നിര്‍മ്മലാജിയുടെ ബജറ്റ് കാണുമ്പോൾ പെട്ടെന്ന് അംബാനിയാകുവാൻ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചുകൊണ്ട് നാഗ മാണിക്യങ്ങൾക്കും ബിറ്റ്‌കോയിന്റെയുമൊക്കെ പിന്നാലേ നടക്കുന്ന കിറുക്കന്‍ ചെറുപ്പക്കാരെ ഓര്‍ത്തുപോകുന്നു ! നാട്ടിലെ പ്രശസ്തമായ പല നമ്പൂതിരി ഇല്ലങ്ങളും മനകളും അവിടുത്തെ പഴയ അടിച്ചുതളിക്കാരുടെ മക്കള്‍ വിലയ്ക്ക് വാങ്ങി ആഡംബര റിസോർട്ടുകളും ഫൈവ്സ്റ്റാർ ബാറുകളുമാക്കി മാറ്റിയ പാരമ്പര്യം ഇന്ത്യാ രാജ്യത്തിന് ഉണ്ടാകരുതെന്ന് ആശിച്ചുപോകുന്നു. 60 കൊല്ലം ഭരിച്ചവർ ഇന്ത്യക്ക് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് നിർമ്മല സീതാരാമൻ വില്‍പ്പനക്കായി എണ്ണി പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നത് മറക്കരുത് – ബജറ്റ് വിശകലനം ചെയ്ത് ദാസനും വിജയനും

ദാസനും വിജയനും
Tuesday, February 2, 2021

ബ്രെയ്ക്ക് നന്നാക്കുവാൻ പറ്റാതായപ്പോൾ ഹോണിന്റെ ഒച്ച കൂട്ടിവെക്കുന്ന വർക്ഷോപ്പുകാരൻ എന്ന് ശശി തരൂർ പറഞ്ഞതുപോലെ നിർമ്മല സീതാരാമൻ എന്ന ആ പാവം സ്ത്രീ ബഡ്ജറ്റ് എന്ന പേരിൽ എന്തൊക്കെയോ എഴുതി വായിച്ചു.

ബജറ്റിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ചോദ്യം ചെയ്യുന്ന പലതും അതില്‍ ഉണ്ടായിരുന്നു എന്നത് പോട്ടെ . അതിനുമപ്പുറം പൂജ്യത്തിനൊന്നും ഒരു വിലയുമില്ലെന്ന് കേരളത്തിന്റെയും ഒപ്പം തിരഞ്ഞെടുപ്പുകൾ നടക്കുന്ന തമിഴ്നാടിന്റേയും ബംഗാളിന്റെയും ആസാമിന്റെയും ഒക്കെ റോഡ് പണികൾക്ക് അനുവദിച്ച കോടികൾ കണ്ടപ്പോൾ മനസ്സിലായി .

ഇവരൊക്കെ ചേർന്ന് ആരെയാണ് പറ്റിക്കുന്നതെന്ന് മനസ്സിലാക്കുവാനുള്ള കേവലം തലച്ചോർ പാർട്ടി അണികൾക്കും അനുയായികൾക്കും ഇല്ലാതെ പോയല്ലോ എന്നതാണ് ഇന്നത്തെ ഇന്ത്യയിൽ കൊറോണയെക്കാൾ വലിയ ദുരന്തമായിട്ടുള്ളത്. പുതിയ തലമുറകൾ വരുന്തോറും വിവരമില്ലായ്മ കൂടിക്കൂടി വരുന്നുണ്ടോ എന്ന് സംശയിച്ചുപോകുന്നു.

ബിജെപിയും ആർഎസ്എസും ഒക്കെ രൂപപ്പെട്ടു വന്ന കാലഘട്ടങ്ങളിൽ സമൂഹത്തിലെ സവർണ്ണരായിരുന്നു തൊണ്ണൂറു ശതമാനവും അതിലേക്ക് ആകര്ഷിക്കപ്പെട്ടിരുന്നത് . പിന്നീടാണ് ഇതര മതസ്ഥരൊക്കെ ആ പാർട്ടിയിലേക്ക് കയറിച്ചെല്ലുന്നത്.

