Advertisment

രാഷ്ട്രീയത്തിലും ജനത്തിനിഷ്ടം സെമി വില്ലന്മാരെയോ ? ജോസ് കെ മാണി ആരുമായിക്കൊള്ളട്ടെ... അടിത്തറയുള്ള ഒരു പാര്‍ട്ടിയെ ഇറക്കിവിട്ടത് ശരിയായോ ? കെപിസിസി പ്രസിഡന്‍റുതന്നെ വിമതന്‍റെ സ്പോണ്‍സറായാലോ ? തദ്ദേശ തെരഞ്ഞെടുപ്പിലെ നേര്‍ ചിത്രങ്ങളില്‍ നിറയുന്ന ചോദ്യങ്ങള്‍ ഇങ്ങനെ : ദാസനും വിജയനും…

New Update

publive-image

Advertisment

ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചില സത്യാന്വേഷണങ്ങളിലേക്ക് പോകുമ്പോൾ ചിലതൊക്കെ പറയാതെയും കാണാതെയും വയ്യ.

എൽഡിഎഫ് യുഡിഎഫ് നേരിട്ടുള്ള അങ്കമായി ചിത്രീകരിക്കാമെങ്കിലും എന്നും എൽഡിഎഫിന്റെ ഒപ്പമായിരുന്നു കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളും കോർപ്പറേഷനുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും.

മുനിസിപ്പാലിറ്റികൾ ഏറെക്കുറെയും യുഡിഎഫിന്റെ കൂടെ തന്നെയാണ് കണ്ടുവരുന്നത്. പക്ഷേ ഇത്തവണ ഏറ്റവും ഒടുവില്‍ വന്ന കണക്കു പ്രകാരം വ്യക്തമായ ഭൂരിപക്ഷമുള്ള നഗരസഭകളുടെ എണ്ണത്തിലും ഇടതുപക്ഷമാണ് മുന്നില്‍. എന്തുകൊണ്ട് എൽഡിഎഫ് എന്നത് ഇന്നത്തെ ഈ അവസരത്തിൽ ഒരു വലിയ ചോദ്യമാണ്.

കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതികളും കള്ളക്കടത്തും മയക്കുമരുന്നും ഒക്കെ ഭരണപക്ഷത്തുനിന്നും ആയുധമായി കിട്ടിയിട്ടും അതൊന്നും വോട്ടാക്കി മാറ്റുവാൻ പ്രതിപക്ഷങ്ങൾക്ക് കഴിഞ്ഞില്ല അതിലുപരി ഇവിടെ കേരളം മംഗലശ്ശേരി നീലകണ്ഠന്മാരെയും ഗ്രേറ്റ് ഫാദർമാരെയും ബിഗ്‌ബികളെയും അംഗീകരിച്ചുവരുന്നു എന്ന നേർക്കാഴ്ചകളാണ് കൊടുവള്ളിയിലെ മുട്ടൻ കള്ളക്കടത്തുകാരൻ അജയ്യമായി വിജയിച്ചതും കൂപ്പറിൽ റോഡ് ഷോ നടത്തിയതും പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട് കിട്ടിയതും.

രാഷ്ട്രീയത്തിലും സെമി വില്ലന്മാരെ താരങ്ങളാക്കുകയാണോ കേരളം !

2000 ജനുവരിയിൽ കേരളത്തിൽ റിലീസായ രണ്ടു ചിത്രങ്ങളായിരുന്നു മോഹൻലാലിൻറെ നരസിംഹവും , മമ്മുട്ടിയുടെ അരയന്നങ്ങളുടെ വീടും. നരസിംഹം നൂറുനാളുകൾ തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ അരയന്നങ്ങളുടെ വീട് രണ്ടാഴ്ചകൊണ്ട് തിയറ്റർ വിട്ടു. ഇതേക്കുറിച്ച് അന്ന് സംവിധായകൻ ഫാസിലും സിബിമലയിലും സത്യൻ അന്തിക്കാടും പ്രിയദർശനും സിദ്ധിഖും ലാലും വിലയിരുത്തി.

