Advertisment

കണ്ണിന് കണ്ണും പല്ലിന് പല്ലും പകരം ചോദിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ പോരാളി, കോണ്‍ഗ്രസിലെ ഷാനിമോള്‍മാരെയും അഴകൊഴമ്പന്മാരെയും ആദര്‍ശക്കുപ്പായക്കാരെയും മാറ്റി നിര്‍ത്തി അണികളില്‍ ആവേശം വിതറുന്നവരെ മുന്നില്‍ നിര്‍ത്തണം. മുഖ്യമന്ത്രിയെ മാത്രമല്ല, മന്ത്രിമാരെയും വകുപ്പുകളും കൂടി മുന്‍കൂര്‍ പ്രഖ്യാപിക്കണം - യുഡിഎഫിന് കടന്നുകൂടാന്‍ അടവകള്‍ പറഞ്ഞ് ദാസനും വിജയനും !

New Update

publive-image

Advertisment

''കണ്ണിന് കണ്ണ് പല്ലിന് പല്ല് '', ഇതാണ് കണ്ണൂർ രാഷ്ട്രീയം, ശരിക്കും പറഞ്ഞാൽ ഇതാണ് ഇന്നത്തെ രാഷ്ട്രീയം. ഉരുളക്ക് ഉപ്പേരി കൊടുക്കുന്നവനെയാണ് മലയാളിക്ക് എന്നും ഇഷ്ടം.

അല്ലാതെ ഒരു മാതിരി അഴകൊഴമ്പന്മാരെയും ആദർശക്കുപ്പായക്കാരെയും മലയാളി എന്നെന്നേക്കുമായി വെറുത്തുകൊണ്ടിരിക്കുന്നു. ഓരോ തിരഞ്ഞെടുപ്പുകൾ കഴിയുന്തോറും ജനങ്ങളുടെ തിരഞ്ഞെടുപ്പ് രീതികളും സംസ്കാരവും മാറി മാറി കൊണ്ടിരിക്കുന്നു.

അവിടെയാണ് കെ സുധാകരൻ എന്ന ഗർജ്ജിക്കുന്ന സിംഹത്തിന്റെ പ്രസക്തി. കേരളം പോലൊരു സ്ഥലത്ത് ഇനി ഇങ്ങനെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ സാധ്യതകൾ ഉള്ളൂ.

''പാവപ്പെട്ട വീട്ടിൽ ചെത്തുകാരന്റെ മകനായി ജനിച്ചയാൾ ഹെലികോപ്റ്ററിൽ മാത്രമേ യാത്ര ചെയ്യൂ'' എന്നാണ് സുധാകരൻ പറഞ്ഞത്. അതിൽ വലിയ തെറ്റൊന്നും മലയാളി കാണുന്നില്ല.

ഇതൊക്കെ എന്ത് ?

ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പറഞ്ഞു ''ബ്രണ്ണൻ കോളജിൽ വെച്ച് അറിയയുമായിരുന്ന സുധാകരൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന്''. അതും ശരിയാണല്ലോ.

ജനങ്ങൾ വാഴ്ത്തുന്ന ഒരു ബിഷപ്പിനെ ''നികൃഷ്ട ജീവി'' എന്നും, ജനങ്ങൾ ജയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നേതാവിനെ ''പരനാറി'' എന്നും സ്വന്തം അണികളാലും നേതാക്കന്മാരാലും അരും കൊല ചെയ്യപ്പെട്ട ടിപിയുടെ മൃതദേഹം വീട്ടിൽ എത്തിയപ്പോൾ ''കുലം കുത്തി'' എന്നും പറഞ്ഞയാൾക്ക് എന്തോന്ന് ചെത്തുകാരൻ.

അവിടെ പ്രശ്നമാക്കിയത് ഷാനിമോൾ ഉസ്മാൻ എന്ന ആ കുലംകുത്തിയാണ്. അതിന്റെ പിറകിൽ ഏതോ നികൃഷ്ടജീവികൾ ഉണ്ടെന്നാണ് തോന്നുന്നത്.

എന്തായാലും ഈ വക പരനാറികൾക്കൊന്നും അടുത്ത നിയമസഭയിൽ സീറ്റുകൾ അനുവദിക്കരുത് എന്ന് നിയുക്ത കെപിസിസി പ്രസിണ്ടന്റിനോട് അഭ്യർത്ഥിക്കുന്നു. അതിപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയാലും !!!

കെ എസിന് ശക്തി അണികള്‍ തന്നെ !

