അമ്പതിനായിരം പേരുടെ സ്റ്റേഡിയത്തിലേയ്ക്ക് ബീഡി തെറുപ്പുകാരനെ ക്ഷണിച്ച പിണറായിയുടെ പിആര്‍ കമ്പനിക്ക് നല്ല നമസ്കാരം ! പക്ഷേ അവിടെനിന്നും കോവിഡിനെ മറച്ചുവയ്ക്കുവാനോ പിടിച്ചു കെട്ടുവാനോ കഴിയാതെ പോകരുത്. ശൈലജയെന്ന ജനകീയ നേതാവിനെ ഒന്നുമല്ലാതാക്കിയതില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ക്കും വോട്ടിനുവേണ്ടി പ്രയത്നിച്ചവര്‍ക്കും ഒരു ചുക്കും അറിയില്ല. അതാണീ പാര്‍ട്ടി – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Wednesday, May 19, 2021

മക്കത്തായം അതിന്റെ പാരമ്യതയിൽ കേരളം ഭരിക്കുമ്പോൾ മരുമക്കത്തായവും കേരളത്തിലാദ്യമായി നിലവിൽ വന്നു. ഒപ്പം വീതംവെപ്പും!!!

കേരളത്തിനെ മൊത്തമായി വിലക്കുവാങ്ങാമെന്ന് ലോകത്തിനെ അറിയിച്ച ഭരണകർത്താക്കൾ ഇന്നിപ്പോൾ മലയാളിയുടെ മനസ്സുകൾക്കും വിലയിട്ടിരിക്കുന്നു.

അഞ്ഞൂറിനുമേലെ ഇരുപത് എന്ന സംഖ്യ വട്ടമിട്ടു പറക്കുമ്പോഴും കേരളത്തിന്റെ ചിന്തകളെയും ഇഷ്ടങ്ങളെയും വെട്ടി അരിയപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മൾ പറയുന്ന അല്ലെങ്കിൽ വീമ്പിളക്കുന്ന ഈ സമ്പൂർണ്ണ സാച്ചരതയും ഉന്നതവിദ്യഭ്യാസ അഹങ്കാരവുമൊക്കെ വെട്ടി വെയിലത്തുവെച്ചുകൊണ്ട് രാഷ്ട്രീയക്കാർ കേരളത്തെ നൂറ്റാണ്ടുകൾ പിറകോട്ട് നയിച്ചുകൊണ്ടിരിക്കുന്നു.

പിണറായി 2.0 എന്നത് സമ്മാനിച്ചത് കേരളത്തിലെ ചെറുപ്പക്കാരാണ്. നിസ്സാര വോട്ടിങ്ങ് ശതമാനത്തിന്റെ വ്യത്യാസത്തിൽ 99 സീറ്റുകളിൽ വിജയക്കൊടി പാറിച്ചുകൊണ്ട് കേരളത്തിന്റെ ക്യാപ്റ്റനായി പിണറായി വിജയൻ മാറിയപ്പോൾ ആഘോഷിച്ചത് ഇപ്പറഞ്ഞ ന്യു ജനറേഷൻ ടീംസ് തന്നെയാണ്.

അവരുടെ ഏറ്റവും വലിയ വിഷമമായി എടുത്തുപറയാവുന്നത് എം സ്വരാജിന്റെ ദയനീയ തോൽവി ആയിരുന്നെങ്കിലും തങ്ങൾ ഇഷ്ടപ്പെട്ട, ആരാധിച്ചിരുന്ന ഒരു ക്യാപ്റ്റൻ വീണ്ടും കേരളത്തെ നയിക്കുവാൻ എത്തിയതിൽ അവരേറെ സന്തോഷവതികളായിരുന്നു സന്തോഷവാന്മാരായിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിൽ 750 ആളുകൾ പിന്നീടത് 500 ആളുകൾ എന്നൊക്കെ ക്യാപ്റ്റൻ അരുളി ചെയ്തപ്പോൾ ലേശം വിഷമത്തോടെയെങ്കിലും അണികൾ അതിനെയൊക്കെ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിൽ എതിരാളികളോട് അങ്കം വെട്ടിക്കൊണ്ട് ക്യാപ്റ്റനെ ന്യായീകരിക്കുവാൻ സമയം കണ്ടെത്തി.

