Advertisment

കെപിസിസിയുടെ ജനമഹായാത്ര : ഫെബ്രുവരി 19, 20 തീയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 19-ന്‌ ഉച്ചകഴിഞ്ഞ്‌ 2 മണിയ്‌ക്ക്‌ അടിമാലിയില്‍ ജില്ലയിലെ പര്യടനത്തിന്‌ തുടക്കും കുറിക്കും. ജില്ലാ അതിര്‍ത്തിയായ ഇരുമ്പുപാലത്ത്‌ ജില്ലാ നേതാക്കള്‍ ജാഥയെ വരവേല്‍ക്കും.

Advertisment

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ അടിമാലിയിലേയ്‌ക്ക്‌ ജനമഹായാത്രയെ വരവേല്‍ക്കുന്നത്‌. ദേവികുളം നിയോജകമണ്‌ഡലത്തിലെ പ്രവര്‍ത്തകരാണ്‌ അടിമാലിയിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ്‌ യാത്രയെ സ്വീകരിക്കുന്നത്‌.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും കര്‍ഷക പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തിയ 6 ലക്ഷം ലഘുലേഘകളാണ്‌ ഡി സി സി പ്രിന്റ്‌ ചെയ്‌ത്‌ ബൂത്തുതല കമ്മിറ്റികളെ ഏല്‍പ്പിച്ചിരിക്കുന്നത്‌. ജില്ലയിലെ 995 ബൂത്തുകളിലെ 4 ലക്ഷത്തോളം വീടുകളില്‍ ഭവനസന്ദര്‍ശനം നടത്തുകയും ഓരോ വീട്ടില്‍ നിന്നും അവര്‍ സ്വമേധയാ നല്‍കുന്ന ഫണ്ട്‌ ശേഖരണവും ജാഥയ്‌ക്ക്‌ മുന്നോടിയായി നടത്തുന്നുണ്ട്‌.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പിണറായി സര്‍ക്കാരിന്റെ നിലപാട്‌, സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര. ഗന. ഓര്‍ഡിനന്‍സ്‌ ഇറക്കാത്ത ബി ജെ പിയുടെ ആത്മാര്‍ത്ഥതയില്ലായ്‌മ, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ഷക അനുകൂല നിലപാട്‌ തുടങ്ങിയ കാര്യങ്ങളും ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ ഭവനസന്ദര്‍ശനവേളയില്‍ പറയുന്നത്‌.

അടിമാലിയ്‌ക്കു ശേഷം ഉടുമ്പന്‍ചോല നിയോജകമണ്‌ഡലത്തിന്റെ സ്വീകരണം വൈകിട്ട്‌ 5-ന്‌ തൂക്കുപാലത്ത്‌ നടക്കും. 501 അംഗ സ്വാഹതസംഘം രൂപീകരിച്ച്‌ വിപുലമായ മന്നൊരുക്കങ്ങളാണ്‌ തൂക്കുപാലം കേന്ദ്രീകരിച്ച്‌ നടക്കുന്നത്‌. ഫെബ്രുവരി 20-ന്‌ രാവിലെ 10-ന്‌ കുമളിയിലും 12-ന്‌ ചെറുതോണിയിലും ശേഷം പീരുമേട്‌, ഇടുക്കി നിയോജകമണ്‌ഡലങ്ങളിലും സ്വീകരണം നടക്കും.

ഉച്ചകഴിഞ്ഞ്‌ 2-ന്‌ തൊടുപുഴ നിയോജകമണ്‌ഡലത്തിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സ്വീകരണം നല്‍കും. 4-ന്‌ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത്‌ നടക്കുന്ന പരിപാടികളോടെ ഇടുക്കിജില്ലയിലെ പര്യടനം പൂര്‍ത്തിയാകും.

ജില്ലയിലെ സ്വീകരണ പരിപാടികള്‍ കെ പി സി സി വര്‍ക്കിംഗ്‌ പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്‌ എം.പി., ജോണ്‍സണ്‍ എബ്രഹാം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി. അനില്‍കുമാര്‍, എ.എ. ഷുക്കൂര്‍, ലതിക സുഭാഷ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, ജില്ലയില്‍ നിന്നുള്ള നേതാക്കളായ എ.കെ.മണി, ഇ.എം. ആഗസ്‌തി, എം.ടി.തോമസ്‌, ജോയി തോമസ്‌, റോയി കെ പൗലോസ്‌, ഡീന്‍ കുര്യാക്കോസ്‌, അഡ്വ. എസ്‌ അശോകന്‍, ഡോ. മാത്യു കുഴല്‍നാടന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

shai
Advertisment