സോഷ്യല്‍ മീഡിയ പറയുന്നു, മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ശശി തരൂര്‍ തന്നെ ! മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണനേടിയ നേതാക്കള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും എതിര്‍ക്കപ്പെടുന്ന നേതാക്കള്‍ വരെ ആരെന്നറിയാം. പിണറായിയുടെ തുടര്‍ഭരണ സാധ്യതകള്‍ ശുഷ്കമാക്കിയത് കൊച്ചാപ്പ, ചിറ്റപ്പന്‍, ഭാര്യമാര്‍, അനുജത്തിമാര്‍ – നിയമനങ്ങള്‍ ! – ദാസനും വിജയനും കണ്ടെത്തിയ സോഷ്യന്‍ മീഡിയ സര്‍വ്വെ ഇങ്ങനെ !

ദാസനും വിജയനും
Thursday, February 25, 2021

ഇനിയങ്ങോട്ട് സർവേ ഫലങ്ങളും അതുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളും വിലപേശലുകളും ഒക്കെയാണ്. എ മുതൽ ബി യും സീയും ഒക്കെ നടത്തിയ ഇതുവരെയുള്ള സർവേകളിൽ ഒന്നോ രണ്ടോ സർവേകൾ കുലുക്കികുത്തിൽ സത്യമായി ഭവിച്ചു എന്നല്ലാതെ ബാക്കിയൊക്കെ വെറും പൊള്ളയായ പ്രവചനങ്ങളായിരുന്നു.

പക്ഷെ നാട്ടിൻപുറങ്ങളിലെ ഉപ്പു പെട്ടിയിലും ചായക്കടകളിലും ഇരുന്നു ബീഡി വലിച്ചു ചില വിദ്വാന്മാർ പ്രവചിക്കുന്നത് അക്ഷരാർത്ഥത്തിൽ ശരിയായി ഭവിക്കാറുണ്ട്.

1984 ഡിസംബറിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകുന്ദപുരം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കേരളാ കോൺഗ്രസ്സിലെ കെ മോഹൻദാസ് ആന ചിഹ്നത്തിൽ മത്സരിച്ചപ്പോൾ അന്നത്തെ മാള മണ്ഡലത്തിൽപെട്ട കരൂപ്പടന്നയിൽ ജീവിച്ചിരുന്ന ജനാബ് അന്ത്രു ഉപ്പാപ്പ അവിടങ്ങളിലെ ചുമരുകളിൽ എഴുതി “മോഹൻദാസിൻറെ ആന 45000 വോട്ടുകൾക്ക് വിജയിക്കുമെന്ന് ”.

സംഭവം ശരിയായി, സ്വന്തം പിതാവിനെ പോലെ കരുതിയിരുന്ന കെ കരുണാകരനെ വരെ ഞെട്ടിച്ചുകൊണ്ട് കെ മോഹൻദാസ് 44385 വോട്ടുകൾക്ക് എംഎം ലോറൻസിനെ മുട്ടുകുത്തിച്ചു. അതുപോലെ പല തിരഞ്ഞെടുപ്പുകളിലും അന്ത്രുപ്പാപ്പ കേരളത്തിന്റെ സർവേ ഫലങ്ങളുടെ വക്താവായി.

രാഷ്ട്രീയം മരത്തില്‍ കണ്ട് വെള്ളാപ്പള്ളി !

പിന്നീട് നാം കണ്ട സർവേക്കാരൻ സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ മുതലാളിയായിരുന്നു. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 18 സീറ്റുകളിൽ വിജയം കൊയ്യുമെന്ന് വെള്ളാപ്പള്ളി പ്രവചിച്ചപ്പോൾ അദ്ദേഹത്തിന്റെ ആസ്ഥാന ശത്രുവായ വിഎം സുധീരൻ വരെ പുച്ഛിച്ചു തള്ളി.

