Advertisment

കോവിഡ് കാലഘട്ടത്തെ ചാകരയാക്കിയ പ്രാഞ്ചിയേട്ടന്മാരുടെ നാട് ? ഒരു ബഞ്ചിലിരുന്നു പഠിച്ചവന്‍റെ കടം വീട്ടാമെന്ന് പറയുന്ന വീഡിയോ വൈറലാകുമ്പോള്‍ വാങ്ങുന്നവന്‍റെ മനശാസ്ത്രം എവിടെ ? ഒരു സിനിമ തന്നെ പ്രാഞ്ചിയായപ്പോള്‍ '8' നിലയില്‍ പൊട്ടി ! വിദേശത്ത് തള്ളിമറിച്ച പ്രാഞ്ചിമാര്‍ നാടുവിട്ട് കളിക്കുന്നു, തള്ളരുതേ പ്രാഞ്ചി - ദാസനും വിജയനും !

New Update

publive-image

Advertisment

ഇക്കഴിഞ്ഞ വർഷവും കോവിഡ് കാലഘട്ടവുമൊക്കെ മലയാളികളിൽ ധാരാളം പ്രാഞ്ചിയേട്ടന്മാരെ സൃഷ്ടിക്കപ്പെടുമാറുണ്ടായി എന്നാർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറയുവാൻ ആവില്ല.

കാരണം കച്ചവടക്കാർ സിനിമാക്കാർ രാഷ്ട്രീയക്കാർ എന്തിനധികം പറയുന്നു മത മേലധ്യക്ഷന്മാർ വരെ പ്രാഞ്ചിയേട്ടൻ കളികളുമായി കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും തിളങ്ങി തള്ളി മറിച്ചുകൊണ്ടിരിക്കുന്നു.

ദുബായിലാണ് ഏറ്റവും കൂടുതൽ പ്രാഞ്ചിത്തരവും തള്ളും അരങ്ങേറിയത് എങ്കിലും കേരളത്തിലെയും ഡൽഹിയിലെയും ചില രാഷ്ട്രീയ നേതാക്കളുടെ തള്ളുകളും മറ്റും കാണുമ്പോൾ എല്ലാം എത്ര നിസ്സാരം.

എങ്കിലും ട്രമ്പണ്ണൻ വരെ നാണിച്ചു പോകുന്ന തള്ളുകളാണ് ഡൽഹിയിൽ അരങ്ങേറിയിരുന്നത്. പൂച്ച കണ്ണടച്ചുകൊണ്ട് പാല് കുടിക്കുന്നതുപോലെയാണ് കേരളത്തിലെ യജമാനന്മാർ തള്ളി മറിച്ചത്.

സംസ്ഥാനത്തെ ഒരു വ്യാപാരകേന്ദ്ര ഉത്‌ഘാടനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അംബാസഡർ എന്നൊക്കെ പറയുന്ന ആള്‍ അത്യാവശ്യം നല്ല രീതിയിൽ പ്രാഞ്ചിതരങ്ങളും മറ്റും വളരെ ഭംഗിയായി കേരളത്തിൽ അവതരിപ്പിച്ചു.

ഇടം കൈ കൊണ്ട് കൊടുക്കുന്നത് വലം കൈ അറിയാൻ പാടില്ല എന്ന കാര്യം നല്ല വണ്ണം അറിയാമെങ്കിലും റോഡുവക്കിലും പഠിച്ച സ്‌കൂളിലും ഹെലികോപ്റ്റർ വീണിടത്തും ഒക്കെ

പണം വീശിയെറിഞ്ഞുകൊണ്ട് വീഡിയോ പിടിച്ച് പുറത്തിറക്കി ജനങ്ങളുടെ കൈയടി വാങ്ങുവാൻ അദ്ദേഹം മറന്നില്ല.

വാങ്ങുന്നവന്‍റെ സങ്കടം ?

