Advertisment

നാട്ടുകാരെകോണ്ട് 'അയ്യേ' എന്നു പറയിപ്പിക്കുന്ന വിധം പാര്‍ട്ടിയെ എത്തിച്ച എ, ഐ ഗ്രൂപ്പുകളെ വെട്ടി വെയിലത്ത് വച്ച ഹൈക്കമാന്‍റിന് ഒരു നല്ല നമസ്കാരം ! അര്‍ഹതയുണ്ടായിരുന്നിട്ടും മുമ്പ് പലതവണ വെട്ടി നിരത്തപ്പെട്ട വിഡി സതീശന് ഇത് അര്‍ഹിച്ച സമയത്തെ അര്‍ഹതപ്പെട്ട സ്ഥാനം ! സതീശനോട് ഒരു വാക്ക് - അഡ്ജസ്റ്റ്മെന്‍റ് വേണ്ടാ, സ്വന്തം എംഎല്‍എയെ പിണറായി ജയിലിലാക്കിയപ്പോള്‍ നേതാക്കള്‍ കാണിച്ച നട്ടെല്ലില്ലായ്മയും വേണ്ട. പുതിയയുഗത്തിലെ പ്രതിപക്ഷ സേനയെ വാര്‍ത്തെടുക്കണം. നാട് നന്നാക്കാന്‍ സതീശന് കഴിയണം - ദാസനും വിജയനും എഴുതുന്നു

New Update

publive-image

Advertisment

'നെട്ടൂരാൻ' വിഡി സതീശൻ കേരളത്തിന്റെ സ്വന്തം പ്രതിപക്ഷനേതാവായി ചുമതലയേറ്റിരിക്കുന്നു. വൈകിവന്ന അംഗീകാരം ആണെങ്കിലും മത്സരിച്ച ഓരോരോ തവണയും തന്റെ വോട്ടുവിഹിതം വർദ്ധിപ്പിക്കുകയും ഇടതിന്റെ കോട്ടയായ പറവൂരിനെ കോൺഗ്രസ് സുരക്ഷിത മണ്ഡലമാക്കി മാറ്റുകയും ചെയ്തപ്പോൾ കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകരെ ആവേശം കൊള്ളിച്ചിരിക്കുന്നു.

'അയ്യേ' എന്ന നിലവാരത്തിലേക്ക് പാർട്ടിയെ എത്തിച്ച 'ഐ, എ'ഗ്രൂപ്പുകളെയും ഗ്രൂപ്പ് മാനേജർമാരെയും വെട്ടി വെയിലത്ത് വെച്ചുകൊണ്ട് ചെറുപ്പക്കാരുടെയും പാർട്ടി അണികളുടെയും ആവേശമായ വിഡി സതീശനെ ഹൈക്കമാണ്ട് സുപ്രധാന തീരുമാനത്തിലൂടെ കേരളത്തിന്റെ ഭാവി ഏൽപ്പിച്ചപ്പോൾ ഏവരും ആഹ്ലാദ തിമിർപ്പിലാണ് .

ഇത്രയും വലിയ ഉത്തവരവാദിത്വം വിഡി ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില വസ്തുതകളാണ് ഇവിടെ സൂചിപ്പിക്കുന്നത് .

വിഎസ് മന്ത്രിസഭയിൽ ധനകാര്യ മന്ത്രിക്കെതിരെ ലോട്ടറി കുംഭകോണ വിഷയം ഏറ്റെടുത്തപ്പോൾ സാന്റിയാഗോ മാർട്ടിന്റെ ഭീഷണിയും ഓഫറുകളും വലിച്ചെറിഞ്ഞുകൊണ്ട് പടപൊരുതിയ സതീശൻ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകുമെന്ന് കേരളജനത ആശിച്ചിരുന്നു .

പക്ഷെ സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ തന്റെ ഗുരുനാഥനായ ജി കാർത്തികേയനുവേണ്ടി ആ സ്ഥാനം ത്യജിച്ചുകൊണ്ട് വെറും എംഎൽഎ മാത്രമായി സദസ്സിൽ ഇരുന്നയാൾക്ക് അർഹിച്ച സമയത്ത് അർഹമായ സ്ഥാനം ലഭിച്ചിരിക്കുകയാണ് .

വിഎസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാറിനെതിരെ നിയമസഭാ കമ്മറ്റി അന്വേഷിക്കുകയും അന്വേഷണ റിപ്പോർട്ട് അരുൺകുമാറിനെതിരായി ഉമ്മൻചാണ്ടിക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു എങ്കിലും നേതാക്കൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് പ്രകാരം അക്കാര്യങ്ങൾ പുറംലോകം അറിയാതെ പൂഴ്ത്തുകയും ചെയ്തപ്പോൾ വിഡി ഏറെ അസ്വസ്ഥനായിരുന്നു .

