Advertisment

ഉന്നത ഗ്രൂപ്പുനേതാക്കളുടെ കലാപത്തിന്റെ ലക്ഷ്യം കെപിസിസി പുനസംഘടന ? നഷ്ടപ്പെട്ട ഗ്രൂപ്പു പ്രാതിനിധ്യം ഇനിയുള്ള കെപിസിസി പുനസംഘടനയില്‍ കിട്ടിയില്ലെങ്കില്‍ കൂടെയുള്ള നേതാക്കളും ഗ്രൂപ്പു വിട്ടുപോകും ! പുനസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ളത് കെസി ജോസഫും ജോസഫ് വാഴയ്ക്കനും. കെപിസിസിയിലെങ്കിലും തങ്ങളുടെ ഇഷ്ടക്കാരെ തിരുകാനുള്ള ഗ്രൂപ്പു നേതാക്കളുടെ തന്ത്രം തിരിച്ചറിഞ്ഞ് സതീശനും സുധാകരനും

New Update

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ നിയമച്ചിതിന് പിന്നാലെ ഗ്രൂപ്പ് നേതാക്കള്‍ തുടങ്ങിയ കലഹം അവസാനിപ്പിക്കാത്തതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളെന്ന് സൂചന. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പട്ടിക ഇനി തിരുത്തില്ലെന്നു ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റാരേക്കാളും നന്നായി അറിയാം. എന്നിട്ടും ഇരുവരും ഇതിനെതിരെ രംഗത്തു തുടരുന്നത് നിലനില്‍പ്പിനായാണെന്നാണ് ആക്ഷേപം.

Advertisment

publive-image

പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രസക്തി നഷ്ടപ്പെട്ട ഗ്രൂപ്പുകളുടെ സ്ഥിതി ഇനി ഇതിലും ദയനീയമാകുമെന്ന് ഉറപ്പാണ്. എ ഗ്രൂപ്പില്‍ ഇപ്പോള്‍തന്നെ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ കൈവിട്ട മട്ടാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രബലരുടെ ഒരു നിരതന്നെ ഗ്രൂപ്പ് കൈവിട്ടു.

ഐ ഗ്രൂപ്പിലും നേതാക്കള്‍ രമേശ് ചെന്നിത്തലയെ വിശ്വസിക്കുന്നില്ല. അതി വിശ്വസ്തരായിരുന്ന ഐഎന്‍ടിയുസി നേതാവ് എന്‍ ചന്ദ്രശേഖരനും ഗ്രൂപ്പ് വക്താവ് ശൂരനാട് രാജശേഖരനും വരെ ഗ്രൂപ്പിന് പുറത്തുചാടി.

നിലവില്‍ രമേശിന്‍റെ ഏറ്റവും വിശ്വസ്തനായി തുടരുന്ന കഴിഞ്ഞ ദിവസം ചാനലില്‍ കയറി ഡിസിസി പട്ടികയെ വിമര്‍ശിച്ച നേതാവ് ഒപ്പം ഉണ്ടെന്ന് പറയുമ്പോഴും കഴിഞ്ഞ 2 മാസത്തിനിടെ ഇദ്ദേഹം വി ഡി സതീശനുമായി ബന്ധപ്പെട്ടത് രമേശുമായി ബന്ധപ്പെട്ടത്തിന്‍റെ ഇരട്ടി തവണയാണ്.

ഡിസിസി അധ്യക്ഷ പട്ടികയില്‍ രണ്ടോ മൂന്നോ ജില്ലകളില്‍ ഒഴികെ ഗ്രൂപ്പു പ്രാതിനിധ്യം പറയാനാവില്ല. ഇതോടെ കൂടുതല്‍ നേതാക്കള്‍ ഗ്രൂപ്പു വിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

ഇവര്‍ വിട്ടുപോയാല്‍ തങ്ങളുടെ വിലപേശല്‍ ശക്തി ഇനിയും കുറയുമെന്നു തന്നെയാണ് ഉന്നത നേതാക്കളുടെ ചിന്ത. അതുകൊണ്ടു തന്നെ ഇനിയും നിശബ്ദരാകേണ്ടെന്നും ഇപ്പോള്‍ കലാപമുണ്ടാക്കിയാല്‍ കെപിസിസി ഭാരവാഹികളുടെ പട്ടികയിലെങ്കിലും ഗ്രൂപ്പു നേതാക്കളെ തിരുകി കയറ്റാമെന്നും ഇവര്‍ ചിന്തിക്കുന്നു. കെപിസിസി ഭാരവാഹി പട്ടിക 51 ല്‍ ഒതുക്കാന്‍ അനുവദിക്കരുതെന്നും ഇരു നേതാക്കളും കണക്കു കൂട്ടിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇരുവരും നടത്തുന്ന സമ്മര്‍ദ്ദം. കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കളെ കെപിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇരു നേതാക്കളും നീക്കം നടത്തുന്നുണ്ട്.

എന്നാല്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച ഡിസിസി പട്ടികയെപ്പറ്റി പരസ്യമായി വിമര്‍ശിച്ച ഇരുവരെയും ഗ്രൂപ്പു പ്രതിനിധികളായി ഒരു ഭാഗവാഹി സ്ഥാനത്തും ഇരുത്തരുതെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.

ഗ്രൂപ്പു നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന സമ്മര്‍ദ്ദ നീക്കത്തിന് പാര്‍ട്ടി വഴങ്ങരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

dcc
Advertisment