2020 -ല്‍ കൊറോണ ? 2021 -ല്‍ ലോകം നേരിടുന്ന ഭീഷണി ‘വര്‍ഗീയത’, ഇന്ത്യയും ! പുതുപ്പിറവി മുതലെങ്കിലും എല്ലാം നന്നായി വരണമെങ്കില്‍ ? ദാസനും വിജയനും !

ദാസനും വിജയനും
Friday, January 1, 2021

ഏറെ പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ വർഷവും , കാലഘട്ടവും . മനുഷ്യന്റെ മനസ്സ് പോലെ തന്നെ പ്രകൃതിയും മാറി മറിയുമ്പോൾ നഷ്ടമാവുന്നത് വിലപ്പെട്ട സമയമാണ് .

ഓരോ രാജ്യങ്ങളുടെയും ഇന്നത്തെ അവസ്ഥകൾ നോക്കിയാൽ അവരെല്ലാം മുൻകാലത്ത് ചെയ്തു കൂട്ടിയ നന്മകളും തിന്മകളും പ്രതിഫലിക്കുന്നത് കാണുവാനാകും.

യൂറോപ്പായാലും ഗൾഫ് രാജ്യങ്ങളായാലും എല്ലായിടത്തും ഓരോ തരത്തിൽ ദൈവത്തിന്റെ വികൃതികൾ നമ്മുക്ക് വീക്ഷിക്കാം.

പഴയ കാലങ്ങളിൽ കഷ്ടപ്പെട്ടവർ ഇന്നിപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തിയപ്പോൾ അന്നത്തെ സുഖലോലുപർ ഇപ്പോൾ കഷ്ടതകളിലൂടെ ഇഴഞ്ഞുനീങ്ങുന്നു.

ഇതുവരെ കണ്ടാൽ മിണ്ടാത്ത പല രാജ്യങ്ങളും ഇന്നിപ്പോൾ കൈകൾ കോർത്തുകൊണ്ട് കെട്ടിപ്പിടിക്കുന്നത് കാണുമ്പോൾ നല്ലൊരു നാളെ പ്രതീക്ഷിക്കാം.

വളരെയേറെ ചരിത്രം ഒളിഞ്ഞുകിടക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് ഒരിക്കലും നടക്കുവാൻ പാടില്ലാത്ത പല നിയമങ്ങളും നിയമനങ്ങളും അരങ്ങേറുമ്പോൾ പലരും അവരുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി നിയമവ്യവസ്ഥിതിയോട് പൊരുത്തപ്പെട്ട് ജീവിതം തള്ളിനീക്കുന്നു.

അന്നം തരുന്നവരെ റോഡിൽ ഇറക്കിവിട്ടുകൊണ്ട് ഒരു വിഭാഗം വീണ വായിക്കുമ്പോൾ ഇവിടെ നഷ്ടമാകുന്നത് നമ്മുടെ പൈതൃകമാണ്.

”ലോകാ സമസ്ത സുഖിനോ ഭവന്തു” എന്നൊക്കെ ഉച്ചത്തിൽ പറയാമെങ്കിലും നേരെ വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നത്.

ബാഹ്യമായ പല ഇടപെടലുകളും നമ്മുടെ രാജ്യത്തിൻറെ സ്നേഹവും സാഹോദര്യവും സമാധാനവും ഇല്ലാതാക്കുന്നു. അൽപ്പസ്വൽപ്പം നന്മകൾ ബാക്കിയുള്ളത് കൊണ്ട് വലിയ വലിയ പൊട്ടിത്തെറികൾ ഇല്ലാതെ കാര്യങ്ങൾ നീങ്ങുന്നു എന്നത് ആശ്വാസം.

ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ തമാശ പറയുന്ന ഈ കൊച്ചുകേരളം , ലോകത്ത് ഏറ്റവുമധികം ദൈവാധീനമുള്ള ഭൂപ്രദേശമാണ്. ഒരു സെന്റ് ഭൂമിയും ഉപയോഗശൂന്യമായി ദൈവം തന്നിട്ടില്ല.

