Advertisment

എന്‍ഫോഴ്സ്മെന്‍റ് ഇപ്പോഴാണ് ശരിക്കും ഫോഴ്സായത് ! സൂപ്പര്‍ താര ബിനാമികള്‍ വണ്‍... ടു... ത്രീ... ആയി പെടുന്നു ! സിനിമയിലാണ് കള്ളപ്പണം, സിനിമയാണ് കള്ളത്തരവും. സൂപ്പര്‍താര നിക്ഷേപങ്ങള്‍ ദുബായില്‍ പെയ്തിറങ്ങുന്ന വഴികൂടി പൂട്ടിയാല്‍ ഉഷാറാകും ! പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ഇഡി ചതിക്കും - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നാൽ കേന്ദ്രം ഭരിക്കുന്നവരുടെ കളിപ്പാവ മാത്രമാണെന്ന് കരുതിയവർക്ക് തെറ്റുപറ്റി. അവർക്ക് അങ്ങനെ ആരോടും പ്രത്യേക മമതയൊന്നുമില്ല . അവർ ആരെ കിട്ടിയാലും പിഴിഞ്ഞ് നീരെടുക്കും എന്നുള്ളത് മലയാളികളുടെ സൂപ്പർ സ്റ്റാറുകളെ തൊട്ടപ്പോൾ എല്ലാവര്ക്കും ഏകദേശം മനസ്സിലായി തുടങ്ങിയിരിക്കുന്നു.


ഇവരൊക്കെ സ്‌ക്രീനിൽ അടിക്കുന്ന ഓരോരോ ഡയലോഗുകൾ കേട്ട് കയ്യടിക്കുന്ന നമ്മളെ വേണം അടിക്കാൻ. സമൂഹത്തിലെ നന്മ തിന്മകളെ തുറന്നുകാട്ടുന്നവർ സ്വന്തമായി ചെയ്തു കൂട്ടുന്നത് ഇങ്ങനെയൊക്കെ ആകുമ്പോൾ ജനം കല്ലെറിയാതെ നോക്കേണ്ടത് അവരുടെ ബിനാമികളുടെ കടമയാണ്.


കുറച്ചധികം നാളുകളായി കേരളത്തിൽ പല തരത്തിലും തീയും പുകയും കണ്ടുതുടങ്ങിയിരുന്നു. പക്ഷെ ഒന്നാം നിര ചാനലുകാരും പത്രക്കാരും ഒന്നടങ്കം വിഴുങ്ങിയപ്പോൾ എല്ലാം അടുക്കള രഹസ്യങ്ങളായി മാറി.

സ്വർണ്ണക്കടത്തിന്റെ നാളുകൾ മുതൽ നാം ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ടിരുന്നെങ്കിലും ഉന്നതങ്ങളിലെ ഇടപെടലുകളാൽ എല്ലാം മാഞ്ഞും മറഞ്ഞും പോയിക്കൊണ്ടിരുന്നു. പിന്നീട് പലതരം ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ കോംപ്രമൈസുകളിൽ പെട്ട് എല്ലാം എല്ലാവരും മൂടിവെച്ചുകൊണ്ടിരുന്നു. ശരിക്കും ഇവരല്ലേ യഥാർത്ഥ വിരുതന്മാർ. ഇവരെന്തിന് ഇങ്ങനെയൊക്കെ ബിനാമികളികൾ കളിക്കുന്നു.

ഇവിടെ ശരിക്കും വില്ലൻ ഇവരുടെയൊക്കെ കണക്കുകൾ നോക്കി അവരെക്കൊണ്ട് കളികൾ കളിപ്പിക്കുന്ന കണക്കപ്പിള്ളമാരാണ്. കള്ളന്റെയും പോലീസിന്റെയും കണക്കുകൾ നോക്കുന്നത് ഒരാൾ ആകുമ്പോൾ ഇതൊക്കെ സംഭവിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. ഓട്ടോറിക്ഷയിൽ നടന്നവർ റോൾസ്‌റോയ്‌സിൽ വിലസിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന ചാനലുകളുടെ കണക്കും കാര്യങ്ങളും ഇതേ കണക്കപ്പിള്ളമാര്‍ തന്നെ കൈകാര്യം ചെയ്യുമ്പോൾ ആരും ഒന്നും അറിയണമെന്നില്ല. തലസ്ഥാനത്തെ ആ വിശ്വനാഥനാണ് ഇന്നിപ്പോൾ കേരളത്തെ സ്വന്തം കൈകളിൽ ഇട്ടുകൊണ്ട് അമ്മാനമാടുന്നത്.