അമ്പതിനായിരം കോടി ആസ്തിയുള്ളയാൾ രണ്ടു ശതമാനം സക്കാത്ത് വകയിൽ കൊടുക്കുമ്പോൾ തന്നെ ആയിരം കോടി ആ വകയിൽ ആയി.

ആ പണം ദിനേന കൊടുക്കുന്നത് പത്രത്തിലും ടിവിയിലും സോഷ്യൽ മീഡിയയിലും വീശുമ്പോൾ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ റീറ്റെയ്ൽ കച്ചവടങ്ങൾക്കും ഗുണം ചെയ്യുമെങ്കിലും കാണുന്നവർക്ക് എന്ത് പ്രയോജനം.


സ്‌കൂളിൽ ബെഞ്ചിൽ ഒപ്പമിരുന്ന ആളിന്റെ ബാങ്ക് കടങ്ങൾ വീട്ടുമെന്ന് പബ്ലിക്ക് ആയി പറയുമ്പോൾ അത് വാങ്ങാന്‍ വിധിക്കപ്പെട്ട ആ മനുഷ്യന്റെ മനോവേദന കാണാതെ പോകരുത്.


ജീവിതത്തിൽ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ആർക്കും ആരുടെയും മുന്നിൽ കൈനീട്ടാൻ താത്പര്യമില്ല. നിവൃത്തികേടുകളാണ് ഇവരെ മറ്റുള്ളവരുടെ കനിവിനായി കാത്തിരിപ്പിക്കേണ്ടി വരുന്നത്.

അങ്ങനെയുള്ളപ്പോൾ അവരെ സോഷ്യൽ മീഡിയയിലും ടിവിയിലും അപഹാസ്യരാക്കുന്നതിന് തുല്യമാണ് ഈ പബ്ലിസിറ്റി പിആർ സ്റ്റണ്ടുകൾ. അതിന്നായി പിആർ കമ്പനികളും അത്യവശ്യം നടന്നു ക്ഷീണിക്കുന്നുമുണ്ട്.

സിനിമതന്നെ പ്രാഞ്ചി ആയാലോ ?

ഈയടുത്തുനടന്ന തള്ളുകളിൽ ഏറ്റവും വലിയ തള്ളായിരുന്നു മരിക്കാർ എന്ന മോഹൻലാൽ സിനിമ.


എങ്ങനെയെങ്കിലും ഒരു സിനിമയുണ്ടാക്കി അത്യവശ്യം ചാനലുകാരെയും സോഷ്യൽ മീഡിയക്കാരെയും കൂട്ടുപിടിച്ചുകൊണ്ട് ഫാൻസുകാരെ ഇളക്കിമറിച്ചു പണമുണ്ടാക്കാമെന്ന നിർമ്മാതാക്കളെന്നു പറയുന്നവരുടെ മോഹമാണ് മരിക്കാറിനെ അറബിക്കടലിൽ മുക്കിക്കൊന്നത്.


അത്രയ്ക്കും മോശമല്ലാത്ത സിനിമയായിരുന്നിട്ടുകൂടി മരിക്കാറിനെ പരാജയപ്പെടുത്തിയത് ആദ്യം സംവിധായകനും പിന്നെ നിർമ്മാതാവും മാത്രമായിരുന്നു. ഒരു സീൻ പോലും ഷൂട്ട് ചെയ്യാൻ കടലിൽ പോയിട്ടില്ലെന്ന വീമ്പു പറച്ചിലും അനാവശ്യ പ്രൊപ്പോഗാണ്ടയും സിനിമയെ

കളക്ഷൻ നേടുന്നതിൽ ക്ഷീണം വരുത്തി.

ഈ സിനിമയുടെ ലാഭം കൊണ്ട് ദുബായിൽ വാങ്ങുവാൻ നോക്കി വെച്ചിരുന്ന ഒരു പഞ്ച നക്ഷത്ര ഹോട്ടലിന് ഇനി അടുത്ത സിനിമകളുടെ വിജയങ്ങൾ വരെ കാത്തിരിക്കേണ്ടി വരും.

