Advertisment

' കിട്ടിയോ ' തേങ്ങലുകൾക്ക് അമ്പതാം പിറന്നാൾ ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്ത പേരിൽ കുറെ പേരെ കിട്ടി, ഷാജഹാന്റെ കൊലയിലും ചിലരെ കിട്ടി. മാർക്കിട്ട് കയറി റാങ്ക് നേടിയിട്ടും ജോലി കിട്ടിയില്ല. ആസാദ് കശ്മീരിന്റെ കാര്യത്തിൽ ഒരെത്തും പിടിയുമില്ല, അത്യുഗ്ര ശബ്ദത്തിന്റെ ഉടമയെയും കിട്ടിയില്ല, സഹകരണ ബാങ്കുകൾ തകർത്തവരെയും കിട്ടിയില്ല. ഇനി കിട്ടുമോ .. ആവോ ? - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രമായ എകെജി സെന്ററിന് നേരെ ബോംബേറ് നടന്നിട്ട് ഇന്നേക്ക് കൃത്യം അമ്പത് നാളുകളായി.

ഈ സുവർണ്ണ മുഹൂർത്തത്തിൽ, ആ ബോംബേറും അതിൽ നിന്നും ഉത്ഭവിച്ച അത്യഗ്ര സ്‌ഫോടന ശബ്ദവും അനുഭവിച്ചറിഞ്ഞ അത് കേട്ട് കുലുങ്ങിപ്പോയ കണ്ണൂരിന്റെ ചേകവത്തി ശ്രീമതി ശ്രീമതി ടീച്ചറും ബോംബെറിയുന്നത് ആറാം ഇന്ദ്രിയം കൊണ്ട് മനസ്സിലാക്കി അപലപിച്ച കണ്ണൂർ ചേകവൻ സഖാവ് ഇപി ജയരാജനും ആയിരമായിരം ചുമപ്പൻ അഭിവാദ്യങ്ങൾ നേരുന്നു .

പത്രക്കാരെയും ചാനലുകാരെയും മുൻകൂട്ടി അറിയിച്ചുകൊണ്ട് പാടത്ത് കൊയ്യാൻ പോയ ഡിവൈഎഫ്ഐയുടെ ചാനൽ പോരാളിയായ സഖാവിനെയും  ഇത്തരുണത്തിൽ മനസ്സിൽ ധ്യാനിച്ചുകൊള്ളുന്നു .

കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തലശ്ശേരിയിലെ കോടിയേരിയുടെ സമ്മേളന സ്ഥലത്തേക്ക് ബോംബെറിയുവാൻ ധൈര്യം കാണിച്ച ആർഎസ്എസ് സുഹൃത്തുക്കളെയും പ്രത്യേകം അനുസ്‌മരിക്കുന്നു .


ശരിക്കും നാം അനുഗ്രഹിക്കേണ്ടത് ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച നന്മമരങ്ങളെയും ഫസലിന്റെ ഷർട്ട് ബിജെപി ആസ്ഥാനത്ത് കൊണ്ടുപോയി ഇട്ടുകൊണ്ട് കേരളത്തിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തുവാൻ ശ്രമിച്ച സമാധാന കാംക്ഷികളെയുമാണ് .


publive-image

ഈ മഹത്തായ അമ്പത് നാളുകളിൽ ഒട്ടെറെ ഭാഗ്യം സിദ്ധിച്ചത് പോലീസ് കാവലിൽ രാഹുൽഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തുകൊണ്ട് മഹാനായ മഹാത്മജിയുടെ ചിത്രം തല്ലിപ്പൊളിച്ചു എന്ന പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കും , കേരളം മുഴുവനും പോലീസിനെ വിന്യസിപ്പിച്ചുകൊണ്ട് കറുത്ത ഇന്നോവയിലും കിയ കാർണിവലിലും അമ്പത്തിയാറു വണ്ടികളുടെ അകമ്പടിയോടെ കേരളത്തെ ഞെട്ടിച്ചുകൊണ്ട് യാത്ര ചെയ്യുമ്പോൾ ഇൻഡിഗോ എന്ന പരട്ട വിമാനത്തിൽ കയറിക്കൂടി ആ ഇരട്ടചങ്കനെതിരെ മുദ്രാവാക്യം വിളിച്ച രണ്ടു പേരിലൊരാളായ ഫർസാൻ മജീദിനും കൂടാതെ ആ ആശയം മുന്നോട്ട് വെച്ച കാർത്തികേയൻ മകൻ ശബരീനാഥിനുമാണ് .

publive-image

ശബരീനാഥ്‌ ഒരു സാധാരണ കോൺഗ്രസ് നേതാവായി മുന്നോട്ട് പോകുന്നതിനിടയിൽ വീണുകിട്ടിയ ഓണം ബംപർ ആണ് ആ രാത്രിയിലെ അറസ്റ്റ് .

