ഡൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. 21കാരിയായ ദിശ രവിയുടെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിപ്രായ പ്രകടനം. ഡൽഹി പൊലീസിനു മേൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പറഞ്ഞു. ദിശയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.
അതേസമയം, ദിശ രവിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദിശയെ പാട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി പൊലീസ് കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ദിശ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
എഫ്.ഐ.ആർ വിവരങ്ങൾ ചോർത്തിയ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ദിശ രവി ഡൽഹി ഹൈകോടതിയിൽ നൽകിയ ഹർജിയും പരിഗണിക്കും. വിവരങ്ങൾ പുറത്തുവിട്ട മാധ്യമങ്ങളായ ടൈംസ് നൗ, ഇന്ത്യ ടുഡെ, ന്യൂസ് 18 എന്നിവക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇന്നലെ ഹർജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനും എൻ.ബി.എസ്.എക്കും നോട്ടീസ് അയച്ചിരുന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ വാദികളുമായി ദിശക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണ് ദിശക്കെതിരെ ഡൽഹി പൊലീസ് കേസ് ചുമത്തിയിട്ടുള്ളത്.