ഈ പോക്ക് പോയാല്‍ നമ്മുടെ നാടിന്‍റെ അവസ്ഥ ഗ്രീസും പോര്‍ട്ടുഗലും സ്പെയിനുമൊക്കെ പോലെയാകും. ഒപ്പം ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍ വേര്‍തിരിവും രൂക്ഷമാകും. ലോകത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ പുതുതലമുറ മനസിലാക്കിയാല്‍ നാട് രക്ഷപെടും – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Wednesday, June 23, 2021

നാം വിചാരിക്കും കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരാണ്, ഇന്ത്യ ഭരിക്കുന്നത് എൻഡിഎ സർക്കാരാണ് എന്നൊക്കെ. അങ്ങനെയൊക്കെ ആയിരുന്നു ഒരു കാലഘട്ടം വരെ. പക്ഷെ ഇന്നത്തെ ഈ കാലഘട്ടത്തിൽ നാമൊന്നും കാണാത്ത നമ്മുക്കൊന്നും അറിയാത്ത ചില അദൃശ്യ ശക്തികളാണ് ഈ ലോകം മുഴുവൻ ഭരിക്കുന്നത്.

അക്കൂട്ടത്തിൽ നമ്മുടെ നാടും നമ്മളറിയാതെ പെട്ടുപോയെന്നേയുള്ളൂ. അതിപ്പോൾ ഭരണം കയ്യാളുന്നവർ അറിയണമെന്നില്ല, അഥവാ അറിഞ്ഞാലും അവർക്കതിനെ പ്രതിരോധിക്കുവാനും ആകണമെന്നില്ല.

കൺസൾട്ടൻസി കമ്പനികൾ എന്ന പേരിലും അഡ്വൈസറി കമ്പനികൾ എന്ന പേരിലും അവർ മെല്ലെ മെല്ലെ കടന്നുകൂടുകയായിരുന്നു.

അമേരിക്കയിൽ തുടങ്ങിവെച്ച പരീക്ഷണങ്ങൾ യുറോപ്പിലുടനീളം പ്രാവർത്തികമാക്കി ഏഷ്യയിലും മിഡിൽ ഈസ്റ്റിലും വേരുകൾ ഉറപ്പിച്ചപ്പോൾ അവരുടെ അജണ്ടകൾ നടപ്പിലാക്കാതെ വയ്യ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു.

അമേരിക്കയെ അവരെപ്പോഴും ഒരു പരീക്ഷണ ശാലയായിട്ടാണ് കണക്കാക്കാക്കിയിരുന്നത്. അതിൽ നിന്നും വേറിട്ടാണ് ട്രമ്പിനെ അവിടേക്ക് എഴുന്നള്ളിച്ചത്.

അതിന്റെ പിറകിൽ ലോകത്തിലെ ഒന്നാംകിട ബുദ്ധിസാമ്രാട്ടായ പുട്ടിൻ ആയിരുന്നു. പക്ഷെ പുട്ടിനെ പിന്തള്ളിക്കൊണ്ട് വീണ്ടും ആ ലോബി അമേരിക്കയിൽ തിരിച്ചെത്തുകയായിരുന്നു.

യൂറോപ്പിനെ പലരീതിയിലും പരീക്ഷണങ്ങൾ നടത്തി നടത്തി, കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതായി എന്ന അവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നു.

ഇറ്റലിയും, സ്പെയിനും, പോർച്ചുഗലും, അയർലണ്ടും, ഗ്രീസും, സൈപ്രസും, സ്കോട്ട്ലൻഡും ഭരണകർത്താക്കളുടെ ഈ കളികളിൽ ഞെരിഞ്ഞമർന്നപ്പോൾ ആ രാജ്യങ്ങളിൽ പലതും പട്ടിണിയിലേക്ക് അമർന്നിരിക്കുന്നു.

ഒരു കാലത്ത് ലോകം ഭരിച്ചിരുന്ന ഈ രാജ്യങ്ങൾ ഇന്നിപ്പോൾ കൈനീട്ടുവാൻ ആരംഭിച്ചിരിക്കുന്നു. അവിടത്തെ എല്ലാ നന്മകളെയും നേരത്തെ പറഞ്ഞ ആ കൂട്ടർ കറന്നെടുത്തുകൊണ്ടു ആ രാജ്യങ്ങളെ ചണ്ടിയാക്കിയിരിക്കുകയാണ്.