അതേ സുധീരൻ വരെ ആലപ്പുഴയിൽ ഡമ്മിയിൽ തട്ടി തകർന്നപ്പോൾ വെള്ളാപ്പള്ളിയുടെ സർവേ ഫലം കേരളത്തെ ഞെട്ടിച്ചു. പിന്നീട് 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 72 സീറ്റുകൾ പ്രവചിച്ചുകൊണ്ട് വെള്ളാപ്പള്ളിയിലെ ചാത്തൻ ഉണർന്നപ്പോൾ അവിടെ വക്കം പുരുഷോത്തമൻ വെള്ളാപ്പള്ളിയുടെ ചാത്തന്മാരുടെ വീര്യം ശരിക്കും മനസ്സിലാക്കി.

1996 തിരഞ്ഞെടുപ്പിൽ അച്യുതാനന്ദൻ തോൽക്കും നായനാർ മുഖ്യമന്ത്രിയാകുമെന്ന് ദാസനും വിജയനും പ്രവചിച്ചിരുന്നു. അതുപോലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റുകൾക്ക് സാധ്യത യുഡിഎഫിന് കിട്ടുമെന്ന ലേഖനം എഴുതിയെങ്കിലും നാണം കെടേണ്ട എന്ന് കരുതി നമ്മുടെ പത്രാധിപർ അത് പൂഴ്ത്തിവെച്ചു.

ഇന്നിപ്പോൾ ദാസനും വിജയനും, എബിസി എന്ന ഒരു സർവേ ടീമുമായി ഓൺലൈനിലൂടെ സർവേ നടത്തിയപ്പോൾ കിട്ടിയ വിവരങ്ങളാണ് ഇവിടെ ഉൾക്കൊള്ളിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് മാസം മുതൽ ഓരോരോ മാസവും നടത്തിയ സർവേകളുടെ വിവരങ്ങളാകാം ഇനി പറയുന്നത്.

മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ തരൂര്‍ 38 %

ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും യോഗ്യൻ എന്ന ചോദ്യത്തിന് 38 ശതമാനം ആളുകളും ഏർക്കാട് സ്കൂളിൽ പഠിച്ച യുഎന്നിന്റെ സ്വന്തം ശശി തരൂരിനെ പിന്തുണച്ചപ്പോൾ 15 ശതമാനം ആളുകൾ ആരോഗ്യമന്ത്രി കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണുവാൻ ആഗ്രഹിച്ചു.

എങ്കിലും പിണറായി വിജയനെ 12 ശതമാനം പിന്തുണച്ചപ്പോൾ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പത്ത് ശതമാനം വീതം നേടിയപ്പോൾ പിണറായി വിജയന് പകരം വെക്കുവാൻ കെ സുധാകരനെ പത്ത് ശതമാനം ചെറുപ്പക്കാർ പിന്തുണച്ചു.

കൊങ്കൺ റെയിൽവേയുടെ പിതാവിനെ അഞ്ച് ശതമാനം പിന്തുണച്ചപ്പോൾ പ്രായമാണ് എല്ലാവരും അദ്ദേഹത്തിൽ കണ്ട ന്യുനത. മമ്മുട്ടിയെയും മോഹൻലാലിനെയും കുറച്ചു ആളുകൾ പിന്തുണച്ചപ്പോൾ വിടി ബാലറാമിനും വിഡി സതീശനും ആളുകളുടെ പിന്തുണ ഉണ്ടെന്നുള്ളത് മനസ്സിലാക്കി.

രാഹുലിനും മുഖ്യമന്ത്രിയാകാം ! 

രാഹുൽഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രി ആയാലോ എന്ന ചോദ്യത്തിന് 30 ശതമാനം ചെറുപ്പക്കാരും കൈ പൊക്കിയപ്പോൾ രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകട്ടെ എന്നും അവർ അഭിപ്രായപ്പെട്ടു. കുറച്ചു നാളത്തേക്കെങ്കിലും ആഭ്യന്തര മന്ത്രിസ്ഥാനം വിടി ബാലറാമിനോ ഷാഫി പറമ്പിലിനോ നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നു.

