Advertisment

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ഡീന്‍ കുര്യാക്കോസ്‌ മുഖ്യമന്ത്രിയ്‌ക്ക്‌ കത്തയച്ചു

author-image
സാബു മാത്യു
New Update

ഇടുക്കി:  കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ കട്ടപ്പന സ്വദേശി ജേക്കബ്ബ്‌ മരണമടഞ്ഞ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട്‌ അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. കത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്‌.

Advertisment

publive-image

ഇടുക്കി ജില്ലയിലെ അവികസിത പ്രദേശമായ കോഴിമല നിവാസിയായ രോഗി കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിനു മുമ്പില്‍ ഒരു മണിക്കൂറോളം കാത്ത്‌ കിടന്നിട്ടും ഡോക്‌ടര്‍മാരോ, ഇതര ജീവനക്കാരോ തിരിഞ്ഞു നോക്കാത്തത്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

മെഡിക്കല്‍ കോളേജ്‌ പി.ആര്‍.ഒ സോനു ജെയിംസ്‌ മറ്റേതെങ്കിലും ആശുപത്രിയിലേയ്‌ക്ക്‌ രോഗിയെ കൊണ്ടുപോകുവാന്‍ നിര്‍ദ്ദേശിച്ചത്‌ മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമാണ്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കാതെ നിരാശരായി സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവരും കൈയൊഴിഞ്ഞത്‌ കേരളത്തെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തിയിരിക്കുകയാണ്‌.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജനവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്‌. ക്യാന്‍സര്‍ ഇല്ലാത്ത യുവതിയ്‌ക്ക്‌ കീമോ ചെയ്‌തത്‌, സിസേറിയന്‍ ചെയ്‌ത യുവതി നേരിട്ട യാതനകള്‍ ഇതെല്ലാം ഈ ദിവസങ്ങളിലാണ്‌ നടന്നത്‌. മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ചികിത്സ നിഷേധിച്ചതിന്റെ തെളിവുകള്‍ ലഭ്യമാകും.

ആശുപത്രി മുറ്റത്ത്‌ ചികിത്സ നിഷേധിക്കപ്പെട്ടത്‌ നവോത്ഥാന കേരളത്തിന്‌ അങ്ങേയറ്റം അപമാനകരമാണ്‌. തിരുവനന്തപുരത്ത്‌ 2017-ല്‍ അന്യസംസ്ഥാന തൊഴിലാളി മുരുകന്‍ ചികിത്സ കിട്ടാതെ മരണമടഞ്ഞ മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുവാന്‍ ആരോഗ്യമേഖലയിലെ ഉന്നതര്‍ തയ്യാറായിട്ടില്ല.

കോട്ടയം സംഭവത്തില്‍ കുറ്റക്കാരായവരെ സര്‍വ്വീസില്‍ നിന്ന്‌ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. കുറ്റകരമായ നരഹത്യയ്‌ക്ക്‌ കേസെടുക്കുവാനും തയ്യാറാകണം. ചികിത്സ കിട്ടാതെ മരണമടഞ്ഞ ആളുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാഫറാകണമെന്നും ഡീന്‍ കുര്യാക്കോസ്‌ ആവശ്യപ്പെട്ടു.

Advertisment