കണ്ണൂരിന്റെ മറ്റൊരു സിംഹമായിരുന്ന എംവി രാഘവൻ വരെ പിണറായിയുടെ വീട്ടിൽ കല്യാണത്തിന് പോയപ്പോൾ ഇപ്പറയുന്ന സുധാകരൻ മാത്രം യുഡിഎഫ് ക്യാമ്പിൽ നിന്നും ആ വിവാഹമാമാങ്കത്തിന് എത്തിയില്ല. ''എനിക്ക് എന്റെ അണികളാണ് വലുത്, അവരുടെ മുന്നിൽ എനിക്ക് തലകുനിക്കുവാൻ ഇഷ്ടമല്ല'' എന്നാണ് അന്നദ്ദേഹം ആ വിഷയത്തിൽ പ്രതികരിച്ചത്.

കേരളത്തിന്റെ ഓരോ പ്രശ്നങ്ങളിലും വ്യക്തമായ നിലപാടുകളുമായി സുധാകരൻ നിലകൊള്ളുമ്പോഴൊക്കെ പാർട്ടിക്കുള്ളിലെ ചില ഛിദ്രശക്തികൾ അദ്ദേഹത്തിന്റെ നിലപാടുകളെ തള്ളിപ്പറയുന്ന അല്ലെങ്കിൽ പറയിപ്പിക്കുന്ന കാഴ്ചകൾ നാം ശബരിമല വിഷയത്തിലും ഷുവൈബ് വധക്കേസിലും ടിപി വധക്കേസിലും ഇപ്പോഴത്തെ ഈ ചെത്തുകാരന്റെ മകന്റെ ഹെലികോപ്റ്റർ വിഷയത്തിലും പ്രകടമായി കാണാവുന്നതേയുള്ളൂ.

അണികള്‍ക്കുവേണ്ടത് ആവേശം !

കുറെ ജാഥകൾ നടത്തിയതുകൊണ്ടോ, മണിച്ചിത്രതാഴിട്ട വാതിലിന്റെ മുന്നിൽ ഇരുന്ന് വിക്കിവിക്കി പത്രസമ്മേളനം നടത്തിയതുകൊണ്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ ഇട്ടതുകൊണ്ടോ അണികൾ പിന്നാലെ വരണമെന്നില്ല.

നല്ല ആവേശമുള്ള നിലപാടുകൾ എടുക്കുന്നവരുടെ പിന്നിലാണ് ഇന്നത്തെ ഒട്ടുമിക്കവാറും അണികൾ നിലകൊള്ളുന്നത്.

അത് മനസ്സിലാക്കാവുന്ന അത്യവശ്യം ബുദ്ധിയെങ്കിലും നേതാക്കന്മാർക്ക് ഇല്ലെങ്കിൽ ഈ പണികൾ അവസാനിപ്പിച്ചുകൊണ്ട് വേറെ ഏതെങ്കിലും വഴിക്ക് നീങ്ങുന്നതായിരിക്കും ബുദ്ധി.

എന്നും കോംപ്രമൈസുകളും അതുപോലെ സ്വന്തം കൂട്ടത്തിലുള്ളവരെ വെട്ടിമാറ്റിയും കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയും എത്ര നാൾ ഇങ്ങനെ രാഷ്ട്രീയം കളിക്കാം എന്നത് ഈ വക നേതാക്കന്മാരും മനസിലാക്കിയാൽ നന്നായിരുന്നു.

ആയുധങ്ങളേറെ ! അടിക്കാന്‍ ആളില്ല ?

ഇപ്പോൾ തന്നെ അതി കഠിനമായ പത്തോളം വിഷയങ്ങൾ ഭരിക്കുന്നവർക്കെതിരെയും, മുഖ്യമന്ത്രിക്കെതിരെയും, മുഖ്യമന്ത്രിയുടെ ഓഫീസുകൾക്കെതിരെയും, കൂടെ നടക്കുന്നവർക്കെതിരെയും, ഒരുവിധം എല്ലാ മന്ത്രിമാർക്കെതിരെയും എന്തിനധികം പറയുന്നു, ബഹുമാനപ്പെട്ട സ്പീക്കർക്കെതിരെയും വീണുകിട്ടിയിട്ടും അതൊന്നും മുതലാക്കി ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജയിപ്പിക്കുവാനാകാത്ത ഈ കോമ്പ്രമസ് നേതാക്കന്മാരെ മാറ്റി നിർത്തി ഇതിൽ ഏതെങ്കിലും ഒരു കേസ് മാത്രം ഭരിക്കുന്നവർക്കെതിരെ ആഞ്ഞടിക്കുവാൻ പറഞ്ഞാൽ കണ്ണൂരിന്റെ സുധാകരൻ ഒറ്റക്ക് ഈ അഴിമതി ഭരണക്കാരുടെ എല്ലാ അഹങ്കാരങ്ങളും മാറ്റി തരുമെന്ന് നമ്മുക്ക് വിശ്വസിക്കാം.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിമാരായിരുന്ന കരുണാകരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ഇടതുപക്ഷം നേരിട്ടിരുന്നത് എങ്ങനെയെന്ന് പഠിക്കണം.