ആരൊക്കെ ജയിച്ചാലും വിരോധമില്ല, കെടി ജലീലും ശ്രീരാമകൃഷ്ണനും കെസി ജോസഫും ഗണേഷ്കുമാറും ജയിക്കരുത് എന്നാഗ്രഹിക്കുന്നവരും ഇല്ലാതില്ല. രാഷ്ട്രീയക്കാരിൽ ഏറ്റവും വെറുപ്പ് ആരോടെന്ന ചോദ്യത്തിൽ എംഎം ഹസൻ ഒന്നാമനായപ്പോൾ ഏഏ റഹീമും പിസി ചാക്കോയും കെസി ജോസഫും പിജെകുര്യനും കെവി തോമസ് മാഷും എംബി രാജേഷുമൊക്കെ ആ വെറുപ്പ് പങ്കുവച്ചു.

പാര്‍ട്ടിയില്‍ ഒന്നാമന്‍ പിണറായി !

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നതുകൊണ്ടും വീണ്ടും വീണ്ടും യു ടേൺ അടിക്കുന്നതുകൊണ്ടും പ്രശ്നങ്ങൾ വരുമ്പോൾ മറ്റുളളവരിൽ ചാരി രക്ഷപ്പെടുന്നതുകൊണ്ടും കുറ്റവാളികളെ സംരക്ഷിക്കുന്നതുകൊണ്ടും മാത്രമാണ് പലരും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി അംഗീകരിക്കാത്തത്.

കേരളത്തിന്റെ പൊതുവായ കാര്യങ്ങൾ എടുത്തുനോക്കിയാൽ ഇതുപോലെയുള്ള മുഖ്യമന്ത്രിമാരെയാണ് ആവശ്യം എങ്കിലും പാവങ്ങളുടെ കാര്യത്തിൽ യാതൊരു ആത്മാർത്ഥതയുമില്ല എന്നതാണ് പിണറായി വിജയനിൽ ജനം കാണുന്ന ന്യുനത.

ഓരോരോ പ്രദേശത്തെയും പ്രശ്നക്കാരെയും കേസുകളിൽ അകപ്പെട്ടവരെയും പണം മാത്രം ലക്ഷ്യം വെച്ചുള്ള സംരക്ഷണവും ധാർഷ്ട്യവും പിണറായിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയിൽ ഇടിവ് വന്നു എന്ന് പലരും കരുതുമ്പോൾ പാർട്ടി അനുഭാവികൾക്ക് ഇപ്പോഴും പിണറായിയോടാണ് മമത. പ്രത്യേകിച്ചും എൽഡിഎഫിനെ അനുകൂലിക്കുന്ന മുസ്ലിം ചെറുപ്പക്കാർക്ക് പിണറായിയാണ് എല്ലാം.

ചെന്നിത്തല കത്തിയെങ്കിലും തിളങ്ങാതെ പോയത് ?

രമേശ് ചെന്നിത്തല ഒരു ടീം പ്ലെയർ അല്ല എന്നതാണ് അദ്ദേഹത്തിന്റെ സാധ്യതകൾ ഇല്ലാതാക്കുന്നത്.

കേരളം കണ്ടതിൽ വെച്ചേറ്റവും അധികം അഴിമതികൾ ഓരോ നാളിലും കുത്തിപ്പൊക്കി പത്രസമ്മേളനം നടത്തിയപ്പോഴും ആ അഴിമതികളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയോ കൂടെ ഉള്ള ആളുകളുടെയോ പേരുകൾ പ്രതിപാദിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഉപദേശകർ എന്നൊക്കെ വിളിച്ചു കൂവിയപ്പോൾ മുഖ്യമന്ത്രി ഒരു ബലിയാടാവുകയായിരുന്നുവെന്ന് ജനത്തിന് തോന്നിപ്പോയോ എന്ന് സംശയം.