കേരളത്തിന്റെ കാര്യം മാത്രം എടുക്കുകയാണെങ്കിൽ നല്ല നമ്പൂതിരിമാരും നായന്മാരുമൊക്കെയായിരുന്നു ബിജെപിയുടെയും ജനസംഘത്തിന്റെയും സംഘപരിവാരത്തിന്റെയും ഹിന്ദുമുന്നണിയുടെയും പിന്നാലെ ഉണ്ടായിരുന്നത്.

നമ്പൂതിരിമാർ അന്നൊക്കെ നല്ലവണ്ണം കുശാലായി ഭക്ഷണം ഒക്കെ കഴിച്ചു രാത്രിയിലും പകലും സംബന്ധവുമായി ജീവിതം തള്ളിനീക്കിയപ്പോൾ അവരുടെ കാലിന്നടിയിലെ മണ്ണ് മാറി പോകുന്നത് നിരീക്ഷിക്കുവാൻ മറന്നുപോയി.

ഇന്നിപ്പോൾ പ്രശസ്തമായ പല നമ്പൂതിരി ഇല്ലങ്ങളും മനകളും ആഡംബര റിസോർട്ടുകളും ഫൈവ്സ്റ്റാർ ബാറുകളും സിനിമ ഷൂട്ടിങ് ലൊക്കേഷനുകളുമായി മാറിക്കഴിഞ്ഞപ്പോൾ അതിന്റെയിരട്ടി മനകൾ ആൺപിള്ളേർ തുച്ഛം കാശിന് വിലക്കുവാങ്ങി പൊളിച്ചെടുത്ത് യൂറോപ്പിലേക്കും ഗൾഫിലേക്കുമൊക്കെ സാധനസാമഗ്രികൾ കയറ്റുമതി ചെയ്ത് പത്തിരട്ടി പണം സമ്പാദിച്ചുകഴിഞ്ഞു.

ഏറ്റവും രസകരമായ സംഗതി ഈ മനകളൊക്കെ വിലക്കുവാങ്ങിയത് അന്നാട്ടിലെ ഏറ്റവും പാവപ്പെട്ടവരായിരുന്നവരൊക്കെയാണ്. മനയിലെ കാര്യസ്ഥന്റെ മകനോ അല്ലെങ്കിൽ തേങ്ങയിടുവാൻ വരുന്നയാളിന്റെ മകനോ അതുമല്ലെങ്കിൽ പശുവിനെ കറക്കുവാൻ പോയിരുന്ന ആളിന്റെ മകനോ ഒക്കെയാണ്.

നമ്പൂതിരിമാർ കുറേയെധികം സ്ഥലങ്ങൾ നായന്മാർക്കും പണിക്കാർക്കും പാട്ടത്തിന്നായി കൊടുക്കുകയും അതുപോലെ ഒരു ഭാഗത്തു നിന്നും വിറ്റഴിച്ചും തുടങ്ങുമ്പോൾ അവിടത്തെ പണിക്കാരന്റ മക്കൾ എസ്എസ്എൽസി കഴിഞ്ഞു പ്രീഡിഗ്രി തോറ്റതിന്റെ ശേഷം നേരെ ഗൾഫിലേക്കോ അതുപോലെ മറ്റേതെങ്കിലും രാജ്യത്തിലേക്കോ കടന്ന് അവിടെ അറബിയുടെ ആട്ടുംതുപ്പും ഒക്കെ കേട്ട് 55 ഡിഗ്രി യിൽ ഷവർമ മുറിച്ചും കള്ള ടാക്സി ഓടിച്ചുമൊക്കെ പണമുണ്ടാക്കി സിനിമ സ്റ്റൈലിൽ നാട്ടിലെത്തി മംഗലശ്ശേരി നീലകണ്ഠന്മാർ ആവുകയായിരുന്നു.