ചൈനയിലും കൊറിയയിലും കമ്മ്യുണിസമാണ് ഭരിക്കുന്നത് എങ്കിലും മാവോ സേതുങ്ങിന്റെ പേരിൽ അവിടെയും ഇക്കൂട്ടർ പിടിമുറുക്കി കഴിഞ്ഞു. ഗ്ലാസ്സ്‌നോസ്ത് പെരിസ്ത്രോയിക്ക എന്ന പേരിൽ റഷ്യയെ ഛിന്നം ഭിന്നമാക്കിയ ഇവർ ജപ്പാനെ എപ്പോഴേ കൈക്കുള്ളിൽ ആക്കി കഴിഞ്ഞിരിക്കുന്നു. ജപ്പാൻ നിർമ്മിത പല കാറുകളുടെയും ഉടമസ്ഥന്മാർ ഇക്കൂട്ടരാണ് എന്നതാണ് അവരുടെ വിജയരഹസ്യം. ചൈനയിലാണ് ഇക്കൂട്ടർ ഏറ്റവും കൂടുതൽ നിക്ഷേപം ഇറക്കിക്കൊണ്ടിരിക്കുന്നത്. ഇവരുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത രാജ്യങ്ങളിലാണ് നമ്മൾ കാണുന്ന അരക്ഷിതാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നത്.

ഇന്ത്യയിൽ പല രീതിയിൽ കയറിപ്പറ്റുവാൻ ശ്രമിച്ച ഇക്കൂട്ടർ ഈയിടെയായി വളരെ ഭംഗിയായി എത്തേണ്ടിടത്ത് എത്തിച്ചേർന്നിരിക്കുന്നു.

ആദ്യം അവരെത്തിയത് വൈഎസ്ആർ മുഖേനയും ഇന്നിപ്പോൾ മകനിലൂടെയും ആന്ധ്ര സംസ്ഥാനത്തിലാണ്. ഓരോരോ സംസ്ഥാനത്തിലും ഓരോരോ അജണ്ടകളുടെ ഭാഗമായി അവർ കാര്യങ്ങളിലേക്ക് കടക്കുകയായിരുന്നു.

തമിഴ്നാട്ടിൽ അവർ മെല്ലെ മെല്ലെ കയറിക്കൂടി കഴിഞ്ഞു. നമ്മുടെ നാട്ടില്‍ അവർ ആദ്യമേ എത്തിയിരുന്നു എങ്കിലും ഇപ്പോഴാണ് അവരുടെ കയ്യിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്.

ഇവിടെ മധ്യ തിരുവിതാംകൂറിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട ഒരു ബിഷപ്പിലൂടെയും, തലസ്ഥാനനഗരിയുമായി ബന്ധപ്പെട്ട ഒരു ആത്മീയ ആചാര്യൻ മുഖേനയും മലബാറിലെ ഒരു ഉസ്താദിന്റെ വേഷത്തിലുമാണ് അവരിപ്പോൾ കേരളഭരണത്തെ കൈകാര്യം ചെയ്യുന്നത്.

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന സമുദായിക ഐക്യത്തെ ഇല്ലായ്മ ചെയുക എന്നതാണ് അവരുടെ ആദ്യ അജണ്ട. അക്കാര്യത്തിൽ അവർ ഏറെ വിജയിച്ചിരിക്കുന്നു.

ഹിന്ദു മുസ്ലിം വിദ്വേഷം പടർത്തുന്നതിനേക്കാൾ വിജയിക്കുക ക്രിസ്ത്യൻ മുസ്ലിം വിദ്വേഷം പടർത്തുന്നതിലാണ് എന്നത് അവർക്ക് മനസിലായപ്പോൾ അക്കാര്യം വളരെ ഭംഗിയായി അവർ നിറവേറ്റികൊണ്ടിരിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഇൻകം ടാക്സ് റെയിഡുകൾ കൊണ്ട് പൊറുതിമുട്ടിയ ബിഷപ്പും കിങ്കരന്മാരും ഇപ്പോള്‍ കാവി കൂടാരത്തിലേക്ക് നുഴഞ്ഞു കയറുകയും അവരുടെ ചാനലിലും പത്രത്തിലും പണം നിക്ഷേപിച്ചുകൊണ്ട് അവരെ ഒന്നടങ്കം കയ്യിലെടുക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഴുക്കിയ പണവും അവരുടെ കയ്യിലൂടെയാണ് പോയതെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കാതെ നിർവാഹമില്ല.

അതുകൊണ്ടാണ് ഭരണകർത്താക്കൾക്ക് അക്കാര്യങ്ങൾ അന്വേഷിക്കുവാൻ താല്പര്യമില്ലാത്തത്. ഈ പറഞ്ഞ ആൾ ദൈവങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പണമെറിഞ്ഞുകൊണ്ട് കേരളഭരണകൂടത്തെ കയ്യിലെടുത്തത്.