നമ്മുടെ ഗോഡ്ഫാദർമാരുടെ തള്ളുകളിൽ ഭ്രമിച്ചുകൊണ്ട് ഒട്ടനവധി ചെറുപ്പക്കാരാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ പിടിവിട്ട തള്ളുകൾ ആരംഭിച്ചിരിക്കുന്നത്.

ബിറ്റ് കോയിൻ ഇടപാടുകളുമായി ബന്ധപ്പെട്ടുകൊണ്ട് കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരെ അത്യുന്നതങ്ങളിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇൻഫ്ളുവന്സര്മാരെ പ്രയോജനപ്പെടുത്തിക്കൊണ്ട് അവർ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ ഭയമാണ് ഉള്ളിൽ വരുന്നത്.

അധോലോകം സിനിമയായി മാറുമ്പോള്‍ !

കേരളത്തിൽ ഇന്ന് കാണുന്ന വർഗീയ ധ്രുവീകരണങ്ങളിലും കൊലപാതകങ്ങളിലും ഇക്കൂട്ടരുടെ ആധിപത്യം ഇല്ലായെന്ന് പറയുവാനാകില്ല.

സ്വർണ്ണക്കടത്തും ബിറ്റ് കോയിൻ ഇടപാടുകളും മയക്കുമരുന്ന് കച്ചവടങ്ങളും എല്ലാം ഇവരുടെ ചുവടുപിടിച്ചാണ് നടക്കുന്നത് എന്നറിയുന്നത് എൻഫോഴ്സ്മെന്റുകാർ വീടുകളിൽ കയറി നിരങ്ങുമ്പോഴാണ്.

സിനിമക്കാരെയാണ് ഇക്കൂട്ടർ ആദ്യമേ കൈപ്പിടിയിൽ ഒതുക്കുന്നത്. ഗോൾഡൻ വിസ ഓഫർചെയ്തും അടുത്ത സിനിമ നിർമ്മിക്കാമെന്ന വാഗ്ദാനവുമായും സിനിമാക്കാരെ ഒന്നടങ്കം ഇവർ കൂടെ കൂട്ടുന്നു.

ആഡംബര വാഹനങ്ങൾ, കാണാൻ അതി സുന്ദരികൾ, ഇഷ്ടംപോലെ പണം ചിലവാക്കിയുള്ള വിദേശയാത്രകൾ എല്ലാം കാണിച്ചു കൂട്ടിയാണ് ഇവർ മറ്റുള്ളവരെ അവരിലേക്ക് ആകർഷിപ്പിക്കുന്നത്.

യാതൊരു രേഖകളും ഇല്ലാതെ പണം കച്ചവടത്തിനായി സ്വീകരിക്കുന്നു. പിന്നീട് സംഭവിക്കുന്നതൊക്കെ നമ്മുക്ക് വാർത്തകളിൽ വായിച്ചറിയാം. ബിറ്റ് കോയിൻ പാസ് വേർഡിനായി തള്ള വിരൽ മുറിക്കൽ, തട്ടിക്കൊണ്ടുപോക്ക്, കൈവെട്ടൽ അങ്ങനെയങ്ങനെ പലതും.

തള്ളി മറിക്കുമ്പോള്‍ ഷെട്ടിയേപ്പോലെ വീഴരുത് !

ഇങ്ങനെ കളിച്ച നൂറോളം ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ് ഇക്കഴിഞ്ഞ കോവിഡ് കാലഘട്ടങ്ങളിൽ ദുബായിൽ നിന്നും ഷാർജയിൽ നിന്നും ഖത്തറിൽ നിന്നും അബുദാബിയിൽ നിന്നും ഒക്കെ പണവുമായും പണം ഇല്ലാതെയും മുങ്ങി നാട്ടിലും മുംബൈയിലും ഒക്കെ എത്തിയിരിക്കുന്നത്.