ഉമ്മചാണ്ടിയെപ്പോലുള്ള നേതാക്കളെ കാണുവാൻ വരെ പാർട്ടിയിലെ എംഎൽഎമാർക്ക് സാധിക്കാത്തവിധം ഉപചാപകവൃന്ദം രൂപം കൊണ്ടപ്പോൾ അവിടെ നിരാശരായത് പാർട്ടിയുടെ ആത്മാർത്ഥതയുള്ള എംഎൽഎ മാരായിരുന്നു. അക്കാര്യങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതെ നോക്കേണ്ടത് വിഡിയുടെ ഉത്തരവാദിത്വമാണ് എന്നത് ഓർമ്മപ്പെടുത്തുന്നു .

2018 ലെ ആദ്യ പ്രളയം മനുഷ്യനിർമ്മതമാണെന്നും ഡാം മാനേജ്‌മെന്റിന്റെ പിഴവുകൾ ആണെന്നും വിഡി അലമുറയിട്ട് പറഞ്ഞപ്പോൾ അതൊന്നും ഏറ്റെടുത്ത് പൊതുസമൂഹത്തിൽ എത്തിക്കുവാൻ അന്നത്തെ പ്രതിപക്ഷം ശ്രമിച്ചിരുന്നില്ല .

ചെറുപ്പക്കാരായ പാർട്ടി അണികളെ പിടിച്ചു നിർത്തുവാൻ വിഡി കിണഞ്ഞു പരിശ്രമിച്ചപ്പോൾ കെപിസിസിയും പ്രതിപക്ഷനേതാക്കളും ചെറുപ്പക്കാരെ ഗൗനിച്ചിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് തുടർഭരണം .

കോൺഗ്രസ് പാർട്ടിയിൽ നിന്നും സഖ്യ കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് ചെറുപ്പക്കാർ അവർ അറിയാതെ എതിർപാർട്ടികളുടെ നുണ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ട് ആ പാർട്ടികളിലേക്ക് കുടിയേറിയിട്ടുണ്ട് . അവരെ ആദ്യം തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമമാണ് പുതിയ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും ചെയ്യേണ്ടത് .

സ്വന്തം പാർട്ടി ചാനലായ ജയ്‌ഹിന്ദിനെയും പാർട്ടി പത്രമായ വീക്ഷണത്തിനെയും ഹസനെപ്പോലുള്ളവരെ മാറ്റി വിവരമുള്ള ആരെയെങ്കിലും ഏല്പിച്ചുകൊണ്ട് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാനല്‍ വളര്‍ത്തിയെടുക്കേണ്ടത് പുതിയ ടീമിന്റെ ചുമതലയാണ് .

പാർട്ടിയിൽ നിന്നും വളരെ അകന്നു പോയിരിക്കുന്ന ചാനലുകളെയും ചാനൽ മുതലാളിമാരെയും റിപ്പോർട്ടർമാരെയും നല്ല സൗഹൃദത്തിന്റെ പേരിൽ തിരിച്ചു കൊണ്ട് വരേണ്ടതും ഒപ്പം, ഓണ്‍ലൈൻ മീഡിയകളെയും സാഹിത്യകാരന്മാരെയും സിനിമാക്കാരൻമാരെയും ബ്ലോഗർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെയും പാർട്ടിയുമായി അടുപ്പിക്കേണ്ടതും വിഡിയുടെ മാത്രം ചുമതലയാണ് .

അതിന്നായി സമയം ചിലവഴിക്കുക തന്നെ വേണം . നല്ല നല്ല സിനിമകളും മ്യുസിക്ക് ആൽബങ്ങളും പാർട്ടിക്കായി റിലീസ് ചെയ്യേണ്ടതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു .

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടുവാനുള്ള മുന്നൊരുക്കങ്ങൾ ഇപ്പോഴേ നടത്തേണ്ട ആവശ്യകത വന്നിരിക്കുന്നു . തുടർഭരണം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടിയെ തുടർഭരണത്തിലേക്ക് എത്തിച്ച പിണറായി വിജയൻറെ അടുത്ത ലക്‌ഷ്യം ലോക്സഭാ സീറ്റുകളാണ് .

