ദീപാ നിശാന്തിനെ വിമര്‍ശിക്കാന്‍ സാഹിത്യകാരന്‍ ടി ജി വിജയകുമാര്‍ തെരഞ്ഞെടുത്തത് സുകുമാര്‍ അഴീക്കോടിന്‍റെ വിമര്‍ശന മാതൃകയായിരുന്നു. എത്ര കഠിനമായ എതിര്‍പ്പിലും സംസ്കാരം കളഞ്ഞുകുളിക്കാതെ വിമര്‍ശനങ്ങള്‍ നടത്തിയ അഴീക്കോട് മാഷിലൂടെ പേരെടുത്ത് പറയാതെ ദീപാ നിശാന്തിനെ വിമര്‍ശിക്കുകയാണ് ടി ജി .
ടി ജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അഴീക്കോട് മാഷും 'പള്ളിക്കുറുപ്പും' …
ഒരിക്കൽ പ്രഭാതത്തിലെ പത്രവായനയിൽ 'ജനയുഗം' പത്രത്തിൽ 'പള്ളിക്കുറുപ്പ് ' എന്ന തൂലികാനാമത്തിൽ ഒരുഗ്രൻ ഹാസ്യ വിമർശ്ശനക്കുറിപ്പ് വായിക്കാനിടയായി. വായിച്ചു തീരുമ്പോൾ കഥാകൃത്ത് ടി. പത്മാനാഭനു നേരേയുള്ള അസ്ത്രങ്ങളാണെന്ന് മനസ്സിലാകും. അപ്പൊ പിന്നെ ഈ 'പള്ളിക്കുറുപ്പ്' ആരാണെന്നുള്ള അന്വേഷണമായി.
എഴുത്തിലെ സംസ്കൃത സാന്നിധ്യവും ശൈലിയും പ്രത്യേകിച്ച് അതിന്റെ തലക്കെട്ടും(ഓർമ്മയിലില്ല) വായിച്ചപ്പോൾ ഇതു മറ്റാരുമായിരിക്കാനിടയില്ല എന്നുറപ്പിച്ചുകൊണ്ട് അതിരാവിലെതന്നെ അഴീക്കോട് സാറിനു ഫോൺ ചെയ്തു.
ലേഖനത്തെക്കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം അത് ആസ്വദിക്കുന്നുണ്ട് എന്നു മനസ്സിലായി. അപ്പോൾ കിട്ടിയ ഒരു ധൈര്യം കൊണ്ട് "സാർ, ഈ പള്ളിക്കുറുപ്പ് സാറു തന്നെയല്ലേ ?" എന്നു ചോദിച്ചു. ഫോണിന്റെ അങേത്തലയ്ക്കൽ നിന്നും പൊട്ടിച്ചിരി ഉയർന്നപ്പോൾ പതിവുപോലെ വലതുകരംകൊണ്ട് വായ് പൊത്തിപ്പിടിച്ചു കുലുങ്ങിച്ചിരിക്കുന്ന അഴീക്കോട് സാറിന്റെ ചിത്രം എനിക്കു കാണാമായിരുന്നു.
അന്നുമുതൽ സ്വകാര്യമായി എന്നെ പലർക്കും പരിചയപ്പെടുത്തുന്ന കൂടെ "ഈ ടി.ജി വിജയകുമാർ" ഒരു ഭീകരനാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർക്കുമായിരുന്നു.
കോഴിക്കോട് വെച്ച് പ്രിയകഥാകൃത്ത് വി.ആർ സുധീഷ് വന്ന് "നിങ്ങളാണോ ടി.ജി വിജകുമാർ എന്ന ഭീകരൻ" എന്ന് ചോദിച്ചു പരിചയപ്പെട്ടപ്പോഴാണ് അതും എനിക്ക് മനസ്സിലായത്.
