പിണറായിയെ വിറപ്പിക്കാന്‍ ടിപിയുടെ മകനാകുമോ ? കള്ളക്കടത്തും കള്ള എഴുത്തും പാരയാകുമോ ? ജയശങ്കറും കമാല്‍ പാഷെയും മുതല്‍ ജ്യോതിയും ജ്യോതികുമാറും വരെ ലിസ്റ്റിലാകട്ടെ ! ജോര്‍ജും കണക്കാണ്, ജോസഫും കണക്കുതന്നെ ! യുഡിഎഫിനു ജയിക്കാന്‍ പൊടിക്കൈകള്‍ ഏറെ വേണം – ദാസനും വിജയനും

ദാസനും വിജയനും
Monday, January 11, 2021

ഒരു ഉപതെരഞ്ഞെടുപ്പിലെങ്ങാനും ജയിച്ചുകയറിയാൽ കേരളത്തിലെ ഇടത് അണികളിൽ കാണുന്ന ആവേശം അതിരുവിടുമ്പോഴാണ് അവർ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ തോറ്റമ്പുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും 2001 നിയമസഭാ തിരഞ്ഞെടുപ്പിലും 2009 ലോക് സഭ തിരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം രാവിലെ പതിനൊന്ന് മണിമുതൽ പാചകറാണി ലക്ഷ്മിനായരുടെയും അതുപോലെ മാർക്കറ്റിങ് കമ്പനിക്കാരുടെ കോണിപ്പരസ്യവുമായി മുന്നോട്ട് പോകുന്നതുപോലെയാണ് ഇടതു അണികളും.

തിരഞ്ഞെടുപ്പിൽ തോൽവി വന്നണയുമ്പോൾ പിന്നെ സഹതാപ തരംഗമായി, വോട്ട് വില്പനയായി, വർഗീയ ധ്രുവീകരണമായി, രാഹുൽഗാന്ധി ഫാക്ടർ ആയി. എങ്ങാനും ജയിച്ചാൽ പിന്നെ കാണിച്ചുകൂട്ടുന്ന അഹങ്കാരമോ, അത് എഴുതാതിരിക്കുന്നതാകും ഭേദം !!!

കള്ളക്കടത്തും കള്ള എഴുത്തും !

കള്ളും കള്ളക്കടത്തും കള്ള എഴുത്തും കള്ള വാർത്തകളും കള്ള അവാർഡുകളും എല്ലാവിധ കള്ളത്തരങ്ങളും കൈമുതലാക്കിയ ഒരു വിഭാഗമാണ് സംസ്ഥാനതലത്തിലും പ്രാദേശിക തലങ്ങളിലും ഇപ്പോൾ എൽഡിഎഫിനായി പടപൊരുതികൊണ്ടിരിക്കുന്നത്.

അവർക്കാണ് ഈ ഭരണം നിലനിൽക്കേണ്ടത്. അവരാണ് ശരിക്കും പണം വീശുന്നത്. എല്ലാം ഏറ്റെടുക്കുവാൻ സോഷ്യൽ മീഡിയയിലെ കുറെയധികം മാപ്പിള സഖാക്കളും പൊരുതുമ്പോൾ ഒറിജിനൽ പോരാളിഷാജിമാർക്ക് പഴയവീര്യം കാണുന്നുമില്ല.

പാർട്ടി ഏറെ ക്ഷീണിച്ചതും പാർട്ടി അണികൾക്ക് ഏറെ മനപ്രയാസം ഉണ്ടാക്കിയതും സ്വർണ്ണക്കടത്തിലോ ലാവനിലോ അല്ല. വിഎസ് – പിണറായി പോരാട്ടം കടലിലെ വെള്ളത്തിലെ തിരമാലകളിൽ തട്ടിയപ്പോഴാണ് എൽഡിഎഫ് കേരളത്തിൽ ഏറ്റവും അധികം പരാജയം നുണഞ്ഞത്.

പാർട്ടി അണികൾക്ക് കള്ളക്കടത്തും അഴിമതിയും കടുംവെട്ടുകളും ലാവനിലും കൊലപാതകങ്ങളും എല്ലാം എല്ലാം ആവേശമാണ്.