ശരിക്കും എല്ലാം മുഖ്യമന്ത്രിയുടെ കൂടെ അറിവോടെ ആയിരുന്നു എങ്കിലും ആ വിഷയം ജനങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുവാൻ ചെന്നിത്തലക്ക് ആയില്ല എന്നതാണ് അദ്ദേഹത്തിന്റെ ന്യുനത.

ഇതേ കാര്യങ്ങളിൽ ഒരു വിഷയം മാത്രം ഇടതുപക്ഷക്കാർക്ക് കിട്ടിയിരുന്നെകിൽ അവർ അതിനെ വലിയ ഒരു സംഭവമാക്കി മാറ്റുമായിരുന്നു പോലും !

അഴിമതി വിഷയങ്ങളെ പാർട്ടിയിലെ മറ്റുള്ള നേതാക്കളുമായി പങ്കുവെച്ചുകൊണ്ട് ജനകീയ വിഷയമാക്കി മാറ്റി അവതരിപ്പിക്കുന്നതിൽ ചെന്നിത്തല പരാജയപ്പെട്ടതുകൊണ്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പോറൽ ഏൽപ്പിക്കുവാൻ സാധിക്കാതിരുന്നത് എന്നാണ് യുഡിഎഫിന്റെ അനുഭാവിളുടെ അഭിപ്രായം.

മുഖ്യമന്ത്രിയുടെ ഒരു ഉപദേഷ്ടാവിന് സ്വർണ്ണക്കടത്തിൽ പങ്കുണ്ട് എന്ന് പറയുക അല്ലാതെ ആ ഉപദേഷ്ടാവ് ആരാണെന്നോ എങ്ങനെയാണു പങ്ക് എന്ന് ജനങ്ങളിൽ എത്തിക്കുവാനോ ചെന്നിത്തല മെനക്കെട്ടില്ല.

ഓരോരോ അഴിമതികളും അതാത് സ്വഭാവം വെച്ചുകൊണ്ട് പാര്‍ട്ടിയിലെ പ്രബലരെക്കൊണ്ടുകൂടി പറയിപ്പിക്കാതെ എല്ലാം ചെന്നിത്തല തന്നെ ആരോപിച്ചപ്പോൾ ഒന്നിനും കരുത്തില്ലാതെ എല്ലാം നിഷ്പ്രഭമായി. പാര്‍ട്ടി സഹായിച്ചതുമില്ല.

കരുത്തനായി ചെന്നിത്തല !

ഉദാഹരണമായി ഐശ്വര്യ കേരളയാത്ര കോൺഗ്രസ്സുകാർ വരെ പ്രതീക്ഷിച്ചതിലും വളരെ വമ്പിച്ച വിജയമായി പര്യവസാനിക്കുന്ന സമയങ്ങളിൽ ശബരിമല വിഷയങ്ങളും പിഎസ്‌സി വിഷയങ്ങളും പ്രതീക്ഷിച്ചതിലും നന്നായി കേരളത്തിൽ കത്തിപ്പടർന്നപ്പോൾ ആ വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തുകൊണ്ട് കടലിലെ മത്സ്യബന്ധനവിഷയം ഏറ്റുപിടിക്കാന്‍ കെ സുധാകരനെയോ ടിഎൻ പ്രതാപനെയോ പിടി തോമസിനെയോ ഒക്കെകൂടി ഏൽപ്പിക്കണമായിരുന്നു. എങ്കില്‍ അതുണ്ടായില്ല.

അമേരിക്ക ഇറാഖിൽ വർഷിച്ച കാർപെറ്റ് ബോംബുകൾ കണക്കെ എല്ലാം അവിടെയും ഇവിടെയുമൊക്കെയായി പൊട്ടി മൊത്തത്തിൽ എൽഡിഎഫിനെ തീരെ പ്രതിരോധം സൃഷ്ടിക്കാമായിരുന്നു.

