Advertisment

മാലിക്കും കിറ്റും കിറ്റെക്സും എല്ലാംകൂടി കുളിപ്പിച്ചും വെളുപ്പിച്ചും കറുപ്പിച്ചും ഇപ്പോൾ കുട്ടി ഇല്ലാതായി എന്ന അവസ്ഥയാണ് കേരളത്തിന്റേത് - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

കേരളത്തിന്റെ മുഖ്യധാരാ പ്രശ്നങ്ങളായ സുലൈമാൻ അലിയെന്ന മാലിക്കും കിറ്റെക്‌സ് സാബുവും വ്യാപാരി വ്യവസായി നസീറുദ്ദീനും ഇന്നിപ്പോൾ കഴിഞ്ഞ കുറെ നാളുകളിലെ ചർച്ചകളിൽ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുകയാണ്.

മാലിക്കിനെ കുറിച്ച് പറയുകയാണെങ്കിൽ പല മീഡിയകളും പലരെയും വെളുപ്പിക്കുന്നു കറുപ്പിക്കുന്നു എന്നൊക്കെ എഴുതിക്കണ്ടെങ്കിലും അതിന്റെയൊക്കെ അപ്പുറത്താണ് സംവിധായകൻ സങ്കൽപ്പിച്ചിരിക്കുന്നത് എന്നൊരു തോന്നൽ ഇല്ലാതെയില്ല.

കേരളം കണ്ടതിൽ വെച്ചേറ്റവും അനാവശ്യമായ കലാപങ്ങളിൽ ഒന്നായിരുന്നു ബീമാപ്പള്ളി കലാപവും വെടിവെപ്പും. തലശ്ശേരി കലാപം, നാദാപുരം കലാപങ്ങൾ, പൂന്തുറ കലാപം, വിഴിഞ്ഞം കലാപം, മാറാട് കലാപങ്ങൾ ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാഷ്ട്രീയമോ വ്യക്തിവൈരാഗ്യങ്ങളോ ഒക്കെ ആയിരുന്നു എന്ന് വേണം നാം മനസ്സിലാക്കുവാൻ.

ഇതൊന്നും ഒരു സമുദായത്തിനുവേണ്ടിയോ സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല.

രാഷ്ട്രീയക്കാരുടെ തട്ടകങ്ങളിൽ അവരവരുടെ വേരുകളും വോട്ടുബാങ്കുകളും ഉറപ്പിക്കുവാനുള്ള കലാപങ്ങൾ ആയിരുന്നു നാദാപുരത്തെയും തലശേരിയിലെയും കലാപങ്ങൾ. ഒരു ഭാഗത്ത് കമ്മ്യുണിസ്റ്റ് പാർട്ടികളും മറുവശത്ത് മുസ്ലിം ലീഗും അങ്കം വെട്ടിയിരുന്ന ഇത്തരം കലാപങ്ങളിൽ രാഷ്ട്രീയക്കാരിൽ പലരും നേട്ടം കൊയ്തു.

തലശേരി കലാപത്തിലൂടെയാണ് ഇന്നത്തെ കേരളത്തിന്റെ അമരക്കാരന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ എഴുത്തുപരീക്ഷ എന്നു പറയുന്നവര്‍ ഏറെയുണ്ട്. അതിലദ്ദേഹം വിജയിക്കുകയും കേരളത്തിന്റെ അമരക്കാരൻ ആവുകയും ചെയ്തുവത്രെ.

പൂന്തുറ കലാപം ഒരു വ്യക്തി അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണവും അതിലേക്കുള്ള അണികളുടെ കടന്നുവരവും പ്രതീക്ഷിച്ചുകൊണ്ടുണ്ടാക്കിയ ഒരു കലാപാരിപാടിയായിരുന്നുപോലും.