അമേരിക്കൻ കുത്തകകളോ കേന്ദ്ര സർക്കാരുകളോ സുപ്രീം കോടതിയോ സിബിഐക്കാരോ ഒക്കെ പാർട്ടിയെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു എന്ന് ചാനലിൽ വന്നിരുന്ന് ആനത്തലവട്ടം അരുളി ചെയ്താൽ വിശ്വസിക്കുന്ന ബുദ്ധിയേ ഈ മാപ്ല സഖാക്കൾക്കുള്ളൂ.

അവരിലെ വീര്യം കൂട്ടുവാൻ ഇക്കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ അഞ്ചോളം മാപ്ല സഖാക്കളെ കൊന്നുതള്ളുകയും ചെയ്തു. അതിപ്പോൾ കായംകുളത്തായാലും കാഞ്ഞങ്ങാട്ടായാലും വെഞ്ഞാറമ്മൂട്ടിൽ ആയാലും മതിലകത്ത് ആയാലും.

ജയിക്കാന്‍ നന്മ മരങ്ങള്‍ !

യുഡിഎഫിന്റെ ഓരോരോ കുത്തക മണ്ഡലങ്ങളിലും വിവിധ പേരുകളിൽ പലരെയും പൊലിപ്പിച്ചുകാട്ടി നന്മമരങ്ങളായി ഇറക്കിവിട്ടുകൊണ്ട് സീറ്റുകൾ പിടിച്ചെടുക്കുന്ന രീതി യുഡിഎഫിനും വേണമെങ്കിൽ പയറ്റാം.

ഇനിയും മൂന്നു മാസങ്ങൾ ഉണ്ട് തിരഞ്ഞെടുപ്പിന്. അവസാനദിവസം ഹെലികോപ്റ്ററിൽ സ്ഥാനാർത്ഥിയെ ഇറക്കേണ്ട അവസ്ഥ ഇത്തവണ ഉണ്ടാക്കരുത്. യുഡിഎഫിന്റെ ഏറ്റവും നശിച്ച സമയത്ത് അരുവിക്കരയിൽ 11000 വോട്ടിന് ജയിച്ച സംഭവങ്ങൾ മറക്കാതിരിക്കുക.

ജനകീയരായ രമ്യ ഹരിദാസുമാരും ശ്രീകണ്ഠന്മാരും പോലത്തെ സ്ഥാനാർത്ഥികളെ കണ്ടെത്തി ഓരോരോ അസംബ്ലിയിലേക്കും ഇപ്പോൾ തന്നെ പറഞ്ഞുവിടുക. അവർ പണിയെടുക്കട്ടെ!!!

ചിലയിടങ്ങളിൽ അടൂർ പ്രകാശന്മാരെ പോലുള്ള അല്ലെങ്കിൽ രാജ്മോഹൻ ഉണ്ണിത്താന്മാരെ പോലുള്ളവരെ കണ്ടെത്തുക. അവരും പണിയെടുക്കട്ടെ.

പിണറായിയെ വിറപ്പിക്കാന്‍ അഭിനന്ദ് ചന്ദ്രശേഖരന്‍

മുഖ്യനെ തളയ്ക്കുവാൻ സീറ്റ് ആർഎംപിക്ക് കൊടുക്കുക. അവിടെ സിപിഎം കൊന്നുതള്ളിയ ടിപി ചന്ദ്രശേഖറിന്റെ മകൻ ചേകവനായ അഭിനന്ദ് ചന്ദ്രശേഖരൻ മത്സരിക്കട്ടെ. അപ്പോഴാണ് ശരിക്കും മത്സരം തീപാറുക.

കമ്യുണിസ്റ്റുകാർ തന്നെ ആ പയ്യനെ ജയിപ്പിച്ചുകൂടെന്നില്ല. ജയിച്ചാലും തോറ്റാലും അതൊരു വർത്തയാകും. യുവാക്കൾ ഒന്നടങ്കം അഭിനന്ദിന്റെ പിന്നിൽ അണിചേരും.

പ്രതിപക്ഷ നേതാവ് മുഖ്യനെതിരെ മത്സരിക്കുന്നതിനേക്കാൾ വാർത്താ പ്രാധാന്യം ലഭിക്കുകയും ചെയ്യും. മുഖ്യന് ആ മണ്ഡലത്തിൽ തന്നെ നിന്ന് തിരിയേണ്ടിയും വരും. ആ പരീക്ഷണത്തിന് ആർഎംപിയും കോൺഗ്രസ്സും മുൻകയ്യെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ജയശങ്കറും ഷാജഹാനും മത്സരിക്കുമോ ?

