കേരളം

‘ലൌവ് ജിഹാദ്’ മാറി ‘നര്‍ക്കോട്ടിക് ജിഹാദ്’ വന്നിട്ടുണ്ട്. ഇനിയിപ്പോള്‍ ‘ലോണ്‍ ജിഹാദും’ ‘വിദ്യാഭ്യാസ ജിഹാദും’ ഒക്കെ വരാന്‍ കിടക്കുന്നു ! പക്ഷേ ഒരു കാര്യം സത്യമാണ്, കേരളം മയക്കുമരുന്നിന്‍റെ പിടിയിലാണ്. സ്വാശ്രയ പഠനം ബാംഗ്ലൂരും കോയമ്പത്തൂരും മംഗലാപുരത്തും മണിപ്പാലിലും നിന്ന് കേരളത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ പിന്നാലേ ഈ മയക്കുമരുന്നു ലോബിയും കേരളത്തില്‍ തമ്പടിക്കുകയായിരുന്നു. അതിനു മതത്തിന്‍റെ കളര്‍ കൊടുക്കാന്‍ നോക്കാതെ അത് മുളയിലേ നുള്ളാന്‍ കഴിയണം – ദാസനും വിജയനും എഴുതുന്നു

ദാസനും വിജയനും
Sunday, September 12, 2021

‘നർകോട്ടിക്‌സ് ജിഹാദ്’ ആണല്ലോ ഇന്നത്തെ കേരളത്തിന്റെ പ്രധാന വിഷയം. ‘ജിഹാദ്’ എന്നാൽ എല്ലിന്റെ ഇടയിൽ കുത്തിത്തറക്കൽ’ എന്നാണ് ഈയിടെയായുള്ള വിഷയങ്ങളിൽ നിന്നും നാം മനസ്സിലാക്കേണ്ടത് .

അതിപ്പോൾ ബിഷപ്പിന്റെ ആയാലും മുസ്ല്യാക്കന്മാരുടെ ആയാലും ആർഎസ്എസ് പ്രചാരകരുടെ ആയാലും പ്രധാനരാഷ്ട്രീയകക്ഷി നേതാക്കന്മാരുടെ ആയാലും !!.

കേരളം ഉണ്ടായ അന്നുമുതലും അതിനൊക്കെ നൂറ്റാണ്ടുകൾ മുമ്പേയും ലോകത്തിലെ ഏറ്റവും നല്ല കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഭൂപ്രദേശങ്ങളിൽ ഒന്നാണ് ഇടുക്കി . ഇടുക്കി കഴിഞ്ഞിട്ടേ വാൽപ്പാറ കഞ്ചാവും, മൈസൂർ കഞ്ചാവും നൈനിറ്റാൾ കഞ്ചാവും ഒക്കെയുള്ളൂ.

അതുകൊണ്ടായിരിക്കാം ബ്രിട്ടീഷുകാർ സ്‌പൈസസ് എന്ന പേരിൽ കേരളത്തിലെ മലമടക്കുകളിൽ സ്ഥാനം പിടിച്ചത്. അതുപോലെ ലോകത്തിലെ തന്നെ ഏറ്റവും നല്ല കറുപ്പ് (ഓപ്പിയം ) അഫ്ഘാൻ മണ്ണിൽ തന്നെ .

താലിബാനും പഴയ അഫ്ഘാൻ സർക്കാറിലെ പലരും വീമ്പിളക്കിയപോലെ അമേരിക്കയെയും തെക്കേ അമേരിക്കയെയും യുറോപ്പിനെയും മുട്ടുകുത്തിക്കണമെങ്കിൽ അവിടത്തെ ചെറുപ്പക്കാരെ ഇല്ലാതാക്കുവാൻ അവർക്കെതിരെ നർകോട്ടിക്ക്സ് വാർ ( മയക്കുയുദ്ധം ) ചെയ്യണമെന്നായിരുന്നു.

പക്ഷെ ഒരു കാര്യം നാം മനസിലാക്കേണ്ടത് ഈ മയക്കുമരുന്ന് കച്ചവടക്കാർ തൊണ്ണൂറ്റി ഒൻപത് ശതമാനവും അമേരിക്കയിലെയും ഇറ്റലിയിയിലെയും എസ്കോബാർമാരാണ് എന്ന നഗ്നസത്യമാണ് .

