Advertisment

കേരളമാണെങ്കില്‍ ജനവിധി 3 തരമാണെന്നത് മറക്കരുത് ! സീറ്റ് പിടിച്ചുവാങ്ങിയവരൊക്കെ ജയിച്ചിട്ടുണ്ട്. ജയിച്ചിട്ട് അഹങ്കരിച്ചവരൊക്കെ തോറ്റിട്ടുമുണ്ട്. കരുത്തര്‍ക്കെതിരെ ഐഎം വിജയനും ധര്‍മ്മജനും വേണു രാജാമണിയും സിദ്ദിഖുമൊക്കെ ഇറങ്ങിയാല്‍ തീപാറും ! എന്നാലും കെവി തോമസുമാഷിന്‍റെ ഒടുങ്ങാത്ത ആഗ്രഹങ്ങള്‍ക്കു മുമ്പില്‍ വഴങ്ങരുത് - യുഡിഎഫിന് പയറ്റാന്‍ കരുണാകര തന്ത്രങ്ങള്‍ തന്നെ അഭയം - ദാസനും വിജയനും എഴുതുന്നു !

New Update

publive-image

Advertisment

എട്ടുതവണ തുടർച്ചയായി ലീഡർ കെ കരുണാകരനെ മാണിക്യമായി മാത്രം കണ്ടിരുന്ന മാളക്കാർ, കരുണാകരൻ മതിയാക്കിയപ്പോൾ മണ്ഡലം കോൺഗ്രസിനെയും കൈവിട്ടു.

''മാളക്കാരുടെ മാണിക്യം, മലയാളികളുടെ മണിമുത്ത്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, നെടുമ്പാശ്ശേരിയുടെ പിതാവ്, ലീഡറുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ'' എന്നൊക്കെയായിരുന്നു അന്നത്തെ ചുമരെഴുത്തുകൾ.

ഇന്ദിരാഗാന്ധി മുതൽ രാജീവ്ഗാന്ധി, സോണിയാഗാന്ധി, നരസിംഹറാവു, അർജുൻസിങ്, ശരത്പവാർ, എൻഡി തിവാരി തുടങ്ങിയ ഉത്തരേന്ത്യൻ താര പ്രചാരകരും പ്രേംനസീർ അടക്കമുള്ള കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ്സുകാരും പ്രസംഗികരും മാളയിൽ ലീഡർക്കായി പ്രചാരണത്തിന് എത്തിയിട്ടുണ്ട്.

ശോഭനാജോർജ്ജ് 26 മത്തെ വയസ്സിലും ഷാനിമോൾ ഉസ്മാൻ 24 മത്തെ വയസ്സിലും ലീഡറുടെ മണ്ഡലത്തിൽ താര പ്രചാരകർ ആയിട്ടുണ്ട്.

ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പ് 1991 ഇലായിരുന്നു. അന്ന് വികെ രാജൻ ലീഡർക്കെതിരെ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ ഒട്ടേറെ അക്രമങ്ങൾ അരങ്ങേറി. എംവി രാഘവൻ ലീഡറുടെ കൂട്ടാളിയായി മുണ്ടു മടക്കിക്കുത്തി മാളയിൽ ഇറങ്ങിയപ്പോൾ അങ്കം മുറുകി.

ലീഡർക്കെതിരെ തൃശൂരിലെ പ്രശസ്തമായ ഒരു കച്ചവടകുടുംബം പണവും ഗുണ്ടകളെയും ഇറക്കി തോൽപ്പിക്കുവാൻ കളിച്ചപ്പോൾ ലീഡർ മധ്യപ്രദേശിൽ നിന്നും ഗുണ്ടകളെ ഇറക്കി മാളയെ തന്റെ കൈപ്പിടിയിൽ തന്നെ ഒതുക്കി.

കേരളം കണ്ടതിൽ വെച്ചേറ്റവും വീറും വാശിയും ഉണ്ടായ ആ മത്സരത്തിൽ കേവലം രണ്ടായിരം വോട്ടുകൾക്കാണ് ലീഡർ ജയിച്ചുകയറിയത്.