സാധാരണയായി തിരഞ്ഞെടുപ്പ് ഫണ്ടുകൾ കേരളത്തിൽ നിന്നുള്ളതും കേന്ദ്രത്തിൽ നിന്നും വരുന്നതും കൈകാര്യം ചെയ്തിരുന്നത് മറ്റൊരു സമുദായ ആചാര്യൻ ആയിരുന്നു.

മൈക്രോഫൈനാൻസ് വഴിയിലൂടെ വളരെ ഭംഗിയായി പണംഎത്തേണ്ടിടത്ത് എത്തിച്ചിരുന്ന ഈ സമുദായ ആചാര്യൻ ഇത്തവണ ഒഴിവാക്കപ്പെട്ടപ്പോൾ കർണാടക ലോബി തലസ്ഥാനത്തു വരികയും കാര്യങ്ങൾ നീക്കുകയും ചെയ്തു.

അതിന്റെ വൈരാഗ്യമാണ് സ്വന്തം മുന്നണിക്ക് വോട്ടുകൾ നൽകാതെ ഈ സമുദായാചാര്യൻ വോട്ടുകളെ ഭരണമുന്നണിക്ക് മറിച്ചു നൽകിയത്.

തിരുവനന്തപുരം ആസ്ഥാനമായ ഒരു ആൾ ദൈവമാണ് ഇന്നിപ്പോൾ നമ്മുടെ നാടിന്‍റെ അച്ചുതണ്ട് തിരിക്കുന്നത്. സകലമാന ഡീലുകളും കോംപ്രമൈസുകളും ബന്ധങ്ങളും ബന്ധനങ്ങളും നിയമനങ്ങളും വരെ അവരാണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.

ഒന്നും നേരിട്ടല്ല എന്ന് മാത്രം. അതിന്നായി മുപ്പതോളം അഡ്വൈസർ മാരും കൺസൾട്ടൻസി പിആർ കമ്പനികളും അഹോരാത്രം തലപുകയ്ക്കുന്നു. രാഷ്ട്രീയക്കാരും പാർട്ടികളും നേതാക്കളും ഒക്കെ ഇന്നിപ്പോൾ വെറും ഡമ്മികൾ മാത്രം.

ചെന്നൈ ആസ്ഥാനമായ ഒരു ബുദ്ധിജീവി കച്ചവടക്കാരൻ ആണ് ഇവരുടെ ഇടയിലെ ഇടനിലക്കാരൻ. തലസ്ഥാനത്തെ ചാർട്ടേർഡ് അക്കൗണ്ട് ലോബിയും സിനിമാക്കാരും ചില മാധ്യമക്കാരും ചേർന്നുള്ള ഒരു വലിയ ഗൂഢ സംഘമാണ് ഇന്നത്തെ ഭരണ ചക്രം തിരിക്കുന്നത്.

ഭരണം എങ്ങനെ നീങ്ങണം എന്തൊക്കെ പ്രോജക്ടുകൾ ഇവിടേക്ക് വരണം എന്തൊക്കെ കാര്യങ്ങൾ ഇവിടെ നടപ്പിലാക്കണം എന്നൊക്കെ ഇക്കൂട്ടർ തീരുമാനിക്കുന്നു. നിസ്സാര കോടികൾ ഒന്നുമല്ല ഇക്കൂട്ടർക്ക് പ്രതിഫലമായി കിട്ടുന്നത്. ഏകദേശം രണ്ടായിരം കോടിയോളമാണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പൊടി പൊടിച്ചത്.

ഈ പോക്കുപോയാൽ നമ്മുടെ നാടിന്‍റെ അവസ്ഥ യൂറോപ്പിലെ ഗ്രീസും പോർട്ടുഗലും സ്പെയിനുമൊക്കെ പോലെയാകാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല.

ഒപ്പം തന്നെ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു വിഭാഗീയതകളും അതുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥകളും നമ്മൾ കാണേണ്ടിവരും. പുതുതലമുറയ്ക്ക് ഇക്കാര്യങ്ങൾ മനസ്സിലായാൽ കേരളത്തിന് നന്ന്. അല്ലെങ്കിൽ ഇനിയും നമ്മൾ മുണ്ട് മുറുക്കി ഉടുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പ്.

മുണ്ടു മുറുക്കി ഉടുക്കുമ്പോൾ കീറിപ്പോയാൽ എന്തുചെയ്യുമെന്ന വിഷമത്താൽ ദാസനും
കേരളത്തിൽ എങ്ങനെയെങ്കിലും ഒരു ആശ്രമം തുടങ്ങണമെന്ന ആഗ്രഹത്താൽ ശ്രീ ശ്രീ വിജയനും

×