അവരുടെ നിഗമനം മലയാളിക്ക് സെമി വില്ലന്മാരെ വളരെ ഇഷ്ടമാണ്. മോഹൻലാൽ നടുറോട്ടിലിട്ട് പൊലീസുകാരെ തല്ലുമ്പോൾ, കരിക്കിൻ വെള്ളത്തിൽ വോഡ്ക അടിക്കുമ്പോൾ മമ്മുട്ടി അരയന്നങ്ങളുടെ വീട്ടിലെ അമ്മയുടെ ഒരു പാവം മകനായി മാറുകയായിരുന്നു.

സ്വന്തം ചേട്ടൻ ചെയ്തുകൂട്ടുന്ന എല്ലാ വൃത്തികേടുകളും തെണ്ടിത്തരങ്ങളും അമ്മക്ക് വേണ്ടി കണ്ടില്ലാ എന്ന് നടിക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യൻ.

ഇന്നത്തെ ചെറുപ്പക്കാർ സ്വര്ണക്കടത്തും മയക്കുമരുന്നും മദ്യപാനവും ഒക്കെ വലിയ കുറ്റങ്ങളായി കാണുന്നില്ല . കേരളത്തിലെ ഓരോ ഗ്രാമത്തിലെയും കോൺഗ്രസ്സുകാരായ തല്ലിപ്പൊളികളും ബിജെപിക്കാരായ ഗുണ്ടകളും കേസുകളും പ്രശ്നങ്ങളും അധികരിക്കുമ്പോൾ കയറി ചെല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു.

അവർക്ക് പണത്തിന് പഞ്ഞമില്ല , ധൈര്യത്തിനും !!!. അങ്ങനെ ഓരോ പഞ്ചായത്തിലെയും

പണച്ചാക്കുകളും കള്ളക്കടത്തുകാരും പാറമടക്കാരും മണൽ മാഫിയക്കാരും എല്ലാം സിപിഎമ്മിന്റെ കുടക്കീഴിൽ അണിനിരക്കുമ്പോൾ അവരുടെ കൂടെ ആവശ്യമാണ് പാർട്ടിയുടെ വിജയങ്ങൾ. പാർട്ടി തളർന്നാൽ അവരും തളരും. ഉദാഹരണമായി നിലമ്പൂരിലെ പാർട്ടിയുടെ വളർച്ച തന്നെ !! കൊടുവള്ളിയിലെയും താനൂരിലെയും തവനൂരിലെയും പൊന്നാനിയിലെയും വളർച്ചകൾ!!!

ജോസ് കെ മാണി ബുമറാങ്ങ് ആകുമെന്ന് കരുതാതെ പോയി !

ജോസ് കെ മാണി എത്ര നല്ലവൻ ആയിക്കോട്ടെ, എത്ര മോശപ്പെട്ടവൻ ആയിക്കോട്ടെ. നിസ്സാരകാരണങ്ങളുടെ പേരിൽ അടിത്തറയുള്ള പാർട്ടിയെ ഗെറ്റ് ഔട്ട് അടിക്കുവാൻ പാടില്ലായിരുന്നു.

വ്യക്തിവൈരാഗ്യങ്ങളുടെ പേരിൽ ഒരു പാർട്ടിയെ ചെവിക്ക് പിടിച്ചു പുറത്തിടുമ്പോൾ അതൊക്കെ ബുമറാങ്ങ് ആകുമെന്നുള്ളത് കാണുവാൻ കഴിവില്ലാതെ പോയത് നേതാക്കളുടെ കഴിവുകേട്. എന്നിട്ട് കൂടെ നിര്‍ത്തിയതോ… ഒന്നിനും കൊള്ളാത്ത ജോസഫിനെ. അദ്ദേഹം എന്ത് പറയുന്നെന്നോ… പ്രവര്‍ത്തിക്കുന്നെന്നോ അദ്ദേഹത്തിനുപോലും അറിയില്ല.

