/sathyam/media/post_attachments/WP5MBTeH1HeY4nvaEvcP.jpg)
കഴിഞ്ഞ വർഷം ആഗസ്ത് പതിനഞ്ച് മുതൽ ഒരാഴ്ചക്കാലം കേരളത്തിലുള്ള സകലമാന ജനതക്കും ഭരണകർത്താക്കൾക്കും ഭരണ പരിഷ്കാര ഉപദേശകർക്കും അല്ലാത്ത ഉപദേശകർക്കും ചുമ്മാ ശമ്പളം കൈപ്പറ്റുന്ന ക്യാബിനറ്റ് റാങ്കുകാർക്കും എല്ലാവര്‍ക്കും ദൈവത്തിന്റെ ഒരു പരീക്ഷണ കാലഘട്ടമായിരുന്നു .
അതിൽ കാര്യങ്ങൾ പഠിക്കാത്തവർക്കായി ഇത്തവണ ആഗസ്ത് നാല് മുതൽ വീണ്ടും പരീക്ഷണങ്ങൾ നടത്തി . ഡച്ച് മഹാരാജ്യത്ത് പോയി പഠിച്ചതും അല്ലെങ്കിൽ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഠിച്ചതുമായ കാര്യങ്ങൾ പ്രവർത്തിയിലാക്കുവാൻ കൊടുത്ത അവസരങ്ങൾ വീണ്ടും പാഴാക്കിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്കുള്ള കുത്തൊഴുക്ക് ക്രമാധീതമായി കുറയുകയായിരുന്നു .
ഭരിക്കുന്നവർ ഇനിയും ഒന്നോർക്കുന്നത് നല്ലത്. എല്ലാം എല്ലാവരും കാണുന്നു , എല്ലാം എല്ലാവരും കേൾക്കുന്നു , എല്ലാം എല്ലാവരും അറിയുന്നു . പിന്നെന്തേ പ്രതികരിക്കാത്തത് എന്ന് ചോദിച്ചാൽ അത് ജനത്തിന്റെ സഹിഷ്ണുതാ മനോഭാവമാണെന്ന് കരുതിയാൽ മതി .
അസഹിഷ്ണുതയാൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾക്ക് സഹിഷ്ണുതകൊണ്ടുള്ള ശിക്ഷയായി കണക്കാക്കുക , അല്ലാതെ ഇവിടെ ആരും അങ്ങനെ മണ്ടന്മാരൊന്നുമല്ല .
/sathyam/media/post_attachments/5DDRcN2qU5KbvnJrClDj.jpg)
ഇങ്ങനെയൊക്കെ എഴുതുവാൻ കാരണം , കഴിഞ്ഞ വൻ പ്രളയത്തിനുശേഷം ഒരു ജനത മുഴുവൻ മുഖ്യമന്ത്രിയെ വിശ്വസിച്ചുകൊണ്ട് ദുരിതാശ്വാസത്തിലേക്ക് പണമയച്ചു . ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിച്ചു , സംസ്ഥാന പുനർനിർമ്മാണത്തിന്നായി ഒറ്റക്കെട്ടായി കൈകോർത്തു .
ദുരിതാശ്വാസ നിധിയിൽ പണം കുമിഞ്ഞുകൂടി . ആ പണം ഉപയോഗിച്ച് എങ്ങനെ ഒരു ആധുനിക കേരളം സൃഷ്ടിച്ചെടുക്കാം എന്ന്‍ ആലോചിക്കാന്‍ ഒരു മന്ത്രിയെയോ , ക്യാബിനറ്റ് റാങ്കോടുകൂടിയ ഒരു തോറ്റ എംപിയെയോ , അല്ലെങ്കിൽ ഒരു നല്ല കമ്മിറ്റിയെയോ നിയമിച്ചിരുന്നെങ്കില്‍ ജനം വിശ്വസിക്കുമായിരുന്നു .
ആ പണം തകര്‍ന്ന കേരളത്തിനു ബദലായി ആധുനിക കേരളം സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നു. അത് എങ്ങനെ എന്ന് പഠിക്കാനായിരുന്നു ഇ ശ്രീധരന്‍ മോഡല്‍ ഒരു ക്യാബിനറ്റ് റാങ്ക് വേണ്ടിയിരുന്നത്.
അത് ചെയ്യാതെ വീണ്ടും ഖജനാവില്‍ നിന്നും ധൂര്‍ത്തടിച്ച് അടുത്ത പ്രളയം വരുന്നതിന്റെ മുന്നോടിയായി അനാവശ്യമായി ഡൽഹിയിൽ പാർട്ടിയെ പിടിച്ചുനിർത്താൻ ഒരു തോറ്റ എംപിയെയും , വെറുതെ ഒരു ചീഫ് വിപ്പിനെയും , വെറുതെ ഒരു ഭരണപരിഷ്കാര അധ്യക്ഷനെയും , സവർണ്ണ കാര്യസ്ഥനെയും ഒക്കെ നിയമിച്ചപ്പോൾ എല്ലാം കേരള ജനത സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്ന കാര്യം ഉപദേശകന്മാർ നമ്മുടെ മുഖ്യമന്ത്രിയെ അറിയിച്ചില്ല . അറിയിച്ചാൽ എങ്ങാനും അവരെയൊക്കെ പിരിച്ചുവിട്ടാലോ ?