അതിനുള്ള ചങ്കൂറ്റം ഇന്ന് ജീവിച്ചിരിക്കുന്നവരിൽ സുധാകരന് മാത്രമേ ഉള്ളൂ എന്നാരെങ്കിലും പറഞ്ഞാൽ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ അത് വിശ്വസിച്ചുപോകും.

ടിപി കേസില്‍ കണ്ണടച്ചപ്പോള്‍ !

ടിപി വിഷയം കേരളത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ കോഴിക്കോട്ടെയും കണ്ണൂരിലെയും സിപിഎം നേതാക്കൻമാരുടെ വീടുകളിൽ ശ്മാശാന മൂകതയായിരുന്നു.

പാർട്ടി ഓഫീസുകളിൽ ഒരെണ്ണത്തിനെയും കാണാറേയില്ലായിരുന്നു. മോഹനൻമാസ്റ്ററെ റോഡിൽ ഓടിച്ചിട്ട് പിടിച്ചപ്പോൾ പല കൊമ്പൻ സ്രാവുകളും മാളത്തിൽ കയറി ഒളിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രിമാർ ഇവരുടെ പേരിൽ നിന്നും കേസുകൾ ഒഴിവാക്കി കൊടുത്തപ്പോൾ തുടങ്ങിയതാണീ ശനിദശ കോൺഗസ്സ് പാർട്ടിക്ക്.

പിന്നെ അവരെല്ലാം പാതിന്മടങ് ശക്തിയോടെ വളർന്നു പൊങ്ങി. പിന്നീട് ഭരണം കിട്ടിയപ്പോൾ അന്നത്തെ പ്രശ്നങ്ങളിൽ നിന്നും വഴിത്തിരിക്കുവാൻ സ്വന്തം കൂടപ്പിറപ്പായ കോവളം എംഎൽഎ യെ അറസ്റ്റ് ചെയ്തപ്പോൾ ഇപ്പറഞ്ഞ പഴയ ആഭ്യന്തര മന്ത്രിമാരും നേതാക്കന്മാരും അണ്ണാക്കിൽ പിണ്ണാക്ക് തിരുകിയതുപോലെ മിണ്ടാട്ടം മുട്ടി.

അറസ്റ്റുകള്‍ കണ്ടുപഠിക്കട്ടെ ?

ആ വിഷയം ഇന്നത്തെ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഒരു പരീക്ഷണമായിരുന്നു. അന്നവർ മനസിലാക്കി ഇനി കേരളത്തിൽ ആരെ വേണെമെങ്കിലും അറസ്റ്റ് ചെയ്തു ജയിലിൽ അടക്കാം എന്നുള്ളത്.

അതിന്റെ ഫലമാണ് കളമശ്ശേരി എംഎൽഎയും ക്യാൻസർ രോഗിയുമായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതും ജയിലിൽ അടച്ചതും. അതുപോലെ മഞ്ചേശ്വരം എംഎൽഎയെ ചെയ്തതും.

അങ്ങനെ ജയിലിൽ ഇടണമെങ്കിൽ ഷൊർണൂർ എംഎൽഎ ശശി യെയും പഴയ അങ്കമാലി എംഎൽഎ ജോസ്തെറ്റയിലിനെയും അതുപോലെ പിവി അൻവറിനെയും ജലീലിനെയും ഒക്കെ എപ്പോഴേ ജയിലിൽ പിടിച്ചു ഇടണമായിരുന്നു.

ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് സുധാകരൻ എന്ന ചുണക്കുട്ടിയുടെ ആവശ്യം കേരളത്തിൽ കോൺഗ്രസ്സുകാർക്ക് അനിവാര്യമായി വരുന്നത്.

പ്രതിഭകളെ ഒതുക്കുന്നു

ഇപ്പോൾ ദിവസം ചെല്ലുന്തോറും കോൺഗ്രസ്സുകാരുടെ ആത്മവിശ്വാസം ചോർന്നുകൊണ്ടിരിക്കുകയാണ്. ലൈഫ് മിഷനെതിരെ ഒറ്റക്ക് പൊരുതിയ അനിൽ അക്കരെയെ പിന്തുണക്കുവാൻ ഒരു പരട്ട നേതാവിനെയും കാണുന്നില്ല.

