/sathyam/media/post_attachments/HJjUrTSVeVInnXPrY2hL.jpg)
കർണ്ണാടക എന്നും പഴക്കൊഴുപ്പിൽ രാഷ്ട്രീയം കളിക്കുന്നവരുടെ തട്ടകമാണ് , സ്വർണ്ണ ഖനിക്കാരുടെ പേക്കൂത്തുകൾ കണ്ടുമടുത്ത കർണ്ണാടകയിലെ പാവം വോട്ടർമാർ ഇന്നിപ്പോൾ നാൽപ്പത് ശതമാനക്കാരുടെ കളികളിൽ പെട്ട് കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്.
എവിടെ തിരിഞ്ഞുനോക്കിയാലും അഴിമതിക്കഥകൾ മാത്രമേ കേൾക്കുന്നു എങ്കിലും ഇന്ത്യൻ ജനതക്ക് അതൊന്നും അത്ര വലിയ സംഭവങ്ങൾ അല്ലാതായിരിക്കുന്നു എന്ന് വേണം കരുതുവാൻ.
നൂറു ശതമാനം സാക്ഷരതയും പ്രതികരണ ശേഷിയും ഉണ്ടെന്നു പറയപ്പെടുന്ന നമ്മുടെ കൊച്ചുകേരളത്തിലും അഴിമതിയുടെ രാജാക്കന്മാരെ വീണ്ടും വീണ്ടും അധികാരത്തിൽ എത്തിച്ചു കൊടുത്ത സ്ഥിതിക്ക് കർണാടകയുടെ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം.
/sathyam/media/post_attachments/YXAdaHK5qJMPdfvVXBfb.jpg)
നിയമസഭയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് ബ്ലൂ ഫിലിം വീഡിയോ കണ്ടു രസിച്ച മഹാന്മാർ ഇന്നിപ്പോൾ മോർച്ചറിയിൽ മൂക്കിൽ വെക്കുന്ന പഞ്ഞിയിൽ വരെ നാൽപ്പത് ശതമാനം കമ്മീഷൻ അടിച്ചുകൊണ്ടാണ് ഒരു നാടിനെ കട്ടുമുടിക്കുന്നത്.
ഇക്കഴിഞ്ഞ കോവിഡ് മഹാമാരിയിൽ ആരോഗ്യവകുപ്പും അതുമായി ബന്ധപ്പെട്ടവരും കുറച്ചൊന്നുമല്ല പണം വാരിക്കൂട്ടിയത്. ചോദിക്കാനും പറയാനും ആളില്ലാത്ത രീതിയിൽ ആണ് അവിടത്തെ കാര്യങ്ങൾ.
നേതൃത്വം കണ്ണടക്കുന്നത് എംഎൽഎമാരെ വിലക്കുവാങ്ങാനും തൊട്ടടുത്ത സംസ്ഥാനങ്ങളിലെ രാഷ്ട്രീയം കളിക്കാനുമുള്ള പണം കണ്ടെത്തുന്നത് കർണ്ണാടകയിൽ നിന്നുമാണ് എന്ന കാരണത്താലാണ്.
കേരളത്തിൽ ഒരു എംപിയോ എംഎൽഎയോ ആയാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ വരെ വില കൽപ്പിക്കാത്ത അവസ്ഥയുള്ളപ്പോൾ കർണ്ണാടകയിൽ ഒരു എംഎൽഎ സീറ്റിനു മാത്രം സ്ഥാനാർത്ഥി മോഹികൾ ചിലവാക്കുന്നത് ഇരുപതും മുപ്പതും കോടികളാണ്.
അപ്പോൾ തന്നെ മനസ്സിലാക്കാം ജയിച്ചുകയറിയാൽ അവരൊക്കെ ചെയ്യാൻ പോകുന്ന പേക്കൂത്തുകൾ. കോൺഗ്രസ്സിലെയും ജനതാദളിലെയും ഒട്ടുമിക്ക പണക്കാരെയും ഇഡിയെ കൊണ്ട് നിരന്തരം ശല്യപ്പെടുത്തി അവരെയൊക്കെ സ്വന്തം വരുതിയിൽ ആക്കിയപ്പോൾ എതിർപാർട്ടിക്കാർക്ക് പണം വാരിയെറിയുവാൻ സാധിക്കാതെയായി.
/sathyam/media/post_attachments/6cJ8rbMgjNTd9BDNnVHq.jpg)
എന്നാലും പാർട്ടി പ്രസിഡണ്ട് കോടീശ്വരൻ ആയതുകൊണ്ട് അത്യാവശ്യം പിടിച്ചു നിൽക്കുവാനുള്ള പണം അവർക്കും കിട്ടി തുടങ്ങിയിട്ടുണ്ട്. അത് ഇടക്കിടക്ക് ജനങ്ങൾക്കിടയിലേക്ക് വീശുന്നുമുണ്ട് .
സമുദായങ്ങൾ വിധി നിശ്ചയിക്കുന്ന കർണ്ണാടക തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള കാറ്റ് ഭരണത്തിന് പ്രതികൂലം ആണെങ്കിലും പണത്തിനു മേലെ പരുന്തും പറക്കാത്തതുകൊണ്ട് മെയ് പതിമൂന്നിന് മാത്രമേ എന്തെങ്കിലും പറയുവാനാകൂ.