ലീഡർ കരുണാകരനാണ് ഈ ലോകത്തുതന്നെ മുന്നണി സംവിധാനം കൊണ്ടുവന്നത്. അത് മാനിക്കാതെ ആരൊക്കെ കളിച്ചാലും അതിപ്പോൾ ഒരു പൂഞ്ഞാർ സ്വീറ്റായാലും

പത്തനാപുരം സ്വീറ്റായാലും എല്ലാ ഈനാം പേച്ചികളെയും മരപ്പട്ടികളെയും ഒരുമിച്ചുകൊണ്ടുപോകുവാൻ അറിയാവുന്ന ആളുകളെയെ മുന്നണി കൺവീനർ സ്ഥാനത്തൊക്കെ ഇരുത്താവൂ.

ഇനിയാണ് ഈ പാർട്ടികളിലെ വടംവലികൾ ആരംഭിക്കുവാൻ പോകുന്നത്. ഇതുവരെ ആർക്കും ജയിക്കാം എന്ന മോഹം ഉണ്ടായിരുന്നില്ല. അതിപ്പോ മാറി.

ജയമാണ് മുഖ്യം… ലോക തോല്‍വികളെ…

പാർട്ടിയുടെ പ്രസിഡണ്ട് തന്നെ ഇങ്ങനെയുള്ള മുന്നണിയിലെ പാർട്ടികളെ അധിക്ഷേപിച്ചു സംസാരിച്ചാൽ ഇതുതന്നെയായിരിക്കും ഇനിയും ഗതി. പണ്ടൊക്കെ യുഡിഎഫിൽ നിന്നും ഒരു പാർട്ടി വിട്ടാൽ എൽഡിഎഫിൽ കയറണമെങ്കിൽ ചുരുങ്ങിയത് പത്തു കൊല്ലം വരെ സമയം എടുക്കാറുണ്ട്.

അതിന്റെ ഒരു രക്തസാക്ഷിയാണ് ഇപ്പോഴും ഐഎൻഎൽ. ഇന്നത്തെ അവസ്ഥയിൽ ലീഗ് വന്നാലും സിപിഎമ്മും ബിജെപിയും മുന്നണിയിൽ എടുക്കുവാൻ തയാറാണ്. എപ്പോ എടുത്തു എന്ന് ചോദിച്ചാൽ മതി.

കാശ്മീരിൽ പിഡിപിയെ മുന്നണിയിൽ എടുത്തപ്പോൾ ബിജെപി അത് എന്നേ തെളിയിച്ചതാണ്. ജയമാണ് മുഖ്യം, ഭരണമാണ് മുഖ്യം. ആദർശമെല്ലാം ഇപ്പോൾ ആവേശമായി മാറിക്കഴിഞ്ഞു.

പേടിയാണ്… പ്രതിപക്ഷത്തിന്

പ്രതിപക്ഷത്തെ ചിലര്‍ ഇക്കഴിഞ്ഞ ഭരണത്തിൽ അല്ലറ ചില്ലറ കോമ്പ്രമൈസ് രാഷ്ട്രീയം കളിച്ചതുകൊണ്ട് ഒന്നും ചങ്കൂറ്റത്തോടെ പറയുവാൻ ആകുന്നില്ല.

ഉദാഹരണമായി ഒരു നേതാവ് സ്വർണ്ണക്കടത്തിന്റെ ആദ്യത്തെ പത്രസമ്മേളനത്തിൽ മാധ്യമ ഉപദേഷ്ടാവിന്റെ പങ്കിനെ കുറിച്ച് പറയാതെ പറഞ്ഞു മാധ്യമക്കാരോട് കണ്ടെത്തുവാനും പറഞ്ഞു. ഇതുവരെ അങ്ങനെയുള്ള പേരുകൾ പറയുവാൻ പ്രതിപക്ഷത്തിനായിട്ടില്ല.