1992 ജൂലൈ 19 നും 20 നും അരങ്ങേറിയ പൂന്തുറ കലാപം ആസൂത്രണം ചെയ്തത് അന്നത്തെ ഒരു സംഘടനയുടെ വളർച്ചക്കും മുസ്ലിം തീവ്ര അണികളുടെ ഇടയിൽ വേരുറപ്പിക്കുന്നതിനും വേണ്ടി ഒരു അസംബ്ലി മണ്ഡലത്തിൽ വിമതനായി മത്സരിച്ചതിന് ആ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയുടെ കുശാഗ്ര ബുദ്ധിയായിരുന്നു എന്നു സംശയിക്കുന്നവരും ഇല്ലാതെയില്ല.

1992 ഡിസംബർ ആറിന് ബാബരിമസ്ജിദ് തകർന്ന വേളയിൽ ആ സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചപ്പോൾ അവർ വീണ്ടും വേഷം മാറി കേരളത്തിൽ വ്യാപിപ്പിച്ചു.

പിന്നീട് 1993 ൽ ഒറ്റപ്പാലം ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പിൽ ആ പാർട്ടി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ കാലങ്ങളായി കോൺഗ്രസിലെ കെആർ നാരായണൻ ജയിച്ചുവന്നിരുന്ന സീറ്റ് ഒരുലക്ഷത്തി മുപ്പതിനായിരത്തിൽ പരം വോട്ടുകൾക്ക് എൽഡിഎഫിലെ ശിവരാമൻ അന്ന് ചരിത്രം കുറിച്ചു.

പിന്നീട് 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ പാർട്ടി യുഡിഎഫിനെ പിന്തുണച്ചുവെങ്കിലും എൽഡിഎഫ് ജയിച്ചുകയറി.

1994 ജനുവരി ആറിന് വിഴിഞ്ഞം കലാപം നടക്കുമ്പോള്‍ അതുകഴിഞ്ഞുള്ള മാസത്തിൽ എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടുള്ള ഉപതെരഞ്ഞെടുപ്പ് മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തിരൂരങ്ങാടിയിൽ നടക്കുകയാണ്.

ഒരു ക്രിസ്ത്യാനിയെ മുസ്ലിം മണ്ഡലത്തിൽ തോൽപ്പിക്കുവാൻ മനപ്പൂർവം സൃഷ്ടിച്ച കലാപമാണ് വിഴിഞ്ഞത്തെ മുസ്ലിം ക്രിസ്ത്യൻ കലാപമെന്നാണ് മറ്റ് ചിലരുടെ ആരോപണം.

അതിന്റെ പിന്നിൽ എൽഡിഎഫ് ആണോ യുഡിഎഫിലെ വിമതരാണോ അതോ നേരത്തെ പറഞ്ഞയാളിന് കൂലി കൊടുത്തുകൊണ്ട് പടച്ചു വിട്ടതാണോ എന്നൊന്നും ആർക്കും അറിയില്ല . എന്തായാലും അന്ന് അഞ്ചുകുടുംബങ്ങൾ അനാഥമായത് മിച്ചം. ആന്റണി 25000 വോട്ടുകൾക്ക് മേലെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുകയും ചെയ്തു.

മാറാട് കടപ്പുറത്തെ ഒരു അമ്പലത്തിലെ ഉത്സവത്തിന് ഒരു മുസ്ലിം പെൺകുട്ടി മറ്റുള്ള കൂട്ടുകാരികളുമൊത്ത് പോയപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്തപ്പോൾ രണ്ടുകൂട്ടർ തമ്മിലുണ്ടായ വാക്കുതർക്കം അടിപിടിയിൽ എത്തുകയും നാല് മുസ്ലിം ചെറുപ്പക്കാർ മരിക്കുകയും ചെയ്തുവത്രെ.