യുഡിഎഫിന്റെ ശരിക്കുള്ള പ്രതിപക്ഷ നേതാക്കൾ എന്ന് പറഞ്ഞാൽ അഡ്വക്കേറ്റ് ജയശങ്കറും കെഎം ഷാജഹാനുമാണ്. അവർ ഇടതുപക്ഷ അനുകൂലികളുമാണ്.

ജെഎസ്എസ് അല്ലെങ്കിൽ ആർഎസ്പി സീറ്റുകളിൽ പൊതു സ്വാതന്ത്രന്മാരായി അവരെയും മത്സരിപ്പിക്കുക. ചില സീറ്റുകൾ അവർ പിടിച്ചെടുത്തേക്കാം.

കൊല്ലത്തെയോ തലസ്ഥാനത്തെയോ ഏതെങ്കിലും പോരാട്ടവീര്യമുള്ള സീറ്റിൽ കെഎം ഷാജഹാനെ മത്സരിപ്പിക്കുക. അഡ്വക്കേറ്റ് ജയശങ്കറിനോട് കൊടുങ്ങല്ലൂർ അല്ലെങ്കിൽ പുതുക്കാട് സീറ്റിൽ മത്സരിക്കുവാൻ ആകുമോ എന്ന് അന്വേഷിക്കുക. അദ്ദേഹത്തിനെതിരെ ആർഎസ്എസ് കാരൻ എന്നുള്ള ആരോപണം അതോടെ സിപിഎം അവസാനിപ്പിക്കും.

കമാല്‍ പാഷക്ക് പുനലൂര്‍, ജ്യോതികുമാര്‍ ചാമക്കാലക്ക് പത്തനാപുരം !

ജസ്റ്റിസ് കമാൽ പാഷക്ക് ബെസ്റ്റ് പുനലൂർ തന്നെ. അങ്ങനെ ഒരു സീറ്റ് യുഡിഎഫ് അദ്ദേഹത്തിന് നൽകാൻ തയാറായാൽ രണ്ടു കയ്യും നീട്ടി സ്വീകരിച്ചുകൊണ്ട് ആ ദൗത്യം ഏറ്റെടുക്കണം.

അല്ലെങ്കിൽ ഷാനിമോൾ ഉസ്മാന് പണ്ട് സംഭവിച്ചതുപോലെ സംഭവിക്കും. അതേ ഷാനിമോൾ ഇടതിന്റെ കോട്ടയിൽ പുഷ്പം പോലെ ജയിക്കുകയും ചെയ്തു.

ആയതിനാൽ കിട്ടിയ സീറ്റിനെ അവഗണിക്കാതെ വീറോടെ വാശിയോടെ ആ സീറ്റിൽ അങ്കത്തിനിറങ്ങുക, അണികളിൽ ആവേശം പകരുക. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയെ കയറൂരി വിട്ട് ഗണേശനെ തളക്കുക.

ആർഎസ്പിക്കാർക്ക് ഇലക്ഷൻ ഫണ്ടിന്റെ കുറവുകൾ നികത്തുവാൻ നല്ല ജനകീയരായ മുതലാളിമാരെ കണ്ടെത്തി മത്സരിപ്പിക്കുക. ചവറയിൽ എൽഡിഎഫ് കഴിഞ്ഞ തവണ കളിച്ച കളികൾ ഇത്തവണ തിരിച്ചും കളിക്കുക.

ചെങ്ങന്നൂര്‍ പിടിക്കാന്‍ ജ്യോതി വിജയകുമാര്‍

ഒന്നുകിൽ അരുവിക്കരയിലെ ശബരീനാഥ് മേയർ ബ്രോക്കെതിരെ മത്സരിച്ചുകൊണ്ട് സീറ്റ് തിരിച്ചുപിടിക്കുക. പകരം വീണാനായർ അരുവിക്കരയിൽ മത്സരിക്കുക.

