബെഹനാൻ വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ജോസ് കെ മാണിയെ പുറത്താക്കിയപ്പോൾ പതിനഞ്ചോളം സീറ്റുകൾ അങ്ങനെയും പോയിക്കിട്ടി . ഗ്രൂപ്പുകളിൽ ഊന്നിയ മറുകണ്ടം ചാടൽ അനാവശ്യ സമയത്തായിരുന്നു . പകരമായി ആ ബിഡിജെഎസ് എന്ന പാർട്ടിയെ എങ്കിലും യുഡിഎഫുമായി അടുപ്പിക്കാമായിരുന്നു ബെന്നി ബെഹനാന്.

ഇപ്പോൾ പാർട്ടിയിലെ അണികൾ ചോർന്നു പോകാതിരിക്കുവാൻ, ഉള്ള അണികളുടെ വീര്യം ചോർന്നു പോകാതിരിക്കുവാൻ കണ്ണൂരിന്റെ സിംഹമെന്ന് അണികൾ വിശേഷിപ്പിക്കുന്ന കെ സുധാകരനാകട്ടെ കെപിസിസി പ്രസിഡണ്ട്. പിണറായി വിജയനെപ്പോലുള്ള ഒരു ശക്തനെ നേരിടുവാൻ കോൺഗ്രസ്സിൽ ഇപ്പോൾ കെ സുധാകരനും കെ മുരളീധരനും മാത്രമേയുള്ളൂ.

അതിനിപ്പോൾ ജോത്സ്യന്മാരുടെയോ എഐസിസി നിരീക്ഷകന്മാരുടെയോ പ്രവചനങ്ങൾക്ക് കാത്തിരിക്കേണ്ടതില്ല. കെ സുധാകരൻ വന്നാൽ സാക്ഷാൽ പിണറായി വിജയൻറെ വരെ മുട്ടുകാലുകൾ കൂട്ടിയിടിക്കും എന്നത് നിശ്ചയം.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കിയിരുന്നെങ്കില്‍ ഓരോരോ മണ്ഡലത്തിലും ചുരുങ്ങിയത് പതിനായിരം വോട്ടുകൾ കൂടുതൽ വീണുകിട്ടിയേനെ. മുപ്പതോളം സീറ്റുകൾ അങ്ങനെ ജയിക്കുവാൻ ആകുമായിരുന്നു.

വരട്ടെ .. സതീശനോ തോമസോ !

പ്രതിപക്ഷ നേതാവായി പിടി തോമസിനെയോ വിഡി സതീശനെയോ കൊണ്ടുവന്നാൽ അണികളിൽ ആവേശം വിതറുവാൻ സഹായകമാകും. ഹരിത എംഎൽഎ മാരുടെ പേരിൽ കാണിച്ച പോരാട്ടങ്ങളാണ് സതീശനെ നേതൃത്വം തഴയുന്നത് എങ്കിലും സ്വന്തം മണ്ഡലത്തിൽ ഓരോ തവണയും വോട്ടുകൾ കൂടുതൽ നേടുന്നു എന്നത് സതീശന്റെ മാത്രം കഴിവായി അംഗീകരിക്കണം.

അല്ലറ ചില്ലറ കോംപ്രമൈസുകൾ കയ്യിൽ ഉണ്ടെങ്കിലും ചെറുപ്പക്കാരിൽ ഒരു ആവേശം ഉണ്ടാക്കുവാൻ സതീശനു സാധിച്ചേക്കും . പക്ഷെ സതീശനെയോ പിടി തോമസിനെയോ പ്രതിപക്ഷ നേതാവായി ഉയർത്തിയാൽ ഇടതുപക്ഷം അവരെയും വേട്ടയാടിക്കൊണ്ട് അവരുടെ പ്രതിച്ഛായയും കളഞ്ഞു കുളിക്കുവാനും സാധ്യത തള്ളിക്കളയുവാനാകില്ല.

അക്കാര്യത്തിൽ ഇടതുപക്ഷത്തിന് പ്രത്യേക നൈപുണ്യമാണുള്ളത് . അതൊക്കെ മനസ്സിലാക്കി അങ്കം വെട്ടി ജയിക്കുവാൻ ഇവർക്ക് കഴിയണം.

ബലറാമിനും ശബരിക്കും മുക്കോളിക്കും പണിയുണ്ട്

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുവാൻ വിടി ബാലറാമിനെയും , എസ് ശബരീനാഥിനെയും , റിയാസ് മുക്കോളിയെയും , ഡോക്ടർ സരിനെയും ഏൽപ്പിക്കുക . പാർട്ടിയിൽ നിന്നും അകന്നുപോയ്‌ക്കൊണ്ടിരിക്കുന്ന കോൺഗ്രസ് കുടുംബത്തിലെ ചെറുപ്പക്കാരെ തിരിച്ചു കൊണ്ടുവരുവാൻ ഇവർക്ക് സാധിക്കും.

അതുപോലെ സിനിമ സാഹിത്യ മേഖലകളിൽ നിന്നും ഇനിയും ധർമ്മജന്മാരും പിഷാരടിമാരും
വരുവാൻ ഈ ചെറുപ്പക്കാർ മുന്നിട്ടിറങ്ങണം . കൂടുതൽ സിനിമകൾ നിർമ്മിക്കുവാനും സംവിധാനം ചെയ്യുവാനും കോൺഗ്രസ്സ് അനുഭാവികൾ ഇറങ്ങണം . അല്ലെങ്കിൽ അങ്ങനെയുള്ളവരെ കണ്ടെത്തണം. ചാനലുകൾ പത്രങ്ങൾ എന്നിവയിൽ കൂടുതൽ സ്വാധീനം ചെലുത്തുവാനും ഈ ചെറുപ്പക്കാർക്ക് കഴിയണം.

ഉറ്റുനോക്കി കാത്തിരിക്കണം

ഇപ്പോഴുള്ള ഈ കാറ്റൊക്കെ മാറി വീശുവാൻ വലിയ സമയമൊന്നും വേണ്ട. അങ്ങനെ സ്ഥായിയായി ഒന്നുമില്ല എന്ന വസ്തുത തോറ്റവരും ജയിച്ചവരുമൊക്കെ മനസിലാക്കി മുന്നോട്ട് നീങ്ങിയാൽ ചിലപ്പോൾ അഞ്ചുകൊല്ലമൊന്നും കാത്തിരിക്കേണ്ടി വരില്ല . അതിനു മുന്‍പേ പലതും സംഭവിച്ചേക്കാം.

ഇത്രയും നല്ല അവസരം ചെറിയ ചെറിയ ഈഗോകൾക്ക് വഴങ്ങി ഇല്ലാതാക്കിയതിൽ അണികൾക്ക് തീരാത്ത വേദനയുണ്ടെന്ന് ഈ നേതാക്കൾ എന്ന് പറയുന്നവർ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

ഇനിയെങ്കിലും നിങ്ങളൊക്കെ പഠിക്കുമല്ലോ ?

പഠിച്ചാൽ നിങ്ങൾക്ക് നല്ലത് എന്ന് മാത്രം ഉപദേശിച്ചുകൊണ്ട് ഖദർ കുപ്പായം തുന്നിച്ചുകൊണ്ട് ദാസനും അർഹതയുള്ളവർക്ക് അംഗീകാരം നൽകൂ എന്നഭ്യർത്ഥിച്ചുകൊണ്ട് ഖദർ കുപ്പായം ഇസ്തിരിയിട്ടുകൊണ്ട് വിജയനും

×