മാണിക്കും കുഞ്ഞൂഞ്ഞിനും സാധിച്ചത് കുഞ്ഞാലിക്കുട്ടിക്ക് പറ്റാതെ പോയപ്പോള്‍ !

അതുപോലെതന്നെ പാലായിൽ കെഎം മാണിസാറും പുതുപ്പള്ളിയിൽ കുഞ്ഞൂഞ്ഞും ഒക്കെ മണ്ഡലം ഉണ്ടായകാലം മുതൽ അവിടെ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങൾ ആയിരുന്നു.

പാലായിൽ ഒരു തവണ മാത്രമാണ് മാണിസാർ കേവലം അയ്യായിരം വോട്ടുകൾക്ക് മാത്രം മാണി സി കാപ്പനോട് ജയിക്കേണ്ടി വന്നത്.

കുഞ്ഞൂഞ്ഞിനെതിരെ ചെറിയാൻ ഫിലിപ്പും സിന്ധുജോയിയും ഒക്കെ അങ്കത്തിന് ഇറങ്ങിയിട്ടും ഒരടി പിന്നോട്ട് വെക്കാതെ മണ്ഡലം കൊണ്ടുനടക്കുന്ന ആളാണ് പതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്.

കുറ്റിപ്പുറത്ത് 2006 തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുവാൻ പാടില്ലായിരുന്നു. 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ നിന്നും പിണറായി വിജയൻ ലാവലിൻ കേസുമായി ബന്ധപ്പെട്ട് മാറി നിന്നതുപോലെ കുഞ്ഞാലിക്കുട്ടിയും മാറി നിൽക്കണമായിരുന്നു.

കുറ്റിപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ തോൽവിയിൽ പലതരം ചതികൾ ഒളിഞ്ഞുകിടന്നിരുന്നു. പാവപ്പെട്ട വീട്ടമ്മമാരെ ലീഗിന്റെ ആളുകൾ എന്നവകാശപ്പെട്ട് ചെറുപ്പക്കാർ വാഹനങ്ങളിൽ എത്തിച്ചുകൊണ്ട് എതിരാളിയുടെ ചിഹ്നത്തിൽ കുത്തിക്കുകയായിരുന്നുവെന്നാണ് ലീഗിന്‍റെ ആരോപണം.

ചതിയാണ് അന്നത്തെ സ്ഥാനാർത്ഥിയുടെ ആളുകൾ കുറ്റിപ്പുറത്ത് ജയിക്കുവാൻ ഉപയോഗിച്ച അടവുനയം. ഏകദേശം പതിനായിരത്തിൽ പരം വോട്ടുകൾ ചതിയിലൂടെ നേടിയെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചതെന്ന് ലീഗ് പറയുന്നു.

ഇക്കളികൾ മനസ്സിലാക്കുവാനുള്ള ശ്രദ്ധ ലീഗുകാർ കാണിച്ചില്ല എന്നതാണ് ആ വലിയ വില കൊടുക്കേണ്ടിവന്നത്. പക്ഷെ ആ തോൽവി ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ലീഗ് ഇപ്പോൾ തകർന്നടിഞ്ഞിരുന്നേനെ. അതിന് സ്തുതി കൊടുക്കേണ്ടത് എൽഡിഎഫ് അണികൾക്കാണ്.

അന്ന് ഹസ്സനും പിള്ളയും കാത്തു !

കേരളത്തിൽ 1987 -ല്‍ ഇടതുപക്ഷം കൊല്ലവും തിരുവനന്തപുരവും തൂത്തുവാരിയപ്പോൾ തിരുവനന്തപുരത്തെ രക്ഷകനായത് എംഎം ഹസൻ മാത്രമാണ്. കൊല്ലത്ത് കൊട്ടാരക്കര കാത്തുസൂക്ഷിച്ച ബാലകൃഷ്ണപിള്ളയും.

തിരുവനന്തപുരം വെസ്റ്റിൽ നിന്നും എംഎം ഹസൻ ജയിച്ചുകയറിയപ്പോൾ 1991 -ൽ അവിടെ കോൺഗ്രസ്സ് റിബലായിരുന്നു പൂന്തുറ സിറാജ്.

