Advertisment

വളരുന്നത് ഇന്ത്യയാണോ മതിലുകളാണോ ? ഒരു പുല്‍വാമ മതിയോ ഒരു ഭരണം പിടിക്കാന്‍ ?

New Update

ഇന്ത്യാരാജ്യം മുഴുവനും ഒരു നിയമത്തിനെതിരെ ഷാഹീൻബാഗുകൾ സൃഷ്ടിക്കപ്പെടുമ്പോൾ നമ്മൾ ചിലതൊന്നും കാണാതെ പോകരുത് . രാഷ്ട്രീയസ്വയംസേവക് എന്ന സംഘടന രൂപം കൊണ്ടനാൾ മുതൽ അവരുടെ അജണ്ടയായിരുന്നു ഇതൊക്കെ എന്ന് ആരോപണം ഉയര്‍ന്നതാണ്. പക്ഷെ മഹാത്മാഗാന്ധിയെ ഗോഡ്‌സെ വെടിവെച്ചുവീഴ്ത്തിയപ്പോൾ എൺപത് ശതമാനം വരുന്ന ഹിന്ദുക്കളിൽ ഭൂരിഭാഗവും ഗാന്ധിജിക്ക് പിന്നിൽ അണിചേരുകയായിരുന്നു.

Advertisment

പിന്നീട് വന്ന സർക്കാരുകൾക്ക് പിന്തുണ നൽകിയ നല്ലവരായ ഹിന്ദുക്കളിൽ കുറച്ചൊക്കെ വർഗീയവിഷം കുത്തിനിറക്കുവാൻ പലരൊക്കെ ശ്രമിച്ചെങ്കിലും നടക്കാതെ പോയി . ആ നല്ലവരായ ഹിന്ദുക്കളിൽ ആവശ്യമില്ലാത്ത ചിന്തകളെ ഉണർത്തിയത് ആർഎസ്എസ് അല്ല , പകരം ഇപ്പറഞ്ഞ മതന്യുനപക്ഷക്കാരുടെ ചില നടപടികളാണ് ഇന്നത്തെ സ്ഥിതിയിൽ ഇന്ത്യയെ എത്തിച്ചിരിക്കുന്നത് .

publive-image

1925 സെപ്റ്റംബർ 27 ന് നാഗ്പൂരിൽ ഹെഗ്‌ഡെവാർ രൂപം കൊടുത്ത ഈ പ്രസ്ഥാനത്തിന് 95 വർഷങ്ങൾ വേണ്ടിവന്നു അവരുടെ അജണ്ടകൾ നടപ്പിലാക്കുവാൻ. ഏറെ കാത്തിരിക്കേണ്ടി വന്നാലും അതിനു അവരെടുത്ത ആ ക്ഷമ ഇന്നത്തെ ഒരു രാഷ്ട്രീയപാർട്ടികൾക്കും ഇല്ല .

തമിഴ്‌നാട്ടിൽ കരുണാനിധിയും ബംഗാളിൽ മമതയും മുപ്പത്തെട്ട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഭരണം പിടിച്ചെടുത്തത് . ചരിത്രത്തിൽ ഒരിക്കലും പ്രധാനമന്ത്രിയോ ആഭ്യന്തമന്ത്രിയോ ആകുവാൻ അർഹതയില്ലാതിരുന്ന ആ രണ്ടുപേരെ മസിൽപവറും മണിപവറും പ്രയോഗിച്ചുകൊണ്ട് ഭരണസിരാകേന്ദ്രങ്ങളിൽ എത്തിച്ചപ്പോൾ കുറച്ചൊന്നുമല്ല ബുദ്ധി പ്രയോഗിക്കപ്പെട്ടത് .

എബി വാജ്‌പേയിക്ക് ശേഷം പ്രമോദ്‌മഹാജനായിരുന്നു ഈ അവസരം കിട്ടേണ്ടിയിരുന്നത് . നിതിൻ ഘടകാരിയെ പാർട്ടി ദൗത്യം ഏൽപ്പിച്ചപ്പോഴും

അവരാരും മോദിയെയും അമിത്ഷായെയും മുന്നിൽ കണ്ടിരുന്നില്ല . ഗുജറാത്തിലെ ഭൂകമ്പങ്ങൾക്കിടയിൽ മുംബയിൽ നിന്നും ഹെലികോപ്റ്ററിൽ പറന്നിറങ്ങി അന്നത്തെ ബിജെപി മുഖ്യമന്ത്രീ കേശുഭായ് പട്ടേലിന്റെ കസേര തട്ടിയെടുത്ത അന്നുമുതൽ ഇന്നുവരെ അദ്ദേഹം തോൽവി അറിഞ്ഞിട്ടില്ല .