പാർട്ടിക്കുള്ളിലെ പോരുകളിൽ മുന്നിൽ ഭരിക്കുന്നവർ ആണെങ്കിലും ഇപ്പുറത്ത് സിദ്ധരാമയ്യയും ഡികെയും അത്ര മോശക്കാരൊന്നുമല്ല. കുമാര സ്വാമിയുടെ പ്രതാപം കുറഞ്ഞുവെങ്കിലും ചില പ്രദേശങ്ങളിൽ വിധി നിർണ്ണയിക്കുന്നത് കുമാരസ്വാമിയും ബിജെപി ബി ടീമായ ഒവൈസിയും കേജരിവാളും ഒക്കെ തന്നെയാണ്.
അമിത്ഷാ പ്രചാരണത്തിൽ ലേശം പിന്നോട്ട് പോയതിനു കാരണം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് മാത്രമാണ് എന്നാണ് യെദ്യൂരപ്പ പക്ഷക്കാർ പറയുന്നത് എങ്കിലും ചില ഉരുൾ പൊട്ടലുകൾ അവിടെയും ഇല്ലാതെയില്ല .
/sathyam/media/post_attachments/J8xOTrdH3x8rmGbHgOjn.jpg)
മുസ്ലിം സംവരണം നാല് ശതമാനത്തിൽ നിന്നും ലിംഗായത്തുകൾക്കും മറ്റുള്ളവർക്കും വീതം വെച്ച് കൊടുത്തുകൊണ്ട് ജാതി കളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണപക്ഷം തിരഞ്ഞെടുപ്പ് അടുക്കുംതോറും എന്തും ചെയ്യാൻ മടിക്കില്ല എന്നാണ് പ്രതിപക്ഷക്കാരുടെ ആരോപണങ്ങൾ.
തീരദേശമേഖലകളിൽ പുകഞ്ഞു നീറിയിരുന്ന വർഗീയ കൊലപാതകങ്ങൾ കലാപങ്ങളായി തലപൊക്കാതിരുന്നാൽ മതിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ. ഗുജറാത്തിൽ ഉപയോഗിച്ച വോട്ടിങ് മെഷീനുമായി കന്നട നാട്ടിലേക്ക് വന്നുപോകരുത് എന്ന് ഡികെ പ്രസംഗിച്ചു നടക്കുന്നുണ്ടെങ്കിലും അട്ടിമറികൾ എവിടെയും പ്രതീക്ഷിക്കാം.
ഭരണപക്ഷത്തിന് സ്വാധീനമില്ലാത്ത മേഖലകളിൽ ജനതാദളിനും ഒവൈസിക്കും വേണ്ടി പണം ഇറക്കി വോട്ടുകൾ ഭിന്നിപ്പിക്കുവാനും കളികൾ നടക്കുന്നു എന്ന് മനസിലാക്കിയ ഡികെ ശിവകുമാർ പരമാവധി ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്കാണ് ടിക്കറ്റു നൽകിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച പേരുമോശം ഇല്ലാതിരിക്കുവാൻ കെ സിയും കൂട്ടരും ആത്മാർഥമായി ശ്രമിക്കുന്നുമുണ്ട്. ഓരോ മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുവാൻ കഴിഞ്ഞ ഒരു വർഷമായി കോൺഗ്രസ്സ് പാർട്ടി 400 കോടിയോളം ചിലവാക്കി കഴിഞ്ഞു.
/sathyam/media/post_attachments/B6h83ZPeSYgyIt6yA9m0.jpg)
പേയ്‌മെന്റ് സീറ്റുകൾ നൽകുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കുവാൻ കെസിയും റോജിയും പിസി വിഷ്ണുവും പരമാവധി പണിയെടുക്കുന്നുണ്ട്.
ബിജെപി പാളയത്തിൽ ആകട്ടെ ദിനേന ഓരോരോ എംഎൽഎമാരാണ് സീറ്റു കിട്ടാതെ കോൺഗ്രസിലേക്ക് ഒഴുകുന്നത്. ഇതിൽ പകുതി പേരും പഴയ കോൺഗ്രസ്സുകാർതന്നെ ആണെങ്കിലും ഇനി കോൺഗ്രസിൽ നിന്നും ബിജെപി യിലേക്കുള്ള ചാട്ടത്തിനെ പ്രതിരോധിക്കുവാൻ ഇതുകൊണ്ട് സാധിക്കുന്നുമുണ്ട്.
യെദ്യൂരപ്പ പിന്നോട്ട് വലിഞ്ഞപ്പോൾ റെഡ്ഢി സഹോദരന്മാരെ പ്രത്യക്ഷത്തിൽ കാണാനേ ഇല്ല. എങ്കിലും സിദ്ധരാമയ്യക്ക് എതിരായി മകനെ നിർത്താൻ യെദ്യൂരപ്പ തയ്യാറായിക്കഴിഞ്ഞു. അതും രാഷ്ട്രീയ ഒതുക്കലുകൾ ആണോ എന്നും പറയാനാവില്ല.
എന്തായാലും അഴിമതിക്കെതിരെയാണ് കന്നട മണ്ണ് പ്രതികരിക്കുക എങ്കിൽ പ്രവചനങ്ങൾ ശരിയായി വന്നേക്കാം . എങ്കിലും അട്ടിമറി സാധ്യതകൾ തള്ളിക്കളയുവാനാവില്ല.
ഹിമാചൽ പോലെ നേതാക്കന്മാർ ഒറ്റക്കെട്ടായി അണിനിരന്നാൽ അധികാരത്തിൽ വരാമെന്ന വിശ്വാസത്തിൽ ദാസനും
അവസാന ലാപ്പിൽ കന്നട മണ്ണ് ആർക്കും വിട്ടുകൊടുക്കാതെ നിലനിർത്തുമെന്ന വിശ്വാസത്തിൽ കാര്യവാഹ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us