പിന്നീട് സിറാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ബാബരി മസ്ജിദ് തകർച്ചയോടെ സിറാജ് മഅദനിയെ കണ്ടെത്തി ഐഎസ്എസ് എന്ന തീവ്രവാദ സംഘടനക്ക് രൂപം കൊടുക്കുകയായിരുന്നു. പൂന്തുറകലാപത്തിനു ശേഷം പൂന്തുറ സിറാജിന്റെ പാർട്ടിയെ കേന്ദ്രം നിരോധിച്ചപ്പോൾ പിഡിപി എന്നപേരിൽ ആ പാർട്ടിയെ രൂപാന്തരപ്പെടുത്തി.

പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വോട്ടു ബാങ്കായിരുന്നു പൂന്തുറ സിറാജിന്റെ പാർട്ടി. പിന്നീട് ഡിപിയും ഇയാളെ പുറത്താക്കി.

വിഎസും പാര്‍ട്ടിയും തോല്‍വിയും

1996 -ൽ മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽക്കും എന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നായനാർ മുഖ്യമന്ത്രി ആകുമെന്നും അന്ന് മാതൃഭൂമിയിൽ തിരഞ്ഞെടുപ്പ് അവലോകനത്തിൽ എഴുതിയിരുന്നു. അതതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.

പാർട്ടി ജയിക്കുമ്പോൾ നേതാവ് തോൽക്കും നേതാവ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്ന ഒരു രീതി കേരളത്തിൽ ഉണ്ടാക്കിയത് സഖാവ് വിഎസ് ആയിരുന്നു.

അതിന്റെ പിന്നിലെ ബുദ്ധി കേന്ദ്രം മഹാനായ ഇഎം ശങ്കരൻ നമ്പൂതിരിപ്പാടുമായിരുന്നു.

അതുപോലെ 1987 -ലെ തിരഞ്ഞെടുപ്പിൽ തങ്കമണി വിഷയം കത്തിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീകളുടെ വോട്ടുകളും ഈഴവ വോട്ടുകളും ലക്ഷ്യംവെച്ചുകൊണ്ട് ''കേരം തിങ്ങും കേരളനാട്ടിൽ കെആർ ഗൗരി ഭരിക്കട്ടെ'' എന്ന് ചുമരെഴുത്തുകൾ നടത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിട്ട് ഭരണം കിട്ടിയപ്പോൾ സവർണ്ണനായ ഇകെ നായനാരെ മുഖ്യനാക്കിയതും അതേ ഇഎംഎസിന്റെ കുശാഗ്ര ബുദ്ധിയായിരുന്നു.

കേരളമാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ 3 തരം !

കേരളത്തിലെ 20 പഞ്ചായത്ത് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ എപ്പോഴും 12 സീറ്റുകൾ എൽഡിഎഫിനും 6 സീറ്റുകൾ യുഡിഎഫിനും 2 സീറ്റുകൾ ബിജെപിക്കും എന്നാണ് ഇതുവരെ കണ്ടുവരുന്ന റിസൾട്ടുകൾ.

അത് കാലാകാലമായി കേരളത്തിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്. 1987 തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കെ കരുണാകരനെ തറപറ്റിച്ചുകൊണ്ട് 78 സീറ്റുകൾ നേടി നായനാർ മുഖ്യമന്ത്രി ആയപ്പോൾ കേരളം കണ്ട അഹങ്കാരം പിന്നീട് 1989 ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ കണ്ടില്ല.

പിന്നീട് 1990 ജില്ലാ കൗൺസിൽ എന്ന പേരിൽ ഒരു തിരഞ്ഞെടുപ്പ് നടന്നപ്പോൾ 12 ജില്ലകൾ എൽഡിഎഫ് തൂത്തുവാരിയപ്പോൾ ആ അഹങ്കാരം വീണ്ടും മുളച്ചുപൊന്തി.

അതിന്റെ പണി കിട്ടിയത് ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിക്കുന്ന 1991 നിയമസഭാ തിരഞ്ഞെടുപ്പിൽ ആയിരുന്നു. അഹങ്കാരം തലക്കുപിടിച്ചു നാല് വർഷത്തിൽ ഭരണം പിരിച്ചുവിട്ടു നടത്തിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 90 സീറ്റുകളിൽ വിജയിച്ചു.

