മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ തന്നെയാകണം താരം , പാലക്കാട് ജനകീയന്‍ കൃഷ്ണകുമാറും ! തൃശൂരും ഇടുക്കിയിലും പ്രതീക്ഷ കൈവിടരുത് ! തിരുവനന്തപുരത്ത് ശശി തരൂര്‍ മാത്രമാണ് പാര ! ബാക്കിയുള്ളവരൊക്കെ രാത്രിയായാല്‍ കൂട്ടുകാരാണല്ലൊ – തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപിക്ക് ഉപദേശവുമായി ദാസനും വിജയനും

ദാസനും വിജയനും
Wednesday, January 13, 2021

മുപ്പത്തിയഞ്ച് സെന്റ് തറവാട്ട് വീടും പറമ്പും ഭാഗം വെക്കുമ്പോൾ ചില നായർ തറവാടുകളിൽ കാണുന്ന ചക്കളത്തിൽ പോരാണ് കേരളത്തിലെ ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

വടക്കേ ഇന്ത്യയിൽ ബിജെപി വളർന്നു പന്തലിക്കും മുമ്പേ ഹിന്ദു എന്താണെന്നും ഹിന്ദു ഒന്നിക്കേണ്ട കാലം അതിക്രമിച്ചുവെന്നും മനസ്സിലാക്കിയ ജനതയാണ് കേരളത്തിലുള്ളത്.

ഇവിടെ ഇപ്പോഴും നായരും ഈഴവനും പുലയനും നമ്പൂരിയും വേർതിരിഞ്ഞു ജീവിക്കുന്ന മണ്ണാണ്.

ലീഡർ കെ കരുണാകരൻ പിഎസ്പിയേയും എസ്ആർപിയേയും എൻഡിപിയെയും പിരിച്ചു വിടുമ്പോഴും മാസം മാസം ഒന്നാം തിയതി ഗുരുവായൂരപ്പനെ കാണുവാൻ പോകുമ്പോഴും അതൊക്കെ ബിജെപിയുടെ വളർച്ചയെ തടയിടുന്നത് ആയിരുന്നു.

ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ചു കൊന്നില്ലായിരുന്നെകിൽ ആർഎസ്എസ് കേരളത്തിൽ പിടിമുറുക്കിയിരുന്നേനെ.

ഗ്രൂപ്പാണ് പ്രശ്നം അതില്‍ കോണ്‍ഗ്രസിനേയും തോല്‍പിക്കും ! 

കേരളത്തിന്റെ പൊതുവായ രീതികൾ വെച്ചുനോക്കുമ്പോൾ ഒരു അമ്പലക്കമ്മറ്റിയിലും പള്ളിക്കമ്മറ്റിയിലും ഒക്കെ വരെ വ്യക്തമായ ഗ്രൂപ്പുകളും വിഭാഗീയതകളും പ്രകടമാണ്.

അതിപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ കാണാവുന്നതാണ്. കോൺഗ്രസ്സിൽ ആണെങ്കിൽ ഗ്രൂപ്പുവഴക്കും കമ്മ്യുണിസ്റ്റിൽ വിഭാഗീയതയും കാലാകാലങ്ങളായി നടന്നുപോരുന്നു.

പക്ഷെ ബിജെപിയുടേത് അതിനേക്കാൾ ഏറെ മോശം അവസ്ഥകളാണ്. എങ്ങനെ ഇത്രയധികം പഞ്ചായത്തും കൗൺസിലുകളും കിട്ടിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. പട്ടി തിന്നുന്നത് പൂച്ചക്ക് കണ്ടുകൂടാ പൂച്ച തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ എന്ന തരത്തിലുള്ള വാശിയും വൈരാഗ്യങ്ങളുമാണ് നേതാക്കന്മാർക്കിടയിൽ പ്രകടമാകുന്നത്.

അതിന്റെ ഇടയിൽ ആർക്കും വേണ്ടാത്ത അൽഫോൻസ് കണ്ണന്താനവും അബ്ദുള്ളക്കുട്ടി പോലത്തെ വെടം കൊല്ലികളും പാർട്ടി അണികളിൽ അസ്വസ്ഥത പടർത്തുന്നുമുണ്ട്.