അതിന്റെ വൈരാഗ്യത്താൽ ആസൂത്രണം ചെയ്തതാണ് മാറാട് രണ്ടാം കലാപം എന്നു ചിലര്‍ പറയുന്നു. അതിൽ എട്ട് ഹിന്ദുക്കളും അവരെ വെട്ടാൻ വന്ന ഒരു മുസ്ലിമും കൊല്ലപ്പെട്ടു. പിന്നീടാണ് ആ കലാപത്തിൽ രാഷ്ട്രീയം കലരുന്നത്.

ബീമാപ്പള്ളി എന്നാൽ നമ്മുടെ മനസ്സിൽ ഫോറിൻ സാധനങ്ങളുടെയും കള്ള സിഡികളുടെയും ഒരു ആഗോള ചന്തയാണ്. കുറെയധികം നല്ല മനുഷ്യർ അവിടെ ഉണ്ടെങ്കിലും എല്ലായിടത്തെയും പോലെ ചീത്ത മനുഷ്യരും അവിടെ ഉണ്ടെന്ന് പറയാം.

publive-image

ഈ മാലിക്ക് എന്ന സിനിമയിൽ കവി ഉദ്ദേശിച്ചിരിക്കുന്നത് അന്നത്തെ ആഭ്യന്തര മന്ത്രിയെയോ , അല്ലെങ്കിൽ കലാപമുണ്ടാക്കിയെന്നു പറയുന്ന ഗുണ്ടയെയോ ഒന്നുമല്ല.

ഫഹദ് ഫാസിലിന്റെ വേഷത്തിൽ കാണുന്ന സുലൈമാൻ അലിയെന്ന താടിക്കാരൻ, അത് പരപ്പന ജയിലിൽ വസിക്കുന്ന ആ വലിയ ശബ്ദത്തിന്റെ ഉടമയായ താടിക്കാരൻ തന്നെ !!!

അദ്ദേഹത്തെ വെച്ച് രാഷ്ട്രീയം വളർത്തിയതും, പടിപടിയായി മുന്നിൽ വന്നതും, പണം സമ്പാദിച്ചതും അവസാനം അദ്ദേഹത്തെ ഒറ്റു കൊടുത്തതും മറ്റേ രണ്ടാമൻ തന്നെ.  ആ മനുഷ്യന്റെ മുഖച്ഛായതന്നെയാണ് ദിലീഷ് പോത്തനിൽ നമ്മുക്ക് കാണാനായത്.

അല്ലാതെ അന്നത്തെ ആഭ്യന്തരമന്ത്രിയുമായി ആ കഥാപാത്രത്തിന് യാതൊരു സാമ്യവുമില്ല.

2004 ലോക്‌സഭയിൽ 18 സീറ്റുകളിൽ അത്യുന്നത വിജയം നേടിയ എൽഡിഎഫ് 2009 ൽ വെറും അഞ്ച്‌ സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ന്യുനപക്ഷ അണികളെ പിടിച്ചു നിർത്തുവാൻ അന്നത്തെ പാർട്ടി ഉണ്ടാക്കിയ ഒരു പുകമറ ബോംബാണ് ബീമാപ്പള്ളി കലാപവും പിന്നീട് പോലീസുണ്ടാക്കിയ വെടിവെപ്പും എന്നാരെങ്കിലും സംശയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

അന്ന് പൊന്നാനി സീറ്റ് പിടിക്കുവാൻ ഉണ്ടാക്കി കൂട്ടിയ അവിശുദ്ധ കൂട്ടുകെട്ടുകൾ തകർന്നടിഞ്ഞപ്പോൾ ജാള്യത മറയ്‌ക്കുവാനും, തിരഞ്ഞെടുപ്പ് തോൽവി മറക്കുവാനും കണ്ണൂർ -തലസ്ഥാന ലോബികൾ മനപ്പൂർവം ഇളക്കിവിട്ടതാകാം ആ കലാപം. ഒപ്പം വിഴിഞ്ഞം തുറമുഖ ഡീലുകളും അടുത്തുവന്നു നിൽപ്പുണ്ടായിരുന്നിരിക്കാം.

