പെണ്‍മക്കളുടെ വിവാഹത്തിലെ ജാഗ്രത പെണ്ണുകാണല്‍ ചടങ്ങു മുതല്‍ ആരംഭിക്കണം. ബ്രോക്കര്‍മാരുടെയും മാട്രിമോണി സൈറ്റുകളിലെ തള്ളലുകളും വിശ്വസിക്കരുത്. ചെറുക്കന്‍റെ വീട്ടില്‍ വരുത്തുന്ന മാഗസിനുകളിലൂടെ വരെ അവരുടെ സ്വഭാവം വിലയിരുത്താനാകും. വിവാഹം കഴിഞ്ഞാല്‍ പെണ്‍കൊച്ചിന്‍റെ അമ്മായിയമ്മയെ മാത്രമല്ല പെണ്ണിന്‍റെ അമ്മയുടെ നാവും സൂക്ഷിക്കണം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമേ പെണ്‍മക്കളെ ‘കൊലയ്ക്ക് ‘ കൊടുക്കൂ എന്ന നിര്‍ബന്ധവും അരുത് – മാതാപിതാക്കള്‍ക്കായി ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Tuesday, June 22, 2021

”സേവ് ദ ഡേറ്റ് ” ആയിരുന്നു ഇക്കഴിഞ്ഞ സീസണിലെ കേരളത്തിലെ ട്രെൻഡ് . അന്ന് തീയതി സേവ് ചെയ്തവരും അതിൽ പങ്കാളികൾ ആയിരുന്നവരുമായ പെൺകുട്ടികളിൽ ചിലരുടെ ദാരുണമായ മരണങ്ങളാണ് ഇന്നിപ്പോൾ കേരളത്തിലെ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്.

”സേവ് ദ ഡേറ്റ് ഫോർ ഡെത്ത് ” എന്നാണ് അന്നവർ കുറിച്ചത് എന്നത് മനസിലാക്കാതെ പാവം പെൺകുട്ടികൾ ജീവിതം ആരംഭിച്ചുവെങ്കിലും ചില ആൺപിള്ളേരുടെയും അവരുടെ വീട്ടുകാരുടെയും ആക്രാന്ത മനോഭാവങ്ങളിൽ ഈ പാവം പെൺകുട്ടികൾ തല വെച്ച് കൊടുക്കുകയാണെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല.

ചില പെൺകുട്ടികളുടെ വീട്ടുകാർ ആൺകുട്ടികളെ വിലക്ക് വാങ്ങുമ്പോൾ ചിലപ്പോൾ അവരും സ്വാഭാവികമായി വിലപേശാതിരിക്കാറില്ല.

പക്ഷെ ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിൽ ഈ സ്ത്രീധന മരണങ്ങൾ കൂട്ടിക്കൊണ്ടിരിക്കുന്നത് എന്നത് കാണുമ്പോൾ ഇക്കാലമത്രയും നടന്നിരുന്ന വിവാഹമോചനങ്ങൾ ആരും ശ്രദ്ധിച്ചുകാണില്ല.

ഇക്കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ ആയിരക്കണക്കിന് വിവാഹ മോചനങ്ങളാണ് നടന്നത്. ജീവനുള്ള ഒരു വസ്തുവിന്റെ മുന്നിൽ വെച്ച് പറയുവാൻ പാടില്ലാത്ത ഒരു വാക്കാണ് വിവാഹമോചനം എന്നൊക്കെ വേദ ഗ്രന്ഥങ്ങളിൽ എഴുത്തപ്പെട്ടിട്ടുണ്ടെങ്കിലും വെറും പല്ലു പറിച്ചു കളയുന്നതുപോലെയാണ് വിവാഹമോചനങ്ങൾ കേരളത്തിൽ
നടന്നുകൂട്ടിയത്.

ഒരു കാലഘട്ടത്തിൽ ഗൾഫുകാർക്കും അമേരിക്കകാർക്കും വിവാഹ കമ്പോളത്തിൽ വലിയ മാർക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോളത്തെ അവസ്ഥയിൽ അവരുടെയൊക്കെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞു.

പകരമായി നാട്ടിലെ പ്യുണിന് വരെ വലിയ വിവാഹ മാർക്കറ്റ് സംജാതമായപ്പോൾ സർക്കാർ ജോലിയുള്ള ആൺപിള്ളേർക്കും അവരുടെ അച്ഛനമ്മമ്മാർക്കും വലിയ അഹങ്കാരം ഉടലെടുക്കുകയായിരുന്നു.

ഗൾഫുകാരൻ ഒരു പെണ്ണുകെട്ടിയാൽ എങ്ങനെയെങ്കിലും പെണ്ണിനെ ഗൾഫിലെത്തിച്ചാൽ പിന്നെ അടിയും ഇടിയുമൊക്കെ ജീവിതത്തിൽ തുടരുമെങ്കിലും പിന്നെ അതൊക്കെയായി രണ്ടുകൂട്ടരും പൊരുത്തപ്പെട്ടു പോകുകയായിരുന്നു.

