Advertisment

സമീപകാലത്തായി ലോകത്തുണ്ടായിട്ടുള്ള എല്ലാ രണ്ടാം സര്‍ക്കാരുകളും പരാജയമായിരുന്നു. കേരളത്തില്‍ രണ്ടാം സര്‍ക്കാരിന് പരവതാനി വിരിച്ചത് കോവിഡും കിറ്റും മണ്ഡല പുനര്‍നിര്‍ണയവുമായിരുന്നു. ഇന്നിപ്പോള്‍ ഭരണത്തിന്‍റെ ഗതിമാറി. മയക്കുമരുന്ന് മാഫിയ ഭരിക്കുന്ന പാര്‍ട്ടികളില്‍ കയറികൂടുകയാണ്. ലഹരിക്കടിമയായി പിടിക്കപ്പെടുന്നവന്‍റെ പ്രൊഫൈല്‍ നിറയെ പാര്‍ട്ടി പതാകയുടെയും ഭരിക്കുന്നവരുടെയും ചിത്രങ്ങളാണ്. പിന്നെ മണ്ണും ചുണ്ണാമ്പും തിരിച്ചറിയാത്ത ചില മന്ത്രിമാരും - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ലോകത്തിതുവരെ  ഉണ്ടായിട്ടുള്ള രണ്ടാം സർക്കാരുകൾ അമ്പേ പരാജയമായിരുന്നു. കേരളത്തിൽ മാത്രമാണ് ഒന്നാം സർക്കാരും പരാജയമായിരുന്നിട്ട് കൂടി രണ്ടാം തവണയും അധികാരത്തിൽ കയറിക്കൂടുവാൻ സാധിച്ചത്. അതിന്റെ കാരണമായി കണക്കുകൂട്ടുന്നത് കിറ്റും കോവിഡും പണവും പ്രളയവുമൊക്കെയാണ്.

യഥാർത്ഥത്തിൽ കേരളത്തിൽ സംഭവിച്ചത് 2011 തിരഞ്ഞെടുപ്പിന് മുമ്പായി രൂപീകരിക്കപ്പെട്ട മണ്ഡല പുനർനിർണ്ണയത്തിൽ എൽഡിഎഫ് വളരെ ബുദ്ധിപരമായി കാര്യങ്ങൾ നീക്കിയപ്പോൾ യുഡിഎഫുകാർ അക്കാര്യം ഗൗരവമായി എടുത്തില്ല എന്നതാണ്.

അറുപതോളം മണ്ഡലങ്ങളെ എൽഡിഎഫ് അവരുടെ കുത്തക മണ്ഡലങ്ങളാക്കി മാറ്റുന്നതിൽ വിജയിച്ചപ്പോൾ യുഡിഎഫ് നോക്കുകുത്തികളായി മാറി.

കേരളത്തിന്റെ പൊതുവായ കണക്കനുസരിച്ചു നോക്കിയാൽ യുഡിഎഫിനും എൽഡിഎഫിനും കുത്തകയായി അൻപതോളം മണ്ഡലങ്ങൾ ഉണ്ടായിരുന്നു. അവിടെയുള്ള സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിൽപരം വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്.

പിന്നെയുള്ള നാൽപത് മണ്ഡലങ്ങളിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് ജയിച്ചുകയറിയിരുന്ന മണ്ഡലങ്ങൾ. ബാക്കിയുള്ള നാൽപത് മണ്ഡലങ്ങൾ അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകളിൽ മാറിമറിയുന്ന മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളിലാണ് ഘടകകക്ഷികളുടെയും ഈർക്കിൽ പാർട്ടികളുടെയും സാന്നിധ്യം അറിയുന്നത്.


ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് ഈ മണ്ഡലങ്ങൾ നിലകൊണ്ടിരുന്നത്. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിൽ ഇടതുപക്ഷം എല്ലാം മാറ്റി മറിച്ചു. ആ ആത്മവിശ്വാസത്തിലാണ് വിഎസ് 2001 തിരഞ്ഞെടുപ്പിനെ നേരിട്ടതും കേവലം രണ്ടു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ടതും.