പോരാളിയായ സിആർ മഹേഷിനെപ്പോലുള്ളവരെ ആറ്റിങ്ങലിലോ നേമത്തോ മത്സരിപ്പിക്കുക. നേമത്ത് സിനിമാനടൻ ജഗദീഷിനെയും പരിഗണിക്കുക. അവരെല്ലാം കറ കളഞ്ഞ കോൺഗ്രസ്സ് പ്രവർത്തകരാണ്.

ചെങ്ങന്നൂരിൽ വിജയകുമാറിന്റെ മകൾ ജ്യോതിയെ പോരാട്ടത്തിനിറക്കുക. നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സ്ഥലം എംപിയുടെ കൂടി അഭിപ്രായങ്ങൾ മാനിക്കുക. ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ കേരളത്തിൽ 110 സീറ്റുകളിൽ യുഡിഎഫ് പാട്ടുംപാടി ജയിക്കും എന്നത് എ വിജയരാഘവൻ വരെ സമ്മതിക്കുന്ന യാഥാർഥ്യങ്ങളാണ്.

കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കട്ടെ !!! മാരാരിക്കുളത്ത് കെഎസ് മനോജ്, ഹരിപ്പാട്ട് രമേശ് ചെന്നിത്തല, അരൂരിൽ ഷാനിമോൾ ഉസ്മാൻ, ചേർത്തലയിൽ ഒരു പുതുമുഖത്തിനെ അങ്കത്തിനിറക്കുക.

പിസി ജോര്‍ജ് ജോസഫിനേക്കാള്‍ ഭേദം

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ്സ് എം അവരുടെ ശക്തി ഇതോടകം തെളിയിക്കപ്പെട്ടതിനാൽ ഇനി അവരുടെ ചക്കളത്തിൽ പോര് തുടരുവാൻ സാധ്യത കാണുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കേരളാ കോണ്‍ഗ്രസുകാർക്ക് ഇനി കാണുവാൻ സാധ്യത കുറവാണ്. ഇനി അവർക്ക് വേണ്ടത് അധികാരം തന്നെ. പിന്നെ പണവും പ്രശസ്തിയും.

ആയതിനാൽ തൊഴുത്തിൽകുത്ത് വീണ്ടും തുടങ്ങുവാൻ സാധ്യത കാണുന്നു. ഇതൊക്കെ കോൺഗ്രസുകാർ മുതലാക്കിയാൽ കോട്ടയം വേണേൽ നിലനിർത്താം. പൂഞ്ഞാറിൽ ശല്യക്കാരനായ പിസി തന്നെ വരട്ടെ.

ഇടതിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർക്ക് ആകാത്തിടത്തോളം കാലം പിസി ജോർജ്ജും പിസി തോമസും വരട്ടെ. ജോസഫിനേക്കാൾ ഭേദമാണ്. രണ്ടു സീറ്റുകൾ നേടിയെടുക്കാം. ഓരോ സീറ്റിനും വിലയുള്ള കാലമാണ് ഇപ്പോൾ.

ഇടുക്കിയിലും തൃശൂരിലും യുവത്വമാണ് രക്ഷ !

ഇടുക്കിയിൽ ഉശിരുള്ള ചെറുപ്പക്കാരെ ഇറക്കിവിട്ടാൽ നൂറിൽ നൂറു മേനിയും വിളയിച്ചെടുക്കാം. അതുപോലെ എറണാകുളം നല്ല സ്ഥാനാർത്ഥികളെ അംഗീകരിക്കുന്നവർ ആണ്.

തൃശൂർ എപ്പോഴും സമവാക്യങ്ങളുടെ നാടാണ്. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ കോൺഗ്രസ്സ് പാർട്ടിയിൽ മത്സരിച്ചാൽ വീണ്ടും ജയിക്കാം. കൈപ്പമംഗലം ഒരു മുസ്ലിം കോടീശ്വരൻ വിചാരിച്ചാൽ ജയിച്ചുകയറാം.

തൃശൂർ ഇപ്പോഴും മനസ്സ് തുറന്നിട്ടില്ല. ഒല്ലൂരിൽ നല്ല കോൺഗ്രസുകാരനെ ജയിപ്പിക്കും. ഗുരുവായൂർ ലീഗ് ഒരു ചെറുപ്പക്കാരന് കൊടുക്കട്ടെ !!! കുന്നംകുളവും ചേർപ്പും ഒക്കെ നല്ല സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്ന മണ്ഡലങ്ങളാണ്.

