ഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്. ഇന്ത്യന്‍ ഭരണഘടനയോ ക്രിമിനല്‍ നിയമങ്ങളോ അനുശാസിക്കുന്ന നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് ദിഷയുടെ അറസ്റ്റ് നടന്നതെന്ന് കത്തിലൂടെ അവര്‍ ആരോപിക്കുന്നു.
ദിഷയെ ഉടനടി ഒരു ലോക്കല്‍ കോടതിയില്‍ ഹാജരാക്കാനോ ഒരു അഭിഭാഷകനുമായി ബന്ധപ്പെടാനോ ദില്ലി പൊലീസ് അവസരമൊരുക്കിയില്ലെന്ന് അവര്‍ കത്തിലൂടെ കുറ്റപ്പെടുത്തുന്നു. ഞങ്ങളുടെ കുട്ടിയ്ക്കാണ് ഇത് സംഭവിച്ചത് എന്നതുപോലെ ഞങ്ങള്‍ ഈ വിഷയത്തില്‍ അസ്വസ്ഥരാണ്.
ഈ ഭൂമിയേയും സഹജീവികളേയും സ്‌നേഹിക്കാനും സേവിക്കാനുമാണ് ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത്. അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള അവരുടെ താല്‍പ്പര്യത്തേയും ഇച്ഛാശക്തിയേയും ഞങ്ങള്‍ മാനിക്കുന്നു.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇന്ന് ഇന്ത്യയില്‍ സുരക്ഷിതമല്ലെന്നാണ് ദിഷയുടെ അനുഭവെ തെളിയിക്കുന്നത്. തുന്ന കത്തിലൂടെ അച്ഛനമ്മമാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന 230 പേര്‍ പറയുന്നു.
അതേസമയം ദിഷ രവിയ്ക്ക് പരിപൂര്‍ണ്ണ പിന്തുണയറിയിച്ച് 102 വയസുള്ള എച്ച്എസ് ദൊരേസ്വാമി എന്ന സ്വാതന്ത്ര്യസമര സേനാനിയും രംഗത്തെത്തി. ധൈര്യമായിരിക്കണം എന്നായിരുന്നു ദിഷയ്ക്കുള്ള ദൊരേസ്വാമിയുടെ സന്ദേശം. സ്വാതന്ത്ര്യസമരകാലത്തും അടിയന്തിരാവസ്ഥ കാലത്തും ദീര്‍ഘനാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ദൊരേസ്വാമി രോഗശയ്യയില്‍ നിന്നുമാണ് ദിഷയ്ക്ക് സന്ദേശവും തന്റെ ഐക്യദാര്‍ഢ്യവും അറിയിച്ചത്.