അതുപോലെ തന്നെ നമ്പൂതിരിമാരുടെ കയ്യാളുകൾ ആയിരുന്ന നായന്മാരിൽ കുറെ പേരൊക്കെ എങ്ങനെയെങ്കിലും അമേരിക്കയിലേക്കോ ഗൾഫിലേക്കോ ഒന്നുമല്ലെങ്കിൽ അഹമ്മദാബാദിലേക്കോ ഒക്കെ കടന്നുകൊണ്ട് കുറെയൊക്കെ കുടുംബങ്ങളെ പിടിച്ചു നിർത്തി.

എന്നിരുന്നാലും നാട്ടിലെ നായർ കാരണവന്മാർ ഉള്ള സ്ഥലമൊക്കെ നല്ല വില കിട്ടിയപ്പോൾ ഗൾഫുകാരന് വിറ്റുകൊണ്ട് കാനറാ ബാങ്കിലും സ്റ്റേറ്റ് ബാങ്കിലുമൊക്കെ പലിശക്കായി നിക്ഷേപിച്ചു. അവസാനമായപ്പോൾ പലിശയുമില്ല മുതലുമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ അധപതിച്ചു.

സ്ഥലം വാങ്ങിയവർ അഞ്ചും പത്തും ഇരട്ടി പണത്തിന് സ്ഥലങ്ങൾ മറിച്ചു വിറ്റപ്പോൾ അണ്ണാക്കിൽ പിണ്ണാക്ക് തിരുകിയ അവസ്ഥയിൽ മിണ്ടാട്ടം മുട്ടി. അന്ന് മുംബൈയിലും ചെന്നൈയിലും കൽക്കട്ടയിലും പോയി മാർവാടിയുടെ കണക്കും നോക്കി ഒറ്റമുറിയിൽ ജീവിതം നീക്കിയവർ മക്കളെ നല്ലതുപോലെ ഇംഗ്ലീഷും ഒക്കെ പഠിപ്പിച്ചതുകൊണ്ട് കുറെ കുടുംബങ്ങൾ ഇന്നിപ്പോൾ ജീവിച്ചുപോകുന്നു.

ഇങ്ങനയൊക്കെ പറയേണ്ടിവന്നത് ഇന്നത്തെ ബിജെപി മുന്നണിയുടെ ഭരണവും വിറ്റഴിക്കലുകളും ഒക്കെ കണ്ടപ്പോഴാണ്. നെഹ്‌റുവിനെ ഘോരഘോരം തെറി പറയുന്നവർക്ക് ഇപ്പോൾ പിടിച്ചുനിൽക്കുവാൻ ആകുന്നത് അന്ന് നെഹ്‌റു പഞ്ചവത്സര പദ്ധതികൾ മുഖേന ഉണ്ടാക്കിയ സ്ഥാവരജംഗമ വസ്തുവകകളാണ്.

60 കൊല്ലം ഭരിച്ചവർ എന്ത് ചെയ്തു ഇന്ത്യക്ക് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് നിർമ്മല സീതാരാമൻ വില്‍പ്പനക്കായി എണ്ണി പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍. പിയുഷ് ഗോയലിനെപ്പോലത്തെ ആളുകളെ ധനമന്ത്രിയിൽ നിന്നും മാറ്റി നിർത്തിക്കൊണ്ട് രണ്ടുമൂന്നു വ്യക്തികൾ കളിക്കുന്ന കളികൾ ഇന്ത്യയെന്ന മഹാ രാജ്യത്തിൻറെ അസ്ഥിവാരമിളക്കുന്ന പണികളാണ്.

