ദാസനും വിജയനും

പഴയ രാത്രിപ്പടത്തിനു പകരം ചാനലുകള്‍ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും പീഡന/വിവാഹമോചന കഥകള്‍ 9 മണി ചര്‍ച്ചയാക്കിയപ്പോള്‍ അവരുടെ സ്കൂളില്‍ പോകാന്‍ കഴിയാതിരുന്ന മക്കളും ആത്മഹത്യാ ശ്രമം നടത്തിയ ഭാര്യമാരുമൊക്കെയുണ്ട്. ഇന്നിപ്പോള്‍ ചക്കിനു വച്ചത് കൊക്കിനു കൊണ്ടപോലെ ആ ‘അവതാരക പ്രമുഖ’ന്മാരൊക്കെ സ്ത്രീ വിഷയങ്ങളില്‍ കുടുങ്ങി ചാനല്‍ വിടുന്നു ! രാത്രി ചര്‍ച്ചയുമില്ല ക്യാമറയുമായുള്ള പിന്നാലെ ഓട്ടവുമില്ല – ബലേ ഭേഷ് ; ദാസനും വിജയനും എഴുതുന്നു !

ദാസനും വിജയനും
Friday, September 24, 2021

കേരളത്തിലെ ഒന്നാം നിരയിലുള്ള ഒരു ചാനലിലെ ഒന്നാം നിരയിലുള്ള ഒരു വാർത്ത അവതാരകനെ ഒരു പെണ്ണ് മണിച്ചിത്ര താഴിട്ട് പൂട്ടി കെട്ടി അങ്ങേരുടെ സകലമാന വാചക കസർത്തുകളെയും വീരവാദങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കുമാറ് ‘ഹണിട്രാപ്പിൽ’ കുടുക്കിയിരിക്കുകയാണ്.

ഹണിട്രാപ്പ് എന്ന് എഴുതുവാൻ കാരണം ഇത്തരം ജാലവിദ്യകൾ കാലങ്ങളായി കേരളത്തിലെ ചാനലുകളിലും പത്രങ്ങളിലും നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവം ട്രാപ്പാണോ ഒര്‍ജിനലാണോ എന്നത് അവിടെ നില്‍ക്കട്ടെ.

സിംഫണി എന്ന ഒരു ക്‌ളാസിക്കൽ ഷോ നടത്തിയിരുന്ന ഒരു പാവം മനുഷ്യനെ, അദ്ദേഹത്തിന്റെ ജനപ്രീതിയിലും ചാനലിലുള്ളിലെ സ്വാധീനത്തിലും അസൂയ പൂണ്ട ചില ഛിദ്രശക്തികൾ പുറത്താക്കിയത് ഹണിട്രാപ്പിലൂടെ ആയിരുന്നു.

അതും ചാനലിൽ അദ്ദേഹത്തിനടിയിൽ ജൂനിയർ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ വളരെ മാന്യമായി പ്ലാൻ ചെയ്തുകൊണ്ട് ഒരു പെൺകുട്ടിയെ ഇറക്കിവിട്ട് ഒരു ഋഷ്യശൃംഗൻ – മേനക കളി കളിച്ചുകൊണ്ട് ആ ചാനലിൽ നിന്നും കരയിപ്പിച്ചുകൊണ്ട് പറഞ്ഞയക്കുകയായിരുന്നു.

അതുപോലെ ഒന്നാം നിരയിലുള്ള ചാനൽ ഗൾഫിൽ റേഡിയോയും മറ്റും ആരംഭിച്ചപ്പോൾ എവിടേക്കും മേനകമാരെ ഇറക്കിവിട്ടുകൊണ്ട് ആ റേഡിയോയും ചാനലും ഒക്കെ നടത്തിയിരുന്നവരെ കെട്ടുകെട്ടിച്ചിട്ടുണ്ട്.

ഇപ്പോൾ പുറത്തായിരിക്കുന്ന ഈ വാർത്ത അവതാരകൻ മുൻപ് ഒരു ചാനലിൽ നിന്നും പടിയിറങ്ങിയപ്പോൾ വർത്തഡസ്‌കിലെ സംഗീത കച്ചേരി വെളിയിൽ വിട്ടുകൊണ്ട് മറ്റൊരുകളിയും നമ്മൾ കണ്ടിട്ടുണ്ട്.