കേരളത്തിൽ അവിടവിടെയായി നടക്കുന്ന നിശാ പാർട്ടികളിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിക്കൂടി വരുന്നു എന്നത് ശരിയാണ്. അവര്‍ പിടിക്കപ്പെടുമ്പോൾ സമൂഹത്തിലെ വലിയവന്മാരുടെ മക്കളാണ് അവരുടെയൊക്കെ പിറകിൽ ഉള്ളത് .

ഇന്നിപ്പോൾ ഒരു പാർട്ടിയിൽ രണ്ടു ബിയറോ , നാല് പെഗ്ഗോ അടിച്ചാൽ റോഡിൽ പോലീസുകാർ ഊതിക്കുന്നതുകൊണ്ടാണ് ഒട്ടുമിക്ക ആളുകളും കഞ്ചാവും എംഡിഎം ഗുളികകളും ഒക്കെ അടിക്കുന്നത് .

കൂടാതെ കൊക്കൈയ്ൻ പോലത്തെ ചില മയക്കുമരുന്നു ഉപയോഗിക്കുന്ന ആളുകൾക്ക് കൂടുതൽ സമയം സെക്സ് ചെയ്യുവാനാകുന്നു എന്നതും പലരിലും മയക്കുമരുന്നിന്റെ ഉപയോഗം കൂട്ടുവാൻ കാരണമായിട്ടുണ്ട് .

പണ്ടുമുതലേ കേരളത്തിൽ കഞ്ചാവുമായി രണ്ടാളുകളെ പിടിച്ചാൽ മിക്കവാറും മുസ്ലിം സമുദായത്തിൽ പെട്ടവരാണ് എന്നുള്ളത് നമ്മുക്ക് നിഷേധിക്കുവാനാകില്ല . പക്ഷെ അതിന്റെ കാരണമായി വരുന്നത് ധൈര്യമാണ് . ഒപ്പം പോലീസിനെയും നിയമവാഴ്ചയെയും പേടിക്കുന്നില്ല എന്നുള്ളതുമാണ് .

അല്ലാതെ താൻ വിൽക്കുന്ന കഞ്ചാവ് അല്ലെങ്കിൽ മയക്കുമരുന്ന് ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ മാത്രമേ വാങ്ങാവൂ എന്നും അവരത് വാങ്ങി ഉപയോഗിച്ചുകൊണ്ട് അവരുടെ ജീവിതവും കുടുംബവും കുത്തുപാളയാക്കി ആ സമുദായങ്ങളെ ഇല്ലാതാക്കാം എന്നൊന്നും ഇവ വിൽക്കുന്നവൻ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല .

കുടുംബ പ്രാരാബ്ധങ്ങളും മറ്റും കാണുമ്പോഴാകാം എളുപ്പമാർഗ്ഗത്തിൽ ചുരുങ്ങിയ കാലത്തിൽ പണം സമ്പാദിച്ചുകൊണ്ട് രക്ഷപ്പെടണം എന്ന ഉദ്ദേശത്തില്‍ ഒട്ടുമിക്ക ആളുകളും ഈ പണികൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത് .

പക്ഷെ അവർക്കുള്ള ഈ സാധനങ്ങൾ മൊത്തമായി എത്തിച്ചുകൊണ്ടുക്കുന്നവരെ തേടി ഇറങ്ങിയാൽ നാം എത്തിച്ചേരുന്നത് സിനിമയിലേതുപോലെ ഒരു ഗോവക്കാരൻ ഗോൺസാൽവസിലോ, അല്ലെങ്കിൽ ഇടുക്കിയിലെ ഒരു മാത്തച്ചൻ മുതലാളിയിലോ ഒക്കെ ആയിരിക്കും .

കേരളത്തിന്റെ പൊതുവായ രീതി അനുസരിച്ചു നോക്കിയാൽ മുസ്ലിമായാലും നല്ല ഹിന്ദുവായാലും കള്ളോ , ബിയറോ , വൈനോ , വിസ്കിയോ അതുപോലെയുള്ള ലഹരിയുള്ള എന്ത് മണവാട്ടിയായാലും വീട്ടിലോ വീടിന്റെ ഏഴയൽവക്കത്തോ കയറ്റാറില്ല .

