മുപ്പതിനായിരം നുണകള്‍ പറഞ്ഞ ട്രംപ് മുതല്‍ നുണ ഫാക്ടറികളുടെ പ്രചാരകരായ മോദിയും പിണറായിയും വരെ നീളുന്ന ചക്രവര്‍ത്തിമാര്‍ ! ഇനി തെരെഞ്ഞെടുപ്പായി, നുണകളുടെ വരവായി… ! – ദാസനും വിജയനും

ദാസനും വിജയനും
Monday, March 1, 2021

നമ്മുടെ ഇന്നത്തെ ലോകത്തിന്റെയും ചെറുപ്പക്കാരുടെയും ഹരമായി മാറിയിരുന്ന ട്രമ്പണ്ണൻ ഇക്കഴിഞ്ഞ വർഷങ്ങളിൽ മൊത്തമായി 30573 നുണകൾ ജനങ്ങൾക്ക് മുന്നിൽ തള്ളിയിട്ടു എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിപ്പിക്കുന്നതുമായ പ്രഖ്യാപനങ്ങൾ 30573 തവണ ഇറക്കി എന്ന് പറയുമ്പോൾ ഒരു ദിവസം എത്രയെത്ര നുണകൾ, അതും അമേരിക്കയിൽ ?

വിവരവും വിദ്യാഭ്യസവും ഒക്കെ കണ്ടുപഠിച്ചവർ എന്ന് കരുതുന്ന അമേരിക്കക്കാർക്കിടയിൽ ഒരു നുണയന് വിലസുവാൻ ആയി എന്നത് നാം ഓരോരുത്തരും ഓർക്കേണ്ട വസ്തുതകൾ ആണ്.

പിന്നെ നമ്മുടെ പ്രണ്ട്, ട്രമ്പിന്റെ സ്വന്തം അണ്ണൻ മോദിയണ്ണൻ, കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ 43 പ്രാവശ്യം ജനങ്ങളോട് നുണകൾ അടിച്ചു വിട്ടു എന്നതും വിവരാവകാശ നിയമപ്രകാരം മനസിലാക്കുവാൻ സാധിച്ചു.

പക്ഷെ മോദിയണ്ണൻ അല്ലാതെ തന്നെ ഓരോരോ തിരഞ്ഞെടുപ്പ് റാലികളിലും പത്ത് നുണകൾ വീതം തള്ളിയിട്ടിരുന്നു എന്നാണ് എതിരാളികള്‍ പറയുന്നത്. ഓരോരോ ഇലക്ഷൻ റാലികളിലും ആ ഭാഗത്തിന് അനുസരിച്ചും അവിടത്തെ ജനങ്ങൾക്ക് അനുസരിച്ചും നുണകൾ ഉണ്ടാക്കി വിട്ടിരുന്നു. അതുപോലെ കാർമേഘം ഉള്ളപ്പോൾ വിമാനങ്ങൾക്ക് ബോംബിടാൻ നല്ലതാണ് എന്ന മണ്ടത്തരങ്ങൾ വേറെയും.

ഇവരുടെയൊക്കെ തലതൊട്ടപ്പനായ പിണറായി വിജയനാണ് നുണകളുടെ കാര്യത്തിൽ രാജാവും ചക്രവർത്തിയും. പ്രത്യേക ലാഘവത്തോടെ പ്രത്യേക സംസാര ശൈലിയിലൂടെ കേരള ജനതക്ക് മുന്നിൽ നുണകളുടെ സംസ്ഥാന സമ്മേളനമാണ് അദ്ദേഹം കാലാകാലങ്ങളായി നടത്തി പോന്നുകൊണ്ടിരിക്കുന്നത്.

ഈ ഭരണത്തിൽ കയറിയതിനുശേഷം എത്രയെത്ര നുണകളാണ് ആ മനുഷ്യൻ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചതും അതുപോലെ പ്രവർത്തികമാക്കിയതും.

അതൊക്കെ വിശ്വസിച്ചുകൊണ്ട് ഏറാൻ മൂളികളാകുവാൻ കുറെ പാവപ്പെട്ട അണികളും അതുപോലെയുള്ള പാവപ്പെട്ട മന്ത്രിമാരും എംഎൽഎമാരും. ഇവിടെ എന്തോന്ന് സമ്പൂർണ്ണ സാച്ചരത ?