ഡോ. സുകുമാർ അഴീക്കോട്, ടി. പത്മനാഭൻ എം.പി നാരായണപിള്ള, എം.പി വീരേന്ദ്രകുമാർ തുടങ്ങിയ സാഹിത്യ പ്രഭുതികളുടെ ഒരു സാസ്കാരിക വിനോദമായിരുന്നു വിമർശ്ശനങ്ങളും സർഗ്ഗാത്മക ചർച്ചകളും ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളുമൊക്കെ. അതു ജനങ്ങളും ആസ്വദിച്ചിരുന്നു.
രചനകളുടെ ആസ്വാദനം മാത്രമായിരുന്നില്ല അത്. നല്ലസാഹിത്യ രചനകളിലേയ്ക്കുള്ള പന്ഥാവുകൂടിയായിരുന്നു. സാംസ്കാരിക ബോധാവബോധങ്ങളിലേയ്ക്കുള്ള കുറുക്കുവഴികൾ കൂടിയായിരുന്നു ജനങ്ങളെ സംബന്ധിച്ചിടത്തോളം അതൊക്കെത്തന്നെ.
എം.പി നാരായണപിള്ളയെപ്പോലുള്ള ' വിമർശനകശ്മലൻമാർ : ' പുസ്തകവിൽപ്പനക്കുള്ള ഒരു സൂത്രോപാധി കൂടിയാണെന്ന് അടക്കം പറയാതിരുന്നിട്ടില്ല, ഒപ്പം മെയിൻ സ്ട്രീമിൽ തുടർ സ്ഥാനമുറപ്പിക്കാനുള്ള ഒരടവാണെന്നും.
അതൊക്കെ മഹാരഥന്മാർ നമുക്കായി കാണിച്ചുതന്ന മാതൃകകൾ.
ഇന്നിപ്പോൾ കാലം മാറി.
സൂത്രത്തിൽ പ്രശസ്തരാവാൻ സർഗ്ഗശേഷിയോ സാമാന്യമായ നീതിബോധമോ സാമൂഹികാവബോധമോ സമത്വചിന്തകളോ നേതൃപാടവമോ പരസ്പരബഹുമാനമോ ഒന്നും ആവശ്യമില്ല എന്നതാണു വർത്തമാനകാലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.
'ബീഫ് ഫെസ്റ്റിവൽ', ചില്ലറമോഷണം, അനാവശ്യമായ കടന്നുകയറ്റം, ആക്രമണം, സംഘം ചേരൽ ഇത്യാദിയൊക്കെ ധാരാളം മതിയാകും സാംസ്കാരികപ്രതിഭകൾക്കും…
പാട്ടുകാരായിരുന്ന മന്ത്രിമാർ പി.ജെ ജോസഫ്, പന്തളം ബാലൻ അടക്കമുള്ളവർ, കവിയായ കടമ്മനിട്ട, എന്തിനധികം അടുത്തൊരു പ്രസംഗത്തിൽ സാക്ഷാൽ വി.എസ് അച്യുതാനന്ദൻ വരെ പാട്ടുപാടിയതൊന്നും ഇത്തരക്കാർക്കു പ്രശ്നമല്ല. ഭാർഗ്ഗവി തങ്കപ്പനെപ്പോലുള്ള എം.പി മാരുണ്ടായിരുന്ന ഭൂതകാലവും ഇവർ അന്വേഷിക്കാറില്ല.
ആക്രമിക്കാൻ ആയുധം കിട്ടിയില്ലെങ്കിൽ 'തൂറിത്തോൽപ്പിക്കുക' എന്ന ചൊല്ലുപോലെ. !
എന്നാൽ ജാൻസിറാണിയെപ്പോലെ തന്നെ കായംകുളം കൊച്ചുണ്ണിമാരേയും ഇത്തിക്കരപക്കിമാരേയും വരെ സ്നേഹിച്ചാരാധിച്ച ചരിത്രവും നമുക്കുമുൻപിലുണ്ട്.
ശാന്തം, പാപം, ഗംഭീരം എന്നൊക്കയേ പറയാനുള്ളൂ ഈമാറ്റത്തിന്.
< സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് ടി ജി വിജയകുമാര്‍>