വൈകുന്നേരം പത്രസമ്മേളനത്തിൽ 20 ആളുകളെ മാത്രം പ്രതിപാദിക്കുകയും തങ്ങൾ പടിയടച്ചു പിണ്ഡം വെച്ച നേതാക്കൾ മരണപ്പെട്ടപ്പോൾ ആയിരക്കണക്കിന് ആളുകളുമായി ശവസംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചപ്പോഴും ന്യായീകരണത്തിന്റേതായ ക്യാപ്സുളുകള്‍ മാർക്കറ്റിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അണികളിൽ ആത്മവിശ്വാസത്തെ പ്രദാനം ചെയ്തു.

ഇന്നിപ്പോൾ 50000 പേരുടെ സ്റ്റേഡിയത്തിലേക്ക് ബീഡി തെറുപ്പ് തൊഴിലാളിയെ ക്ഷണിക്കുവാൻ പിആർ കമ്പനി തീരുമാനിച്ചപ്പോഴും അവിടെയുള്ള പണിക്കാർക്ക് കോവിഡ് വരാതെയോ വന്ന കോവിഡിനെ പിടിച്ചു കെട്ടുവാനോ അല്ലെങ്കിൽ മറച്ചു വെക്കുവാനോ സാധിക്കാത്തത് ഒരു പരാജയമായിത്തന്നെ കണക്കാക്കണം.

ന്യു ജനറേഷൻ ചെറുപ്പക്കാരും ചെറുപ്പക്കാരികളും സിനിമാക്കാരും സാഹിത്യകാരും കാരികളും വിവരമുണ്ടെന്ന് നടിക്കുന്നവരും അല്ലാത്തവരും വിവരമുള്ളവരും ഒക്കെ ഒരേ സ്വരത്തിൽ ടീച്ചറമ്മക്കുവേണ്ടി പ്രതികരിച്ചപ്പോൾ അതിനെയൊന്നും മുഖവിലക്കെടുക്കാതെയോ കൂസാതെയോ തന്റേതായ തീരുമാനങ്ങൾ മലയാളികളിൽ അടിച്ചേൽപ്പിച്ച പിണറായി വിജയന് അറിയാം തനിക്ക് ശേഷം പ്രളയമാണെന്ന്.

കാറ്റുള്ളപ്പോൾ തൂറ്റാം എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് യാതൊരു അടിസ്ഥാന യോഗ്യതകളുമില്ലാത്ത, ഒരു പഞ്ചായത്ത് പ്രസിഡണ്ട് വരെയാകാത്ത മരുമകനെ മന്ത്രിയാക്കുവാനുള്ള തീരുമാനം.

കെകെ ശൈലജയെന്ന ജനകീയ നേതാവിനെ ഒന്നുമല്ലാതാക്കിയതിൽ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തവരും വോട്ടിനുവേണ്ടി പ്രയത്നിച്ചവരും മനസ്സിലാക്കുക: ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല അല്ലെങ്കിൽ അറിയുവാൻ പോകുന്നില്ല.

മലയോര മേഖലകളിൽ മത്തിയും അയലയുമൊക്കെ വാങ്ങിയാൽ ഒരു മത്തിയെ അല്ലെങ്കിൽ അയലയെ രണ്ടാക്കി മുറിച്ചുകൊണ്ട് വീതംവെക്കും.

അതുപോലെയുള്ള വീതം വെക്കലുകൾ മന്ത്രിസഭയിൽ നടത്തിയപ്പോൾ ഒരക്ഷരം ഉരിയാടാനാകാതെ കിട്ടിയ കഷ്ണം വാങ്ങിക്കൊണ്ട് പുലിക്കുട്ടി എന്ന് തോന്നിപ്പിക്കുന്ന ഗണേഷും ആന്റണി രാജുവും ദേവർകോവിലും ഒക്കെ സമ്മതിച്ചപ്പോൾ ഇവിടെ സംഭവിക്കുവാൻ പോകുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടന്നതുപോലെയുള്ള അരാജകത്വങ്ങളാണ്.

പല പഞ്ചായത്തുകളിലും ഈ വീതം വെപ്പുകൾ നടന്നപ്പോഴാണ് കാലുമാറ്റം കേരളത്തിൽ സർവത്രികമായത്. ഭരണം മുന്നോട്ട് പോകുമ്പോൾ ഈ വീതംവെപ്പിന്റെ അരുതായ്മകൾ കാണുവാൻ പോകുന്നതേയുള്ളൂ.