ഇടുക്കി പാക്കേജ് 12000 കോടി, അതേ ഇടുക്കിക്ക് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 5000 കോടി, വയനാടിന് 10000 കോടി, കോവിഡ് പായ്ക്കേജ് 20000 കോടി കൂടാതെ
ഒരിക്കലും നടപ്പിലാക്കുവാൻ സാധിക്കാത്ത തുരങ്കപാതയും, നല്ലപ്പം സമയത്ത് സമരം നടത്തി ഇല്ലാതാക്കിയ ദേശീയ ജലപാതയും നാഷണൽ ഹൈവേ വീതികൂട്ടലും, അതുപോലെ സ്വർണ്ണക്കടത്തിൽ സ്വന്തം വലം കൈകളും ഇടം കൈകൾക്കുമുള്ള ബന്ധങ്ങൾ, ലൈഫ് മിഷനിലെ തട്ടിപ്പ്, സ്പ്രിങ്ക്ലർ അഴിമതിക്കഥകൾ, ബെവ്ക്യു ആപ്പിന്റെ കളികൾ, ട്രാൻസ്പോർട്ട് ബസ്സിന്റെ തട്ടിപ്പ്, ആയിരക്കണക്കിന് പിഎസ്‌സി ഉദ്യോഗാർത്ഥികളെ വഴിയാധാരമാക്കിയുള്ള നിയമനങ്ങൾ അങ്ങനെ അങ്ങനെ അറബിക്കടലിലെ സോമാലിയൻ തട്ടിപ്പുകൾ വരെ പുറത്തു വന്നപ്പോൾ ആദ്യം നുണകളിലൂടെ തലയൂരുവാൻ ശമിച്ചു. പിന്നെ എല്ലാം യു ടേൺ ആക്കി മാറ്റുകയും ചെയ്തു.

ശരിക്കും നുണകൾ പറയുവാനും അതിനെ അടിച്ചേൽപ്പിക്കുവാനും ഇവരൊക്കെ ഉപയോഗിച്ചിരുന്ന ടൂളുകൾ വാട്സാപ്പും ഫേസ്ബുക്കും ട്വിറ്ററുമൊക്കെയാണ്.

അവസാനം അമേരിക്കയിൽ നുണകൾ അധികരിച്ചപ്പോൾ ട്രമ്പിന്റെ നുണകൾ സഹിക്കവയ്യാതായപ്പോൾ നുണ ഫാക്ടറികളായ ട്വിറ്ററും വാട്സാപ്പുമൊക്കെ ട്രമ്പിനെ പുറത്തേക്ക് വലിച്ചെറിയേണ്ടിവന്നു.

ശരിക്കും പറഞ്ഞാൽ ഇന്ത്യയിൽ ഈ ട്വിറ്ററും സോഷ്യൽ മീഡിയ ഒക്കെ എത്തിച്ചത് ശശി തരൂർ ആണെങ്കിലും കോൺഗ്രസ്സുകാരുടെ അസൂയയയിൽ കുടുങ്ങി ഇക്കഴിഞ്ഞ യുപിഎ ചെയ്ത നല്ല കാര്യങ്ങൾ വരെ ജനങ്ങളിൽ എത്തിക്കുന്നതിൽ യുപിഎ പരാജയപ്പെട്ടു.

ആ സമയത്താണ് ആർഎസ്എസ് ബിജെപി സോഷ്യൽ മീഡിയയിൽ ശ്രദ്ധ ചെലുത്തുന്നതും വാട്സാപ്പ് ട്വിറ്റർ നുണ ഫാക്ടറികൾ ഇന്ത്യയിൽ സംഹാരതാണ്ഡവം ആടുകയും ചെയ്തത്. അതിന്റെ ഗുണഭോക്താക്കളാണ് ഇന്നിപ്പോൾ ഇന്ത്യ ഭരിക്കുന്ന മോദിജിയും അമിത്ഷാജിയും.

ജീവിതത്തിൽ ഒരിക്കലും ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കോ അമേരിക്കയിലേക്കോ വരെ പോകാനാകാതെ കുടുങ്ങി നിന്നിരുന്ന മോഡിജി ഇന്നിപ്പോൾ ലോകയാത്രയിൽ പഴയ നമ്മുടെ പ്രസിഡണ്ടിനെ വരെ പിന്നിലാക്കി.

അമേരിക്ക എന്നത് രാവിലെ ചായ കുടിക്കുവാൻ പോകുന്ന സെറ്റപ്പിലും ആക്കി. ഇതിന്റെയൊക്കെ നന്ദി മോദിജി പറയേണ്ടത് വാട്സ്ആപ്പ് നുണ ഫാക്ടറികളോടും യുണിവേഴ്സിറ്റികളോടുമൊക്കെയാണ്.

ഇതൊക്കെ ഇന്നിപ്പോൾ ഇവിടെ പറയുവാൻ കാരണം രാഹുൽ ഗാന്ധി കൊല്ലത്തെ കട്ടപ്പുറത്തുനിന്നും ഇറക്കിവിട്ട ഒരു വാർത്തയെ അടിസ്ഥാനമാക്കി മാത്രമാണ്. മത്സ്യ തൊഴിലാളികൾക്ക് സ്വന്തമായി ഒരു മന്ത്രിയും ഒരു വകുപ്പുമൊക്കെ ഡൽഹിയിൽ ഉണ്ടാക്കുമെന്ന് രാഹുൽ തട്ടി വിട്ടപ്പോൾ കുറെ പേര് അതിന്മേൽ പിടിച്ചു തൂങ്ങി.