പക്ഷെ ചെന്നിത്തല ആ വിഷയം അവതരിപ്പിച്ചപ്പോൾ മന്ത്രിവരെ പറയുകയുണ്ടായി അതൊരു ഉണ്ടായില്ല വെടിയാണെന്ന്. അതുകൊണ്ടാണ് പാർട്ടിയിലെ തന്നെ പല ചെറുപ്പക്കാർക്കും ചെന്നിത്തലയുടെ ആ ശൈലി ഇഷ്ടപ്പെടാതെ വരുന്നതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും ചെന്നിത്തലയെ നിർദ്ദേശിക്കാതിരിക്കുന്നതും. പക്ഷേ രമേശ് ചെന്നിത്തല ഇപ്പോള്‍ പഴയ നേതാവല്ല, അദ്ദേഹം കരുത്തനായി കൂടുതല്‍ ജനകീയനായി മാറിയിട്ടുണ്ട്.

അഴിമതിയും നിയമനങ്ങളിലെ സ്വജനപക്ഷപാതവും !

ഭരണം ആർക്ക് കിട്ടും എന്നുള്ള ചോദ്യത്തിന് യുഡിഎഫ് വരണം എന്നാണ് ഭൂരിപക്ഷം ആഗ്രഹിക്കുന്നത് എങ്കിലും അസൂയയും വിഭാഗീയതയും കൂടുന്നു എന്നതാണ് ഈ കാലഘട്ടങ്ങളിലെ മുഖ്യ വിഷയം എന്നും രാഷ്ട്രീയക്കാർ വിഭാഗീയത വളം വെച്ചുകൊടുക്കുന്നു എന്നും അവർ അഭിപ്രയപ്പെടുന്നു.

അതുകഴിഞ്ഞാൽ നമ്മുടെ നാടിനെ കാർന്നുതിന്നുന്നത് അഴിമതിയും സ്വജന പക്ഷ പാതവുമാണെന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. ഇളയച്ഛന്റെ മകനും കൊച്ചാപ്പന്റെ മോൾക്കും ഭാര്യമാർക്കും ഭാര്യയുടെ അനുജത്തിമാർക്കും പിൻവാതിലിലൂടെ ജോലി നൽകുന്നതിലാണ് ഏറ്റവും അധികം ചെറുപ്പക്കാർ പ്രതികരിച്ചത്.

കേരളചരിത്രത്തിൽ ഒരു മന്ത്രിസഭയിലെ മന്ത്രി നാലാം മാസത്തിൽ രാജിവെച്ചത് പിൻവാതിൽ നിയമനത്തിലൂടെ ആയിരുന്നു എന്നതും ഓരോരോ ഗ്രാമങ്ങളിലെയും പാർട്ടി സഖാക്കന്മാരുടെ ബന്ധുക്കൾ സർവീസ് സഹകരണ ബാങ്കുകളിലും അതുപോലെയുള്ള സ്ഥാപനങ്ങളിലും ജോലിക്ക് തിരുകി കയറ്റുന്നത് ജനത്തെ വെറുപ്പിക്കുന്നു.

ഇതെല്ലാം കണ്ടും കേട്ടും ഒരു മരവിച്ച മനസുമായാണ് കേരളത്തിലെ ഉദ്യോഗാർത്ഥികൾ ജീവിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി നടന്നുവരുന്ന ഒരു ആചാരമാണ് ഈ തിരുകി കയറ്റൽ. ഈ ഒരൊറ്റ വിഷയത്തിലാണ് യുഡിഎഫ് കേരളത്തിൽ ഭരണത്തിൽ കയറുക എന്നാണ് കുറെ ചെറുപ്പക്കാരുടെ അഭിപ്രായം.