publive-image

ഗുജറാത്തിൽ അന്നുണ്ടാക്കിയ കലാപവും മോശം ഇമേജും ഒക്കെ പയ്യെ പയ്യെ സ്വാധീനവും പണവും ഉപയോഗിച്ച് തിരിച്ചുപിടിച്ചപ്പോൾ അന്നത്തെ ഭരണക്കാർ ഇതൊക്കെ ശ്രദ്ധിക്കാതെപോയി . ഇന്ദിരാഗാന്ധിയും കരുണാകരനുമൊക്കെ ജീവിച്ചിരുന്നെങ്കില്‍ ഇവരൊന്നും ഇങ്ങനെ തലപൊക്കില്ലായിരുന്നു . എങ്ങനെയെങ്കിലും ഒന്ന് അമേരിക്ക വരെ പോയാൽ മതിയായിരുന്നു എന്ന് കരുതി പി ആർ കമ്പനികൾക്ക് പണം നൽകിയുണ്ടാക്കിയ ഇമേജ് ഇന്നിപ്പോൾ ഈ നിലയിലെത്തിക്കുവാൻ മോഡിജിക്ക്‌ സാധിച്ചു.

കഴിഞ്ഞ കുറേവർഷങ്ങളായി , 2014 നു ശേഷം ബോംബ് സ്ഫോടനങ്ങളില്ല , വെടിവെപ്പുകളില്ല , അജ്മൽ അമീർ ഖസാബുകളില്ല , പാർലമെന്റ് ആക്രണമില്ല , സംജോതയില്ല , മലേഗാവില്ല , അജ്മീറില്ല, ഹാഫിസ് സെയ്ദ് ഇല്ല , ഇന്ത്യൻ മുജാഹിദീനില്ല അങ്ങനെയങ്ങനെ പലതും അരങ്ങേറുന്നില്ല . അതൊക്കെ ചെയ്തുകൂട്ടിയവരിൽ ചിലരൊക്കെ എംപിമാരായി മന്ത്രിമാരായി അതുപോലെ തൊഗാഡിയയെപ്പോലുള്ളവർ വഴിയാധാരവുമായി .

ഇലക്ഷനുകൾ ജയിച്ചുകയറുവാൻ കേവലം ഒരു പുൽവാമ മതിയെന്ന നഗ്നസത്യം അവർ ഇന്ത്യക്ക് നൽകി . ബാങ്ക് ലോണുകൾ എടുത്ത് ചാനലുകളും പത്രങ്ങളും തുടങ്ങിവെച്ച ഗോസാമിമാരൊക്കെ കടംകൊണ്ട് പൊറുതിമുട്ടിയപ്പോൾ കേവലം കടം വീട്ടി മുഖം രക്ഷിക്കുവാനുള്ള പണം നിക്ഷേപിച്ചുകൊണ്ട് വാർത്താമാധ്യമങ്ങളുടെ വായമൂടിക്കെട്ടി . ഇതൊന്നും മനസ്സിലാക്കുവാൻ ഒരു അലുമിനിയം പട്ടേലിനോ ചിദംബരം ചെട്ടിയാർക്കോ ആയില്ല .

അല്ലെങ്കിൽ അവരതൊക്കെ മനസ്സിലാക്കി ഗൗനിക്കാതെ ഇരുന്നതുമാകാം. ട്വിറ്ററും സോഷ്യൽ മീഡിയയും എന്താണെന്ന് ഇന്ത്യൻജനതയെ പഠിപ്പിച്ച ശശിതരൂർ കൂടെ ഉള്ളപ്പോൾ ആ മനുഷ്യനെ പിന്തുണക്കാതെ പുറംതിരിച്ചു നിന്ന പാർട്ടി ഇന്നിപ്പോൾ വാട്സാപ്പ് സർവ്വകലാശാലയുടെയും സോഷ്യൽമീഡിയ ട്രോളർമാരുടെയും പരിഹാസത്തിന് പാത്രമാകുന്നു .

publive-image

വിഘടിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് 2014 തിരഞ്ഞെടുപ്പിൽ പയറ്റിയത് . അരവിന്ദ് കെജ്രിവാൾ എന്ന ഒരാളെ ശകുനിയാക്കി എതിരാളികളുടെ 145 ഓളം സീറ്റുകളിൽ വിള്ളലുകൾ വീഴ്ത്തിയപ്പോൾ മതന്യുനപക്ഷങ്ങളുടെ ഇടയിലേക്ക് ദൽഹി ഇമാമുമാരെ കയറ്റിവിട്ടു .

