ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റുചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. ദിശ രവിയെ പട്യാല കോടതിയിലെത്തിച്ച സമയം അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ലെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. അഞ്ചുദിവസത്തേക്കാണ് ദിശയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അഭിഭാഷകന്‍ ഹാജരാകാതിരുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഭിഭാഷകര്‍ ഹാജരാകാത്തതു കൊണ്ടാണ് കോടതി ദിശയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്വയം വാദിക്കണമെന്ന ദിശയുടെ ആവശ്യം തളളിയ കോടതിയിരുന്നു. ലീഗല്‍ സെല്ലില്‍ നിന്ന് ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തു. ദിശയെ ഡല്‍ഹി പൊലീസ് സൈബര്‍ സെല്ലിന്റെ കസ്റ്റഡിയില്‍ വിട്ടതിനുശേഷമാണ് അഭിഭാഷകര്‍ കോടതിയിലെത്തിയതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.
ദിശയുടെ അറസ്റ്റിനെതിരെ നിയമവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. മജിസ്ട്രേറ്റ് കൃത്യവിലോപം നടത്തിയെന്നും ആരോപിച്ചു. അഭിഭാഷകര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ജുഡിഷ്യല്‍ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോണ്‍ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂള്‍ കിറ്റിന്റെ പേരിലുളള അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.