കെ സുരേന്ദ്രൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന കാലങ്ങളിൽ പുള്ളി അറിയാതെ പുള്ളി വളരുകയായിരുന്നു. ഇത്രേം വലിയ പോസ്റ്റിൽ എത്തുമെന്ന് സ്വപ്നേപി നിരീച്ചില്ല എന്ന് വേണം കരുതുവാൻ.

കാരണം അന്നത്തെ കാലങ്ങളിൽ ചെയ്തുകൂട്ടിയ ചെറിയ ചെറിയ അഡ്ജസ്റ്റ് മെന്റുകൾ പുള്ളിയെ തിരിഞ്ഞു കുത്തുകയാണ്. മറ്റുള്ള പാർട്ടിക്കാർ പുള്ളിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും സ്വന്തം പാർട്ടിക്കാരിൽ ബഹുമാനം ഇല്ലാത്തതാണ് സുരേന്ദ്രന്റെ ഇപ്പോഴത്തെ വലിയ ദുരന്തം.

കേരളത്തിൽ അഞ്ചിനും പത്തിനും ഇടക്ക് സീറ്റുകൾ പിടിച്ചെടുക്കുവാൻ സാധിക്കുമെന്ന ഉറപ്പിന്മേൽ അമിത്ഷാക്ക് പറ്റിയ ഒരു ജാഗ്രതക്കുറവാണ് സുരേന്ദ്രനിലൂടെ കേരളത്തിലെ ബിജെപി നേരിടുന്നത്.

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ തന്നെ താരം !

എന്തൊക്കെ തന്നെയായാലും സുരേന്ദ്രന് മഞ്ചേശ്വരത്ത് സാധ്യത ഇല്ലാതെയില്ല. 78 വോട്ടിന് തോൽക്കാൻ കാരണമായത് നരേന്ദ്ര മോഡിയുടെ പ്രസംഗം തർജ്ജമ ചെയ്യുവാൻ പോയതിനാലാണ്.

ഇന്നിപ്പോൾ ലീഗിലെ എംഎൽഎയുടെ അറസ്റ്റും പ്രശ്നങ്ങളും ഏറ്റെടുത്താൽ ഇടതുപക്ഷം കനിഞ്ഞാൽ മഞ്ചേശ്വരത്ത് ജയിച്ചുകയറാം. അബ്ദുള്ളക്കുട്ടി കാസർഗോട്ട് സീറ്റിലോ ഉദുമയിലോ മത്സരിച്ചാൽ നല്ലൊരു മത്സരം കാഴ്ചവെക്കാം.

കാഞ്ഞങ്ങാട്ടും മുറുക്കി പിടിച്ചാൽ ജയിച്ചു കയറാം. കണ്ണൂരിൽ ബിജെപിക്ക് കാര്യമായ ഭൂരിപക്ഷമുള്ള സീറ്റുകൾ കുറവായതിനാലും ഒകെ വാസു പോലുള്ള ബിജെപിക്കാരെ സിപിഎം വിലക്ക് വാങ്ങിയതിനാലും സാധ്യത കുറവാണ്.

കോഴിക്കോട്ടും ബേപ്പൂരും കുന്ദമംഗലത്തും വള്ളിക്കുന്നിലും നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ മത്സരങ്ങൾ തീപാറും. തലശ്ശേരിയിലും കൂത്തുപറമ്പിലും പൊതു സ്വതന്ത്രന്മാർക്ക് സാധ്യതകാണുന്നു.

വയനാട്ടിൽ നല്ല ആദിവാസികളെ സ്ഥാനാർത്ഥിയാക്കുക. സികെ ജാനുവിനെ ഒഴിവാക്കുക. അത്യവശ്യം വോട്ട് ഷെയറുകൾ ഉള്ള മണ്ഡലങ്ങളാണ് അവിടെ.

പാലക്കാട് ചുവപ്പ് മാറി കാവി അണിയണം !

പാലക്കാട്ട് സീറ്റിൽ കൃഷ്ണകുമാറിനെ മത്സരിപ്പിക്കുക. ഒരു ബിജെപിക്കാരനിൽ ഉപരി ജനകീയനാണ് കൃഷ്ണകുമാർ.

മുനിസിപ്പാലിറ്റിയിൽ ബിജെപി പതാക പുതപ്പിച്ചതും ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കയറ്റിയതും അവിടത്തെ വിവരമില്ലാത്ത ആർഎസ്എസ് അനുഭാവികളാണ്, ചിലപ്പോൾ സിപിഎം വരെ അക്കളികൾ കളിക്കാം.

കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി ഇത്തവണ അവതരിപ്പിക്കേണ്ടത്. മലമ്പുഴയിൽ എ വിജയരാഘവൻ സിപിഎം സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപിയുടെ പ്രസക്തി അവിടെ കുറയുവാൻ സാധ്യത കാണുന്നു. കാരണം വിജയരാഘവനിലും ഒരു ഹിന്ദുത്വമുഖം ഉള്ളതുകൊണ്ട് വോട്ടുകൾ വിഘടിക്കാം.

മലമ്പുഴയിൽ ശോഭ സുരേന്ദ്രൻ സമ്മതിക്കുകയാണെങ്കിൽ അവർക്ക് കൊടുക്കുക, അല്ലെങ്കിൽ ബിജെപിയുടെ ഏതെങ്കിലും നല്ല വ്യക്തിത്വമുള്ള ചെറുപ്പക്കാർക്ക് സീറ്റ് വിട്ടുകൊടുക്കുക.

ശോഭ സുരേന്ദ്രനും സുരേന്ദ്രനും അങ്കംവെട്ടായതിനാലും ശോഭ സുരേന്ദ്രന് പാലക്കാട്ടുകാർ പണി കൊടുക്കുന്നതിനാലും അവർ തലസ്ഥനത്തേക്ക് പോകുന്നതാകും ഉചിതം.

ഷൊർണൂരും ഒറ്റപ്പാലത്തും നെന്മാറയിലും കോങ്ങാട്ടും അതാത് നാട്ടിലെ ആർഎസ്എസ് ചെറുപ്പക്കാരെ പരീക്ഷിച്ചാൽ ക്ലച്ച് പിടിക്കാവുന്ന സ്ഥലങ്ങളാണ്.

പാലക്കാട്ടെ മുൻസിപ്പൽ ചെയർപേഴ്സൺ ആയി ആർഎസ്എസ് തിരഞ്ഞെടുത്തത് മൂത്താൻ സമുദായക്കാരി ആയതിനാൽ മലമ്പുഴയിൽ പ്രിയ അജയന് സാദ്ധ്യതകൾ ഏറെയാണ്.

പുതുക്കാടും നാട്ടികയും മണലൂരും പ്രതീക്ഷ കൈവിടരുത് !

തൃശൂർ ജില്ലയിൽ കഴിഞ്ഞ തവണ ബിഡിജെഎസ് ഏറെ ഗുണമുണ്ടാക്കി കൊടുത്ത മണ്ഡലങ്ങളാണ്. ആ കൊയ്ത്ത് ഇത്തവണ ഉണ്ടാക്കുവാൻ സാദ്ധ്യതകൾ കുറവാണ്.

ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാം വളരെ ശക്തരാകുവാൻ സാധ്യത ഉള്ളതുകൊണ്ട് പുതുക്കാടും നാട്ടികയും മണലൂരും ഒന്നുറക്കെ വിളിച്ചാൽ വിളി കേൾക്കാവുന്ന മണ്ഡലങ്ങളാണ്.

എറണാകുളത്ത് തൃപ്പൂണിത്തുറയിൽ നല്ല സ്ഥാനാർത്ഥിയാണ് ഉള്ളതെങ്കിൽ മനസ്സ് മാറിയേക്കാം. പറവൂരും കളമശ്ശേരിയിലെ യുഡിഎഫ് ശക്തമായതുകൊണ്ടു ഒന്നും സംഭവിക്കില്ല. ക്ഷീണം എൽഡിഎഫിന് കിട്ടുമെന്നല്ലാതെ. വൈക്കം വേണേൽ ശ്രമിച്ചുനോക്കാവുന്നതേയുള്ളൂ.

ഇടുക്കിയില്‍ ബിജെപിയ്ക്ക് യുഡിഎഫാണ് പാര !

ഇടുക്കിയിൽ ഇത്തവണ പണ്ടത്തെ പ്രതാപം നിലനിർത്തുവാൻ ആകില്ല. യുഡിഎഫ് ശക്തിയാകുമ്പോൾ അതിന്റെ ക്ഷീണം ബിജെപിക്ക് നേരിടേണ്ടി വരും. തൃശൂർ പോലെ ഇടുക്കിയിലും തൊടുപുഴയിലും ഉടുമ്പൻ ചോലയിലും ബിഡിജെഎസ് ആണ് വോട്ടുകൾ പിടിച്ചത്.