ഇന്നിപ്പോൾ നാട്ടിലുള്ള ഒട്ടുമിക്ക ഐടി ന്യു ജെൻ ചെറുപ്പക്കാരും ക്രെഡിറ്റ് കാർഡും ലോണുകളുമായി ജീവിതം തള്ളി നീക്കുമ്പോൾ ബിസിനസ്സ് സാമ്രാജ്യക്കാർ എന്നൊക്കെ പറയുന്നവർ വൻ തുകകൾ ലോണെടുത്ത് മലേഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ദുബായിലേക്കും ഒക്കെ മുങ്ങുകയാണ്.

വലിയ വലിയ കുടുംബക്കാർ മക്കളെയൊക്കെ ദുബായിലും സിംഗപ്പൂരും കാനഡയിലും ഓസ്‌ട്രേലിയയിലും സെറ്റപ്പ് ആക്കി കഴിഞ്ഞിരിക്കുന്നു. സ്ഥലക്കച്ചവടമോ ഊഹക്കച്ചവടമോ ഒന്നും നടക്കാതായപ്പോൾ കുറെ ചെറുപ്പക്കാർ ഒറ്റക്കിരുന്ന് കള്ളടിച്ചുകൊണ്ട് സ്വന്തം ലിവർ ഓട്ടയാക്കി കൊണ്ടിരിക്കുന്നു.

ഓരോരോ തിരഞ്ഞെടുപ്പിലും ആറായിരവും അയ്യായിരവുമൊക്കെ പാവപ്പെട്ടവന്റെ വോട്ടിനായി ബാങ്കിൽ ഇട്ടു കൊടുക്കുമ്പോൾ ഇങ്ങനെ പണി പിന്നാലെ വരുമെന്ന് ആരും കരുതിക്കാണില്ല.

പാടത്ത് പണിയെടുക്കുന്ന പാവപ്പെട്ട കർഷകരെ ഒഴിവാക്കിക്കൊണ്ട് ഇങ്ങനെയൊരു ബഡ്ജറ്റ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുമ്പോൾ ആരാണ് ഈ ബഡ്ജറ്റ് എഴുതിക്കൊടുത്തത് എന്നുള്ളത് മനസ്സിലാകുന്നില്ല.

അത്യാവശ്യം ചിന്തിക്കുന്ന ചെറുപ്പക്കാരൊക്കെ പെട്ടെന്ന് അംബാനിയാകുവാൻ താഴികക്കുടങ്ങൾക്കും നാഗ മാണിക്യങ്ങൾക്കും ആയിരം കോടി ബാങ്ക് ട്രാൻസ്ഫർ അതുപോലെ ബിറ്റ്‌കോയിന്റെയൊക്കെ പിന്നാലെയാണ്.

ഇന്ത്യയുടെ വാഗ്ദാനങ്ങളായ ചെറുപ്പക്കാരുടെ വീര്യം നശിപ്പിക്കുവാൻ ആരോ എന്തൊക്കെയോ ചെയ്തതുപോലെ തോന്നിപ്പോകുന്നു ഇവരുടെ പരാക്രമങ്ങൾ കാണുമ്പോൾ. രാവിലെ എഴുന്നേറ്റ് കുളിച്ചുകുറിതൊട്ട് പാന്റ്സും ഷർട്ടും ടൈയുമൊക്കെ ധരിച്ചു കൊണ്ട് ഇറങ്ങുന്നു. നാഗമാണിക്യം തേടി !!!

ഇങ്ങനെ പോയാൽ ഇന്ത്യ മഹാരാജ്യത്തിന്റെ ഭൂപടം വരെ വിറ്റു തുലക്കുന്ന അവസ്ഥയിൽ മനം നൊന്തുകൊണ്ട്,

ആലത്തൂർ മനയിലെ ബാറിൽ ഒറ്റക്ക് വിസ്കി നുകർന്നുകൊണ്ട് എൻജിനീയർ ദാസനും
നാഗമാണിക്യം തേടി രാജപാളയത്തേക്ക് പുറപ്പെട്ടുകൊണ്ട് വിജയണ്ണനും

 

×