കെ ആര്‍ നാരായണനുശേഷം ഒറ്റപ്പാലത്തേയ്ക്കു മറ്റൊരു സിവില്‍ സര്‍വീസുകാരന്‍ ഡോ. സരിനും നെന്‍മാറയിലേയ്ക്ക് മുന്‍ അംബാസിഡര്‍ വേണു രാജാമണിയും ! ഡോ. ഷമ്മ മുഹമ്മദ്, മാത്യു ആന്‍റണി, ജസ്റ്റിസ് കമാൽ പാഷ, കെ ആര്‍ മീര, ഷറഫ് അലി, ഐ എം വിജയന്‍, നിഷ പുരുഷോത്തമന്‍ …. ഇത്തവണ തെരെഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ പ്രൊഫഷണലുകളുടെ വന്‍ നിര തന്നെ ചര്‍ച്ചകളില്‍ നിറയുന്നു. ‘ആറാം ക്ലാസും ഗുസ്തിയു’ മായി രാഷ്ട്രീയം മലീമസമാക്കിയവരില്‍ നിന്നും ഇത്തവണയെങ്കിലും കേരളം രക്ഷപ്പെടുമോ ? – ദാസനും വിജയനും

ദാസനും വിജയനും
Saturday, January 23, 2021

കഴിഞ്ഞ കുറെ നാളുകളായി തിരഞ്ഞെടുപ്പുകളിൽ വിവരമുള്ളവർ മത്സര രംഗത്തേക്ക് വരുന്നു എന്നതാണ് ജനങ്ങൾക്കിടയിൽ ആശ്വാസത്തിന് ഇടവരുത്തുന്ന കാര്യം. ഒരു കാലത്ത് വിദ്യഭ്യസമുള്ളവരൊക്കെ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നിരുന്നു.

എന്നാല്‍ പിന്നീട് കോൺഗ്രസ്സ് ഐഎഎസ് ഓഫീസറായ എസ് കൃഷണകുമാറിനെയും ഐഎഫ്എസ് ഓഫീസറായിരുന്ന കെആർ നാരായണനെയും ഒക്കെ മത്സരരംഗത്തേക്ക് ഇറക്കി വിജയിപ്പിച്ചെടുക്കുകയായിരുന്നു. കൃഷണകുമാര്‍ കേന്ദ്രമന്ത്രി വരെയായി. കെആർ നാരായണന്‍ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും വരെയായി.

അതുപോലെ രാഹുൽ ഗാന്ധി ബ്രിഗേഡ് വന്നതിനു ശേഷം ഒട്ടനവധി ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് വരികയും അവരെയൊക്കെ ജനങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന കാഴ്ചകൾ സമൂഹത്തിന് നന്മ പകരുന്നതാണ്.

വി ടി ബല്‍റാമും, ഷാഫി പറമ്പിലും, റോജി ജോണും, ശബരീനാഥനും, രമ്യ ഹരിദാസും, ഹൈബി ഈഡനുമൊക്കെ വിജയം വരിച്ചവരാണ്. ബേപ്പൂരിൽ കഴിഞ്ഞതവണ മത്സരിച്ച ആദം മുൽസിയും കഴിഞ്ഞ തവണക്ക് മുന്നേ ചാലക്കുടിയിൽ മത്സരിച്ച കെടി ബെന്നിയുമൊക്കെ രാഹുൽ ബ്രിഗേഡുകാരാണ്.

കേരളത്തിൽ മത്സരിച്ചു ജയിച്ചവരിൽ ഏറ്റവും പ്രശസ്തനായത് ശശി തരൂർ എന്ന ആ മഹാമനസ്കൻ തന്നെ. എന്തൊക്കെത്തന്നെ വൈതരണികൾ ജീവിതത്തിൽ നേരിട്ടുവെങ്കിലും അടിപതറാതെ തറവാടിത്തം കാത്തുസൂക്ഷിച്ചുകൊണ്ട് ജയിപ്പിച്ച നാടിനോടും നാട്ടുകാരോടും നന്മ കാണിച്ചുകൊണ്ട് ഇന്നും അജയ്യനായി തലസ്ഥാനത്തെ കൈപ്പിടിയിൽ കൊണ്ട് നടക്കുന്നു.

