അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് മറഡോണ  ‘എല്‍ ഡിയോസാണ്’, സാക്ഷാല്‍ ദൈവം !

സ്പോര്‍ട്സ് ഡസ്ക്
Friday, November 27, 2020

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ കാല്‍പ്പന്താരവങ്ങള്‍ മാത്രമാണ്. എന്നാല്‍ അതിനുമപ്പുറം മനുഷ്യസ്‌നേഹിയായ മറഡോണയെ ആധികമാര്‍ക്കുമറിയില്ല. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് അദ്ദേഹം ‘എല്‍ ഡിയോസാണ്’. സാക്ഷാല്‍ ദൈവം എന്നാണ് ആ വാചകത്തിന്റെ അര്‍ത്ഥം.

മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ലോകത്തെ വിഴുങ്ങിയ കോവിഡില്‍ നിന്ന് അര്‍ജന്റീനയെ പുറത്തുകൊണ്ടുവരാന്‍ മറഡോണയുമുണ്ടായിരുന്നു മുന്നിൽ. ’10 ഓണ്‍ 10′ എന്ന ക്യാമ്പയിന്റെ ഭാഗമായി അര്‍ജന്റീനയിലെ പത്ത് നഗരങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ഒപ്പം താന്‍ ഒപ്പിട്ട ടീഷര്‍ട്ടും നല്‍കുമെന്നാണ് മറഡോണ പറഞ്ഞത്. റെഡ് ക്രോസ് അര്‍ജന്റീനയുമായി ചേര്‍ന്നായിരുന്നു താരം പരിപാടിയില്‍ പങ്കാളിയായത്.

എട്ടുമക്കളില്‍ അഞ്ചാമനായാണ് മറഡോണ ജനിച്ചുവീണത്. ദാരിദ്രം നിറഞ്ഞ കുട്ടിക്കാലത്തില്‍ നിന്നും പന്തുതട്ടിക്കയറി ഉയരങ്ങളിലെത്തിയപ്പോഴും മറ്റുള്ളവര്‍ക്ക് കൈത്താങ്ങാകാന്‍ മറഡോണ എന്നും ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് വിവാദങ്ങള്‍ക്കിടയിലും ലോക ഫുട്‌ബോളില്‍ ഇന്നും ആ പേര് മങ്ങാതെ നില്‍ക്കുന്നത്.

×