Advertisment

'സുധാകരന്‍' എന്ന് കേട്ടാല്‍ ക്ലിഫ് ഹൗസിന് ഹാലിളക്കമോ ? കപ്പലും കപ്പിത്താനുമില്ലാതെ മന്ത്രിമാര്‍ ഇരുട്ടില്‍ തപ്പുകയാണോ ? - ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

സുധാകരൻ എന്ന് കേൾക്കുമ്പോൾ ഇന്ന് ക്ലിഫ് ഹൌസിൽ താമസിക്കുന്നവർക്ക് ചതുർത്ഥിയാണ്. വാച്ച്മാൻ തസ്തികയിലേക്ക് വന്നുകയറിയ മറ്റൊരു സുധാകരനെ ഗെയ്റ്റിനുള്ളിലേക്ക് കയറ്റാതെ പറഞ്ഞുവിട്ടു എന്നൊക്കെ പിന്നാമ്പുറ കഥകളുണ്ട്. എതിരാളികൾ ഇല്ലാതെയോ ഉണ്ടായിരുന്ന എതിരാളികളെ അടിച്ചമർത്തിയോ വാണിരുന്ന പിണറായി തമ്പുരാന് ഇന്നിപ്പോൾ പരീക്ഷണങ്ങളുടെ കാലഘട്ടം.

ഒരു ഭാഗത്ത് കോൺഗ്രസ് പ്രസിഡണ്ടായി കെ സുധാകരൻ എന്ന കുമ്പക്കുടി സുധാകരൻ പിണറായി വിജയനെന്ന ഇരട്ടച്ചങ്കന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. ബ്രണ്ണൻ കോളേജിലെ പ്രത്യേക ഏക്ഷനിൽ തുടങ്ങിയ അങ്കമിപ്പോൾ പൂഴിക്കടകനിൽ എത്തി നിൽക്കുമ്പോൾ തടയിടാനുള്ള യന്ത്രങ്ങളൊക്കെ പണി മുടക്കികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഭരണത്തിൽ കൂടെയുണ്ടായിരുന്ന മണിയാശാനും തോമസ് ഐസക്കും ജലീലും ഒക്കെ പിന്നോട്ട് വലിഞ്ഞപ്പോൾ പുതിയതായി വന്നവരൊന്നും ജനപ്രീതി പിടിച്ചു പറ്റാതെ കയ്യും കാലും ഇട്ടടിച്ചുകൊണ്ടിരിക്കുകയാണ്.

ആകെയുള്ള മരുമോൻ പിആർ വർക്കുകളുമായി മുന്നോട്ട് നീങ്ങുമ്പോൾ താജ് മഹലിന്റെ നിർമ്മിതി പഠിക്കുവാൻ ഡൽഹിയിൽ കറങ്ങി നടക്കുകയാണ് എന്നാണ് സീനിയർ എംഎൽഎ മാരുടെ ആരോപണങ്ങൾ.

സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായിരുന്ന ആലപ്പുഴയിലെ നന്മ നിറഞ്ഞ സഖാവായ ജി സുധാകരനും പിണറായിയുടെ വാളിന്റെ തുമ്പ് കൊണ്ടുള്ള വെട്ടേറ്റു പിടയുമ്പോൾ മറ്റൊരു വിഎസ് ആലപ്പുഴയിൽ ഉടലെടുക്കുമോ എന്ന സംശയം തോമസ് ഐസക്കിന് ഇല്ലാതെയില്ല.

അവിടെ അമ്പലപ്പുഴ പാൽപ്പായസത്തിൽ ഇപ്പോൾ കല്ലുകടിക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറെ കാലങ്ങളായി നാം കേൾക്കുന്നു.

ജി സുധാകരനെതിരെ പടനയിക്കുന്നത് കനൽ തരിയായ എ.എം ആരിഫും സജി ചെറിയാനുമാണെന്നാണ് പാർട്ടിക്കാർ പറയുന്നതെങ്കിലും അവിടെയൊക്കെ പാർട്ടിയെ തോൽപ്പിക്കുവാൻ തലമൂത്ത പല സഖാക്കളും ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വെള്ളാപ്പള്ളിയുടെ ഇടപെടലിൽ മകന്റെ പാർട്ടിയുടെ വോട്ട് കിട്ടിയതിനാൽ എല്ലാവരും തടിതപ്പി.