സീറ്റ് പിടിച്ചു വാങ്ങി പൊരുതിയവര്‍ നേടി ! 

കേരളത്തിൽ ഏത് തിരഞ്ഞെടുപ്പുകളിലും സീറ്റുകൾ ചോദിച്ചുവാങ്ങി മത്സരിച്ചവരെല്ലാം ജയിച്ചിട്ടുമുണ്ട് അല്ലെങ്കിൽ കടുത്ത മത്സരങ്ങൾ കാഴ്ച വെച്ചിട്ടുമുണ്ട്. അതുപോലെ കിട്ടിയ സീറ്റുകളിൽ താല്പര്യം കാണിക്കാത്തവർ പലയിടത്തും എട്ടുനിലകളിൽ പൊട്ടിയിട്ടുമുണ്ട്.

തലശ്ശേരിയിൽ കോടിയേരിയെ രാജ്മോഹൻ ഉണ്ണിത്താൻ 35000 വോട്ടുകളിൽ നിന്നും 6000 വോട്ടുകളിൽ പിടിച്ചു കെട്ടിയിട്ടുണ്ട്. മലമ്പുഴയിൽ വിഎസിനെ സതീശൻ പാച്ചേനി 25000 നിന്നും നാലായിരം വോട്ടുകൾക്ക് പിടിച്ചുകെട്ടിയ ചരിത്രവുമുണ്ട്.

വടക്കാഞ്ചേരിയിൽ 20000 -ൽ പരം വോട്ടുകൾക്ക് കെഎസ് നാരായണൻ നമ്പൂതിരി ജയിച്ച സ്ഥലത്തും കൊടുവള്ളിയിൽ 30000 വോട്ടുകൾക്ക് ലീഗ് ജയിച്ച സ്ഥലത്തും പരാജയപ്പെട്ട കെ മുരളീധരൻ കോൺഗ്രസ്സിന് ബാലികേറാ മലയായിരുന്ന വടകരയിൽ കണ്ണൂരിന്റെ സ്വന്തം സഖാവിനെ മലർത്തിയടിച്ചതും ആരും മറന്നുകാണില്ല.

ബിജിഎം ഒക്കെ ഇട്ടുകൊണ്ട് സസ്പെൻസ് ത്രില്ലർ സിനിമപോലെയായിരുന്നു അവിടേക്ക് മുരളീധരൻ ഇറങ്ങിയത്.

വിജയം ആര്‍ക്കും കുത്തകയല്ല ! 

ജീവിതത്തിൽ ഒരിക്കലും തോൽക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത സമ്പത്തും പികെബിജുവും എംബി രാജേഷും എട്ടുനിലകളിൽ പൊട്ടിയ കഥകൾ നമ്മുക്ക് അറിയാമല്ലോ. പാർട്ടി വരെ എഴുതിത്തള്ളിയതാണ് പാലക്കാട്ടെ ശ്രീകണ്ഠന്റെ വിജയം.

പക്ഷെ 1984 -ലും 1989 കോൺഗ്രസ്സിന്റെ കർഷകപുത്രൻ വിഎസ് വിജയരാഘവൻ ജയിച്ചുകയറിയ പാലക്കാട്ട് 1991 ഇൽ എ വിജയരാഘവൻ 1600 വോട്ടുകൾക്കാണ് വിഎസ് വിജയരാഘവനെ പരാചയപ്പെടുത്തിയത്. വിജയരാഘവൻ എന്ന പേരാണ് എൽഡിഎഫിന് അനുഗ്രഹമായത്.

പികെ ബിജു ഇത്തവണ ചേലക്കരയിൽ നിൽക്കുകയാണെങ്കിൽ ഐഎം വിജയനെ രംഗത്തിറക്കിയാൽ യുഡിഎഫിന് ബിജുവിനെ ഇനിയും പൊട്ടിക്കാം.