ഇത്തവണത്തെ പ്രളയത്തിൽ കുറെയൊക്കെ പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി കുറേയാളുകൾ ശ്രമിച്ചതൊഴിച്ചാൽ കേരളജനതയിലെ നന്മമരം വീണ്ടും പൂത്തുലഞ്ഞിരുന്നു . ഇലക്ട്രിസിറ്റിയിലെ ഉദ്യോഗസ്ഥനും , കോഴിക്കോട്ടെ ലിലുവും ഒക്കെ വീരമൃത്യു അടഞ്ഞപ്പോൾ കൊച്ചിക്കാരൻ നൗഷാദ് കേരളജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു .
/sathyam/media/post_attachments/h36UFIOMRHZGNuotAkFi.jpg)
സ്വന്തം മാതാപിതാക്കളെ തെരുവിലേക്ക് തള്ളിയിടുന്ന മക്കൾക്കും , സ്വന്തം സഹോദരങ്ങളുടെ കഷ്ടപ്പാടുകളെ വകവെക്കാതെ ഹജ്ജിനും ഉംറക്കും അമർനാഥിലേക്കും ജറുസലേമിലേക്കും ഭക്തിയാൽ യാത്ര പോകുന്ന സഹോദരങ്ങൾക്കും, വെറും പതിനായിരം രൂപയ്ക്കു ക്വട്ടേഷൻ എടുത്തു ആളെ കൊന്നുകളയുന്ന ചെറുപ്പക്കാർക്കും ഒക്കെ നൗഷാദ് ഇപ്പോൾ കണ്ണിലെ കരടായി മാറിയിരിക്കുന്നു .
ഒരൊറ്റ തീരുമാനം കൊണ്ട് ബിൽഗെറ്റസിന്റെ , വിപ്രോ ചെയർമാന്റെ , ശോഭ മേനോന്റെ , അല്ലെങ്കിൽ യുസഫലിക്കാടെ മേലെ ഇരിക്കുവാൻ സ്ഥാനം കണ്ടെത്തിയ ആ മനസ്സ് ഇന്നിപ്പോൾ മമ്മുട്ടിയുടെ വരെ കണ്ണുകൾ തുറപ്പിച്ചിരിക്കുന്നു . മറ്റൊരു നൗഷാദ് സ്വന്തം ജീവിതം കൊടുത്തുകൊണ്ട് ഇതിനു മുൻപേ കേരളത്തെ കണ്ണുനീരിൽ ആഴ്ത്തിയിരുന്നു .
ഗാഡ്ഗിൽ കമ്മീഷൻ പറഞ്ഞു : അടുത്ത വർഷങ്ങളിൽ നമ്മളൊക്കെ ജീവിച്ചിരിക്കുന്നുവെങ്കിൽ പശ്ചിമഘട്ടത്തിൽ അതിഭയാനകമായ ദുരന്തങ്ങളെ പ്രതീക്ഷിക്കാവുന്നതാണ് . അന്ന് അദ്ദേഹത്തെ എല്ലാവരും പുച്ഛിച്ചു തള്ളി .
അക്കാര്യം ജനതയുടെ ശ്രദ്ധയിൽ പെടുത്തുവാൻ ശ്രമിച്ച ഒരു എംപിയെ പള്ളിയിലെ അച്ചന്മാരും പാറമട മാഫിയക്കാരും വനം കയ്യേറ്റക്കാരും കൂടി പുകച്ചുചാടിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ സീറ്റു കൊടുക്കാതെ മൂലക്കിരുത്തിയ സംഭവങ്ങൾ നാം മറക്കരുത് .
വായനാട്ടിലൂടെയോ കുടകിലൂടെയോ ഇടുക്കിയിലൂടെയോ യാത്ര ചെയ്‌താൽ നമ്മുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്തരം സംഭവങ്ങൾ . മലേഷ്യയ്‌യിലും തായ്‌ലാന്റിലും ഇന്തോനേഷ്യയിലും മലകളിൽ വീടുകൾ നിർമ്മിക്കുന്നുണ്ട് . പക്ഷെ പ്രകൃതിയെ കീറിമുറിക്കാതെയാണ് അവരിതൊക്കെ ചെയ്യുന്നത് .
