ദാസനും വിജയനും

ഡിസിസി അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ച രീതിയും അതിനുശേഷം വിമര്‍ശനം ഉന്നയിച്ച അനില്‍കുമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള നേതാക്കളെ കൈകാര്യം ചെയ്ത ശൈലിയും കോണ്‍ഗ്രസില്‍ പുതുമയുള്ളത്. ഇങ്ങനെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയാല്‍ പണ്ട് ഇഎംഎസ് പറഞ്ഞതുപോലെ കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Tuesday, August 31, 2021

കേരളത്തിലെ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ ഏറെ വേദനിക്കുന്നത് ‘സഖാവ്’ ഗോപിനാഥനും പിന്നെ സോഷ്യൽ മീഡിയയിലെ പോരാളികളായ സഖാക്കളുമാണ് .

കേരളത്തിൽ ആദ്യമായി കോൺഗ്രസ് പ്രസ്ഥാനം അവരുടെ ജില്ലാതല പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ ചാനലിൽ കയറിയിരുന്ന് പ്രതികരിച്ച രണ്ടെണ്ണത്തിനെ അരിഞ്ഞു വീഴ്‌ത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് തന്റെ കണ്ണൂർ ഉശിരു തെളിയിച്ചപ്പോൾ പിന്നീട് ചാനലിലേക്ക് വരേണ്ടിയിരുന്ന പലരും മുട്ടുമടക്കുന്നതായി ശ്രദ്ധയിൽ പെട്ടു .

കേരളം ഉണ്ടായ അന്നുമുതൽ ഒരു ലോക്കൽ സെക്രട്ടറിയായോ , ബ്രാഞ്ച് സെക്രട്ടറിയായോ , ഏരിയ സെക്രട്ടറിയായോ പെണ്ണായി പിറന്നവരെയോ താഴ്ന്ന ജാതിക്കാരെയോ പരിഗണിക്കാത്ത സിപിഎം എന്ന കേഡർ പാർട്ടിക്കാർ ഇന്നിപ്പോൾ കോൺഗ്രസ്സിലെ സ്ത്രീ അവഗണനക്കെതിരെ ഘോരഘോരം പോസ്റ്ററുകളിടുന്നത് കാണുമ്പോൾ മനസ്സിലാക്കേണ്ടത് , കോവിഡിന്റെ പേരിൽ പഴി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാം നമ്പർ മുഖ്യന്റ്റെയും ആരോഗ്യ മന്ത്രിയുടെയും അവരെ ന്യായീകരിക്കുവാൻ വകയില്ലാതെ അലയുന്ന സഖാക്കളുടെയും ദീനരോദനമാണ് കോൺഗ്രസിന്റെ മെക്കട്ട് കയറിക്കൊണ്ട് കരഞ്ഞു തീർക്കുന്നത് .

മലപ്പുറം പോലുള്ള മുസ്ലിം ഭൂരിപക്ഷ ജില്ലയിൽ ഒരു ക്രിസ്ത്യാനിയെയും , ക്രിസ്ത്യാനികൾ അധികമുള്ള കോട്ടയത്ത് ഒരു ഹിന്ദുവിനെയും , എറണാകുളത്ത് ഒരു മുസ്ലിമിനെയും , ഹിന്ദുക്കൾ അധികമുള്ള കണ്ണൂരിൽ ഒരു ക്രിസ്ത്യാനിയെയും പാർട്ടി പ്രസിഡണ്ടാക്കുവാൻ കാണിച്ച ചങ്കൂറ്റം ഈയടുത്തൊന്നും സിപിഎമ്മിന് സാധിച്ചിട്ടില്ല എന്നതാണ് വസ്തുത .

അതും പരമാവധി ഉശിരുള്ള ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ട് വരുവാൻ കോണ്‍ഗ്രസ് ഹൈക്കമാണ്ട് കാണിച്ച ധീരതയെ പ്രശംസിക്കാതെ വയ്യ .

ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് മുതലാളിമാർക്ക് അണികളുടെ സഹായം ലഭിക്കുന്നില്ല എന്നതും കോൺഗ്രസ്സിന്റെ നന്മയായി മാറുന്നു . ഉമ്മൻചാണ്ടിക്കും രമേശിനും മുല്ലപ്പള്ളിക്കും സുധീരനും കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് അവരുടെ ഓരോരോ പ്രസ്താവനകളും .ഇനിയും മിണ്ടിയാൽ കൂടെയുള്ള അണികൾ കൈവിട്ടുപോകും എന്ന തിരിച്ചറിവ് അവരുടെ നീക്കങ്ങളിൽ വ്യക്തമാകുന്നു . അവിടവിടെ ഒന്ന് രണ്ടു പൊട്ടലും ചീറ്റലും മാറ്റി നിർത്തിയാൽ വളരെ നിലപാടുകളുള്ള ഒരു തീരുമാനമായി ഏവരും അംഗീകരിക്കുന്നു .

ഇപ്പോൾ റിലീസ് ചെയ്യുന്ന സിനിമകൾ പോലെ ചെറുപ്പക്കാരുടെ , പുതുമുഖങ്ങളുടെ സിനിമകൾ ധൈര്യമായി കാണാം എന്നുള്ളതുപോലെ ഇപ്പോൾ വരുന്ന ചെറുപ്പക്കാർക്ക് പലതും ചെയ്യുവാൻ സാധിക്കും എന്നുള്ളത് പ്രത്യാശിക്കാം .

ആർക്കും വേണ്ടാതിരുന്ന തൃശൂരിലെ മുൻ പ്രസിഡണ്ട് ആ ജില്ല ഒന്നടങ്കം ഇടതിന് തീറെഴുതി കൊടുത്തത് ആരും മറന്നിട്ടില്ല .

കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയായിരുന്ന തൃശൂരിലെ ഒട്ടുമിക്ക സീറ്റുകളും ഇല്ലാതാക്കിയതിൽ മുൻ പ്രസിഡണ്ടിന്റെ പങ്ക് സ്തുത്യർഹമാണ് . അതുപോലെ ഒന്നുമില്ലാതിരുന്ന കൊല്ലം ജില്ലയിൽ ഒരു അനക്കം സൃഷ്ടിക്കുവാൻ മുൻ പ്രസിഡന്റിന് ആയി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ് .

ഇതുപോലെ ഇനി കെപിസിസി ഭാരവാഹികളെയും മറ്റുള്ള നേതാക്കന്മാരെയൊക്കെ നിശ്ചയിക്കുമ്പോള്‍ ഇതുപോലെ നിശ്ചയദാർഢ്യത്തോടെ കണ്ടെത്തിയാൽ പണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞതുപോലെ കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല .

പാർട്ടിയെ സ്നേഹിക്കുന്നവരെയും അധികാരം മോഹിക്കാത്തവരെയും കണ്ടെത്തി ഇനിയും മുന്നിലേക്ക് കൊണ്ടുവരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മുൻ പ്രസിഡണ്ട് ദാസനും ഒരു സംസ്ഥാന സമ്മേളനത്തിനുള്ള ആൾക്കാരെ സെക്രട്ടറിമാരാക്കരുത് എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും

×