65 ശതമാനത്തോളം ന്യുനപക്ഷങ്ങൾ മാത്രം താമസിക്കുന്ന യുപിയിലെ ചില മണ്ഡലങ്ങളിൽ അഞ്ചോളം ന്യുനപക്ഷ സ്ഥാനാർത്ഥികളെ അണിനിരത്തി വോട്ടുകൾ ഭിന്നിപ്പിച്ചു . ഇതൊന്നും മനസ്സിലാക്കുവാനുള്ള കേവലമായ ബുദ്ധി അവറ്റകൾക്കൊക്കെ ഇല്ലാതെപോയല്ലോ എന്നതാണ് ദുഖകരം . ഇന്നിപ്പോൾ അവരൊക്കെ യുപി പോലീസിന്റെ അടിയും ഇടിയും വാങ്ങി ജീവിതം തള്ളിനീക്കുന്നു .

ഈ ലോകം ഭരിക്കുന്ന ഒരു വിഭാഗത്തിന്റെ അജണ്ടകളുടെ ഭാഗമായാണ് ഇവിടെ അരങ്ങേറിയ നോട്ടുനിരോധനവും ഇന്നത്തെ പൗരത്വ ഭേദഗതി നിയമവും . അതും ഒരു കൊറോണ വൈറസായി മാത്രം കണക്കാക്കിയാൽ മതി . ടിപ്പുസുൽത്താനും മുഗളന്മാരും ക്രിസ്ത്യൻ മിഷനറിമാരും പോർട്ടുഗീസുകാരും അറബികളും ജ്യുതന്മാരും തങ്ങളുടെ മതക്കാരെ മതപരിവത്തനങ്ങൾ നടത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഹിന്ദു സ്‌നേഹിതന്മാർ എന്തുകൊണ്ട് ഇന്നിപ്പോൾ പ്രതികരിക്കുന്നു . ഹിന്ദുക്കൾ എന്നും ദൈവങ്ങളെ പേടിയുള്ളവരായിരുന്നു .

ഭക്തി ലേശം കൂടി പോയതൊഴിച്ചാൽ അവർ അപകടകാരികളയിരുന്നില്ല , അതുകൊണ്ടാണ് നിറയെ ആൾദൈവങ്ങൾ സൃഷ്ട്രിക്കപ്പെട്ടത് . ബഹുമാനം എന്തിനോട് തോന്നുന്നുവോ അവരതിനെ ദൈവമായി കണ്ടിരുന്നു . ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ ആൾദൈവങ്ങളും പൂജകളും ബഹുമാനവും ഒക്കെ എല്ലാ മതങ്ങളിലും ഉണ്ട് . എല്ലാവർക്കും പൂജിക്കുവാൻ ദൈവത്തെ കൂടാതെ പോപ്പും കർദ്ദിനാളും മൈത്രാനും കാന്തപുരവും തങ്ങന്മാരും ഒക്കെയുണ്ട് .

publive-image

സൂര്യന്റെ നീക്കങ്ങൾ നോക്കിയാണ് മുസ്ലിങ്ങൾ നമസ്കരിക്കുന്നത് , ചന്ദ്രന്റെ നീക്കങ്ങൾ നോക്കിയാണ് റമദാനും ശവ്വാലും ബക്രീദും ഒക്കെ . ആകാശത്തെ നക്ഷത്രമാണത്രെ മാലാഖമാർ , ഇപ്പോഴും ഇന്ത്യയിൽ മതം മാറ്റങ്ങൾ നടക്കുന്നു . ഒറീസയിലും ഗുജറാത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും എന്തിനധികം ആന്ധ്ര എന്ന സംസ്ഥാനം ഒട്ടുക്കും മതം മാറ്റിയപ്പോൾ നല്ലവരായ ഹിന്ദുക്കൾ മിണ്ടിയില്ല .

ഏകദേശം പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ നാട്ടിൽ ഒരു കല്യാണം വന്നാൽ ഓമനടീച്ചറും ശോഭനേച്ചിയും സുബൈദത്തയും ജമീലാത്തയും ചേട്ടത്തിയാരും ലിസിച്ചെച്ചിയും കമലാക്ഷിയും ജലജയും ഒക്കെ ഒരേപോലെ വസ്ത്രധാരണവും, കൂടാതെ ഒരേപന്തിയിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഒക്കെ കഴിച്ചിരുന്ന കാഴ്ചകൾ ഇന്നും പഴയ വീഡിയോ കേസറ്റുകൾ തപ്പിയെടുത്തു കണ്ടാൽ മനസിലാകും .