പിന്നെ ചാനലുകളിൽ നടക്കുന്ന വിഷയങ്ങൾ മറ്റുള്ളവർ അറിയാതെ നോക്കേണ്ടത് ചാനലുകാരുടെ തമ്മിൽ തമ്മിലുള്ള ഒരു വ്യവസ്ഥ പ്രകാരമാണ്.

തിരഞ്ഞെടുപ്പിൽ തോറ്റ ഒരു ചാനൽ പ്രമുഖ്, ഒരു വനിതാ സഹപ്രവർത്തകയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കാര്യങ്ങൾ അവര്‍ പത്രസമ്മേളനം നടത്തി നാട്ടുകാരോട് പറയുവാൻ ശ്രമിച്ചപ്പോൾ സ്വന്തം ഭാര്യയെ കോംപ്രമൈസിനായി പറഞ്ഞയച്ച കഥയും ആ ചാനലിൽ അക്കാലത്ത് ജോലി ചെയ്തവർക്ക് നന്നായി അറിയാവുന്ന രഹസ്യങ്ങളാണ്. പക്ഷെ ഇതൊന്നും ആരും വാർത്തയാക്കുവാൻ മെനക്കെടാറില്ല എന്ന് മാത്രം.

ലിവിങ് ടുഗെദർ എന്ന സംസ്‌കാരം കേരളമണ്ണിൽ വ്യാപിപ്പിച്ചതിൽ ഒരു സുപ്രധാനപങ്ക് ഈ ചാനലുകളിലെ ചിലർക്കെങ്കിലും അവകാശപ്പെട്ടതാണ്.

എല്ലാറ്റിലും ഒരു ഫ്രണ്ട്ഷിപ്പ് പട്ടം അടിച്ചേൽപ്പിച്ചുകൊണ്ട് പലരും തലസ്ഥാനത്തും കൊച്ചിയിലും കോഴിക്കോട്ടും ദുബായിലും ഒക്കെ താമസിച്ചുവന്നിരുന്നത് ഈ ലിവിങ് ടുഗെദർ പരിപാടികളിലൂടെ ആയിരുന്നു.

കേരളത്തിലെ ഒന്നാം നമ്പര്‍ ചാനലിലെ ഒരു റിപ്പോർട്ടർ പാര്ട്ണറുടെ ശല്യം സഹിക്കാതെ റൂമിൽ നിന്നും പാതിരാത്രിക്ക് ഇറങ്ങി ഓടിപ്പോയിട്ടുണ്ട്. പല പാർട്ടികളിലെയും യുവ എംഎൽഎ മാരെയും മന്ത്രിമാരെയും കൈപ്പിടിയിൽ വെക്കുന്ന അവതാരകരും സുലഭമായുണ്ട്.

ചാനലിലെ വാർത്ത ഡസ്‌കിലിരുന്നുകൊണ്ട് ആകാശത്തിന് കീഴിലുള്ള സകലമാന ജീവജാലങ്ങളെയും വിമർശിച്ചിരുന്ന, അവരെ ചോദ്യം ചെയ്തിരുന്ന ഇക്കൂട്ടർ അവരുടെ കാലുകളെ മണ്ണിൽ പൂഴ്‌ത്തി വെച്ചുകൊണ്ടായിരുന്നു മറ്റുള്ളവരെ മന്താ എന്ന് വിളിച്ചിരുന്നത്.

മുംബയിലെ ഒരു കുരയ്ക്കുന്ന വാർത്ത അവതാരകനെ പോലീസ് വീട്ടിൽ കയറി പൊക്കിയപ്പോൾ നമ്മൾ കണ്ടതാണ് ഇവരുടെ വീറും വാശിയും ഒക്കെ. ഒരു പേടിത്തൂറിയെ പോലെ അപ്പാർട്മെന്റിൽ കരഞ്ഞും ഒച്ചവെച്ചും അദ്ദേഹം കാണിച്ച അഭ്യാസങ്ങൾ നാം കണ്ടു. ഇത്രേയുള്ളൂ ഏതൊരു അവതാരകനും റിപ്പോർട്ടറും, ഈ എഴുതുന്ന ഞങ്ങളും.