സർക്കാർ ഫണ്ടുകളും മുതലാളി ഫണ്ടുകളും ബിഷപ്പ് ഫണ്ടുകളും ശ്രീ എം ഫണ്ടുകളും ചാനൽ ഫണ്ടുകളും സിനിമ ഫണ്ടുകളും എല്ലാം ഈ കണക്കപ്പിള്ളമാരറിയാതെ എങ്ങോട്ടും പോകില്ല.

publive-image


കേരളത്തിന്റെ മുൻ നിര നായകന്മാരുടെ ഫണ്ടുകൾ കൈകാര്യം ചെയുന്ന ഈ കണക്കപ്പിള്ളമാര്‍ ഒരു സിനിമക്കുള്ള ശമ്പളം രണ്ടു കോടി രൂപയാണെങ്കിൽ നാലിലൊന്ന് മുൻകൂറായി രേഖാമൂലം ബാങ്ക് മുഖേന സ്വീകരിക്കുകയും ബാക്കി പണം ഓവർസീസ് അവകാശമായി വരവ് വെപ്പിക്കുകയും ചെയ്യുന്നു. സിനിമയുടെ ഓവർസീസ് അവകാശം വാങ്ങുന്നയാൾ ആ പണം നടന്മാർക്ക് പണമായി ദുബായിൽ കൊടുക്കുന്നു.


അപ്പോൾ അവരുടെ മൊത്തം ശമ്പളത്തിൽ നാലിൽ മൂന്നു ഭാഗവും ദുബായിൽ കാഷ് ആയി ലഭിക്കുന്നു. ഈ പണം സ്വർണ്ണമായും കുഴലായും നാട്ടിൽ എത്തിക്കുന്നു. നാട്ടിൽ കണക്കിൽ പെടാത്ത പണം ഡോളറായി വീണ്ടും ദുബായിലെത്തുന്നു. അതാണ് കഴിഞ്ഞ കുറെ കാലങ്ങളായി

നടന്നുവന്നിരുന്നത്. അതിനു വേണ്ടിയായിരുന്നു ഒരു ഉദ്യോഗസ്ഥനെ വര്ഷങ്ങളായി തലസ്ഥാനത്തെ എയർപോട്ട് ഡ്യൂട്ടിയിൽ തീറ്റിപ്പോറ്റി വന്നിരുന്നത്.

ബിനാമി പരിപാടികളും തുടങ്ങിവെച്ചത് ദുബായിൽ നിന്നുമാണ്. സിനിമക്കാർ ദുബായിൽ വരുമ്പോൾ വേദനിക്കുന്ന കുറെയധികം കോടീശ്വരന്മാർ വാലുകളായി കൂടെ കൂടുന്നു. ഇവരെ നടന്മാരിൽ എത്തിക്കുവാൻ വേറെ വാലുകൾ ദുബായിലുമുണ്ട്. അവർക്ക് അഞ്ചോ പത്തോ നൽകിയാണ് ഇക്കൂട്ടർ നടന്മാരിൽ എത്തുന്നത്.

നടന്മാർ ഇക്കൂട്ടരെ അവരുടെ ബിനാമികൾക്ക് ഇട്ടു കൊടുക്കുന്നു. ബിനാമികൾ ആദ്യം മദ്യവും അല്ലെങ്കിൽ മദിരാക്ഷിയും നൽകിക്കൊണ്ട് അവരുടെ പിണിയാളുകളാക്കി മാറ്റുന്നു. പിന്നീട് ഈ ബിനാമികളുടെ സ്വകാര്യ കടങ്ങൾ വീട്ടുവാൻ ഈ വേദനിക്കുന്ന കോടീശ്വരന്മാരെ പ്രയോജനപ്പെടുത്തുന്നു.

publive-image


ഈയടുത്തായി ഒരു ബിനാമിയെ ആലുവയിൽ ഒരു സ്ത്രീയുടെ വീട്ടുകാർ കെട്ടിയിടുകയും പിന്നീട് മൂന്നു കോടി രൂപ നൽകിക്കൊണ്ടാണ് നാണക്കേടിൽ നിന്നും മോചിപ്പിച്ചത്. ഒരു മെഗാസ്റ്റാറാണ് വാർത്തകൾ വെളിയിൽ വരാതെ നോക്കിയത്.