എംബി രാജേഷിനെ നെന്മാറയിൽ പരീക്ഷിക്കുകയാണെങ്കിൽ നെതർലൻഡ്സ് മുൻ അംബാസിഡർ വേണു രാജാമണിയെ ഇറക്കിയാൽ യുഡിഎഫിന് രാജേഷിനെയും വെള്ളം കുടിപ്പിക്കാം.

കേരളരാഷ്ട്രീയത്തിൽ എക്കാലവും തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഓരോ പുതിയ കുലംകുത്തികൾ അവതരിക്കും. 1987 ടികെ ഹംസയുടേത് ആയിരുന്നുവെങ്കിൽ 1996 ചെറിയാൻ ഫിലിപ്പിന്റെ ആയിരുന്നു.

2006 ജലീലിന്റെ ആയിരുന്നുവെങ്കിൽ 2011 അബ്ദുള്ളക്കുട്ടിയുടേത് ആയിരുന്നു. മത്സരിക്കുവാൻ സീറ്റ് ലഭിക്കാതെ മറുകണ്ടം ചാടുന്നവരുടെ കാര്യത്തിൽ കേരളം പിറകിൽ ആണെങ്കിലും അക്കാര്യത്തിൽ ഏറ്റവും നേട്ടവും കോട്ടവും എൽഡിഫിനായിരുന്നു . പാർട്ടികളുടെ കാര്യത്തിൽ എംപി വീരേന്ദ്രകുമാറിനോളം ആരും വരില്ല.

പിന്നെ പിജെ ജോസഫ്. മറുകണ്ടം ചാടിയവരിൽ മൂക്കും കുത്തി വീണത് പിസി തോമസ്, സിന്ധുജോയി, ചെറിയാൻ ഫിലിപ്പ് എന്നിവരൊക്കെയായിരുന്നു. പിസി ജോർജ്ജ് പിടിച്ചുനിൽക്കുന്നുണ്ട്.

കെവി തോമസച്ചായന്‍റെ ഒരാഗ്രഹം കൂടി ബാക്കി ! 

1984 മുതൽ എംപിസ്ഥാനവും പിന്നെ എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവുമൊക്കെ കൈപ്പറ്റി ഇന്നിപ്പോൾ കുത്തിക്കഴപ്പുമായി കുമ്പളങ്ങിയുടെ കെവി തോമസ് അച്ചായൻ കോൺഗ്രസ്സ് പാർട്ടി വിടുവാൻ ഒരുങ്ങുമ്പോൾ സോണിയ ഗാന്ധിക്ക് ഒരു കാര്യം മനസ്സിലായി.

ജീവിതത്തിൽ ഒരാളെയും അകമഴിഞ്ഞ് സ്നേഹിക്കരുത് അല്ലെങ്കിൽ വിശ്വസിക്കരുത് എന്നത്.

സോണിയ ഗാന്ധിയുടെ സഹോദരിയും കെവി തോമാച്ചന്റെ സഹോദരിയും വത്തിക്കാനിലെ ബിഷപ്പ് ഹൗസിൽ കന്യസ്ത്രീമാരായി സേവനം അനുഷ്ഠിക്കുന്നതിലുള്ള ബന്ധം മുതലെടുത്ത് മീൻ കൊട്ടയുമായി ഡൽഹിയിലേക്ക് പറക്കുകയും സോണിയയുമായി ഒരു ക്രിസ്ത്യാനി സ്നേഹം കരുപ്പിടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ അവിടെനിന്ന് കിട്ടാനുള്ളതിലധികവും കിട്ടിക്കഴിഞ്ഞപ്പോള്‍ ഇന്നിപ്പോള്‍ ബിജെപിയുമായും സിപിഎമ്മുമായും ഒരേപോലെ വിലപേശല്‍ നടത്തുകയാണദ്ദേഹം.

ഇന്നിപ്പോൾ പാർട്ടി ഏൽപ്പിച്ച പണികൾ ഒന്നും ചെയ്യാതെ മകളുടെ കച്ചവടങ്ങൾ പൊടിപൊടിക്കുവാൻ മറ്റൊരു മകൾ സ്നേഹമുള്ള അച്ഛനുമായി കൂട്ടുകൂടുവാൻ ഒരുങ്ങുന്നു.