അവർക്കൊന്നും മറുപടി കൊടുക്കാതെ രാഹുൽ കടലിൽ നീന്തിക്കളിക്കുവാൻ പോയി.
ഇതൊക്കെത്തന്നെയാണ് ട്രമ്പും മോഡിയും ഇവിടെ പിണറായിയും കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

അതിപ്പോൾ രാഹുൽഗാന്ധി ഏറ്റെടുത്തപ്പോൾ പഴയ നുണക്കാർക്കൊക്കെ മനസമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരിപ്പോൾ എല്ലാ നുണയന്മാരും ചേർന്ന് രാഹുലിന്റെ മേലെ വട്ടമിട്ട് പറക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നുണ ഫാക്ടറികൾ വിഭാവനം ചെയ്ത പുറ്റിങ്ങൽ വെടിക്കെട്ടപകടവും പെരുമ്പാവൂർ ജിഷയുടെ കൊലയും ഒക്കെ കുറെ പേർക്ക് ഗുണം ചെയ്തു.

ആഭ്യന്തര മന്ത്രിയും ഡിജിപിയും ബുദ്ധിപരമായി കാര്യങ്ങൾ നീക്കിയതുകൊണ്ട് കേരളത്തിൽ വലിയൊരു കലാപം ഇല്ലാതായി. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നയുടൻ ബിജെപി നേതാവ് ട്വിറ്ററിൽ വിദ്വേഷ പ്രചരണം നടത്തി. അതിനെ നുണ ഫാക്ടറികൾ ഏറ്റെടുത്തു എങ്കിലും കേരളത്തിൽ കാര്യമായി ഏറ്റില്ല. ആ നേതാവ് അപ്പോൾ തന്നെ ആ പോസ്റ്റിനെ മുക്കുകയും ചെയ്തു.

അതുപോലെ പെരുമ്പാവൂരിൽ സമാനമായ കൊലപാതകവും നുണ ഫാക്ടറികൾ ഏറ്റെടുത്തു. സിപിഎമ്മിന് കാര്യങ്ങൾ ഗുണവും പെരുമ്പാവൂർ എംഎൽഎക്ക് ദോഷവും ചെയ്തു.

ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന ചില വീഡിയോകളും പ്രസംഗങ്ങളും വാർത്തകളും കേട്ടാൽ മനുഷ്യന്റെ രക്തം തിളച്ചു മറിയും.

ചിലപ്പോൾ തോന്നും ആർഎസ് എസിനും എസ്ഡിപിഐ ക്കും വേണ്ടി ഒരേ ടീം തന്നെയാണ് ഈവക പോസ്റ്ററുകളും വീഡിയോകളും ഉണ്ടാക്കുന്നത് എന്ന്.

മനുഷ്യനെ പച്ചക്ക് പിച്ചി ചീന്തുവാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളാണ് ഓരോരുത്തരും ഇറക്കി വിടുന്നത്. ഈ നുണ ഫാക്ടറികളിൽ സിപിഎമ്മും വലിയ മോശകക്കാരൊന്നുമല്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെ സിപിഐഎമ്മിന്റെ നേതാക്കന്മാർ അടങ്ങിയ മുഖ്യ ഗ്രൂപ്പുകളിലെ വിഷയവും ഈ വർഗീയ ചേരിതിരിവുകൾ തന്നെ.

ഈയിടെ ആലപ്പുഴയിലെ ചേർത്തലയിൽ വയലാറിലെ സംഘർഷത്തിന്റെ കാരണവും ഈ വാട്സാപ്പ് നുണ ഫാക്ടറികളുടെ സംഭാവനകളാണ്. ഇക്കളികൾ ആര് കളിച്ചാലും അവരെ വെറുതെ വിടരുത് , അത് എത്ര ഉന്നതനായാലും ഉന്നതന്റെ മകനായാലും !!!

എന്തായാലും വാട്സാപ്പ് സംസ്കാരവും ഫേസ്ബുക്ക് സംസ്കാരവും ഒക്കെ കേരളത്തിന്റെ പൊതുവായ സമാധാനത്തെ നശിപ്പിച്ചു കഴിഞ്ഞു, ഇനിയെങ്കിലും ഇക്കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഈ വക ഗ്രൂപ്പുകളിൽ നിന്നും പുറത്തുചാടുകയും മനുഷ്യൻ മനുഷ്യനായി ജീവിക്കുവാനും ശ്രമിക്കുക.

മതങ്ങളില്ലാത്ത ഒരുനാടിന്നായി പ്രാര്‍ത്ഥിച്ചുകൊണ്ട് സഖാവ് ദാസനും നുണ ഫാക്ടറികളിൽ നിന്നും രക്ഷനേടിക്കൊണ്ട് കാര്യവാഹ് വിജയനും

 

 

 

 

×