നാട്ടിലെ സർക്കാർ ജോലിയുള്ള മകനെ അച്ഛനമ്മമാർ ഭാര്യവീട്ടുകാർക്ക് തീറെഴുതി കൊടുക്കുമ്പോൾ അവരും കുറെ സ്വപ്‌നങ്ങൾ മെനഞ്ഞെടുക്കും. ആ സ്വപ്‌നങ്ങൾക്ക് വിഘാതം സംഭവിക്കുന്നത് ചെക്കന്റെ ബന്ധുക്കളുടെ ചോദ്യങ്ങൾ ഉയരുമ്പോഴാണ്.

മരുമോൾക്ക് എത്ര കിട്ടി അല്ലെങ്കിൽ ഏത് ബ്രാൻഡ് കാറാണ് അവർ കൊടുത്തത് എന്നൊക്കെ കുടുംബക്കാരിൽ ചിലർ അന്വേഷിക്കുമ്പോൾ അതും ഒരു സോഷ്യൽ സ്റ്റാറ്റസായി കണ്ടുകൊണ്ട് ദേഷ്യം മുഴുവൻ പെണ്ണിന്റെ മേൽ ചൊരിയുമ്പോൾ അതൊരു സ്ത്രീധന പ്രശ്നമായി ഉയരുന്നു.

അടുത്ത ബന്ധുക്കൾക്ക് സ്ത്രീധനം കിട്ടിയ കഥകളും അയൽവക്കത്തെ പെണ്ണിന് കൊടുത്ത കഥകളുമൊക്കെ കേട്ടുകൊണ്ട് അമ്മായിയമ്മമാർ ചൊറിച്ചിൽ ആരംഭിക്കും.

അതിനൊക്കെ പുറമെ കേരളത്തിലെ ഒട്ടുമിക്ക വിവാഹമോചനങ്ങൾക്കും കാരണക്കാർ ചെക്കന്റെ അമ്മയേക്കാൾ പെണ്ണിന്റെ അമ്മയാണ് കാരണം എന്നാരെങ്കിലും പറഞ്ഞാൽ തള്ളിക്കളയുവാനാകില്ല.

പെണ്ണിന്റെ അമ്മമാരുടെ പൊങ്ങച്ചസഞ്ചി തുറക്കുമ്പോൾ , നൂറു പവൻ കൊടുത്ത സംഭവം അവർ ഇരുനൂറ് പവനാക്കി തള്ളിമറിക്കുമ്പോൾ അവിടെ പെട്ടുപോകുന്നത് പാവപ്പെട്ട സ്വന്തം മകളാണ് എന്നുള്ളത് ഒരമ്മയും ചിന്തിക്കാറില്ല.

ഇപ്പോഴത്തെ ന്യുക്ലിയർ കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പെണ്ണിന്റെ അമ്മമാർ തന്നെ. ആ അമ്മമാരുടെ വിവാഹ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ വെച്ചുകൊണ്ട് മുൻവിധിയോടെ പെരുമാറുമ്പോൾ നഷ്ടമാകുന്നത് അവരുടെ മകളുടെ ഭാവിയാണെന്ന് ആരും ഓർക്കാറില്ല, ഓർത്താലും അത് സമ്മതിക്കാറില്ല.

പണ്ടൊക്കെ നാലും അഞ്ചും മക്കളുള്ള വീട്ടിലെ പെൺപിള്ളേരെ കെട്ടിച്ചുവിട്ടാൽ, അവർക്കെന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ സംഭവിച്ചാൽ താഴെയുള്ള പെൺമക്കളുടെ ഭാവിയെ ഓർത്തെങ്കിലും പെണ്ണിന്റെ വീട്ടുകാർ കാര്യങ്ങൾ സോൾവ് ചെയ്തുകൊണ്ട് കൊണ്ടുപോകുക പതിവായിരുന്നു.

ഇന്നിപ്പോൾ ചെറിയ ചെറിയ വിഷയങ്ങളെ വരെ ഊതിപ്പെരുപ്പിച്ചുകൊണ്ട് അവർ സ്വന്തം മക്കളെ വിവാഹമോചനത്തിലേക്കും ആത്മഹത്യയിലേക്കും വഴിവിട്ട മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലേക്കും നയിക്കപ്പെടുന്നു.

ഇതുവരെ ഒരു അച്ഛനും അമ്മയും വിവാഹമോചനം ചെയ്തിട്ടില്ല ഒരു അച്ഛനും അമ്മയും ആത്മഹത്യാ ചെയ്തിട്ടില്ല. അക്കാര്യത്തിൽ അവരൊക്കെ സ്വാർത്ഥന്മാരാണെന്ന് പറയാതെ വയ്യ.

പിന്നെ സംഭവിക്കുന്നത് അസൂയയിൽ നിന്നും ഉരുത്തിരിയുന്ന കാര്യങ്ങളാണ്.