മകനെയോ മകളുടെയോ കല്യാണം വന്നാൽ ആദ്യം അന്വേഷിക്കുന്നത് പയ്യന്റെ അച്ഛനോ പെണ്ണിന്റെ അച്ഛനോ കള്ളുകുടിക്കുന്നവരാണോ എന്നായിരിക്കും . അമ്മാവൻ കള്ളുകുടിക്കുന്ന വിവരം അറിഞ്ഞു മുടങ്ങിയ കല്യാണങ്ങൾ വരെയുണ്ട് .

പക്ഷെ വീട്ടിൽ അപ്പനും അമ്മയും മക്കളും ഒരുമിച്ചു ഇരുന്നുകൊണ്ട് മദ്യസത്കാരം കേരളത്തിൽ കൊണ്ടുവന്നത് ക്രിസ്ത്യാനിയാണ് എന്ന് പരദൂഷണം പറയുന്നവര്‍ ഉണ്ട്.

അതിൽ ഏറ്റവുമധികം കത്തോലിക്കാസമൂഹവുമാണ് . മധ്യകേരളത്തിൽ സ്ത്രീകൾക്ക് പോലും മദ്യം വിളമ്പുന്നതും പതിവാണെന്നാണ് പരാതി.

കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളിലും വിവാഹമോചനക്കേസുകളിലും പീഡന വിഷയങ്ങളിലും കുട്ടികളെ രതിവൈകൃതങ്ങൾക്ക് ഉപയോഗിക്കുന്നതിലും സ്വന്തം പിതാവ് മക്കളെ ദുരുപയോഗം ചെയ്യുന്നതിലും ഭർത്താവിനെ ഉപേക്ഷിച്ചുകൊണ്ട് ഭാര്യമാർ ഓടിപ്പോകുന്നതിലും ഒക്കെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗമാണെന്ന് കണ്ടെത്തിയ കത്തോലിക്കാ സഭ 1991 മുതൽ 2000 വരെ മദ്യത്തിനെതിരെയുള്ള ബോധവത്കരണ കാലഘട്ടമാക്കിക്കൊണ്ട് സുവിശേഷ വർഷങ്ങളായി ആഘോഷിച്ചിരുന്നു .

അതിന്റെ ഭാഗമായി നിരവധി ജില്ലകളിൽ മദ്യപന്മാരെ നല്ല വഴിക്കു കൊണ്ടുവരാനുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തു .

ന്നിപ്പോൾ കൊച്ചിയിലായാലും കോഴിക്കോട്ടായാലും കോട്ടയത്തായാലും വാഗമണ്ണിലായാലും പ്രൊഫഷണൽ കോളജുകളിൽ പഠിക്കുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഇടക്കൊക്കെ പാർട്ടികൾ നടത്തിവരുന്നു . ഒട്ടുമിക്കവരുടെയും മാതാപിതാക്കൾ ദുബായിലും കുവൈറ്റിലും അമേരിക്കയിലും ഒക്കെയായിരിക്കും .

അവർക്ക് എല്ലാ ആഴ്ചകളിലും വീട്ടിൽ പോകണമെന്നില്ല . അപ്പോൾ അവർ കൂട്ടുകാരുമൊത്തു ചേർന്ന് നിശാപാർട്ടികളും ഡാൻസ് പാർട്ടികളും നടത്തിവരുന്നു . അതിൽ മിക്കവാറും ആണുങ്ങളും പെണ്ണുങ്ങളും പണക്കാരുടെ മക്കളുമാണ് .

കേരളത്തിൽ സ്വാശ്രയ പ്രൈവറ്റ് പ്രൊഫഷണൽ കോളേജുകൾ വരുന്നതിന്റെ മുൻപ് ഇതൊക്കെ നടന്നിരുന്നത് ബാംഗ്ലൂരും കോയമ്പത്തൂരും മംഗലാപുരത്തും മണിപ്പാലിലും ഒക്കെയായിരുന്നു .

ഇന്നിപ്പോൾ അതൊക്കെ ലോക്കലിൽ നടക്കുമ്പോൾ ഒച്ചയും ബഹളവും കൂടുമ്പോൾ അസൂയ മൂത്ത ചില നാട്ടുകാർ പോലീസിൽ പരാതിപ്പെടുന്നു .