ഉദാഹരണമായി ഒരു തവണ ഒഴിച്ച് എല്ലാ കാലത്തും യുഡിഎഫിന്റെ ഒപ്പം നിന്നിരുന്ന മാള എന്ന മണ്ഡലത്തെ കീറിമുറിച്ചുകൊണ്ട് അതിൽ ഇടതുപക്ഷ കോട്ടയായ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയെ തിരുകിക്കയറ്റി.

ഇരിങ്ങാലക്കുടയിലെ കോൺഗ്രസ്സ് അനുഭാവ പഞ്ചായത്തുകളെ മാറ്റി അവിടേക്ക് ഇടതുകോട്ടകളായ പഞ്ചായത്തുകളെ കയറ്റി. ഈ രണ്ടുസീറ്റുകളെയും ഇടതുപക്ഷ അനുകൂല സീറ്റുകളാക്കി മാറ്റി. അങ്ങനെയങ്ങനെ ഓരോരോ മണ്ഡലത്തിലെയും പഞ്ചായത്തുകൾ നോക്കിയാൽ ഇക്കാര്യം മനസിലാക്കുവാൻ സാധിക്കും.

ആയതിനാൽ ഇടതുപക്ഷത്തിന് ഇപ്പോൾ അറുപതോളം സീറ്റുകൾ തങ്ങൾക്കനുകൂലമാക്കി മാറ്റുവാൻ എളുപ്പമാക്കി. ബാക്കി വരുന്ന സീറ്റുകളിൽ പണം വീശിയാൽ ജയിക്കുമെന്ന വിശ്വാസവും ഉണ്ടാക്കിയെടുത്തു. താനൂരും തവനൂരും നിലമ്പൂരുമൊക്കെ അങ്ങനെ പിടിച്ചെടുക്കുവാനും സാധിക്കുന്നു.

ഈ ആത്മവിശ്വാസമാണ് സിപിഎമ്മിനെ മൂന്നാം സർക്കാർ ഉണ്ടാക്കും എന്നുള്ള രീതിയിലേക്കൊക്കെ സംസാരിക്കുവാൻ ധൈര്യം കൊടുക്കുന്നത്. കേരളം കണ്ടതിൽ വെച്ചേറ്റവും പരാജയമായ ഭരണമാണ് ഇപ്പോൾ 2016 മുതൽ നടന്നുകൊണ്ടിരിക്കുന്നത്.

അഴിമതി സ്വജനപക്ഷപാതം, അഹങ്കാരം, കയ്യിട്ടുവാരൽ, പോലീസ്‌രാജ്, ഗുണ്ടായിസം, മയക്കുമരുന്ന് എന്നിവയിൽ കേരളത്തിൽ ഇന്നേവരെ കാണാത്ത സംഭവങ്ങൾ അരങ്ങേറിയിട്ടും ഇടതിന്റെ അണികളിൽ ഇപ്പോഴും അഹങ്കാരം മുളപൊട്ടുന്നതിന്റെ കാരണങ്ങളും ഇതൊക്കെയാണ്.

മയക്കുമരുന്നിന്റെ കാര്യത്തിൽ കേരളം ഇതുവരെ കാണാത്ത അത്രയും ഭീകരതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഓരോരോ ഗ്രാമങ്ങളിലെയും സ്വർണ്ണക്കടത്തുകാരും, മയക്കുമരുന്നുകാരും, ക്വട്ടേഷൻകാരും, മണൽക്കടത്തുകാരും ഇന്നിപ്പോൾ പാർട്ടിയുടെ ലേബലിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.


ആദ്യമായി അവർ അവരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ സിപിഎം പതാകകളും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും കൊണ്ട് നിറക്കുന്നു. എല്ലാ ജാഥകളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ മുൻപന്തിയിൽ നിൽക്കുന്നു. പോലീസ് സ്റ്റേഷനുകളിൽ ബന്ധം സ്ഥാപിക്കുന്നു. ലോക്കൽ ഗുണ്ടകളുമായി കൈകോർക്കുന്നു. നേതാക്കന്മാർക്ക് പ്രചാരണത്തിന് വാഹനങ്ങൾ വിട്ടുകൊടുക്കുന്നു. നേതാക്കന്മാരുടെ മക്കളോടൊപ്പം വിദേശയാത്രകൾ ചെയ്യുന്നു. ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പൊറാട്ട് നാടകങ്ങൾ ഇങ്ങനെയൊക്കെയാണ്.