പക്ഷെ നമ്മുടെ ചിന്താഗതിയും അഹങ്കാരവും കൊണ്ട് ആ കൃഷിഭൂമിയൊക്കെ ഇന്ന്
ഉപയോഗമില്ലാത്ത അവസ്ഥയിലേക്ക് പരിണമിക്കുമ്പോൾ പ്രകൃതിവരെ നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഓരോവർഷവും വഴി മാറി ഒഴുകുന്ന പുഴകളും വെള്ളപ്പൊക്കവും പ്രളയവുമെല്ലാം മുന്നറിയിപ്പാണ്. വേനൽ എന്തെന്നറിയാതിരുന്ന നാട്ടിൽ എയർ കണ്ടീഷണറുകൾ ഇല്ലാതെ ജീവിക്കുവാൻ ആകാത്ത അവസ്ഥകൾ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവുമധികം മത സ്പർദ്ധയും , വിഭാഗീയതയും , വംശീയതയും കണ്ടുവരുന്നത് നമ്മുടെ നാട്ടിലാണ്.

മറ്റുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യസത്തിന്റെയും പൊതുവിജ്ഞാനത്തിന്റെയും കുറവുകൊണ്ടാണ് അങ്ങനെയൊക്കെ വംശീയതയും മറ്റും അരങ്ങേറുന്നത് എന്ന് മനസ്സിലാക്കാം.

പക്ഷെ നമ്മുടെ നാട്ടിൽ വിദ്യഭ്യാസവും പൊതുവിഞ്ജാനവും പത്രവായനയും ലോക പരിജ്ഞനവും ഏറെ മുന്നിൽ ആണെങ്കിലും കുട്ടികളിൽ വരെ വംശീയ ചേരിതിരിവുകൾ പ്രകടമാവുന്നു. ഒരേ മതത്തിൽ ഉള്ളവർ ആണെങ്കിൽ പോലും അതിനുള്ളിലെ വിഭാഗീയത പ്രകടമാവുന്നു.

സ്കൂളിൽ ചേർക്കുമ്പോഴും, കോളേജിൽ ചേർക്കുമ്പോഴും, ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറുമ്പോഴും, അതുപോലെ ഒരു സാധനം വാങ്ങുവാൻ കടകളിൽ കയറുമ്പോഴും എന്തിനധികം പറയുന്നു, ബസ്സിൽ കയറുമ്പോഴും ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ
വർഗ്ഗീയമായി ചിന്തിച്ചുകൊണ്ടാണ് ഇന്നത്തെ കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.

മതമില്ല, ജാതിയില്ല, ദൈവമില്ല എന്നൊക്കെ പറയുന്ന രാഷ്ട്രീയപാർട്ടിക്കാർ വരെ അക്കാര്യത്തിൽ മുൻപന്തിയിലാണ്. അവരാണ് ഇപ്പോൾ ഏറ്റവുമധികം മതത്തെ ദുരുപയോഗം ചെയ്യുന്നത്.

ഒരു കളവ് നടന്നാലോ, ഒരു കൊലപാതകം നടന്നാലോ, ഒരു പീഡനം നടന്നാലോ, എല്ലായിടത്തും ജാതിനോക്കി തന്നെയാണ് പോലീസുകാർ വരെ കാര്യങ്ങൾ നിശ്ചയിക്കുന്നത്.

ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മുടെ കേരളം. ആരൊക്കെയോ ഇവിടെ നുഴഞ്ഞുകയറി വിദ്വേഷം പ്രചരിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെ ആണെങ്കിലും വാട്സാപ്പ് യുണിവേഴ്സിറ്റികളിലൂടെ ആണെങ്കിലും ആ വിദ്വേഷം ഇന്നിപ്പോൾ നമ്മൾ മലയാളികൾ വസിക്കുന്ന ഗൾഫിലും അമേരിക്കയിലും ലണ്ടനിലും ആസ്ട്രേലിയയിലുമൊക്കെ അനുഭവപ്പെടുന്നു.

ഗൾഫിൽ ജീവിക്കുന്നവരിൽ വരെ സ്ഥാപനത്തിന്റെ മുതലാളിയുടെ പേരുകൾ നോക്കി കച്ചവടം ചെയ്യുന്ന രീതി കാണുന്നു. ജോലിക്ക് ആളെ എടുക്കുമ്പോൾ അല്ലെങ്കിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഒക്കെ ഈ വിഭാഗീയതെ പ്രകടമാകുന്നു.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് നാം ഓർക്കേണ്ട ഒരു വസ്തുതയാണ് കാര്യങ്ങൾ ഇങ്ങനെ പോയാൽ വരും തലമുറക്കാർ ഏറെ കഷ്ടപ്പെടേണ്ടിവരും.

നമ്മുടെ നാട്ടിലെ പഞ്ചായത്ത് വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ മുഖ്യമന്ത്രി, ഗവർണർ എന്നീ സമുന്നത സ്ഥാനങ്ങളിൽ എത്തുന്നത് വരെ വർഗീയതയും വിഭാഗീയതയും മാനദണ്ഡമാക്കി തന്നെയാണ്.

