ഫാ. ജോസ്‌ ഏഴാനിക്കാട്ടിന്‌ സേവാനിരത അവാര്‍ഡ്‌

സാബു മാത്യു
Friday, March 8, 2019

തൊടുപുഴ:  ഓള്‍ ഇന്ത്യ അവാര്‍ഡീ ടീച്ചേഴ്‌സ്‌ ഫെഡറേഷന്റെ ഈ വര്‍ഷത്തെ സേവാനിരതാ അവാര്‍ഡിന്‌ ഫാ. ജോസ്‌ ഏഴാനിക്കാട്ട്‌ സി എസ്‌ റ്റി അര്‍ഹനായി. ദീര്‍ഘകാലത്തെ പൗരോഹിത്യ ജീവിതത്തില്‍ അനാഥ ബാലന്മാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനും യുവജനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയും വിവിധ ഇടവകകളില്‍ സേവനം ചെയ്‌തത്‌ പരിഗണിച്ചുമാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്ന്‌ അവാര്‍ഡ്‌ കമ്മിറ്റി അറിയിച്ചു.

രാജസ്ഥാനിലെ ബിക്കാനിയര്‍ ബോയ്‌സ്‌ സ്‌കൂള്‍ മാനേജര്‍, ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരി റെക്‌ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. യൂത്ത്‌ മിനിസ്‌ട്രി അവാര്‍ഡ്‌ ഓഫ്‌ ന്യൂയോര്‍ക്ക്‌ 1983 ഡിസംബറില്‍ ഏറ്റുവാങ്ങി.

1984-ല്‍ അമേരിക്കന്‍ ഫ്‌ളാഗ്‌ നല്‍കി ന്യൂയോര്‍ക്ക്‌ മേയര്‍ ആദരിച്ചു. സി ആര്‍ ഐ പ്രസിഡന്റ്‌, സോഷ്യല്‍ അവെയര്‍നെസ്സ്‌ ആക്ഷന്‍ പ്രസിഡന്റ്‌ തുടങ്ങിയ രംഗങ്ങളില്‍ മികവ്‌ തെളിയിച്ചിട്ടുണ്ട്‌. ചെറുപുഷ്‌പസഭയുടെ ജനറല്‍ കൗണ്‍സിലര്‍, സെന്റ്‌ ജോസഫ്‌ പ്രൊവിന്‍സ്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയും പലപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

നിരവധി ഭവനരഹിതരെയും നിരാലംബരെയും സഹായിക്കുന്നതില്‍ ശ്രദ്ധിച്ചിട്ടുള്ള ഫാ.ജോസ്‌, ഇപ്പോള്‍ കോതമംഗലം കോഴിപ്പിള്ളി മാര്‍ മാത്യൂസ്‌ ബോയ്‌സ്‌ ടൗണ്‍ സമുച്ചയം സുപ്പീരിയറായും ഡയറക്‌ടറായും സേവനം ചെയ്‌തു വരുന്നു. ഏഴാനിക്കാട്ട്‌ കുടുംബയോഗം രക്ഷാധികാരിയാണ്‌. നെയ്യശ്ശേരി ഏഴാനിക്കാട്ട്‌ കുടുംബാംഗമാണ്‌.

×