സ്വന്തം മകളും അല്ലെങ്കിൽ മകനും പുതു കല്യാണമൊക്കെ കഴിച്ച് അത്യാവശ്യം നല്ല സദ്യയും വിവാഹപാർട്ടിയും ഫോട്ടോഷൂട്ടും ഒക്കെ നടത്തുമ്പോഴും ഹണിമൂൺ ആഘോഷിക്കുവാൻ കുളു, മണാലി, സിങ്കപ്പൂർ, ദുബായ് ലണ്ടൻ യൂറോപ്പ് അങ്ങനെയിങ്ങനെ ഒക്കെ കറങ്ങുമ്പോൾ ജീവിതത്തിൽ ഇതുവരെ കൊച്ചിയും തിരുവനന്തപുരവും ഡൽഹിയും ഒക്കെ നേരാം വണ്ണം കാണാതെ മിഥുനം സിനിമയിലേതുപോലെ ഹണിമൂൺ യാത്രകൾ ചെയ്ത അമ്മമാർക്കും അച്ചന്മാർക്കും സ്വന്തം മക്കളോടും അസൂയ വന്നാൽ അത്ഭുതപ്പെടേണ്ടതില്ല.

പെണ്ണുകാണാൻ പോകുമ്പോഴും, അല്ലെങ്കിൽ ചെക്കന്റെ വീടുകാണാൻ വരുമ്പോഴും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ.

ആദ്യം അവിടെ സന്നിഹിതരായിരിക്കുന്ന ആളുകളെ പഠിക്കുക , അവരുടെ കാര്യങ്ങൾ മനസിലാക്കുക, ആ വീട്ടിൽ വരുന്ന ന്യുസ്‌പേപ്പറും മാഗസിനുകളും അവരുടെ കൂട്ടുകെട്ടുകളും എല്ലാം മനസ്സിലാക്കി നല്ല കുടുംബത്തിൽ പിറന്നവരാണെന്നും സമൂഹത്തെ ഭയപ്പെടുന്നവരാണെന്നുമുള്ളതൊക്കെ മെല്ലെ മെല്ല മനസിലാക്കുവാൻ ശ്രമിക്കുക.

ബ്രോക്കർമാരുടെ വാക്കുകൾ അപ്പാടെ വിശ്വസിക്കാതിരിക്കുക. മാട്രിമോണി സൈറ്റുകളിൽ തള്ളി മറിച്ചതൊക്കെ സത്യമാണോ എന്നും അന്വേഷിക്കുക. അമിത വിനയം കാണിക്കുന്നവരെ സൂക്ഷിക്കുക . പരമാവധി പൊങ്ങച്ചം പറയുന്നവരിൽ നിന്നും ഓടിപ്പോരുക.

കേരളത്തിൽ പൊതുവായി ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാക്കാം , കുടുംബങ്ങൾ ഒന്നടങ്കം ആത്മഹത്യാ ചെയ്ത വാർത്ത വായിച്ചുകഴിഞ്ഞാൽ പിന്നെ ഒരാഴ്ച സമാനമായ കുറെ ആത്മഹത്യകൾ കാണുവാൻ സാധിക്കും.

ഒരു വലിയ വാഹനാപകടം നടന്നാൽ സമാനമായ വാഹനാപകടങ്ങൾ ആ ആഴ്ച്ചയിൽ തന്നെ സംഭവിച്ചിരിക്കും. എന്നതുപോലെ രണ്ടു നാളുകൾക്കുള്ളിൽ മൂന്നോളം പെൺപിള്ളേരാണ് സ്ത്രീധനത്തിന്റെ പേരിൽ ജീവനോടുക്കിയിരിക്കുന്നത്.

നമ്മൾ വലിയ സംസ്കാര സമ്പന്നരാണ്, ഒടുക്കത്തെ വിവരമുള്ളവരാണ്, എല്ലാം അറിയുന്നവരാണ്, സാക്ഷരത വളരെ കൂടുതലുള്ളവരാണെന്നൊക്കെ പറഞ്ഞാലും ആത്മഹത്യയുടെ കാര്യത്തിൽ ലോകത്തിൽ വളരെ മുന്നിൽ ആന്നെന്നുള്ളതാണ് വാസ്തവം.

ഇനിയും സർക്കാർ ജോലിനോക്കി പെൺപിള്ളേരെ കൊലക്ക് കൊടുക്കാതിരിക്കട്ടെ എന്ന് മാത്രം ഉപദേശിച്ചുകൊണ്ട്,

മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു !!!

സ്വന്തം മക്കളുടെ കാര്യമോർത്ത് ദുഃഖിച്ചുകൊണ്ട് അച്ഛൻ ദാസനും
ആർത്തിയില്ലാത്തവർക്കേ മകളെ കൊടുക്കൂ എന്ന ദൃഢനിശ്ചയത്താൽ അച്ഛൻ വിജയനും

×