Advertisment

മുളന്തുരുത്തിയിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വലിയവീട്ടില്‍ ചായക്കടയിലെ നാലുമണിപ്പലഹാരങ്ങള്‍ കൊതിപ്പിയ്ക്കും..!

New Update

മുളന്തുരുത്തി:  മുളന്തുരുത്തി കരോട്ടെ കുരിശുപള്ളിയില്‍ നിന്നും മാര്‍ക്കറ്റ് റോഡിലൂടെ അല്‍പം നടക്കുമ്പോള്‍ കൊതിപ്പിയ്ക്കുന്ന ആ പഴയ എണ്ണപ്പലഹാരങ്ങളുടെ വശ്യസുഗന്ധം നിങ്ങളുടെ മൂക്ക് പിടിച്ചെടുത്തിരിയ്ക്കും. നാവിലെ രസമുകുളങ്ങള്‍ വികസിയ്ക്കും.അറിയാതെ നിങ്ങളെത്തിച്ചേരുന്നത് വലിയവീട്ടില്‍ ചായക്കടയിലേയ്ക്ക്.

Advertisment

publive-image

മാര്‍ക്കറ്റ് റോഡിലൂടെ കടന്നുപോയിട്ടുള്ള ഒരാളും ആ എണ്ണപ്പലഹാരങ്ങളുടെ രുചി അറിയാതിരുന്നിട്ടില്ല.

ഒരു ചെറിയ മുറിയിലെ ചായപീടിക പരത്തുന്ന പലഹാര സുഗന്ധത്തിന് അരനൂറ്റാണ്ടിലധികം പലഹാരവര്‍ഷങ്ങളുടെ കഥ പറയാനുണ്ടാവും.അരനൂറ്റാണ്ടിനു മുന്‍പ് വലിയവീട്ടില്‍ ചാക്കോയാണ് ഈ ചായക്കടയിലൂടെ മുളന്തുരുത്തിക്കാരുടെ നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിയ്ക്കാന്‍ തുടങ്ങിയത്.

നല്ല നാടന്‍ വെളിച്ചെണ്ണയില്‍ പൊരിയുന്ന പരിപ്പുവടയും പഴംപൊരിയും(ഏത്തയ്ക്കാ ബോളി)ഉണ്ടംപൊരിയും(ബോണ്ട)ഉഴുന്നുവടയും,സുഖിയനും നെയ്യപ്പവും മുളന്തുരുത്തി ചന്തയില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല രുചി പകര്‍ന്നിരുന്നത്.

തിരിച്ചു പോകുന്നവരുടെ കൈയില്‍ വീട്ടിലേയ്ക്കുള്ള ഒരു പാര്‍സലും കാണും. സമ്പന്നയായിരുന്നു,പ്രഭാവതിയായിരുന്നു,സുന്ദരിയായിരുന്നു അന്നത്തെ മുളന്തുരുത്തി ചന്ത.

publive-image

കാലയവനികയില്‍ ചാക്കോ മറഞ്ഞിട്ടും അദ്ദേഹത്തിന്റെ മകന്‍ വര്‍ഗിസ് ആ പഴയ രുചിഭേദങ്ങള്‍ ജനങ്ങള്‍ക്കായി പൊരിച്ചുകൊണ്ടിരിയ്ക്കുന്നു.ഇന്ന് പഴയ പലഹാരങ്ങളുടെ കൂടെ മുളക് വടയും ബ്രഡ് പൊരിച്ചതും ബന്ധുക്കളായെത്തിയപ്പോള്‍ വിലക്കയറ്റത്തിന്റെ വേലിയേറ്റത്തിലാണന്ന് തോന്നുന്നു ഉഴുന്നുവട അപ്രത്യക്ഷമായി.

നാലുമണിപ്പലഹാരങ്ങള്‍ കൂടാതെ രാവിലെ നല്ല നാടന്‍ അപ്പവും പുട്ടും വലിയവീട്ടില്‍ ചായക്കടയിലുണ്ടാവും.കടലയും പയറും പേരിന് നോണ്‍ വേജായി മുട്ടക്കറിയും.ചായ എപ്പോഴും സുലഭം.

ഇപ്പോഴും നല്ല നാടന്‍ വെളിച്ചെണ്ണയില്‍ തന്നെയാണ് പലഹാരങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നത്.ഒരിയ്ക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിയ്ക്കാറില്ല.എണ്ണ ബാക്കി വരാറില്ല ഒരിയ്ക്കല്‍ പോലും എന്നതാണ് സത്യം,വര്‍ഗീസ് പറഞ്ഞു.

നിഷ്ക്കളങ്കമായിരുന്ന ഗ്രാമസംസ്കാരത്തിന്റെ സംഗമഭൂമിയായിരുന്ന പഴയ ചന്തകള്‍, ആധുനികതയുടെ അധിനിവേശത്തില്‍ പ്രതാപം പോയി. യൗവ്വനം നഷ്ടപ്പെട്ട് പേരിനൊരു ചന്തയായി മാത്രം മോണകാട്ടി ചിരിയ്ക്കുന്നു.

ആ പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ചില അടയാളങ്ങള്‍ ഇന്നും കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു, വലിയവീട്ടില്‍ ചായക്കട പോലെ.

Advertisment