മന്ത്രിമാരെ നിശ്ചയിക്കുന്നത് മുതൽ ജില്ലാ കളക്ടർമാരും പോലീസ് ഇൻസ്പെക്ടർമാരെ നിശ്ചയിക്കുന്നതിൽ വരെ ഈ തീരുമാനങ്ങൾ പ്രകടമാവുന്നു. കേരളത്തിൽ ഇങ്ങനെ ഒരു അവസ്ഥ സംജാതമായതിൽ മുഖ്യധാര രാഷ്ട്രീയകക്ഷികളുടെ സ്വാധീനം നിർണ്ണായകമാണ്.

വലത് പാർട്ടികൾ പച്ചക്ക് പറയുമ്പോൾ ഇടതുപാർട്ടികൾ വളഞ്ഞും തിരിഞ്ഞും ഒളിഞ്ഞും വർഗീയത ഇറക്കിവിടുന്നു. എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ല രാമൻ നാരായണ എന്ന കളികളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

അതിൽ മുഖ്യമന്ത്രിക്ക് മുതൽ വാർഡ് മെമ്പർമാർക്ക് വരെ വ്യക്തമായ പങ്ക് ഉണ്ട് എന്നത് നാടിന്റെ അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്.

എന്തിനും ഏതിനും പ്രതികരിച്ചിരുന്ന ഒരു ജനത , ഇറാഖിൽ സദ്ദാമിന് വേണ്ടിയും, വിയറ്റ്നാമിലെ അമേരിക്കൻ ആക്രമണത്തിന് എതിരെയും, ആമസോൺ കാട്ടിലെ തീയണക്കാൻ വേണ്ടിയുമൊക്കെ തെരുവിൽ പോരാടിയ ഒരു ജനത, ഇന്നിപ്പോൾ നാടിനെ കുട്ടിച്ചോറാക്കുന്ന മയക്കുമരുന്നും കള്ളക്കടത്തും കണ്ടിട്ടും കാണാത്ത ഭാവത്താൽ മുന്നോട്ട് പോകുമ്പോൾ എന്തുപറ്റി നമ്മുടെ പ്രതികരണശേഷിക്ക് എന്ന് തോന്നിപ്പോകുന്നു.

വർഗീയതയും മയക്കുമരുന്ന് വ്യാപാരവും കള്ളക്കടത്തുമൊക്കെ വളരെ വേഗത്തിൽ തഴച്ചുവളരുമ്പോൾ അവരെല്ലാം എതിരാളികളെ നിലം പരിശാക്കി ജയിച്ചുകയറുമ്പോൾ ഒരു സംസ്കാരമാണ് ഇവിടെ നഷ്ടമാകുന്നത്.

എന്തൊക്കെ കാണിച്ചുകൂട്ടിയാലും പണത്തിന്റെ മേലെ പരുന്തും പറക്കില്ല എന്ന ആ ആപ്തവാക്യം ഇവിടെ യാഥാർഥ്യമാകുന്നു.

വരുന്ന വർഷങ്ങൾ എങ്കിലും നമ്മൾ നല്ല രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ വരാൻ പോകുന്നത് സാധാരണ സംഭവങ്ങൾ ആയിരിക്കില്ല. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോഴും ജാഗ്രതക്കുറവ് കാണിച്ചാൽ വലിയ അപകടമാണ് നമ്മെ കാത്തിരിക്കുന്നത്.

ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിൽ സോഷ്യൽ മീഡിയയുടെ ആധിക്യവും പി ആർ കമ്പനികളുടെ സ്വാധീനവും കൺസൾട്ടൻസി കമ്പനിക്കാരുടെ കൈകടത്തലുകളും ഇല്ലാതെ സ്വന്തമായി നല്ലവണ്ണം ആലോചിച്ചുകൊണ്ട് കാര്യങ്ങൾ നീക്കുക.

പറ്റിയ അബദ്ധങ്ങൾ ഇനി പറ്റാതെ ശ്രദ്ധിക്കുക. നല്ല മനസുള്ള വ്യക്തികളെ തിരഞ്ഞെടുക്കുക. ഇനിയെങ്കിലും കാര്യങ്ങളെ സൂക്ഷ്മതയോടെ കാണുക, പെരുമാറുക, പ്രാവർത്തികമാക്കുക !!!

2021 മുതൽ എല്ലാം നന്നായിവരട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട്,

പഴയകാലങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ദാസനും, നന്മകൾ നേർന്നുകൊണ്ട് വിജയനും

×