അതിൽ ഏറ്റവും ഷോ കാണിച്ചിരുന്ന ഷെട്ടി മുതൽ ആരോരുമറിയാത്ത രാമൻ നായർ വരെയുണ്ട്. രണ്ടാമൂഴത്തിന്റെ തള്ളിൽ തൊട്ടപ്പോൾ ഷെട്ടിക്ക് നാട് പിടിക്കേണ്ടി വന്നു.


ഷെട്ടി ശരിക്കും നമ്പർ വൺ പ്രാഞ്ചിയേട്ടൻ ആയിരുന്നു. പ്രധാനമന്ത്രി വന്നപ്പോഴും

അല്ലാതെയും ഒക്കെ ഷെട്ടി ഇന്ത്യയുടെ വക്താവായി സ്വയം മാറുകയായിരുന്നു. അപ്പോഴൊക്കെ ബാങ്കുകളായ ബാങ്കുകളിൽ നിന്നൊക്കെ വായ്പകൾ വാങ്ങിച്ചും കൂട്ടിയിരുന്നു.


തള്ളി മറിച്ചിട്ട് നാടു വിട്ടവര്‍ !

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്തുള്ള ആറാട്ടുപുഴക്കാരന്‍ ഒരു വിദ്വാന്‍, ദുബായിൽ കെമിക്കൽ കമ്പനി നടത്തിവരികയായിരുന്നു. മറ്റുള്ള മുതലാളിമാരുടെ ഭാര്യമാരുടെയും പെൺമക്കളുടെയും ഇടയിൽ ശ്രീകൃഷ്ണൻ. അയ്യായിരം കോടിക്ക് താഴെയുള്ള സംഖ്യകളൊന്നും ഇയാളുടെ തള്ളുകളിൽ ഉണ്ടാകാറില്ല.

പണത്തിനോട് ആർത്തിമൂത്ത് പണമടിക്കുന്ന മെഷീൻ വരെ സ്വന്തമാക്കി. പണമിരട്ടിപ്പും ബാങ്കുകളിൽ നിന്നും ചെക്ക് ഡിസ്‌കൗണ്ടും വീക്നെസ്.


പുതിയ കാറുകളിൽ ഇറങ്ങുന്ന ഹിറ്റ് മോഡലുകൾ സ്വന്തമാക്കിക്കൊണ്ട് അത്യാർഭാട ജീവിതം നയിച്ചുപോന്ന നായർ കൂടെ വിശ്വസിച്ചുകൂടിയ ഒരു സ്ത്രീയുടെ എട്ടോളം കോടി അടക്കം അമ്പത് കോടി രൂപ പറ്റിച്ചുകൊണ്ട് ഇന്നിപ്പോൾ നാട്ടിൽ രണ്ടും മൂന്നും ബാറുകളുടെ ഉടമസ്ഥനായി വിലസുന്നു.


20000 ത്തോളം ജോലിക്കാർ ഉണ്ടായിരുന്ന ഒരു കൊച്ചിക്കാരൻ അയ്യർ, ഇംഗ്ലീഷ് മാഗസിനുകളിൽ പുള്ളിക്കാരൻ കുറിച്ച് തള്ളി മറിക്കാത്ത എഡിഷനുകൾ ഇല്ല.

അമ്പത്തിയാറുകോടിയുടെ വീട് സ്വന്തമായി ദുബായിൽ പണിത് മൂന്നു ഭാര്യമാരുമായി വിലസുന്നത്തിനിടയിൽ പെട്ടെന്ന് കച്ചവടകളികൾ താളം തെറ്റുകയും രായ്ക്കുരാമാനം അച്ഛനും അമ്മയും ഒരു ഭാര്യയും കുട്ടിയുമടക്കം ദുബായിൽ നിന്നും മുംബൈയിലേക്ക്‌ മുങ്ങുകയും ചെയ്തു.