കേരളത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും, വ്യക്തമായ കോടതി വിധികൾ ഉണ്ടായിട്ടും, വ്യക്തമായ എഫ്‌ഐആർ ഉണ്ടായിട്ടും ചാനലുകാർ ചർച്ചക്ക് വെക്കാത്ത നൂറുകണക്കിന് കേസുകൾ ഉണ്ട്.

അതിന്നർത്ഥം ഒരു വിഭാഗത്തിന്റെ കാര്യങ്ങൾ ആരും അറിയുന്നില്ല എന്നത് തന്നെ. അവരുടെ എല്ലാ പോക്രിത്തരങ്ങളും ജനം അനുഭവിക്കണം എന്നതുതന്നെ .അക്കാര്യത്തിൽ ഈ ചാനലുകാരെല്ലാം ഒരമ്മ പെറ്റ മക്കളാണ്. അവരുടെ ഐക്യത്തിൽ അവർ അതീവ സുരക്ഷിതർ.

അതുപോലെ രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ കാര്യങ്ങൾ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും മുതലാളിമാരെയും സ്വാധീനിച്ചുകൊണ്ട് നേടിയെടുക്കാനുള്ള കഴിവ് ഇപ്പോഴത്തെ പത്രക്കാരിലുണ്ട്.

പലതരം കള്ളക്കടത്തുകളിലും മരം മുറിയിലും ഒക്കെ ഇക്കൂട്ടർ കയറിപ്പറ്റിക്കൊണ്ട് കാര്യസാധ്യത്തിനായി ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. അതുപോലെ അല്ലറചില്ലറ ബ്ലാക്ക് മെയിലിങ്ങും ഭീഷണികളും ഇല്ലാതില്ല.

ഇവര്‍ ഒരു രാഷ്ട്രീയക്കാരന്റെയോ, സിനിമാക്കാരന്റെയോ, കച്ചവടക്കാരന്റെയോ സാമൂഹ്യ പ്രവർത്തകന്റെയോ വാർത്തകൾ, അതും പീഡന/വിവാഹമോചന വാർത്തകള്‍ ചാനലിൽ ചർച്ച ചെയ്യുമ്പോള്‍ സംഭവിക്കുന്നത് നിസ്സാരമായ കാര്യങ്ങളല്ല.

അവരില്‍ പലരുടെയും മക്കൾ സ്‌കൂളിലും കോളേജിലും പോകാതെ വീട്ടിൽ തന്നെ ഇരുന്നിട്ടുണ്ട്. പലരും രാഷ്ട്രീയ വനവാസത്തിലേക്ക് പോയിട്ടുണ്ട്. പലരുടെയും ഭാര്യമാർ ആത്മഹത്യ ചെയ്തിട്ടുണ്ട്.

ഇന്നിപ്പോൾ ചക്കിനു വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറയുന്നതുപോലെ ദൈവം എല്ലാവർക്കും വരിവരിയായി കൊടുക്കുന്നുണ്ട്. ആയതിനാൽ ആർക്കും ഒന്നും വരില്ല എന്നൊന്നും കണക്കുകൂട്ടി നീങ്ങേണ്ട. എല്ലാം എല്ലാവർക്കും സംഭവിക്കാം.

താത്‌കാലത്തെ ഉയർച്ചക്കും പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരെ ബലിയാടാക്കുമ്പോള്‍ ടിആർപി ഒക്കെ കൂടുമായിരിക്കാം. പക്ഷെ മനസ്സുകളെ വേദനിപ്പിക്കരുത്.

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്നതോർത്തുകൊണ്ട് റിപ്പോർട്ടർ ദാസനും
വാളെടുത്തവൻ വാളാൽ എന്നതും ഓർമ്മിപ്പിച്ചുകൊണ്ട് ക്യാമറാമാൻ വിജയനും

×