എല്ലാം കൂടിയുള്ള ഒരു കലക്കസമാവാത്തി കളികൾ ആയിരുന്നു അന്ന് കുറെ ജീവനുകൾ വെടിയുണ്ടകളാൽ ഹോമിക്കപ്പെട്ടത് .

മാലിക്കിന്റെ ചെറുപ്പം ചിലപ്പോൾ ഇപ്പറഞ്ഞ ഷിബുവോ മറ്റാരെങ്കിലോ ഒക്കെ ആയിരിക്കാം. പക്ഷെ രണ്ടാമന്റെ വളർച്ചയിൽ കള്ളക്കടത്തും ഫോറിൻ സാമഗ്രി കച്ചവടവുമൊക്കെ ഉണ്ടായിരുന്നു എന്നുവേണം കരുതുവാൻ.

താടിവെച്ച മാലിക്ക് ജയിലില്‍ വസിക്കുന്ന ആ മനുഷ്യൻ തന്നെയെന്ന് വിശ്വസിക്കുന്നു . കലാപകാരി മന്ത്രി പൂന്തുറയിലെ ആ രണ്ടാമൻ തന്നെ. മാലിക്കിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി കേൾക്കുന്ന കോലാഹലങ്ങൾ കാണുമ്പോള്‍ സംവിധായകൻ മനസ്സിൽ ചിരിക്കുന്നുണ്ടാകാം.

കിറ്റും കിറ്റക്സും !

കിറ്റെക്സ് കേരളം വിട്ടത് അദ്ദേഹത്തിന്റെ റിസോർട്ടിൽ സ്ഥിരമായി ഉഴിച്ചിലിന് പോകാറുള്ള, ജപ്പാനിലും നെതർലാൻഡ്‌സിലും കൂടെപ്പോയ നേതാവിന്റെ ഉപദേശപ്രകാരമാണ് എന്നത് കേൾക്കുമ്പോള്‍ ആരാണ് പൊട്ടന്മാർ എന്ന കാര്യത്തിൽ സംശയമില്ലാതെയില്ല.

അവരെല്ലാം കൂടി കിറ്റും കിറ്റക്സിലും നമ്മളെ പൊട്ടന്മാരാക്കി കൊണ്ടിരിക്കുകയാണ്. അതുപോലെ വ്യാപാരി വ്യവസായികൾ എന്നുപറയുന്ന സംഘടനയുടെ നേതാവിന്റെ കൂടി ആഹ്വനപ്രകാരമാണ് ഈ സർക്കാർ നിലവിൽ വന്നത്.

അവരൊക്കെ ചങ്ങായിമാർ തന്നെ . പിന്നെ ചില ഓൺലൈൻ കുത്തക മുതലാളിമാർക്ക് കടകൾ അടഞ്ഞുകിടന്നാൽ മാത്രമേ ഓൺലൈനിലൂടെ കോടികൾ സമ്പാദിക്കുവാനാകൂ എന്നതും ചില സത്യങ്ങൾ തന്നെ.

എന്തായാലും എല്ലാവരുംകൂടി കുളിപ്പിച്ചും വെളുപ്പിച്ചും കറുപ്പിച്ചും ഇപ്പോൾ കുട്ടി ഇല്ലാതായി എന്ന അവസ്ഥയാണ് കേരളത്തിന്റേത്.

അനുഭവിച്ചോ :

മാലിക്ക് സിനിമ ഒന്നുരണ്ടുതവണ കൂടി കണ്ടാലേ എല്ലാം മനസിലാകൂ എന്ന് ദാസനും കിറ്റെക്സിന്റെ മുണ്ടുകൾ ഇനി ഉടുക്കില്ല എന്ന് പറഞ്ഞുകൊണ്ട് സഖാവ് വിജയനും

dasanum vijayanum
Advertisment