മൂന്നാമത്തെ ഭാര്യക്ക് പവർ ഓഫ് അറ്റോർണി കൊടുത്തുകൊണ്ടാണ് എല്ലാം ചെയ്‌തത്‌ എങ്കിലും ഇന്നിപ്പോൾ ആ പുള്ളിക്കാരി കത്തുന്ന പുരയുടെ കഴുക്കോൽ ഊരിക്കൊണ്ടിരിക്കുന്നു.

സ്വർണ്ണക്കടത്തിൽ കവിത രചിച്ച കണ്ണൂരുകാരൻ, നേപ്പാൾ വഴിയും കോൺസുലേറ്റ് വഴിയും സ്വർണ്ണം കടത്താമെന്ന് കണ്ടുപിടിച്ചവൻ, ഇപ്പോഴത്തെ സ്വർണ്ണക്കടത്തിനെ ഒറ്റി കൊടുത്തവൻ, ദുബായിൽ ഒരേ സമയം രണ്ടും മൂന്നും റോൾസ് റോയ്‌സ് കാറുകൾ കൊണ്ട് നടന്നു തള്ളി മറിച്ചിട്ടുകൊണ്ട് വിലസി ഒടുവിൽ അവിടന്ന് ഒരു രാത്രി നാടുവിട്ടു.

ഇന്നിപ്പോൾ ബെംഗളുരുവിലാണ്. കൊഫെപോസ കാരണം നാട്ടിൽ ഇറങ്ങുവാൻ സാധിക്കാതെ ബെംഗളൂരു ചെന്നൈ ശ്രീലങ്ക നേപ്പാൾ എന്നിവിടങ്ങളിലായി വിലസുന്നു.

ഇതുപോലെ കുറച്ചധികം ആളുകൾ കൂടിയുണ്ട്. ബുഗാട്ടിയും റോൾസ് റോയ്സും ഒക്കെ കാണിച്ചു തള്ളി മറിച്ചു കൊണ്ട് ബെംഗളുരുവിലെയും ആന്ധ്രായിലെയും സ്വർണ്ണഖനിക്കാരിൽ നിന്നും അതുപോലെയുള്ള റെഡ്ഢിമാരിൽ നിന്നൊക്കെപണം വാങ്ങി വിലസുന്നവർ.

അടുത്തുതന്നെ അവരുടെ ചീട്ടുകൊട്ടാരങ്ങളും തകർന്നു വീഴുന്നത് നമ്മുക്കുകാണാം. അസൂയ കൊണ്ടോ വൈരാഗ്യം കൊണ്ടോ ഒന്നുമല്ല ഇങ്ങനെയൊക്കെ പറയേണ്ടി വന്നത്. ഇക്കൂട്ടർ കാരണം നമ്മുടെ നാടിന്‍റെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ഇവരെക്കൊണ്ട് നാട്ടിലെ പലയിടങ്ങളിലും വർഗീയ വംശീയ ധ്രുവീകരണങ്ങൾ സംഭവിക്കുന്നതും മനസിലാക്കിയതുകൊണ്ടാണ്.

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !!!

പ്രാഞ്ചിയേട്ടന്മാരെ നിലക്ക് നിർത്തിയില്ലെങ്കിൽ ഇനിയും കോവിഡും പ്രളയവും ഒക്കെ നമ്മെ തേടിവരുമെന്ന വിശ്വാസത്തിൽ ദാസനും തള്ളുന്നവർ തള്ളി മറിക്കട്ടെ, പക്ഷെ പാവങ്ങളെ സഹായിക്കുന്നത് പബ്ലിസിറ്റി ചെയ്യരുതെന്ന അഭ്യർത്ഥനയുമായി വിജയനും

Advertisment