ഒരൊറ്റ രാത്രികൊണ്ട് ഒരു പഴയ എംഎൽഎ കേരളത്തിലെ കോൺഗ്രസ്സ് കുട്ടികളുടെ മനസ്സിൽ ആരാധനാ കഥാപാത്രമായതും ഫർസാൻ മജീദ് എന്ന ഒരു ലോക്കൽ പയ്യൻ അടുത്ത തിരഞ്ഞെടുപ്പിൽ ഒരു ഇടതുപക്ഷ കോട്ട പൊളിച്ചുകൊണ്ട് എംഎൽഎ ആകുന്നവിധം വളർന്നു എന്നത് മാത്രമാണ് കാപ്പയിലൂടെ സർക്കാർ നേടിയ ഒരു വിജയം .

കേരളത്തിൽ ഇപ്പോൾ ഏറ്റവുമധികം ആളുകൾ എതിർക്കുന്ന രാഷ്ട്രീയക്കാരനായ കെടി ജലീൽ , മക്കളുടെ കല്യാണമൊക്കെ കഴിഞ്ഞപ്പോൾ ചുമ്മാ ഒന്ന് കശ്മീർ വരെ പോയതാണ് .

കുറ്റിപ്പുറവും വളാഞ്ചേരിയും എടപ്പാളും ദുബായും ഒക്കെ വെറുത്തു തുടങ്ങിയപ്പോൾ അന്ന് ജയിപ്പിക്കുവാൻ കൂട്ടു നിന്നവരും പണമിറക്കിയവരും വെറുത്തു തുടങ്ങിയപ്പോൾ ലേശം തണുപ്പ് കാറ്റ് ലഭിക്കുവാൻ പാക്കിസ്ഥാൻ ബോർഡർ വരെ പോയതേ ഓർമ്മയുള്ളൂ .

ആസാദ് കശ്മീരിന്റെ പേരിൽ ചുവരിൽ പന്തടിച്ചപോലെ തിരിച്ചുവന്നപ്പോൾ നഷ്ടമായത് പാലക്കാട്ടെ ഷാജഹാന്റെ ഉപ്പക്കും ഉമ്മാക്കുമാണ് . ഷാജഹാന്റെ കൊലപാതകത്തിൽ രക്ഷപ്പെട്ടത് ജലീൽ മാത്രമായിരുന്നു .

പാലക്കാട്ട് ഇതിനു മുൻപ് നടന്ന കൊലപാതകത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് കാരന്റെ 'അമ്മ പറഞ്ഞു : കൂടെ നിൽക്കുന്നവരെ വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് .

അതുപോലെ ബിജെപി അന്ന് അക്കാര്യത്തിൽ പിന്നോട്ടടിച്ചു . ഇന്നിപ്പോൾ ഷാജഹാന്റെ ഉമ്മ പറയുന്നു കൂടെ നിൽക്കുന്നവർ ചതിച്ചതാണ് എന്ന് . കൂട്ടുകാരൻ പറയുന്നു സ്വന്തം പാർട്ടിക്കാർ ചെയ്തതാണെന്ന് .

അങ്ങനെ നോക്കുകയാണെങ്കിൽ കേരളത്തിൽ നടന്നുവരുന്ന ഒട്ടുമിക്ക കൊലപാതകങ്ങളും ശരിയാംവണ്ണം അന്വേഷിച്ചാൽ കുടുങ്ങുന്നത് സ്വന്തം പാർട്ടിക്കാർ മാത്രമായിരിക്കും.

publive-image

അതുപോലെ കേരളത്തിൽ ഇന്നേറ്റവും കാണപ്പെടുന്ന ഒന്നായിരിക്കുന്നു സഹകരണബാങ്ക് കള്ളക്കളികൾ . കരുവന്നൂരിൽ തുടങ്ങി കേരളത്തിലെ പകുതിയോളം സഹകരണബാങ്കുകളിലെ കള്ളക്കളികളും അവിടേക്കുള്ള ജോലിയിൽ കയറ്റലുമൊക്കെ അന്വേഷിക്കുവാൻ കേരളത്തിലെ പോലീസിനും ക്രൈം ബ്രാഞ്ചിനുമാവുന്നില്ല എന്നതാണ് ദുഖകരമായ വാർത്തകൾ .


ഒരു വിധം കുട്ടി നേതാക്കന്മാരുടെ ഒക്കെ ഭാര്യമാരും പെങ്ങന്മാരും ചേട്ടന്റെ ഭാര്യമാരും എളേമ്മടെ മക്കളും ഒക്കെ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഉന്നത തസ്തികയിൽ ജോലിക്ക് കയറി വിലസുമ്പോൾ പാവപ്പെട്ട തൊഴിലന്വേഷകർക്ക് ആത്മഹത്യയല്ലാതെ വേറെ മാർഗ്ഗമില്ലാതാകുന്നു . എന്നാലും ഇതൊന്നും കൂസാതെ ജനം വോട്ടും ചെയ്യുന്നു .


ഇത്തരക്കാർക്ക് വോട്ടു ചെയ്തു ജയിപ്പിക്കുന്നവനെ ആദ്യം അടിക്കണം ഇല്ലെങ്കിൽ കേരളം മറ്റൊരു ശ്രീലങ്കയാകുമെന്നുമാത്രം പറയുന്നു.

ബോംബെറിന്റെ അൻപതാം നാൾ കേക്ക് മുറിച്ചുകൊണ്ട് ശ്രീമതി ദാസനും ഷാജഹാന് നിത്യശാന്തി നേർന്നുകൊണ്ട് സങ്കാവ് വിജയനും

Advertisment