പത്തനംതിട്ടയിൽ ആറന്മുള വേണമെങ്കിൽ പൊക്കിയെടുക്കാം .തിരുവല്ലയിലും റാന്നിയിലും അടൂരും ഒക്കെ നല്ല ചെറുപ്പക്കാരെ കയറൂരി വിട്ടാൽ മത്സരം തീപാറും. ആലപ്പുഴയിലെ ചെങ്ങന്നൂർ പണ്ടേ മുതൽ ബിജെപി അനുകൂല മണ്ഡലമാണ്.

കുട്ടനാടും മാവേലിക്കരയും സ്ഥലത്തിന് അനുയോജ്യരായ പൊതു സ്വാതന്ത്രന്മാർക്ക് വിട്ടു കൊടുക്കുക. അതുപോലെ കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും നല്ലവർ നിന്നാൽ സാധ്യതയുണ്ട്.

ചാത്തന്നൂരും കൊട്ടാരക്കരയും അത്യാവശ്യം മോശമല്ലാത്ത വോട്ടുകൾ കിട്ടാവുന്ന മണ്ഡലങ്ങളാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടമാണ് ചാത്തന്നൂരിൽ വോട്ടുകൾ കൂട്ടിയത്.

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും പുറ്റിങ്ങലും വോട്ടാക്കുവാൻ ശ്രമിച്ചെങ്കിലും അതിന്റെ ഗുണം ചെയ്തത് എല്ഡിഎഫിനാണ്.

പെരുമ്പാവൂരിൽ അവർ തോറ്റെങ്കിലും. അതുപോലെ എന്തെങ്കിലുമൊക്കെ ജാലവിദ്യകൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകാതിരിക്കുവാൻ സാധ്യത കുറവാണ്.

പല സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചിത്രങ്ങൾ പരിശോധിച്ചാൽ ഈ വക കളികൾ കാണുവാൻ സാധിക്കും. വർഗീയകലാപങ്ങൾ ഉണ്ടാകാതിരിക്കട്ടെ !!

തിരുവനന്തപുരത്ത് ശത്രു തരൂര്‍ മാത്രം ! മറ്റുള്ളവരൊക്കെ രാത്രിയായാല്‍ അവിടെത്തുമല്ലോ !

തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കിയാൽ ശശി തരൂര്‍ എന്ന ഒറ്റയാളാണ് ബിജെപിയുടെ ശത്രു. ശിവകുമാറുള്‍പ്പെടെ ബാക്കിയെല്ലാം രാത്രിയിലെങ്കിലും മിത്രങ്ങളാണ്. നേമത്ത് ഇത്തവണ കുമ്മനം വരുമ്പോൾ വട്ടിയൂർക്കാവും കഴക്കൂട്ടവും മുറുക്കിപ്പിടിച്ചാൽ കിട്ടാവുന്നതേയുള്ളൂ. കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്ത് ഭാഗ്യം പരീക്ഷിച്ച തിരുവനന്തപുരം സെന്‍ട്രലില്‍ ചലച്ചിത്ര താരം കൃഷ്ണകുമാറിനെ ഇത്തവണ പരീക്ഷിക്കാം.

സിറ്റിയും നെടുമങ്ങാട്ടും കാട്ടാക്കടയും കഴക്കൂട്ടവും ഒക്കെ പുതുമുഖങ്ങൾ വരട്ടെ.  കേരളത്തിലെ സകലമാന എല്ലാ അനാവശ്യ നേതാക്കന്മാരെയും തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുവാൻ ഏൽപ്പിക്കുക.

രാജീവ് ചന്ദ്രശേഖർ, അരവിന്ദാക്ഷ മേനോൻ തുടങ്ങിയ ആളുകളെ തലസ്ഥാനത്ത് ഇറക്കുക. പഴയ പാടക്കുതിരകൾ തത്കാലം മാറി നിൽക്കട്ടെ !!!

പത്ത് സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ ബിജെപിയിൽ നിന്നും രാജിവെക്കും എന്ന ഭീഷണിയുമായി ദാസപ്പനും ഈ അവസരം മുതലാക്കണം എന്നഭ്യർത്ഥനയുമായി കാര്യവാഹ് വിജയനും

 

 

 

×