പരമാവധി പതിനഞ്ചോളം ലോക്സഭാ സീറ്റുകൾ പിടിച്ചെടുത്തുകൊണ്ട് കേന്ദ്രത്തിലും ശക്തി തെളിയിക്കുവാൻ തയാറെടുക്കുന്ന പിണറായി വിജയൻ അതിന്റെ മുന്നോടിയായാണ് ശൈലജ ടീച്ചറിനെയും തോമസ് ഐസകിനെയും , ജി സുധാകരനെയും, റഹിമിനെയും ജയരാജന്മാരെയുമൊക്കെ ലോക്സഭയിലേക്ക് പരിശീലിപ്പിക്കുവാൻ തയാറെടുക്കുന്നത് .

ഇക്കളികൾ മനസ്സിലാക്കിക്കൊണ്ട് മുന്നേറിയാൽ ലോക്സഭയിൽ വിജയിച്ചുകയറുവാനാകും . അല്ലെങ്കിൽ ഇതേ അണികൾ താങ്കൾക്ക് എതിരാവുകയും ചെയ്യും എന്നത് മനസ്സിലാക്കി പ്രവർത്തിക്കുക .

ആയിരക്കണക്കിന് പാർട്ടി അണികൾ, കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവർ, യുഡിഎഫിനെ സ്നേഹിക്കുന്നവർ ഒരു രൂപ വരുമാനമില്ലാതെയും പാർട്ടിക്കുവേണ്ടി പോസ്റ്ററുകൾ ഉണ്ടാക്കിയും ലേഖനങ്ങൾ എഴുതിയും ട്രോളുകൾ ഉണ്ടാക്കിയും വീഡിയോകൾ എഡിറ്റുചെയ്തും എതിരാളികളുടെ പോസ്റ്റുകൾക്കെതിരെ കമന്റുകൾ എഴുതിയും വാട്സാപ്പിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയും ചർച്ചകൾ നടത്തിയും ജീവിക്കുന്നു .

അവരുടെ കഴിവുകളെ മനസ്സിലാക്കി അവർക്കുവേണ്ടി ഒരു ടീമിനെ ഉയർത്തിക്കൊണ്ടുവന്നാൽ പിന്നെ കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല .

 കഴിഞ്ഞ സർക്കാരിന്റെ സമയത്ത് കോവളം കൊട്ടാരം വിഷയത്തിന്റെ പേരിൽ കോവളം എംഎൽഎ യെ പിണറായി പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ ഇട്ടപ്പോൾ ഒരു കോൺഗ്രസുകാരനും മിണ്ടിക്കണ്ടില്ല. അതേ സമയം അതിലേറെ ആരോപണങ്ങൾ ഷൊർണ്ണൂർ എംഎൽഎ ശശിക്കെതിരെ വന്നപ്പോളും ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചില്ല .

ഇക്കാര്യം മനസിലാക്കിയ പിണറായി വിജയനും കൂട്ടരും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇബ്രാഹിംകുഞ്ഞിനെയും കമറുദ്ദീനെയും അറസ്റ്റ് ചെയ്യുവാനുള്ള ധൈര്യം കാണിച്ചപ്പോൾ അവിടെ തകർന്നത് പാർട്ടിയുടെയും യുഡിഎഫിന്റെയും നട്ടെല്ലാണ് .

ഈ കാരണങ്ങളിൽ അവർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ വെള്ളത്തിൽ വരച്ചത് പോലെയായി . ഇനി അതുപോലെ ഒന്നും അവർത്തിക്കാതിരിക്കുവാൻ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡണ്ടും സമ്മതിക്കരുത് .

കോവിഡും മാനദണ്ഡങ്ങളും വകവെച്ചുകൊണ്ട് ശരിക്കും ഒത്തുപിടിച്ചാൽ പോരാവുന്നതേയുള്ളൂ കേരളം . അതിന്നായി റോക്കറ്റ് സയൻസോ ആണവ സയൻസിന്റേയോ ആവശ്യതകളില്ല . പരമാവധി ചെറുപ്പക്കാരെ കൂടെ കൂട്ടുക. പണിയെടുക്കുക. ഇപ്പോൾ തുടങ്ങുക .

നാളെ ചെയ്യേണ്ടത് ഇന്ന് ചെയ്യുക : ഇന്ന് ചെയ്യേണ്ടത് ഇപ്പോൾ ചെയ്യുക :

നാട് നന്നാക്കുവാൻ ഇനിയും വൈകിക്കൂടാ എന്നഭ്യർത്ഥിച്ചുകൊണ്ട് വേദനയോടെ ദാസനും ഉശിരുള്ളവർ വന്നാൽ എല്ലാം ശരിയാകും എന്ന പ്രത്യാശയോടെ വിജയനും

dasanum vijayanum
Advertisment