ദല്‍ഹിയിലെ പല വന്മരങ്ങളും പലവഴികൾ തേടി പോയെങ്കിലും കേരളത്തിലുള്ള മറ്റുള്ള ഗ്രൂപ്പുകളിക്കാരുടെ ചവിട്ടുകൾ ഏൽക്കാതെ ഡൽഹിയിലെ മലയാളി നേതാക്കന്മാരുടെ പാരകളെ അതിജീവിച്ചുകൊണ്ട് ഇന്നും മലയാളികളുടെ കണ്ണിലുണ്ണിയായി ശശി തരൂർ ആ പ്രൊഫഷണൽ രാഷ്ട്രീയം കൊണ്ടുനടക്കുന്നു.

ഇനിയിപ്പോൾ കേരള രാഷ്ട്രീയത്തിലേക്ക് മറ്റുചില പ്രൊഫഷണൽസ് കൂടി പറന്നിറങ്ങുന്നു. നെതർലാൻഡ്‌സിലെ അംബാസഡർ ആയിരുന്ന വേണു രാജാമണി യുഎഇ ഇന്ത്യൻ കോൺസുൽ ജനറൽ ആയിരുന്നു. ഇന്ത്യൻ പ്രസിണ്ടന്റിന്റെ പ്രസ്സ് സെക്രട്ടറി പദം അലങ്കരിച്ചതിന് ശേഷമാണ് നെതർലാന്റ്സിലേക്ക് പറന്നത്.

എഴുത്തുകാരനും പത്രപ്രവർത്തകനും കൂടിയായ വേണു രാജാമണി എറണാകുളം മഹാരാജാസിലെ പഴയ കെഎസ്‌യുകാരൻ കൂടിയായിരുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരിക്കുന്നില്ലെങ്കിൽ തൃപ്പൂണിത്തുറയിലോ അല്ലെങ്കിൽ പാലക്കാട് ജില്ലയിലെ നെന്മാറയിലോ ഷൊർണ്ണൂരോ മത്സരിക്കുവാൻ പറ്റിയ വ്യക്തിത്വമാണ്.

വ്യക്തിപ്രഭാവം കൊണ്ട് ഏത് സീറ്റും പിടിച്ചെടുക്കുവാൻ സാധിക്കുന്ന വേണു രാജാമണിക്ക് യുഡിഎഫ് നേതൃത്വത്തിന്റെ പച്ചക്കൊടി ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ചങ്ങനാശ്ശേരിക്കാരനും പ്രൊഫഷണൽ കോൺഗ്രസ്സിന്റെ മഹാരാഷ്ട്ര തലവനുമായ മാത്യു ആന്റണി എന്ന പഴയ കെഎസ്‌യുക്കാരൻ എഐസിസി സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ഭാരവാഹി കൂടിയാണ്.

ഹൈക്കമാന്റിന്റെ ആശീർവാദത്തോടെ കേരളത്തിലെ ചങ്ങനാശ്ശേരി മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയാകുവാൻ കെപിസിസിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ് മാത്യു ആന്റണി.

ഇക്കഴിഞ്ഞ വർഷം കോവിഡ് കാലത്ത് നൂറുകണക്കിന് ബസുകൾ മുംബയിൽ നിന്നും കേരളത്തിലേക്ക് ഏർപ്പാടാക്കി. പ്രളയത്തിൽ കേരളത്തിലെ സംഭവ വികാസങ്ങൾ മുംബൈ ചാനലുകളിൽ എത്തിക്കുകയും അവിടെ മാധ്യമ പ്രവർത്തകർക്കിടയിൽ കേരളത്തിനായി സഹായങ്ങൾ എത്തിക്കുന്നതിൽ മുൻനിരയിൽ നില്‍ക്കുകയും ചെയ്തു. അന്ന് ആറുകോടിയോളം രൂപ സമാഹരിച്ചുകൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും ചെയ്തു.

ഗ്രൂപ്പുകൾക്കതീതമായി സ്ഥാനാർത്ഥികളെ തീരുമാനിക്കുകയാണെങ്കിൽ ചങ്ങനാശ്ശേരിക്ക് ഉത്തമൻ മാത്യു ആന്റണി തന്നെ.

ഡോ. സരിൻ, ഒറ്റപ്പാലത്തിന്റെ യുവരക്തം. കെ ആര്‍ നാരായണനുശേഷം സിവിൽ സർവീസ് മതിയാക്കി ആധുനിക കാലത്തിനനുസരിച്ചു ജനങ്ങളെ സേവിക്കുവാൻ ഇറങ്ങിത്തിരിച്ച പോരാളിയായ സരിൻ ഇന്നിപ്പോൾ ഒറ്റപ്പാലത്തുകാരുടെ ആവേശമായി മാറിയിരിക്കുകയാണ്.

മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഒറ്റപ്പാലം തിരിച്ചുപിടിക്കുവാൻ ഇതുപോലെ ഒരാളെ കണ്ടെത്തുക അസാധ്യം. പി ബാലനും കെ ശങ്കരനാരായണനും ശേഷം ഒറ്റപ്പാലത്തിന്റെ മണ്ണിൽ മൂവർണ്ണക്കൊടി പാറിക്കുവാൻ ഡോക്ടർ സരിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുവാൻ കഴിഞ്ഞത്.

ഇന്ത്യയിൽ ഒരു ഭൂപ്രദേശത്തിൽ ഏറ്റവും പേർക്ക് പത്മശ്രീയും പത്മവിഭൂഷണും ജ്ഞാനപീഠവും ഒക്കെ സമ്മാനമായി ലഭിച്ച ഒറ്റപ്പാലത്തിന് ഇനി വേണ്ടത് ഒരു നല്ല മനുഷ്യനെയാണ്. ആ സ്ഥാനം ഇത്തവണ ഡോക്ടർ സരിനിലൂടെ സാധിക്കും എന്നതാണ് ജനങ്ങളുടെ വിശ്വാസം.

തളിപ്പറമ്പില്‍ സീറ്റ് ലഭിച്ചാല്‍ വിജയിക്കുന്ന കാര്യം താന്‍ ഏറ്റു എന്നാണ് കോണ്‍ഗ്രസിന്‍റെ ദേശീയ വക്താവായ ഡോ. ഷമ്മ മുഹമ്മദ് വെല്ലുവിളിച്ചിരിക്കുന്നത്. ഇടതുപക്ഷം നാല്‍പ്പത്തിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ഒരു മണ്ഡലം ആവശ്യപ്പെടുന്ന യുവ രക്തത്തെ തളിപ്പറമ്പില്‍ പരീക്ഷിച്ചാല്‍ ചരിത്രം തിരുത്തുക തന്നെ ചെയ്യും.

ഇടതുപക്ഷവും ബിജെപിയുമൊക്കെ ഇതുപോലെയുള്ള പ്രൊഫഷണലുകൾക്കായുള്ള നെട്ടോട്ടത്തിലാണ്. കെആർ മീരയെപ്പോലുള്ള സാഹിത്യ കാരികളെയും പാർവതി തെരുവോത്തിനെപോലെയും സിനിമക്കാരെയുമൊക്കെ സ്ഥാനാർത്ഥികളാക്കുന്ന തിരക്കിലാണ്
എൽഡിഎഫ് .

കോട്ടയത്ത് കെആർ മീരയെയും അരുവിക്കരയിൽ പർവതിയെയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. കളമശ്ശേരിയിൽ അല്ലെങ്കിൽ ആലുവയിൽ ആഷിഖ് അബുവിനേയും ഇരിങ്ങാലക്കുടയിൽ കൂടാൽമാണിക്യം പ്രസിഡന്റ് രാധാകൃഷ്ണമേനോനെയും ഒക്കെ പരിഗണിക്കുന്നു.

ഇന്നസെന്റും മുകേഷും ഗണേഷും ഒക്കെ തോൽവികൾ ആയിരുന്നതുകൊണ്ട് കൂടുതൽ സിനിമാക്കാരുടെ രാഷ്ട്രീയ സാധ്യതകള്‍ പരീക്ഷിക്കുവാനുള്ള അവസരവും ഇടതുപക്ഷത്ത് കുറഞ്ഞുകാണുന്നു .

സീറ്റുകൾ ജയിക്കുവാൻ സിനിമാക്കാർ ഉപകാരപ്പെടുമെങ്കിലും പിന്നെ ആ മണ്ഡലം എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം എന്ന ചിന്താഗതി എൽഡിഎഫിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .

അതുപോലെ ഇത്തവണ ജോൺ ബ്രിട്ടാസിനെ ഇരിക്കൂറും ശ്രീകണ്ഠൻ നായരെ തൃക്കാക്കരയിലും മത്സരിപ്പിക്കുവാൻ ഇടതുപക്ഷം ആലോചനകൾ നടത്തുമ്പോൾ കഴിഞ്ഞ തവണ ഇടതു ചേരിയില്‍ മത്സരിച്ച നികേഷ് കുമാറിനെ ഇത്തവണ തങ്ങളുടെ പക്ഷത്തു മത്സരിപ്പിക്കുവാൻ യുഡിഎഫും ഒരുങ്ങുന്നു. നികേഷിനായി കണ്ണൂരിൽ സീറ്റു തേടുകയാണ് യുഡിഎഫ്.

വീണ ജോർജ്ജിന്റെ നിയമസഭാ പ്രകടനമാണ് ശ്രീകണ്ഠൻ നായർക്കും ജോൺ ബ്രിട്ടാസിനും തുണയാകുന്നത്. സിനിമ സംവിധായകനായ ആര്യാടൻ ഷൗക്കത്ത്
തവനൂർ സീറ്റ് ചോദിച്ചു വാങ്ങുമ്പോൾ മുൻ ജസ്റ്റിസ് കമാൽ പാഷ തവനൂരിലോ കളമശ്ശേരിയിലോ പുനലൂരിലോ മത്സരിക്കാനുള്ള ആഗ്രഹത്തിലാണ്.

സിനിമാനടൻ സിദ്ധിഖ് ആലപ്പുഴയിലോ കായംകുളത്തോ യുഡിഎഫ് ടിക്കറ്റിനായി കാത്തിരിക്കുമ്പോൾ സലിംകുമാറോ അല്ലെങ്കിൽ ധർമ്മജനോ വൈപ്പിനിൽ യുഡിഎഫ് കുപ്പായം അണിഞ്ഞേക്കാം.

ഇന്ത്യൻ ഫുട്‍ബോൾ താരങ്ങളായിരുന്ന ഷറഫ് അലിയും ഐഎം വിജയനും മത്സരിക്കുവാൻ ജേഴ്സി അണിയുന്നു എന്നതും ഈ തിരഞ്ഞെടുപ്പിൽ പൊടി പാറുന്ന സംഭവം ആയിരിക്കും . ഏറനാട്ടിൽ എൽഡിഎഫ് സ്വാതന്ത്രനായി ഷറഫ് അലി വരുമ്പോൾ ചേലക്കരയിൽ കൈപ്പത്തി ചിഹ്നത്തിൽ ഐഎം വിജയനും ചര്‍ച്ചയിലുണ്ട്. പക്ഷേ ഒരു മത്സരത്തിനുള്ള മാനസിക തയ്യാറെടുപ്പ് ഇപ്പൊഴും വിജയന് പോരത്രേ.

ഗണേഷനെതിരെ മത്സരിച്ച സിനിമാനടൻ ജഗദീഷും ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ആകുമെന്ന് അറിയുന്നു . നേമം മണ്ഡലത്തിലോ ചടയമംഗലത്തോ മത്സരിക്കുവാൻ സാധ്യത കാണുന്നു . എൽഡിഎഫിൽ ധാരാളം പേര് സ്ഥാനാർത്ഥി മോഹവുമായി ലോക്കൽ കമ്മറ്റികളിൽ കയറി ഇറങ്ങുന്ന അവസ്ഥയാണ്.

അതിൽ വടക്കാഞ്ചേരിയിൽ മത്സരിക്കുവാൻ പ്രശസ്ത കവയത്രി എന്നവകാശപ്പെടുന്ന ദീപ നിഷാന്ത് ഓടിനടക്കുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് . മനോരമ ന്യൂസ് വാര്‍ത്താ അവതാരക നിഷ പുരുഷോത്തമന്‍ ഉടുമ്പന്‍ചോലയിലോ തൃപ്പൂണിത്തുറയിലോ മത്സരിക്കാന്‍ ആലോചിക്കുന്നുണ്ട് . സുരേഷ്‌ഗോപി വട്ടിയൂർകാവിലോ തൃശൂരോ മത്സരിക്കുമ്പോൾ സെൻകുമാറും ജേക്കബ് തോമസും സീറ്റുകൾക്കായി നെട്ടോട്ടമോടുന്നുമുണ്ട് .

ആരൊക്കെ ജയിച്ചാലും തോറ്റാലും കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ എന്നത് മനസ്സിലാക്കിക്കൊണ്ട് പാവം ദാസനും
കിറ്റുകളിൽ വോട്ടുകൾ വിൽക്കപെടും എന്നെഴുതിവെച്ചുകൊണ്ട് പാവം വിജയനും

 

×