ഈയിടെ ദുബായിൽ നിന്നും സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച ഒരു നിർമ്മാതാവ് സിനിമാ നിർമ്മാണത്തിന്റെ പേരിൽ ഒട്ടേറെ ഖത്തർ അബുദാബി പൂത്തളപ്പന്മാരിൽ നിന്നും കെട്ട്യോന്റെ പണത്താൽ വിലസുന്ന കുറെ കൊച്ചമ്മ-അമ്മായി മാരിൽ നിന്നും പണം സ്വീകരിച്ചു കൊണ്ട് ഒരു പഞ്ചനക്ഷത്ര ഹോട്ടലിനു അഡ്വാൻസ് കൊടുത്തിരുന്നു.

പക്ഷെ അറബിക്കടലിന്റെ സിംഹം എട്ടുനിലകളിൽ പൊട്ടിയപ്പോൾ ആ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ നിക്ഷേപകർക്ക് വിരുന്നൊരുക്കുവാൻ മദ്യവും മദിരാക്ഷിയും നൃത്തവും പാട്ടും ഒക്കെയുള്ള ഒരു സെറ്റപ്പ് കുറെ കാലങ്ങളായി ദുബായിൽ പ്രവർത്തിച്ചുവരുന്നുമുണ്ട്.

ഇതുവരെയും ഒരു നിക്ഷേപകനും നേരാം വണ്ണം കണക്കുകൾ നൽകിയിട്ടില്ല എന്നതാണ് ഈ നിർമ്മാതാവിന്റെ നിർമ്മിത ബുദ്ധി.

publive-image


സിനിമയിൽ പണം നിക്ഷേപിച്ചുകഴിഞ്ഞാൽ പിന്നെ സിനിമ അൻപത് കോടി നൂറു കോടി ഇരുനൂറ് കോടി ക്ലബിൽ എത്തി എന്നൊക്കെ പ്രോപൊഗണ്ട ഉണ്ടാകുമെങ്കിലും പണമിറക്കിയവൻ അതൊക്കെ കണ്ടും വായിച്ചും ഇരിക്കുകയല്ലാതെ ലാഭം വല്ലതും കിട്ടണമെങ്കിൽ പടച്ചവൻ വിചാരിച്ചാലും നടക്കില്ല. അത്രക്കും വലിയ ചതികളും തട്ടിപ്പുമാണ് ഈ ബിനാമി കള്ളന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.


ഇവർക്കുള്ള കണക്കുകൾ ഉണ്ടാക്കികൊടുക്കുന്നത് തലസ്ഥാനത്തെ പ്രബലനായ കണക്കപ്പിള്ള കൂടി ആകുമ്പോൾ ലാഭം പോകട്ടെ മുതലെങ്കിലും കിട്ടിയാൽ ഉപകാരമായി എന്ന് പറയുന്ന അവസ്ഥയിലെത്തിക്കും. പണം ചോദിച്ചുകൊണ്ട് ചെന്നാൽ പിന്നെ ടാക്സുകാർ വിജിലൻസുകാർ ഒക്കെ പിന്നാലെ കൂട്ടുന്ന അവസ്ഥ സംജാതമാകും.

പണം ഇറക്കിയവരോട് കുടുംബക്കാർക്കും കൂട്ടുകാർക്കും അസൂയ വരുന്നതുകൊണ്ട് അവരാരും ഇക്കാര്യത്തിൽ ഇടപെടുകയുമില്ല.

ന്യൂജന്‍ നിര്‍മാണ തട്ടിപ്പ് ?

അബുദാബിയിലെ കുറെ ചെറുപ്പക്കാർ, നിരോധിച്ച രാഷ്ട്രീയ പാർട്ടിയിലെ സാധാരണ ശമ്പളക്കാരായ കുറെ പേരിൽ നിന്നും ഓയിൽ കച്ചവടത്തിൽ ലാഭം കൊടുക്കാമെന്ന പേരിൽ നിക്ഷേപം സ്വീകരിക്കുകയും വകമാറ്റി സിനിമയിൽ ഇറക്കി കളിച്ച ഒരു കാസര്കോട്ടുകാരൻ എൻജിനീയർ പണം മുഴുവൻ കേരളത്തിലെ ന്യുജെൻ സംവിധായകന്റെ കയ്യിൽ കൊടുത്തു.