ശബരിമല വിഷയത്തിൽ അധികം ആരും അഭിപ്രായം പറഞ്ഞില്ലെങ്കിലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആരും മുറിവേൽപ്പിക്കരുത് എന്ന് കുറെ അഭിപ്രായം വന്നു. എങ്കിലും മതങ്ങൾ ഇല്ലാത്ത നാടിനെയാണ് ഞങ്ങൾക്കാവശ്യം, മതം പറയാത്ത രാഷ്ട്രീയമാണ് ഞങ്ങൾക്കാവശ്യം എന്ന് ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ആഗ്രഹിക്കുന്നു.

കൊറോണ മതങ്ങളിൽ അടിമപ്പെട്ടവർക്ക് ഒരു പാഠം ആണെന്നും രാഷ്ട്രീയക്കാർ ഇതുകൊണ്ടൊന്നും പഠിക്കുവാൻ പോകുന്നില്ല എന്നും ഒരു കൂട്ടർ പറയുന്നു.

സ്ത്രീകളുടെ പേരിലുള്ള അതിക്രമങ്ങളും, വെഞ്ഞാറമ്മൂട് പോലത്തെ കൊലപാതകങ്ങളും ഷുവൈബ് അഭിമന്യു ശരത്ലാൽ കൃപേഷ് വിഷയങ്ങളും ഒക്കെ അവസാനിപ്പിക്കുവാൻ കൊമ്പൻ സ്രാവുകളെ തന്നെ പൂട്ടണം എന്നും കുറേയാളുകൾ വേദനയോടെ പ്രതികരിക്കുന്നു.

സെലിബ്രിറ്റികള്‍ രാഷ്ട്രീയത്തില്‍ വേണോ ? ഉത്തരമറിയാം !

ചാനലുകാരെയും സിനിമക്കാരെയും സാഹിത്യകാരന്മാരെയും രാഷ്ട്രീയത്തിൽ എടുക്കുന്നതിനോടും അവർക്ക് സീറ്റുകൾ നൽകുന്നതിനോടും ഏറെ പേര് എതിരാണെങ്കിലും കുറേയാളുകൾക്ക് അതിൽ വിരോധമൊന്നുമില്ല.

പക്ഷെ കെഎം ബഷീറിന്റെയും സംവിധായകൻ സച്ചിയുടെയും സോണി ഭട്ടതിരിപ്പാടിന്റെയും എസ്‌വി പ്രദീപിന്റെയും മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കുവാൻ ആരും തയാറാകുന്നില്ല എന്നതും വളരെ ഏറെ ചെറുപ്പക്കാരിൽ അസ്വസ്ഥത ഉണ്ടാക്കി എന്നതും ഈ സർവേയിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു.

എന്തൊക്കെ തന്നെയായാലും കിറ്റുകളും കെ ഫോണും ലാപ്ടോപ്പുകളും പണമൊഴുക്കും ഒക്കെ ഈ വക സർവേകളെയൊക്കെ ഇല്ലാതാക്കും എന്നറിയാവുന്നവർ കടലിനെ വിറ്റും ആഫ്രിക്കയിൽ സ്വർണ്ണം ഖനനം ചെയ്തും കേരളത്തിലെ വമ്പന്മാരായ മുതലാളിമാരിൽ നിന്നും നൂറു കോടി വീതം പിരിച്ചും ഡോളർ റിവേഴ്സ് ഹവാലയാക്കിയും എന്തിനധികം പറയുന്നു ഖുർആനിൽ വരെ സ്വര്‍ണക്കടത്ത് നടത്തിയും ഭരണം പിടിച്ചുനിർത്തുവാൻ കളിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യ ബോധത്തോടെ,

കടലിൽ വലവിരിക്കുവാൻ തയാറായി ദാസനും ആഫ്രിക്കയിലെ ഖനനസ്ഥലത്തുനിന്നും വിജയനും

 

 

×