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സരിതയുമായി കൂട്ടുകൂടിയപ്പോൾ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ഇന്നത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെല്ലാം അഴിമതിയിലും കള്ളക്കടത്തിലും മുങ്ങി കുളിച്ചിട്ടും മുഖ്യമന്ത്രിയെ പറയുവാൻ പ്രതിപക്ഷത്തിനായിട്ടില്ല. എന്തുപറഞ്ഞാലും മുഖ്യമന്ത്രിയുടെ ഓഫീസ് എന്നല്ലാതെ വേറൊന്നും പറയുവാൻ ധൈര്യം കാണിക്കുന്നില്ല.

നിഷ്ക്രിയത്വം നേതാക്കളില്‍ !

പത്രസമ്മേളനങ്ങളിൽ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ഒക്കെ പറഞ്ഞുകൊണ്ട് പ്രതിപക്ഷനേതാക്കളും കെപിസിസി അദ്ധ്യക്ഷനും ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി മാറിക്കൊണ്ടിരിക്കുന്നു . ഉരുളയ്ക്ക് ഉപ്പേരി കൊടുക്കുവാൻ അറിയാതെ ഇവരെല്ലാം ചക്രശ്വാസം മുട്ടുന്നു .

സോഷ്യൽ മീഡിയയിലെ ചുരുക്കും യുഡിഎഫുകാരും ചില ചാനലുകാരും മാത്രമാണ് പ്രതിപക്ഷത്തിന്റെ റോളുകൾ കൈകാര്യം ചെയുന്നത്.

സമരങ്ങളെല്ലാം വെള്ളം ചീറ്റി ഇല്ലാതാക്കിയപ്പോൾ ഒരക്ഷരം മിണ്ടാതെ നേതാക്കന്മാർ പത്രസമ്മേളനങ്ങൾ നടത്തുന്നു. കോവളം എംഎൽഎ വിൻസെന്റിനെ അറസ്റ്റ് ചെയ്തപ്പോഴും ഷൊർണ്ണൂർ എംഎൽഎ ശശിയെ അറസ്റ്റ് ചെയ്യാതിരുന്നപ്പോഴും പ്രതിപക്ഷം ഒന്നും മിണ്ടിയില്ല.

ആ ധൈര്യം ഏറ്റെടുത്ത സിപിഎം ഭരണപക്ഷത്തെ രണ്ടു എംഎൽഎ മാരെ അറസ്റ്റ് ചെയ്തപ്പോഴും ആരും ഒന്നും മിണ്ടിയില്ല. അപ്പോൾ മുഖ്യമന്ത്രിക്ക് ഇവരെയൊന്നും ഒരു വിലയുമില്ലാതെയായി.

ജംബോ സര്‍ക്കസായില്ല !

പൊതുവെ പറഞ്ഞാൽ വിമതന്മാർ കുറവായിരുന്നു എങ്കിലും കെപിസിസി പ്രസിഡണ്ട് തന്നെ ഒരു വിമതനെ ഇറക്കിവിട്ടത് ഒട്ടും ശരിയായില്ല.

അത്തരം ഓരോ വിമതന്മാരുടെ കഴിവുകൊണ്ടാണ് ഉറപ്പായിരുന്ന കൊച്ചിൻ കോർപ്പറേഷനും തൃശൂരും കൈവിട്ടത്.

ലോഡ് കണക്കിന് കെപിസിസി സെക്രട്ടറിമാരെ കുത്തിനിറച്ചുകൊണ്ട് കമ്മറ്റികൾ ഉണ്ടാക്കിയപ്പോൾ അവരെയൊന്നും പ്രചാരണത്തിന് അയക്കാതെ കോവിഡ് പ്രോട്ടോക്കോളും പറഞ്ഞു നിന്ന നേതാക്കന്മാർക്ക് സിപിഎമ്മിന്റെ കിറ്റ് പ്രയോഗം മനസ്സിലാക്കുവാൻ തലച്ചോറില്ലാതെയായി.

കഴിഞ്ഞ കുറെ മാസങ്ങളായി പാർട്ടിയും നേതാക്കന്മാരും പ്രതിരോധത്തിൽ ആയപ്പോൾ പഞ്ചായത്തുകൾ ഭരിക്കുന്നവരും ലോക്കൽ കമ്മറ്റിക്കാരും പാർട്ടിക്കായി താഴെ തട്ടിൽ പടപൊരുതി. അതിൽ അവർ വിജയം കാണുകയും ചെയ്തു.