ദുബായിൽ കേസിൽ പെട്ടപ്പോൾ പിണറായി എഴുതിയ കത്ത് ഉപകാരത്തിൽ പെട്ടു. ബിഡിജെഎസിനു കഴിഞ്ഞതവണ ബിജെപി നേതൃത്വം പണം കൊടുത്തില്ല എന്നതും ആലപ്പുഴ സഖാക്കൾക്ക് ഗുണം ചെയ്തു.

മുട്ടിൽ മരം മുറിക്കേസും നിന്നപ്പോൾ മുല്ലപ്പെരിയാർ മരം മുറി കേസും ഒക്കെ വരുമ്പോൾ കാനം രാജേന്ദ്രൻ ചുമ്മാ ഒന്ന് രണ്ടു പ്രസ്താവനകൾ ഇറക്കുമെങ്കിലും സ്വന്തം മകനെ രക്ഷപ്പെടുത്തിയതിന്റെ ഉപകാരസ്മരണ ഉള്ളതുകൊണ്ട് അവിടെയും കോംപ്രമൈസുകൾ തന്നെ.

നിയമസഭയിൽ വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് സിപിഎമ്മുകാരെ വലിച്ചു കീറി ചുവരിൽ ഒട്ടിക്കുമ്പോൾ പ്രതിരോധിക്കാൻ ആകെയുള്ളത് മുപ്പത്തിയഞ്ചു സംസ്ഥാനങ്ങളുള്ള ശിവന്കുട്ടിയെ പോലുള്ളവർ മാത്രം.

കഴിഞ്ഞ ഭരണത്തിൽ കെഎം ഷാജിയേയും വിടി ബാലറാമിനെയും ശബരീനാഥിനെയും ഷാഫിയെയും റോജി എം ജോണിനെയും ഉരുളക്കുപ്പേരിയായ മറുപടികളെ കൊണ്ട് പ്രതിരോധിച്ചിരുന്ന ഗണേഷ് കുമാറും കെടി ജലീലും ഒക്കെ മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള അമർഷം മൗനം കൊണ്ട് തീർക്കുകയാണ്.

ഇവിടെ ഒരു കപ്പിത്താനുണ്ട് എന്ന് ഉറക്കെ വിളിച്ചു കൂവിയ വീണ ജോർജ്ജ് മന്ത്രിയായപ്പോൾ കപ്പലുമില്ല കപ്പിത്താനുമില്ല എന്ന അവസ്ഥയിലായി.

ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന ആലപ്പുഴയിലെ പാർട്ടിയും പൊട്ടിത്തെറി ആരംഭിച്ച തളിപ്പറമ്പിലെ പാർട്ടിയും കൂടാതെ ആവേശം കുറഞ്ഞുകൊണ്ടിരിക്കുന്ന ന്യായീകരണ സഖാക്കളും ഒക്കെ കാണുമ്പോൾ രണ്ടൊത്താൽ മൂന്നൊക്കും എന്ന് പറഞ്ഞതുപോലെ ബംഗാളും ത്രിപുരക്കും ശേഷം കേരളവും സിപിഎമ്മിനെ കൈവിടുമെന്നാണ് ആലപ്പുഴയിലെ സഖാക്കളുടെ അടക്കം പറച്ചിലുകൾ.

ഉറപ്പായും എല്ലാം ശരിയാക്കുമെന്ന വിശ്വാസത്തിൽ കാരായിമാരെ സ്വീകരിക്കുവാൻ കണ്ണൂരിലേക്ക് പുറപ്പെട്ട സഖാവ് ദാസനും കേരളം പെട്രോൾ വില കുറച്ചത് ദേശാഭിമാനിയിൽ വായിച്ച നിർവൃതിയിൽ സഖാവ് വിജയനും

dasanum vijayanum
Advertisment