യുഡിഎഫിൽ ആണെങ്കിൽ, പ്രതിപക്ഷ നേതാവിനെ കണ്ടുപിടിക്കേണ്ടത് കോൺഗ്രസ്സിന്റെ ചുമതലയാണ്. രമേശ് ചെന്നിത്തലയെന്ന പ്രതിപക്ഷ നേതാവ് നാഴികക്ക് നാൽപ്പതുവട്ടം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണങ്ങൾ വീശി അടിച്ചുവെങ്കിലും മുഖ്യമന്ത്രി പിണറായിവിജയനെതിരെ ഒരാരോപണവും ചെന്നിത്തല ഉന്നയിച്ചില്ല എന്നതാണ് അദ്ദേഹത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം .

അദ്ദേഹത്തെ സങ്കിയാക്കുന്നതിലും ഉസ്മാൻ ആക്കുന്നതിലും പിണറായി വിജയൻ വിജയിച്ചപ്പോൾ അതെ നാണയത്തിൽ തിരിച്ചടിക്കുവാൻ രമേശ് ചെന്നിത്തലക്ക് സാധിച്ചില്ല എന്നത് പോരായ്മയാണ് . ഇപ്പോൾ ആ പോസ്റ്റിൽ കടിച്ചു തൂങ്ങുന്നതും അതിലേറെ പോരായ്മയാണ് .

റിസൾട്ട് വന്ന അന്ന് വൈകീട്ട് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരുന്നെങ്കിൽ ചിലപ്പോൾ അണികളിൽ ഇത്രയേറെ വെറുപ്പ് ഉണ്ടാകുമായിരുന്നില്ല .

ഇന്നിപ്പോൾ ചെന്നിത്തലയെ ആരാധിച്ചിരുന്നവരും ഇഷ്ടപ്പെട്ടിരുന്നവരും ഇഷ്ടം നടിച്ചിരുന്നവരും മുഖ്യമന്ത്രിയായാൽ കയ്യിട്ട് വാരാം എന്ന് കരുതിയിരുന്നവരുമൊക്കെ ചെന്നിത്തലയെ തള്ളിപ്പറയുമ്പോൾ അദ്ദേഹം മാന്യമായി ഇറങ്ങിപ്പോകുന്നതാണ് നല്ലത് എന്നാണ് തോന്നിപ്പോകുന്നത്.

കേരളത്തിൽ ഇത്രയും നാൾ നിറഞ്ഞുനിന്നിട്ടും സ്വന്തമായി കുറച്ചൊക്കെ അണികളെ ഉണ്ടാക്കാതെ പോയതാണ് രമേശ് ചെന്നിത്തലക്ക് പറ്റിയ മറ്റൊരു മണ്ടത്തരം. കാലം മാറിയതും മാറുന്നതും മനസ്സിലാക്കുവാൻ കഴിയാതെ പോയപ്പോൾ കെട്ടടങ്ങിയത് ഒരു മുഖ്യമന്ത്രി ആകുക എന്ന സ്വപ്നവും ഒപ്പം പാർട്ടിയെ സ്നേഹിക്കുവരുടെ ആത്മവിശ്വാസവുമാണ്.

ഇക്കാര്യങ്ങൾ മനസിലാക്കാതെ ഇനിയും ആ കസേരയിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഇരിക്കുവാനാണ് മോഹമെങ്കിൽ ഗ്രൂപ്പും ഗ്രൂപ്പുകളികളും സ്വന്തം വീട്ടിൽ കളിക്കേണ്ടി വരുമെന്ന് അണികൾ ഓർമ്മപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

എൻഡിഎ അല്ലെങ്കിൽ ബിജെപിയെ കുറിച്ച് എഴുതുവാൻ ഒന്നുമില്ല . കേരളത്തിലെ പാർട്ടി നേതാക്കളെ ഒന്നടങ്കം ചവുട്ടി പുറത്താക്കി കൊണ്ട് പാർട്ടിയെ പുനഃക്രമീകരിച്ചില്ലെങ്കിൽ ശേഷം ചിന്ത്യം !!!

ടീച്ചറമ്മയെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബീഡി തെറുപ്പുകാരൻ ദാസനും
പ്രതിപക്ഷ നേതാവ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖത്തറിൽ നിന്നും വിജയനും

×