അവർ ആദ്യം ദുബായ് കേന്ദ്രീകരിച്ചുകൊണ്ട് ഒരു നിർമ്മാണ കമ്പനി -സ്റ്റുഡിയോ - മിനി തിയേറ്റർ എന്നിവ ആരംഭിക്കുകയും ഏകദേശം അൻപത് കോടിയോളം വിഴുങ്ങുകയും ചെയ്തു.

നിക്ഷേപകരെ പ്രീതിപ്പെടുത്തുവാൻ ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു. പക്ഷെ ആ സിനിമയിൽ എവിടെയും ശരിക്കുള്ള നിർമാതാവിന്റെ പേര് പരാമർശിച്ചില്ല എന്ന് മാത്രമല്ല വളരെ സാമ്പത്തിക വിജയം നേടിയ ആ പ്രതികാര കഥ പിന്നീട് ഒട്ടേറെ പ്രതികാരങ്ങൾക്ക് സാക്ഷിയാവുകയും ചെയ്തു.

ആ സംവിധായകനും ഭാര്യയും ദുബായിൽ എത്തിയപ്പോൾ ഒന്നരക്കോടി വിലയുള്ള ഒരു ലെക്സസ് കാർ അവർക്കായി വാങ്ങിയ നിർമ്മാതാവ് ദുബായിലെ ബാങ്കുകളിൽ നിന്നും ഇരുനൂറോളം കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഒമാൻ വഴി രക്ഷപ്പെടുകയും ചെയ്തു. ഇന്നിപ്പോൾ ആ സംവിധായകൻ ഭരിക്കുന്ന പാർട്ടിയുടെ വക്താവായിക്കൊണ്ട് ഒരാൾക്കും തൊടുവാൻ സാധിക്കാത്ത നിലയിലെത്തി.

പിന്നെയുള്ളത് പാലാക്കാരനായ പാവം പയ്യൻ. പുള്ളിക്കാരൻ ഭാഗ്യമുള്ള നിർമ്മാതാവ് എന്ന നിലയിൽ ട്രാഫിക്കിൽ ട്രാക്കിലായ

ജനഗണമന പലർക്കും ദഹിച്ചിട്ടില്ല. ആ ദഹനക്കേടാണ് ഇന്നിപ്പോൾ യുവ നടന്‍റെ പിഴയായി മാറിയത്. ആ പിഴ

അദ്ദേഹം ലൂസിഫസര്‍മാരെ കൂട്ടുപിടിച്ചുകൊണ്ട് വസൂലാക്കുമെങ്കിലും പാവം നിർമ്മാതാവിപ്പോൾ ഖത്തറിന്റെ പേരിൽ പഴിവാങ്ങുകയാണ്.

publive-image


ഖത്തറിലെ കുറെ ചെറുപ്പക്കാർ അവരറിയാതെ ധാരാളം പണം സമ്പാദിക്കുകയും കുറെയൊക്കെ മണ്ണിലും വണ്ടികളിലും സിനിമകളിലും കൊണ്ടിടുകയും ചെയ്യുമ്പോള്‍ അവരറിയാതെ സിനിമകളും ഹിറ്റ് ആകുന്നു. പണത്തിന്റെ മേലെ പണം കുന്നുകൂടുമ്പോൾ പല വാരിയം കുന്നനും പിറവിയെടുക്കുന്നു. സിനിമകൾ ഭരിക്കുന്നവർക്ക് എതിരാകുമ്പോൾ എതിർപ്പുകൾ മുന്നിൽ കണ്ടേ മതിയാകൂ. അല്ലെങ്കിൽ പിന്നെ അവർക്ക് ഓശാന പാടണം.


എന്തായാലും ഇന്നിപ്പോൾ മലയാസിനിമയിൽ ഇ ഡി ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. പക്ഷെ ഒരുത്തനെയും വിടരുത്. അതിപ്പോൾ അദാനി നിർമ്മാതാവായാലും അംബാനി നിർമ്മാതാവായാലും സുരേഷ് ഗോപിയായാലും,

ഇ ഡി ക്കു ഭാവുകങ്ങൾ

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ഇ ഡി ചതിക്കുമെന്ന വിശ്വാസത്തിൽ പണമിറക്കിയ ദാസനും

പലരും അകത്തായിട്ടുണ്ട് എന്നാണ് കേൾക്കുന്നത് എന്ന് വിജയനും

Advertisment