അങ്ങനെ പിടിക്കപ്പെടുമ്പോൾ മലപ്പുറത്തെയും കോഴിക്കോട്ടെയും കണ്ണൂരിലെയും മുസ്ലിം ആൺപിള്ളേരുടെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും കൊച്ചിയിലെയും ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളുടെയും പേരുകൾ വെളിയിൽ വരുന്നു .

ഇവരൊന്നും ഒരു മതത്തിലെ ആളുകളെ വഴിതെറ്റിക്കുവാനോ മതം മാറ്റാനോ വല്ലതുമാണോ ഇതൊക്കെ ചെയ്യുന്നത് .

ബിഷപ്പുമാരും മുസ്ല്യാക്കന്മാരും ആത്മീയ നേതാക്കന്മാരും ടിവിയിൽ വാർത്ത കേൾക്കുമ്പോഴും പത്രത്തിൽ വാർത്തകൾ വായിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പരതുമ്പോഴും ഐഎഎസ് റാങ്ക് കിട്ടിയവരുടെയും മെഡിക്കൽ എൻജിനീയറിങ് റാങ്കുകിട്ടിയവരുടെയും കണക്കുകൾ നോക്കുന്നത് സ്വന്തം സമുദായത്തിൽ പെട്ടവൻ ആരൊക്കെ എന്ന മാനദണ്ഡങ്ങൾ നോക്കിയാണ് .

അങ്ങനെയുള്ള വാർത്തകൾക്കിടയിൽ ഈ വക പീഡന വാർത്തകളും മയക്കുമരുന്ന് സ്വർണക്കടത്തു വാർത്തകൾ കാണുമ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ തലക്ക് പിടിക്കും .

നാനാ പട്ടേക്കർ പറഞ്ഞതുപോലെ ലോൺവാങ്ങി മുങ്ങിയവരിൽ ഒരു സമുദായം ഇല്ലാതിരുന്നത് നന്നായി അല്ലെങ്കിൽ ഇന്ത്യയിൽ ”ലോൺ ജിഹാദ് ”വന്നേനെ .

കേരളത്തിൽ പല സമുദായങ്ങളും സമുദായക്കാരും അദ്ധ്വാനിച്ചും കഷ്ടപ്പെട്ടും പണം സമ്പാദിച്ചുകൊണ്ട് അവരുടെ പെൺമക്കളെ നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുത്തപ്പോൾ ഉണ്ടായ മാറ്റങ്ങളെ വിദ്യാഭ്യസ ജിഹാദ് എന്നൊക്കെ ഇനി മുതൽ കേൾക്കേണ്ടിവന്നാലും അതുഭുതപ്പെടേണ്ടതില്ല .

കുറെയധികം രാഷ്ട്രീയക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന വിദ്വേഷ പ്രചാരണങ്ങൾ പലരും ഏറ്റെടുത്തിരിക്കുന്നു. ഹിന്ദു-മുസ്ലീം, വർഗീയത വിലപ്പോവില്ലെന്നു കണ്ടെത്തിയ ചിലരിപ്പോൾ ക്രിസ്ത്യനികളിൽ വൈറസ് കുത്തിവെച്ചുകൊണ്ടിരിക്കുന്നു .

പക്ഷെ നാം ഉദ്ദേശിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാരല്ല ഇതിന്റെ പിന്നിൽ . നമ്മളുടെ കൂടെയുണ്ട് എന്ന് നാം കരുതുന്ന ചില രാഷ്ട്രീയക്കാരാണ് ഇന്നിപ്പോൾ ഈ ചീഞ്ഞു നാറിയ കളികൾക്ക് പിന്നിൽ , ഉറപ്പാണ് !!!

ഇവിടെ ഒരു ഒലക്കേമലെ ജിഹാദും നടക്കുന്നില്ല എന്ന് മാത്രം പറഞ്ഞുകൊണ്ട് ദാസനും അസൂയയാണ് എല്ലാറ്റിനും കാരണം എന്ന് മാത്രം പറഞ്ഞുകൊണ്ട് വിജയനും

×