ഇന്നിപ്പോൾ ഒരു വിഭാഗം മൊത്തം പർദ്ദയിലേക്കും അബായയിലേക്കും ഹിജാബിലേക്കും ഒക്കെ പോയപ്പോൾ ഹിന്ദു ഹിന്ദുവായും മുസ്ലിം മുസ്ലിമായും ക്രിസ്ത്യൻ ക്രിസ്ത്യനായും വേർതിരിക്കപ്പെട്ടു . ശരീരഭാഗങ്ങൾ ആരും കാണാതിരിക്കുവാനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ആണുങ്ങൾ വീമ്പിളക്കുമ്പോഴും പെണ്ണുങ്ങൾ ശരീരവടിവിനൊത്ത അബായയും ബുർഖയുമാണ് കൂടുതൽ ധരിച്ചുകാണുന്നത് .

publive-image

അതുപോലെ ആണുങ്ങൾക്ക് എല്ലാവരുടെയും എല്ലാം കാണാം . എന്നാൽ അവരുടെ പെണ്ണുങ്ങളെ ആരും കാണാൻ പാടില്ലെന്ന് പറയുമ്പോൾ ഇവിടെ കേരളത്തിലും ഇന്ത്യയിലും വേറെവേറെ സംസ്കാരങ്ങൾ രൂപപ്പെട്ടു . അറബ് രാജ്യങ്ങളിലെ പ്രത്യേക കാലാവസ്ഥക്ക് അനുസൃതമായുണ്ടാക്കിയ ഈ വസ്ത്രധാരണ ശൈലി നമ്മുടെ നാട്ടിൽ അടിച്ചേൽപ്പിച്ചപ്പോൾ അതിൽ കച്ചവട താത്പര്യവും ഇല്ലെന്ന് പറയുവാനാവില്ല .

ഞങ്ങളുടെ നാട്ടിൽ മുപ്പത് വർഷങ്ങൾക്കു മുമ്പ് രണ്ടുമൂന്നു ക്ലബ്ബ്കൾ രൂപം കൊണ്ടു . കാരംസ് കളിയും ഫുട്‍ബോളും ഒക്കെയായിരുന്നു മെയിൻ ഹോബികൾ .  ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകളും കോൺഗ്രസ്സുകാരും ലീഗുകാരും ആർഎസ്എസുകാരും ഒക്കെ എല്ലാ ക്ലബ്ബ്കളിലും ഉണ്ടായിരുന്നു . പക്ഷെ ഇന്നിപ്പോൾ മുസ്ലിം ചെറുപ്പക്കാർക്ക് ഒരു ക്ലബ്ബ് , ഹിന്ദുക്കൾക്ക് വേറെ , ക്രിസ്ത്യാനികൾക്ക് വേറെ .

സ്‌കൂളുകളിൽ കോച്ചിങ് ക്‌ളാസ്സുകളിൽ ഒക്കെ ഈ വേർതിരിവ് സ്ഫഷ്ടമായി മാറിക്കഴിഞ്ഞു . ഈ വേർതിരിവ് വളർന്നു വളർന്നു ഇന്നിപ്പോൾ പലരും രണ്ടാം കിട പൗരന്മാരായി മാറുന്ന അവസ്ഥ സംജാതമാകുന്നു . പലരും നാടുവിടേണ്ട അവസ്ഥകൾ , പലരും ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥകൾ . തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ ചെയ്യുവാനാകാത്ത സ്ഥിതി വിശേഷങ്ങൾ ..

ഇനിയും ഈ വക വേർതിരിവുകൾ സൃഷ്ടിക്കാതെ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ ഒരു മോഡിയും അമിത്ഷായും നിങ്ങളുടെ ഉറക്കം കെടുത്തുവാൻ ധൈര്യപ്പെടടില്ല എന്ന ഉറച്ച വിശ്വാസത്താൽ,

ഷാഹീൻബാഗിലെ തണുപ്പുള്ള രാത്രിയിൽ ഉറക്കമിളച്ചിരുന്നുകൊണ്ട് ദാസനും

ഇരട്ടത്താപ്പുകളുമായി വിജയനും

dasanum vijayanum
Advertisment