ലീഗിന് 30 സീറ്റ് കൊടുത്താൽ അവർക്ക് 26 സീറ്റിലും ജയിപ്പിക്കുവാൻ കെൽപ്പുള്ളവരാണ്. അപ്പോൾ പിന്നെ അങ്ങനെയും പരീക്ഷണങ്ങൾ നടത്താം. വടകരയിൽ കെകെ രമയോ എൻ വേണുവോ മത്സരിക്കട്ടെ. ഉദുമയിൽ ബാലകൃഷ്ണൻ പെരിയയും, നാദാപുരത്ത് പ്രവീൺ കുമാറും
ഒട്ടെറെ നാളുകളായി പണിയെടുക്കുന്നുണ്ട്. അവരെ അവിടത്തെ ന്യുനപക്ഷക്കാർക്കും ഇഷ്ടവുമാണ്. ആ ഇഷ്ടം വോട്ടായാൽ ആ രണ്ടു സീറ്റും കടന്നുപോരും.

രാജ്മോഹൻ ഉണ്ണിത്താൻ വിചാരിച്ചാൽ രണ്ടു സീറ്റുകൾ കാസർഗോട്ട് ജയിപ്പിച്ചെടുക്കാം. അതുപോലെ രമ്യ ഹരിദാസിനും സാധിക്കും, കൊല്ലങ്കോട്ടും ചിറ്റൂരും മനസ്സുവെച്ചാൽ ഈസിയായി ജയിക്കാവുന്ന സീറ്റുകളാണ്.

ജയിച്ചുവരാന്‍ പൊടിക്കൈകള്‍ ?

ഒരു കാര്യം യുഡിഎഫുകാർ മനസിലാക്കുക. പണമാണ് എല്ലാറ്റിനും പിറകിൽ.

കേവലം കിറ്റും പെൻഷനും കൊടുത്തുകൊണ്ട് സകലമാന അഴിമതികളും കള്ളത്തരങ്ങളും മറച്ചുകൊണ്ടിരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ പണമില്ലാതെ ആരും തിരഞ്ഞെടുപ്പിന് ഇറങ്ങി ആദർശം വിൽക്കുവാൻ ശ്രമിച്ചാൽ ഇന്നത്തെ ഈ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക അസാധ്യമാണ്.

ഇവിടെ ഏത് പോക്കിരിയും ജയിക്കും, ഏത് കൊള്ളക്കാരനും ജയിക്കും, ഏത് കൊലപാതകിയും ജയിക്കും. പണമിറക്കണം, അത് വീടും പറമ്പും വിറ്റായാലും, കടം വാങ്ങിയായാലും
എന്ത് തെണ്ടിത്തരങ്ങൾ ചെയ്തിട്ട് ആയാലും. വർഗീയത പച്ചക്ക് പറയുക, കള്ളും കഞ്ചാവും വാങ്ങിക്കൊടുക്കുക, സിനിമ കൂട്ടിക്കൊടുപ്പുകൾ നടത്തുക, അന്യന്റെ കവിതകൾ മോഷ്ടിക്കുക, ചുമ്മാ അവാർഡുകൾ ഒപ്പിച്ചെടുക്കുക, നിങ്ങൾ ജയിച്ചു കഴിഞ്ഞു.

നിങ്ങൾക്ക് വിജയം സുനിശ്ചിതം !!!
വിജയമാണ് മുഖ്യം, വഴികളല്ല !!!

നിങ്ങൾ ജയിച്ചാൽ നിങ്ങളുടെ മക്കൾ ജയിച്ചു, കുടുംബം ജയിച്ചു,
ഇത്രമാത്രം യുഡിഎഫുകാർക്ക് ഉപദേശിച്ചുകൊണ്ട്

സ്ഥാനാർത്ഥിക്കുപ്പായം തയ്പ്പിച്ചുവെച്ച സ്വർണ്ണക്കടത്തുകാരൻ വിജയൻ മുതലാളിയും
ജയിപ്പിക്കുവാൻ വാഗ്ദാനങ്ങളുമായി കള്ള് കച്ചവടക്കാരൻ ദാസപ്പനും

 

 

×