ഭരണം കൈക്കുമ്പിളില്‍ വച്ച് നീട്ടണം !

ആമയും മുയലും ഓടിയത് പോലെ യുഡിഎഫുകാർ ഇടതു വീഴ്ചകളുടെ തണലില്‍ ഈസി വാക്കോവർ പ്രതീക്ഷിച്ചുകൊണ്ട് എസി മുറികളിൽ അടുത്ത ഭരണം സ്വപ്നം കണ്ടു

ഇരുന്നപ്പോൾ എൽഡിഎഫുകാർ തുടർഭരണത്തിനായി ഓടിനടന്നു.

അല്ലെങ്കിൽ ഇനിയും കുറെ കേസുകളിൽ അകത്താകുമെന്നുള്ള ഭയമാണ് അവരെ പണിയെടുക്കുവാൻ പ്രേരിപ്പിച്ചത്. ഉപദേശകന്മാരും കൺസൾട്ടൻസികളും രാവും പകലും പണിയെടുത്തപ്പോൾ കോൺഗ്രസുകാർ ഖദർ ചുളുങ്ങാതെ നോക്കി.

സിപിഎം അണികൾ സോഷ്യൽ മീഡിയയിൽ നിന്നും വാട്സ്ആപ്പിൽ നിന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അതിന്റെ കാരണവും നേരത്തെ പറഞ്ഞ അഴിമതിക്കഥകൾ തന്നെ.

19 സീറ്റ് ലോക്സഭയിൽ തോറ്റു തുന്നം പാടിയിട്ടും പിന്നീട് വന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളിൽ കോന്നിയും വട്ടിയൂർക്കാവും പാലായും ചെങ്ങന്നൂരുമൊക്കെ പിടിച്ചെടുത്തുകൊണ്ട് എൽഡിഎഫ് മറുപടി കൊടുത്തു.

സ്വപ്നത്തിൽ ചിന്തിക്കാത്ത ആലത്തൂരും പാലക്കാടും ആറ്റിങ്ങലും കാസർകോട്ടും അരൂരും ശക്തമായ സ്ഥാനാർത്ഥികളെ ഇറക്കി പണിയെടുത്തപ്പോൾ പല വമ്പന്മാരും എക്സ് എംപിമാരായി.

ജയിച്ച പാട്ടുകൾ വരെ ഇറക്കിയ എക്സ് എംപിമാരുള്ള കേരളത്തിൽ ഒരാൾക്കും ഒരു സീറ്റും കുത്തകയല്ലെന്ന് ഞങ്ങളുടെ പഞ്ചായത്തിലെ അഞ്ചാം വാർഡ് ചോദിച്ചു വാങ്ങി മത്സരിച്ച കോൺഗ്രസുകാരൻ ഷംസു വെളുത്തേരി തെളിയിച്ചു. മുൻകൂട്ടി കളത്തിൽ ഇറങ്ങിയാൽ ജയിക്കാമെന്ന് കൃഷ്ണനും തെളിയിച്ചു.

ട്വന്‍റി 20യുടെ ലക്ഷ്യം കുന്നത്തുനാട് !

കിഴക്കമ്പലത്തിന്റെ സ്വന്തമായ ട്വന്‍റി 20-ക്കാരെ ഇല്ലുമിനാറ്റികൾ എന്നൊക്കെ കുറെ പേര് ആക്ഷേപിക്കുന്നുണ്ടെങ്കിലും പണിയെടുത്താലും കിറ്റ് കൊടുത്താലും മലയാളിയെ സ്വാധീനിക്കാമെന്ന സത്യമാണ് അവർ ഇത്തവണ അയൽവക്കത്തെ പഞ്ചായത്തുകളിലും വ്യാപിപ്പിച്ചത്.

