തെലങ്കാനയില്‍ കിണറ്റില്‍ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി; ആറു പേരും ഒരു കുടുംബത്തിലെ അംഗങ്ങള്‍

നാഷണല്‍ ഡസ്ക്
Friday, May 22, 2020

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒമ്പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളിയായ മക്‌സൂദ് ആലം, ഭാര്യ നിഷ, മക്കളായ സൊഹൈല്‍, ഷബാദ്, ബുഷ്ര, മകളുടെ മൂന്നു വയസുകാരനായ മകന്‍, ത്രിപുര സ്വദേശിയായ ഷക്കീല്‍ അഹമ്മദ്, ബീഹാറുകാരായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

പ്രാഥമിക പരിശോധനയില്‍ മൃതദേഹങ്ങളില്‍ പരിക്കുകളില്ല. നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടും അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കണ്ടെടുത്തത്.

ചണം മില്ലിലെ തൊഴിലാളികളായ മക്‌സൂദും കുടുംബവും 20 വര്‍ഷം മുമ്പാണ് ബംഗാളില്‍ നിന്ന് വാറങ്കലിലേക്ക് കുടിയേറിയത്.

ലോക്ക്ഡൗണിന് ശേഷം ചണമില്ലിലെ താഴത്തെ നിലയിലായിരുന്നു ഇവരുടെ താമസം. മുകളിലത്തെ നിലയിലായിരുന്നു മരിച്ച ബീഹാര്‍ സ്വദേശികള്‍ താമസിച്ചിരുന്നത്. ത്രിപുര സ്വദേശി മില്ലിലെ ഡ്രൈവറാണ്.

ഇവരെ താമസസ്ഥലത്ത് കാണാതിരുന്നതിനാല്‍ മില്‍ ഉടമ എസ്. ഭാസ്‌കര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയല്ലെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് നിഗമനം.

×