കായംകുളത്ത് വേണ്ടത് കൊച്ചുണ്ണിയെ തന്നെ !

കായംകുളം മണ്ഡലം മാറിമറിയുന്ന സ്ഥലമാണ്. ഇവിടേക്ക് വേണ്ടത് ഒരു കൊച്ചുണ്ണിയാണ്. അതിന് യുഡിഎഫ് നടൻ സിദ്ധിഖിനെ ഇറക്കിയാൽ സുന്ദരിയായ പ്രതിഭയെ ഡിവൈഎഫ്ഐക്കാർ യു ടേൺ അടിപ്പിക്കും.

വൈപ്പിനിൽ നമ്മൾ നേരത്തെ പറഞ്ഞതുപോലെ ധർമ്മജനെ കയറൂരി വിടുക. ഒരു സീറ്റുറപ്പ് യുഡിഎഫിന്. കൊല്ലം കെഎം ഷാജഹാന് നൽകുക അല്ലെങ്കിൽ കുണ്ടറ. മുകേഷിന്റെ എല്ലാ ബഡായികളും അവസാനിപ്പിക്കാൻ കെഎം ഷാജഹാന് സാധിക്കും. വട്ടിയൂർക്കാവിൽ ജി വേണുഗോപാലിന്റെ പേര് കേൾക്കുന്നു. അവിടെ വിഎം സുധീരൻ മത്സരിച്ചാൽ ബിജു രമേശ് കളിക്കും. അപ്പോൾ പിന്നെ അരുവിക്കര വീണ നായർക്ക് കൊടുത്തുകൊണ്ട് ശബരീനാഥിനെ വട്ടിയൂർക്കാവിൽ കൊണ്ട് വരട്ടെ.

ശക്തരെ തളയ്ക്കാന്‍

പുനലൂരിൽ ഇപ്പോൾ കമാൽ പാഷ എത്തിയാൽ ജയിച്ചുപോരാം. അല്ലെങ്കിൽ ഷാനി മോൾക്ക് കാസർഗോട്ട് സംഭവിച്ചതുപോലെ സംഭവിക്കും. സീറ്റുകൾ ചോദിച്ചുവാങ്ങി മത്സരിച്ചവരെല്ലാം ജയിച്ചുകയറിയ ചരിത്രമാണ് കേരളത്തിനുള്ളത്.

ഇന്നത്തെ അവസ്ഥയിൽ ഒരു സീറ്റും ആർക്കും കുത്തകയായിട്ടില്ല. ആർക്കും എവിടെയും ജയിക്കാം. അല്ലെങ്കിൽ കമാൽ പാഷ തവനൂരിൽ കെടി ജലീലിനെതിരെ മത്സരിച്ചു ജയിക്കട്ടെ !!!.

കൂത്തുപറമ്പിൽ അവാർഡ് മന്ത്രി ഷൈലജക്കെതിരെ ഫിറോസ് കുന്നുംപറമ്പിലിന് സാദ്ധ്യതകൾ ഏറെയുണ്ട്. പാലായിൽ ജോസ്കെ മാണിക്ക് ബദലായി സ്വന്തം അളിയനെ നിർത്തൂ. എംവി നികേഷ് കുമാർ യുഡിഎഫിലേക്ക് വരുകയാണെങ്കിൽ പിണറായി വിജയനെതിരെ മത്സരിച്ചു ജയിക്കട്ടെ.

അല്ലെങ്കിൽ പിണറായിയെ പൂട്ടിയിടണമെങ്കിൽ ഒഞ്ചിയത്തെ പടനായകന്റെ വീരപുത്രൻ അഭിനന്ദ് ചന്ദ്രശേഖരനെ തന്നെ ആർഎംപി മത്സരിപ്പിക്കട്ടെ !. അതാകുമ്പോൾ നവകേരളം എന്ന സ്വപ്നം പിണറായിക്കുമേൽ അഭിനന്ദ് പൂർത്തിയാക്കിയേക്കാം.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധാകരനും വരട്ടെ, മറ്റേ മരക്കുരിശ് വേണ്ട ! 