/sathyam/media/post_attachments/4p0QqnYlCgGyymXIW0DR.jpg)
വായനാട്ടിലൊക്കെ രണ്ടു മൂന്നു നില ബംഗ്ലാവുകൾ അല്ലെങ്കിൽ വീടുകൾ നിർമിച്ചിരിക്കുന്നത് കണ്ടാൽ ഇവരൊക്കെ പൊട്ടന്മാരാണോ എന്ന് തോന്നിപ്പോകും . മരങ്ങളുടെ വേരുകളും കുറ്റിച്ചെടികളും മണ്ണൊലിപ്പ് തടയുവാൻ കാരണമാകുന്നു എന്നത് സ്‌കൂളിൽ പഠിച്ച വിവരം മതി . അതിനു ഗാഡ്ഗിൽ കമ്മീഷൻ ഒന്നും വേണ്ട .
പകല്‍ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനവും രാത്രിയില്‍ അതിനുകാരണമായ തടാകം കെട്ടിനിര്‍ത്തി പണിത പാര്‍ക്കിലെ കാര്യങ്ങളുമായി ഓടിനടക്കുന്ന ജനപ്രതിനിധികളാണ് നമുക്കുള്ളത്.
ഭരിക്കുന്നവർക്ക് ഇപ്പോഴും താത്പര്യം എതിർക്കുന്നവരെ ഇല്ലാതാക്കുന്നതും , അഭിപ്രായം പറയുന്നവരെ ജയിലിൽ അടക്കുന്നതുമായ പഴഞ്ചൻ രീതികളാണ് . മുഖ്യമന്തിയെ പരിഹസിച്ചാൽ അപ്പോൾ സൈബർ കുറ്റവാളിയാക്കും . ഭരണപരാജയങ്ങളെ അധികാരം ഉപയോഗിച്ചു അടിച്ചമർത്തുവാൻ ശ്രമിക്കുമ്പോൾ ദൈവം വെറുതെയിരിക്കുമെന്ന് ഒരു ഭരണകർത്താവും വിചാരിക്കരുത് .
ടാറ്റയും മാരുതിയും , ബിഎസ്എൻഎലും ഒക്കെ അടച്ചുപൂട്ടുമ്പോൾ രാജ്യം അതിഭയാനകമായ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നീങ്ങുമ്പോൾ യൂറോപ്പ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കളുടെ മണ്ടൻ തീരുമാനങ്ങളുടെ തുടർച്ച ഇന്ത്യയിൽ അടിച്ചേൽപ്പിച്ചാൽ , കാശ്മീർ എന്നൊരു സ്വർഗത്തെ നരകമാക്കിമാറ്റിയാൽ ഇനി ഒരു ഗ്രീസിന്റെയോ പോര്‍ച്ചുഗീസിന്‍റെയോ അയര്‍ലണ്ടിന്റെയോ സൈപ്രസിന്റെയോ സ്പെയിന്റെയോ ഇറ്റലിയുടെയോ അവസ്ഥ ഇവിടെ സംജാതമായാൽ അത്ഭുതപ്പെടേണ്ടതില്ല .
എന്തായാലും ജനം ഇതൊന്നും കണ്ടും കേട്ടും മനസ് മരവിപ്പിക്കരുത്. ആരെന്ത് ചെയ്താലും പ്രളയത്തില്‍ ദുരന്ത ബാധിതരായിരിക്കുന്നത് അവരൊന്നുമല്ല , നമ്മുടെ സാധാരണക്കാരായ സഹോദരങ്ങളാണ്. അവരെ സഹായിക്കണം.
അവര്‍ക്ക് ദുരിതാശ്വാസ നിധിയും നല്‍കണം. അതിനു പിന്നീട് നമുക്ക് ചോദ്യം ചെയ്യാന്‍ എങ്കിലും കഴിയുന്ന കണക്കുള്ളത് സര്‍ക്കാര്‍ പക്കല്‍ മാത്രമായിരിക്കും. കഷ്ടത അനുഭവിക്കുന്നവരെ കൈയ്യൊഴിയരുത്. ഇനിയെങ്കിലും ഒരാള്‍ക്ക് സഹായിക്കാന്‍ തോന്നുംവിധം കാര്യങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനും കഴിയണം .
അതൊക്കെ മനസ്സിലാക്കി ഭരണകൂടങ്ങൾ പ്രവർത്തിച്ചാൽ , തോറ്റ ഒരു എംപിയെക്കൂടി അടുത്ത പ്രളയത്തിന്റെ മുന്നോടിയായി ക്യാബിനറ്റ് റാങ്കിൽ പ്രതിഷ്ഠിച്ചാൽ എല്ലാം ശരിയാകും എന്ന് വിശ്വസിച്ചുകൊണ്ട്,
തോറ്റിട്ടും ക്യാബിനറ്റ് റാങ്ക് കിട്ടിയ സഖാവ് ദാസനുംപ്രകൃതിയോട് തോറ്റ് ദുരിതാശ്വാസക്യാമ്പിലായിപ്പോയ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us