സ്വർണ്ണകടത്തിലും അഴിമതികളിലും സമരം നടത്തി ഡിജിപി ഓഫീസ് പിക്കറ്റ് ചെയ്തശേഷം ഷാഫി പറമ്പിലിനും ശബരീനാഥിനും ഈ വക നേതാക്കന്മാരുടെ ശാസന കേട്ടതുപോലെ തോന്നുന്നു.

വിഡി സതീശൻ എന്ന ഒറ്റയാൾ പോരാളിയെ പല സ്ഥലത്തും ഒതുക്കി നിർത്തിയതുപോലെ സംശയിക്കുന്നു. ആണുങ്ങളെ പോലെ മറുപടി പറയുന്ന കെ മുരളീധരനെയും രാജ്മോഹൻ ഉണ്ണിത്താനെയും സ്വന്തം അണികളെകൊണ്ട് പ്രശനങ്ങൾ സൃഷ്ടിക്കുന്നു.

ശശി തരൂർ പോലെയുള്ള ജനകീയ ന്യു ജനനേതാക്കന്മാരെ ഗൗനിക്കുന്നതേയില്ല. വിടി ബലരാമിനും ഡോക്ടർ സരിനും ഒന്നും ഒരു പിന്തുണയും നൽകുന്നുമില്ല.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചാലോ ?

ഭരണം പിടിക്കണമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരനെ ഏൽപ്പിക്കുകയും, ഭരണ പരിഷ്കരണ ചെയർമാൻ പോലത്തെ ഒരുന്നത പോസ്റ്റ് ശശി തരൂരിന് നൽകുകയും മന്ത്രിമാരുടെ പേരുകളും വകുപ്പുകളും ചരിത്രത്തിലാദ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഐശ്വര്യ കേരള യാത്രയൊക്കെ നടത്തിയാൽ വേണമെങ്കിൽ ഭരണം പിടിച്ചെടുക്കാം.

ഇന്നത്തെ യുഡിഎഫ് സംവിധാനത്തിൽ ആരൊക്കെ മന്ത്രിയാകും ഏതൊക്കെ വകുപ്പുകൾ അവർ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിക്കുവാൻ കഴിഞ്ഞാൽ, (ഉദാഹരണമായി ധനവകുപ്പ് വിഡി സതീശൻ, ആരോഗ്യം ഡോക്ടർ എംകെ മുനീർ, വിദ്യാഭ്യാസം വിടി ബൽറാം, വ്യവസായം കുഞ്ഞാലിക്കുട്ടി, ടൂറിസം ശബരീനാഥ്, വൈദ്യുതി ഷിബു ബേബി ജോൺ, സാംസ്കാരികം സിപി ജോൺ, സ്പോർട്സ് യുവജനക്ഷേമം ഷാഫി പറമ്പിൽ) അതൊരു ചർച്ചാ വിഷയമാകുമായിരുന്നു.

അതുപോലെ ഷാനിമോളെപ്പോലെ പാർട്ടിക്കുള്ളിലെ ഒറ്റുകാരെ ആദ്യം ചെവിക്കു പിടിച്ചു പുറത്തിടുക.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ ചങ്കൂറ്റം പാർട്ടി കാണിച്ചപ്പോൾ 20 ൽ 19 അടിച്ചെടുത്തു. അവിടെയും ജനം തോൽപ്പിച്ചത് ഒരു ഒറ്റുകാരിയെയായിരുന്നു. അതുപോലെ കുറെ ഒറ്റുകാർ

എൽഡിഎഫിനും ബിജെപിക്കും ഇടയിൽ പാലം പണിതുകൊണ്ട് വിലസുന്നുണ്ട്.

അവരെയൊക്കെ ഇപ്പോൾ തന്നെ കണ്ടെത്തി അവർ എത്ര ഉന്നതൻ ആണെങ്കിലും പിടിച്ചു പുറത്തിടുവാനുള്ള ആർജ്ജവമുള്ള കെ സുധാകരനെ പാർട്ടിയുടെ അടുത്ത പ്രസിണ്ടന്റ് ആയിക്കാണണമെന്ന ആഗ്രഹത്തോടെ…

സുധാകരന്റെ വരവും കാത്തുകൊണ്ട് വിജയനും കെപിസിസി സെക്രട്ടറി സ്ഥാനം വേണ്ടെന്നു വെച്ച പാവം ദാസനും

 

 

dasanum vijayanum
Advertisment