ഇനിയിപ്പോൾ നിയമസഭകളിലും മത്സരിക്കാമെന്ന് കുന്നത്തുനാട്ടിലൂടെ തെളിയിക്കുവാൻ കാത്തിരിക്കുകയാണ് അവർ. ഇനി ഏതെങ്കിലും വിജിലൻസ് കേസുകളിൽ കുടുങ്ങാതെ നോക്കേണ്ടത് അവരുടെ കടമയാണ്. ഇവിടെ എന്തും സംഭവിക്കാം, ആർക്കും ആരെയും വിലയിരുത്തുവാൻ ആകുന്നില്ല. സംഭവാമി യുഗേ യുഗേ !!!

പെന്‍ഷനും ഒരു പാലമാണ് !

തൃശൂർ ജില്ലയിലെ പഞ്ചായത്തായ വെള്ളാങ്കല്ലൂരിൽ സംഭവിച്ചതും, കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും സംഭവിച്ചിരിക്കുമായിരുന്നതുമായ ഒരു കാര്യം ചൂണ്ടിക്കാട്ടാം.

പഞ്ചായത്തുകളിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതായ ഏഴോളം പാർട്ടി സഖാക്കൾക്ക് അവരവരുടെ വാർഡുകളിൽ സീറ്റുകൾ കൊടുക്കുകയും അവരെ ജയിപ്പിച്ചില്ലെങ്കിൽ ഇനിയൊരിക്കലും ഈ പെൻഷൻ കിട്ടുകയില്ല എന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

ഓരോരുത്തർക്കും ഓരോരോ വീട്ടിൽ നിന്നും നാൽപത് രൂപ ഫീസായി കിട്ടുകയും ചെയ്യുന്നുണ്ട്.  ഇക്കാര്യങ്ങൾ കാണിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷനിലോ കോടതികളിലോ പരാതിപ്പെടാൻ ആരും തന്നെ മുന്നോട്ട് വരുന്നില്ല എന്ന് വേണം കരുതുവാൻ.

അതുപോലെ കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും പഞ്ചായത്തിന്റെ ഔദ്യോഗിക സ്ഥാനത്ത് ഈ സ്ഥാനാർഥികളായി വരുന്നവരെ മുന്നിൽ നിർത്തിക്കൊണ്ട് പാവങ്ങൾക്കുള്ള അരിയും ഭക്ഷണവും പായയും പുതപ്പുമൊക്കെ വിതരണം ചെയ്തു.

അതുപോലെ കിറ്റുകൾ വിതരണം ചെയ്യുവാനും പഞ്ചായത്തുകൾ ഈ അടവുനയം പയറ്റിയിരുന്നു. നാട്ടിലെ സന്നദ്ധസംഘടനകളും പണക്കാരും നൽകിയിരുന്ന സഹായങ്ങൾ പഞ്ചായത്തുകാർ കൊടുക്കുന്നതാണെന്ന ഒരു പ്രതീതി ഉളവാക്കുകയും പാവങ്ങളെ പറഞ്ഞുപറ്റിക്കുകയും ചെയ്തു.

ഇങ്ങനെ ഓരോരോ മേഖലകളിലും ജനങ്ങളിൽ അനാവശ്യ തെറ്റിദ്ധാരണകൾ പരത്തിയിരുന്നു. എത്രനാൾ ഇക്കളികൾ കളിക്കും എന്നുള്ളത് ദൈവത്തിനറിയാം !!!

ഈ ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന ഉത്തമബോധം എല്ലാവർക്കും ഉണ്ടായാൽ നന്നായിരുന്നു !!!

അത് പിണറായിക്കായാലും രമേശിനായാലും സുരേന്ദ്രനായാലും !!!

ഇനി എന്തൊക്കെ കാണുവാൻ കിടക്കുന്നു, കേൾക്കുവാനും !!!

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോണത്തുകുന്ന് വാർഡിൽ നിന്നും ജയിച്ച ദാസനും മനക്കലപ്പടി വാർഡിൽ ജയിച്ച വിജയനും...

dasanum vijayanum
Advertisment