കേരളത്തിലെ ഒട്ടുമിക്ക പ്രവർത്തകരും മനസ്സിൽ ഇഷ്ടപ്പെടുന്ന കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയിക്കൊണ്ട് ഉമ്മൻചാണ്ടിയും രമേശും കുഞ്ഞാലിക്കുട്ടിയും എൻകെ പ്രേമചന്ദ്രനും സിപി ജോണും ഒക്കെ മനസുവെച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പുഷ്പം പോലെ ജയിച്ചുകയറാവുന്നതേയുള്ളൂ.

ദയവുചെയ്ത് എകെ ആന്റണിപോലുള്ള മരക്കുരിശുകളെ തത്ക്കാലം മാറ്റിനിർത്തുക. അതുപോലെ എൽഡിഎഫിന് ഇപ്പോഴത്തെ അവസ്ഥയിൽ കിറ്റും പെൻഷനും കൊറോണയും ഒക്കെ വളരെ മുൻതൂക്കം നൽകുന്നുമുണ്ട്. ദുരന്തങ്ങൾ കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന പാർട്ടിയാണ് സിപിഎം.

ഇത്രയും അഴിമതിക്കഥകൾ വെളിയിൽ വന്നിട്ടും നേരെ ചൊവ്വേ ഒരു സമരം നയിക്കുവാൻ ആകാതെ കോൺഗ്രസ്സുകാരും കുഴയുന്നു. ഇപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ പ്രവർത്തിക്കുവാൻ അയച്ചാൽ ഒരു നല്ല മത്സരം കാഴ്ച വെക്കുവാനാകും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അഹങ്കാരമൊക്കെ പാർട്ടി കുട്ടി നേതാക്കന്മാർക്കും സെക്രട്ടറിമാർക്കും ഇപ്പോഴില്ല എന്നും തോന്നുന്നു.

ഭരണം വേണേല്‍ കരുണാകര തന്ത്രങ്ങളും വേണം !

ഇപ്പോഴും പറയുന്നു : സിനിമാക്കാരെ നേരിടുവാനും സാഹിത്യകാരന്മാരെ നേരിടുവാനും മാധ്യമക്കാരെ നേരിടുവാനും ഒക്കെ ലീഡർ കെ കരുണാകരന്റെ തന്ത്രങ്ങൾ മെനഞ്ഞാൽ ഭരണം വേണേൽ തിരിച്ചുപിടിക്കാം.

ഒഎൻവിയും സുബ്രഹ്മണ്യം പോറ്റിയും നടൻ മുരളിയും ലെനിൻ രാജേന്ദ്രനും ഒക്കെ തോറ്റമ്പിയ മണ്ണാണിത്. ഇവിടെ ഇപ്പോൾ ഭരിക്കുന്നത് രാഷ്ട്രീയക്കാരല്ല. സിനിമക്കാരാണ്.

അവരെ വെട്ടണമെങ്കിൽ ചങ്കുറപ്പുള്ള ആത്മവിശ്വാസമുള്ള ചാൾസിനെപോലെയും ജോർജ്ജ് ഈഡൻ പോലെയും വികെ ശ്രീകണ്ഠന്‍ പോലെയും രമ്യ ഹരിദാസ് പോലെയുമുള്ള സ്ഥാനാർത്ഥികൾ വരണം.

ആലപ്പുഴയിലെ അരൂരിൽ ഷാനിമോൾ ഉസ്മാന് ജയിക്കാമെങ്കിൽ ഇവിടെ ഒരു ധർമ്മടവും

ഒരു കല്യാശ്ശേരിയും ആർക്കും കുത്തകയല്ല. അതുപോലെ എൽഡിഎഫിന് വേണമെങ്കിൽ ഏതു കോട്ടയും പൊളിക്കാം !!!

കേരളമുഖ്യമന്ത്രിക്കെതിരെ ചേകവൻ അഭിനന്ദ് മത്സരിക്കുന്ന കാഴ്ചകൾ സ്വപ്നം കണ്ടുകൊണ്ട് സഖാവ് ദാസനും കെ സുധാകരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു നല്ല കോൺഗ്രസുകാരൻ വിജയനും

dasanum vijayanum
Advertisment