കഴിഞ്ഞ ആറു വർഷങ്ങളായി അത്രയധികം പീഡനക്കേസുകളാണ് ഇക്കൂട്ടരുടെ പേരുകളിൽ വന്നുകൊണ്ടിരിക്കുന്നത്. അതുപോലെ സ്വർണ്ണം പൊട്ടിക്കലുകളും വാഹനാപകടങ്ങളും കഴുത്തറക്കലുകളും അങ്ങനെ പല തരത്തിലുള്ള അക്രമസംഭവങ്ങൾക്ക് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

കേരളം കണ്ടതിൽ വെച്ചേറ്റവും വർഗീയ ചേരിതിരിവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ വരെ വർഗീയ വിഷം വമിക്കുന്ന രീതിയിൽ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നാം കേൾക്കുന്നു.

അതുപോലെ അയൽ വക്കകാർ തമ്മിലുള്ള അതിർത്തി തർക്ക കൂട്ടയടികൾ, സ്ത്രീകൾ തമ്മിലുള്ള തെറിയഭിഷേകങ്ങൾ, കേവലം പപ്പടത്തിനായുള്ള അടിപിടികൾ, കൊലപാതകങ്ങൾ, കോളേജ് ക്യാംപസുകളിൽ കാണുന്ന തരംതിരിവുകൾ, കൂട്ടുകാരിൽ കാണുന്ന ചേരി തിരിവുകൾ, ഇങ്ങനെപോകുന്നു കാര്യങ്ങൾ.


ഭരിക്കുന്നവർ അവരുടെ കേസുകൾ ഒതുക്കി തീർക്കാനുള്ള തത്രപ്പാടിൽ നാടുഭരിക്കുവാൻ മറക്കുന്നു. വിദ്യാഭ്യാസവുമായി ബന്ധം ഉള്ളയാളെ  വിദ്യാഭ്യസ മന്ത്രിയാക്കാതെ, ആരോഗ്യമറിയാത്ത ആളെ ആരോഗ്യമന്ത്രിയാക്കാതെ, കേസുകളിൽപെട്ടു നട്ടം തിരിയുന്നയാളെ ആഭ്യന്തരമന്ത്രിയാക്കി, റോഡിലെ കുഴിയടക്കാൻ നേരം ഇല്ലാത്തയാൾക്ക് ടുറിസം വകുപ്പുകൂടി നൽകി, എട്ടുംപൊട്ടും തിരിയാത്തവരെ മേയർ ആക്കി ഭരിക്കുമ്പോൾ എല്ലാം നാം ഓർക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ളത്.


എന്തിനെയൊക്കെ കണ്ണും പൂട്ടി എതിർത്തിട്ടുണ്ടോ അതൊക്കെ ചെയ്യേണ്ടി വരുമ്പോൾ, ഉദാഹരണമായി ബെൻസ് കാർ ഉപയോഗിച്ച മുഖ്യമന്ത്രിയെ വഴിതടഞ്ഞവർ , എസ്‌കോർട്ട് വാഹനങ്ങളുടെ സ്പീഡിനെതിരെ പോരാടിയവർ, കരിങ്കൊടി വീശി മാത്രം മന്ത്രിസഭകളെ മറിച്ചിട്ടവർ, നിയമസഭയിലെ കസേരയും മൈക്കും തല്ലിപൊളിച്ചവർ, സെക്രട്ടറിയേറ്റ് പടിയിൽ തൂറി നിറച്ചവർ ഇന്നിപ്പോൾ അനുഭവിക്കുന്നു.

താൻ ചെയ്ത പാപങ്ങൾ ഈ ഭൂമിയിൽ വെച്ചുതന്നെ അനുഭവിക്കേണ്ടി വരുന്നു. ഇനിയെങ്കിലും മന്ത്രിമാരെയും സ്‌പീക്കറെയും ഒക്കെ നല്ലതുപോലെ തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ശരിക്കും ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്ത് ആയിരുന്നുവെങ്കിൽ ഈ ഭരണം എന്നേ വീണേനെ, വീഴ്‌ത്തിയേനെ !!!

വേദനയോടെ,

കിറ്റ് കൊടുക്കാൻ വീടുകൾ തോറും കയറിയിറങ്ങിയ സഖാവ് ദാസനും

സോഷ്യൽ മീഡിയ ചാവേറായ പോരാളി വിജയനും

Advertisment